ADVERTISEMENT

ഷൂട്ടിങ്ങിനു ശേഷം വിശക്കുന്നുവെന്നു പറഞ്ഞപ്പോൾ തനിക്ക് കിട്ടിയ മറുപടിയെക്കുറിച്ചു പറഞ്ഞുകൊണ്ടാണ് ബോളിവുഡ് താരം നേഹ ധൂപിയ സിനിമാ മേഖലയിലെ വിവേചനത്തെക്കുറിച്ച് തുറന്നു പറഞ്ഞത്. ദക്ഷിണേന്ത്യൻ സിനിമയിൽ അഭിനയിക്കാനെത്തിയപ്പോഴാണ് അത്തരമൊരു അനുഭവമുണ്ടായതെന്നും അവർ ഓർക്കുന്നു.

'' കുറച്ചു വർഷങ്ങൾക്കു മുൻപാണ് സംഭവം. എനിക്ക് വിശക്കുന്നുവെന്ന് പറഞ്ഞപ്പോൾ ആദ്യം നായകൻ ഭക്ഷണം കഴിക്കട്ടെ അതിനു ശേഷം ഭക്ഷണം വിളമ്പാം എന്ന മറുപടിയാണ് ലഭിച്ചത്. നായകൻ ഭക്ഷണം കഴിക്കാൻ വരുന്നതുവരെ കാത്തിരിക്കാനും അവർ എന്നോടാവശ്യപ്പെട്ടു. ഫിലിംമേക്കേഴ്സ് എപ്പോഴും പ്രാധാന്യം നൽകുന്നത് സിനിമയിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആളുകൾക്കാണ്. ഭക്ഷണകാര്യത്തിലും അതങ്ങനെ തന്നെ''.- നേഹ പറയുന്നു.

'' കുറച്ച് വർഷങ്ങൾക്ക് മുൻപ് ഒരു ദക്ഷിണേന്ത്യൻ സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു ഞാൻ. എനിക്കു വിശക്കുന്നുവെന്നു പറഞ്ഞപ്പോഴും അവർ ചിന്തിച്ചത് ചിത്രത്തിലെ നായകന് ആദ്യം ഭക്ഷണം വിളമ്പുന്നതിനെക്കുറിച്ചാണ്. അദ്ദേഹം ഒരു ഷോട്ടിൽ  അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. അതുകഴിഞ്ഞു വന്ന് അദ്ദേഹം ആദ്യത്തെ പ്ലേറ്റെടുക്കട്ടെ. അത്തരം വിചിത്രങ്ങളായ കാര്യങ്ങളാണ് അവിടെ സംഭവിച്ചുകൊണ്ടിരുന്നത്.''- നേഹ ഓർക്കുന്നു.

'' പക്ഷേ ഇതൊക്കെ സംഭവിച്ചത് കുറച്ച് വർഷങ്ങൾക്ക് മുൻപാണ്. ഇനിയുമൊരിക്കലും ആവർത്തിക്കാൻ സാധ്യതയില്ലാത്ത പഴയ കാര്യങ്ങളാണതൊക്കെ. ഒരിക്കൽ ഞാൻ വർക്ക് ചെയ്ത സെറ്റിൽ ഇതുപോലൊരു കാര്യം സംഭവിക്കുകയും ഞാനത് ചിരിച്ചു വിടുകയും ചെയ്തു. എങ്കിൽ ശരി, ഞാനിവിടെയൊക്കെ കാണും എന്ന മട്ടിലായിരുന്നു അന്നെന്റെ പ്രതികരണം''.

2018 ൽ പുറത്തിറങ്ങിയ ഹെലികോപ്റ്റർ ഈല എന്ന ചിത്രത്തിലാണ് നേഹ ഒടുവിൽ അഭിനയിച്ചത്. നെറ്റ്ഫ്ലിക്സിന്റെ ലസ്റ്റ് സ്റ്റോറീസിലും, തുമാരി സുലുവിലും അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ മകളുടെ ഒന്നാം പിറന്നാൾ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും താരം ആരാധകർക്കായി പങ്കുവച്ചിരുന്നു. ഭർത്താവ് അംഗദ് ബേദിക്കും മകൾ മെഹറിനുമൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചത് സുന്ദരമായ അടിക്കുറിപ്പുകൾ നൽകിയാണ്.

'' ഒന്നാം പിറന്നാൾ ആഘോഷിക്കുന്ന ഞങ്ങളുടെ മാലാഖക്കുട്ടിക്ക് പിറന്നാൾ ആശംസകൾ. എന്റെ ഹൃദയം സ്നേഹത്താൽ നിറഞ്ഞിരിക്കുന്നു. നിനക്കെന്ത് നൽകാൻ കഴിയുമെന്നതിനെക്കുറിച്ച് എനിക്ക് നല്ല നിശ്ചയമില്ല. പക്ഷേ ഈ ജന്മത്തിലെ ഏറ്റവും വിലപ്പെട്ട സമ്മാനമാണ് നീ എനിക്ക് നൽകിയത്. അമ്മയാവുക എന്ന വരദാനം. നിന്നെ ദൈവം അനുഗ്രഹിക്കട്ടെ''.

English Summary : They insisted on feeding hero first and I would say I am hungry Says Neha Dhupia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com