ADVERTISEMENT

മോശം ചിത്രങ്ങളിലെ അഭിനയത്തെക്കുറിച്ചും ചീത്ത കൂട്ടുകെട്ടിൽ പോയി അകപ്പെട്ടതിനെക്കുറിച്ചും തുറന്നു പറഞ്ഞ് ബോളിവുഡ് താരം കങ്കണ റനൗട്ട്. ആസിഡ് ആക്രമണം നേരിട്ട സഹോദരിയുടെ ചികിത്സയ്ക്കു വേണ്ടിയായിരുന്നു മോശം ചിത്രങ്ങളിൽ അഭിനയിച്ചതെന്ന് കങ്കണ പറഞ്ഞു. വിടു വിട്ടിറങ്ങിയ ശേഷം വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നു പോയത്. ബോളിവുഡിൽ തുടക്കകാലത്തായിരുന്നു സഹോദരി രംഗോലിക്ക് ആസിഡ് ആക്രമണം നേരിടേണ്ടി വന്നതെന്നും കങ്കണ പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു കങ്കണയുടെ പ്രതികരണം.

രംഗോലിയുടെ ചികിത്സയ്ക്കായി എങ്ങനെയാണ് പണം സ്വരൂപിച്ചതെന്ന് സംബന്ധിച്ച് കങ്കണ റനൗട്ട് പറയുന്നത് ഇങ്ങനെ: ‘അന്ന് എനിക്ക് 19 വയസായിരുന്നു. കരിയറിൽ തിളങ്ങാൻ തുടങ്ങുന്ന കാലം. അക്കാലത്ത് സഹോദരിക്കു നേരെ ക്രൂരമായ ആക്രമണം ഉണ്ടായത്. വലിയ തോതിലുള്ള പ്രതിസന്ധിയായിരുന്നു ആ നാളുകളിൽ നേരിട്ടത്. സാമ്പത്തികമായും വലിയ പ്രതിസന്ധിഘട്ടമായിരുന്നു. അക്കാലത്ത് മാനസികമായും തളർന്നു പോയിരുന്നു. എനിക്കു ചുറ്റിലുമുള്ള പെൺകുട്ടികൾക്ക് ഇഷ്ടമുള്ള ഭക്ഷണം പോലും കഴിക്കാൻ അന്ന് കഴിഞ്ഞിരുന്നില്ല. അവർ വളരെ നിരാശരായിരുന്നു. അവരുടെ ഈ അവസ്ഥ എനിക്കും സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. മാനസികമായി തളർന്നുപോയെങ്കിലും സമാധാനത്തോടെ ഒന്നു കരയാൻ പോലും എനിക്കു സമയമുണ്ടായിരുന്നില്ല. കാരണം അവരുടെ നല്ലഭാവിയെ കുറിച്ചായിരുന്നു ചിന്തിച്ചത്. താത്പര്യമില്ലാതിരുന്നിട്ടും മോശം ചിത്രങ്ങളിൽ അതിഥി വേഷത്തിലും മറ്റും അഭിനയിക്കേണ്ടിവന്നു. കാരണം എന്റെ സഹോദരിയുടെ ചികിത്സ മാത്രമായിരുന്നു അപ്പോൾ മനസിലുണ്ടായിരുന്നത്. ലഭിക്കാവുന്നതിൽ ഏറ്റവും മികച്ച ചികിത്സ അവൾക്കു നൽകണമെന്ന് ഞാൻ കരുതി. 54 ശസ്ത്രക്രിയകളാണ് അവൾക്കു ചെയ്യേണ്ടിവന്നത്.’– കങ്കണ പറഞ്ഞു.

ഇന്നുകാണുന്ന രീതിയിൽ കൃത്യമായ നിലപാടുള്ള സ്ത്രീയായി മാറിയത് എങ്ങനെയെന്നും കങ്കണ വിശദീകരിച്ചു. വീട് വിട്ടിറങ്ങിയ തനിക്ക് നിരവധി പ്രതിസന്ധികൾ നേരിടേണ്ടി വന്നു. ‘അക്കാലത്ത് ഞാൻ ചീത്തകൂട്ടുകെട്ടുകളിൽ അകപ്പെട്ടിരുന്നു. മാതാപിതാക്കളുടെ പിന്തുണയില്ലെന്ന് അറിയാവുന്നതുകൊണ്ടും ഞാൻ ഒറ്റയ്ക്കാണെന്നും അറിഞ്ഞ് ചില മോശം പെരുമാറ്റങ്ങൾ എനിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ഒരു മനുഷ്യന് എത്ര മോശമായി പോകാമെന്ന് എനിക്കിപ്പോൾ വ്യക്തമായി അറിയാം. അത്തരം പ്രതിസന്ധികളെ എല്ലാം മറികടന്നാണ് ഞാനിപ്പോൾ എത്തിയിരിക്കുന്നത്. എന്നാൽ എന്റെ മക്കൾക്ക് ഇത്തരം പ്രശ്നങ്ങൾ നേരിടേണ്ടി വരരുത്. കഷ്ടപ്പാടുകളിലേക്ക് അവരെ പറഞ്ഞയക്കാൻ ഞാൻ ആഗ്രഹക്കുന്നില്ല. എപ്പോഴും അവർക്കൊപ്പം നിൽക്കാന്‍ ആഗ്രഹിക്കുന്ന ആളാണ് ഞാൻ.’– കങ്കണ വ്യക്തമാക്കി.

വരാനിരിക്കുന്ന ചിത്രം പങ്കയിൽ സ്കൂൾ വിദ്യാർഥിയായ ഒരു ആൺകുട്ടിയുടെ അമ്മയായായ കബടി കളിക്കാരിയായാണ് കങ്കണ റനൗട്ട് എത്തുന്നത്. സ്ത്രീകളെയും അവരുടെ സ്വപ്നങ്ങളെയും കേന്ദ്രീകരിച്ചാണ് ചിത്രം മുന്നോട്ടു പോകുന്നത്. നീന ഗുപ്ത റിച്ച നദ്ധ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.  സഹോദരി രംഗോലി ഇപ്പോൾ കങ്കണയുടെ മാനേജരാണ്. നിലവിൽ മുംബൈയിലെ പാലി ഹിൽസിൽ മണികർണിക എന്ന പേരിൽ നിർമാണ കമ്പനിയും കങ്കണയ്ക്കുണ്ട്. 

English Summary: Kangana Ranaut says she did ‘tacky films’, undeserving roles to afford best surgeon for sister Rangoli Chandel’s treatment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com