യുദ്ധവിമാനം പറത്താൻ ഇനി സാനിയ മിർസ; വ്യോമസേനയിലെ ആദ്യ മുസ്‌ലിം വനിതാ പൈലറ്റ്

sania-pilot
Image Credit∙ SaniaMirza/ Twitter
SHARE

ഉത്തർപ്രദേശിലെ മിർസാപൂർ ജില്ലയിലെ ജസോവർ ഗ്രാമത്തിൽ നിന്ന് ചരിത്രം കുറിക്കുകയാണ് ടിവി മെക്കാനിക്കിന്റെ മകളായ സാനിയ മിർസ. ഇന്ത്യൻ എയർഫോഴ്സില്‍ യുദ്ധവിമാനം പറത്തുന്ന ആദ്യത്തെ മുസ്‌ലിം വനിതാ പൈലറ്റാണ് സാനിയ. എൻഡിഎ പരീക്ഷയിൽ 146–ാം റാങ്ക് സ്വന്തമാക്കി വ്യോമസേനയുടെ ഭാഗമായാണ് സാനിയ ചരിത്രം കുറിച്ചത്. 

മിർസാപൂറില്‍ ടിവി മെക്കാനിക്കാണ് സാനിയയുടെ പിതാവ് ഷാഹിദ് അലി. ‘ആവ്നി ചതുർവേദിയെയാണ് സാനിയ മിർസ മാതൃകയാക്കിയത്. അവരെ പോലെയാകണമെന്നായിരുന്നു കുട്ടിക്കാലം മുതൽ അവളുടെ ആഗ്രഹം. യുദ്ധവിമാനത്തിലെ പൈലറ്റാകുന്ന രാജ്യത്തെ രണ്ടാമത്തെ വനിതയാണ് സാനിയ.’– ഷാഹിദ് അലി എഎൻഐയോട് വ്യക്തമാക്കി. 

സാനിയയുടെ നേട്ടം ഒരു ഗ്രാമത്തിനു തന്നെ അഭിമാനമാകുകയാണ്. ‘ഞങ്ങളുടെ മകൾ ഞങ്ങൾക്കുമാത്രമല്ല, ഈ ഗ്രാമത്തിനാകെ അഭിമാനമാണ്. അവളുടെ സ്വപ്നം അവൾ സ്വന്തമാക്കിയിരിക്കുന്നു. ഈ ഗ്രാമത്തിലെ എല്ലാ പെൺകുട്ടികൾക്കും അവരുടെ സ്വപ്നത്തിലേക്ക് എത്താൻ അവൾ പ്രചോദനമാകും.’– സാനിയയുടെ അമ്മ തബാസും മിർസ പറഞ്ഞു. 

ഗ്രാമത്തിലെ സാധാരണ സ്കൂളിലാണ് സാനിയ തന്റെ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ഗുരുനാനാക് ഗേൾസ് സ്കൂളിലായിരുന്നു പ്ലസ്ടു. പ്ലസ്ടുവിന് സ്കൂളിൽ ഏറ്റവും ഉയർന്ന മാർക്കു നേടിയ വിദ്യാർഥിയായിരുന്നു സാനിയ. പ്ലസ്ടുവിനു ശേഷം ഡിഫൻസ് അക്കാദമി പ്രവേശനത്തിനായി പരിശീലനം ആരംഭിച്ചു. 400 സീറ്റുകളാണ് ഡിഫൻസ് അക്കാദമിയിൽ പരിശീലനത്തിനായി ഉള്ളത്. അതിൽ 19 സീറ്റിൽ മാത്രമാണ് പെൺകുട്ടികൾക്കു പ്രവേശനം. രണ്ടു സീറ്റുകൾ മാത്രമാണ് യുദ്ധവിമാന പൈലറ്റുകൾക്കായി മാറ്റിവച്ചിരിക്കുന്നത്. ‘രണ്ടു സീറ്റുകളിൽ മാത്രമാണ്  യുദ്ധവിമാനത്തില്‍ വനിതാ പൈലറ്റുമാർക്കുള്ളത്. ആദ്യ ശ്രമത്തിൽ ഞാൻ പരാജയപ്പെട്ടു. രണ്ടാമത്തെ ശ്രമത്തിലാണ് എനിക്കു വിജയിക്കാനായത്.’– സാനിയ പറഞ്ഞു. 

English Summary: Meet UP's Sania Mirza, India’s First Muslim Woman To Become IAF Fighter Pilot

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്‍റെ ഇന്‍സെക്യൂരിറ്റിയാണ് എന്നെ വളര്‍ത്തിയത്

MORE VIDEOS