ADVERTISEMENT

സ്വപ്നങ്ങളുടെ നഗരം എന്നറിയപ്പെടുന്ന സ്ഥലമാണ് മുംബൈ. മഹാനഗരത്തിലെ ചേരികളിലൊന്നില്‍ നിന്ന് നിറമുള്ള സ്വപ്നം കണ്ട മലീഷ കാർവ എന്ന പെൺകുട്ടി മാധ്യമങ്ങളുടെ തലക്കെട്ടാകുകയാണ്. ലോകോത്തര സൗന്ദര്യ വർധക കമ്പനിയുടെ മോഡലായിരിക്കുകയാണ് ധാരാവിയിൽ നിന്നുള്ള ഈ പതിനാലുകാരി. 

ആരാണ് മലീഷ ഖർവ?

മുംബൈ ധാരാവിയിലെ ചേരിപ്രദേശത്തു നിന്നുള്ള ഒരു സാധാരണ പെൺകുട്ടി. അച്ഛന്‍, അമ്മ, മുത്തച്ഛൻ, മുത്തശ്ശി, സഹോദരൻ, അമ്മാവൻ എന്നിവരടങ്ങുന്നതാണ് മലീഷയുടെ കുടുംബം. കടല്‍തീരത്തിന്റെ ഭാഗമായ ചേരിയിലാണ് ജീവിതം. അങ്ങനെ ജീവിതം മുന്നോട്ടു പോകുമ്പോഴാണി മലീഷ അമേരിക്കൻ നടനായ റോബർട്ട് ഹോഫ്മാന്റെ കണ്ണിൽപ്പെടുന്നത്. 

ചേരിയിൽ നിന്നുള്ള രാജകുമാരി എന്ന കുറിപ്പോടെ മലീഷയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായി. ഇപ്പോള്‍ പ്രശസ്ത സ്കിൻകെയർ ബ്രാൻഡായ ഫോറസ്റ്റ് എസൻഷ്യല്‍സിന്റെ മോഡലായി മലീഷയെ തിരഞ്ഞെടുത്തിരിക്കുകയാണ്. ‘യുവതി സെലക്ഷൻസ്’ എന്ന പുതിയ ക്യാംപെയ്നിന്റെ ഭാഗമായാണ് മലീഷയെ തിരഞ്ഞെടുത്തത്.  ഫോറസ്റ്റ് എസൻഷ്യലിന്റെ ഷോറൂമിലേക്ക് മലീഷ കയറി വരുന്നതും തന്റെ ചിത്രം കണ്ട് അദ്ഭുതത്തതോടെ നോക്കുന്നതുമായ വിഡിയോ നെറ്റിസൺസിന്റെ മനംകവർന്നു. 

 

ചേരിയിലെ ജീവിതം

‘ചേരിയിലെ ജീവിതം എന്നെ വിഷമിപ്പിക്കുന്നുണ്ടോ എന്ന് ജനങ്ങൾ എന്നോട് ചോദിക്കും. ആ ചോദ്യത്തിന്റെ അർഥം എനിക്ക് മനസ്സിലായിരുന്നില്ല. കാരണം ഞാൻ എന്റെ വീടിനെ വളരെയധികം സ്നേഹിക്കുന്നു. ആ സ്ഥലവും എനിക്കു വളരെ ഇഷ്ടമാണ്.’– ഗോ ഫണ്ട് മീ എന്ന പേജിലൂടെ മലീഷ പറഞ്ഞ വാക്കുകൾ. 

അന്നത്തെ അന്നത്തിനു വേണ്ടി ബുദ്ധിമുട്ടുന്ന കുടുംബമാണ് മലീഷയുടെത്. മലീഷയുടെ സ്വപ്നത്തെ കുറിച്ച് ഹോഫ്മാൻ ദീർഘമായ ഒരു കുറിപ്പും ഗോഫണ്ട്മീ എന്ന പേജിലൂടെ പങ്കുവച്ചിരുന്നു. 

‘എനിക്കും സഹോദരനും വയറുനിറച്ച് ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ല എന്നതു മാത്രമാണ് എന്റെ വിഷമം. കുടിവെള്ളം ലഭിക്കാനും ബുദ്ധിമുട്ടാണ്. മൺസൂൺകാലത്ത് വീട്ടിൽ കിടന്നുറങ്ങാൻ സാധിക്കില്ല. മഴയെ തടുക്കാൻ എന്റെ വീടിന് മേൽക്കൂരയില്ല. ഞങ്ങൾ പ്ലാസ്റ്റിക് ടാർപോളിൻ മറച്ചാണ് ഉറങ്ങുന്നത്. ശക്തമായ മഴയിലും കാറ്റിലും അത് പറന്നുപോകും’– മലീഷ പറയുന്നു. 

മോഡലിങ്ങിലേക്കുള്ള വരവ്

ജീവിതത്തിലെ പ്രയാസങ്ങളെല്ലാം ഒരു പുഞ്ചിരിയോടെ വിവരിക്കുന്ന മലീഷയുടെ രീതിയായിരുന്നു ഹോഫ്മാനെ ആകർഷിച്ചത്. നൃത്തവും മോഡലിങ്ങും മലീഷ ഇഷ്ടപ്പെടുന്നു എന്ന് ഹോഫ്മാനു മനസ്സിലായി. അവളെ സഹായിക്കാൻ ഹോഫ്മാൻ തയാറായി. ‘കോസ്മോപൊളിറ്റൻ’ പോലുള്ള പ്രശസ്ത ഫാഷൻ മാസികകളുടെ മോഡലായി മലീഷ. സിനിമയുമായോ മോഡലിങ്ങുമായോ യാതൊരു ബന്ധവുമില്ലാത്ത കുടുംബ പശ്ചാത്തലത്തിൽ നിന്നാണ് മലീഷ എന്ന 14കാരി എത്തുന്നത്. 

അതിരുകളില്ലാത്ത സ്വപ്നം

പ്രാദേശികമായ ഒരു സർക്കാർ സ്കൂളിലാണ് മലീഷ പഠിക്കുന്നത്. ‘പഠിക്കാൻ എനിക്കു വളരെ ഇഷ്ടമാണ്. സ്കൂളിൽ നിന്ന് നല്ലമാർക്ക് ലഭിക്കുമ്പോൾ എന്റെ അച്ഛന് വളരെ സന്തോഷമായിരിക്കും. അതുകൊണ്ടു തന്നെ നല്ലമാർക്കു വാങ്ങാൻ ഞാൻ എപ്പോഴും ശ്രദ്ധിക്കും. ഇംഗ്ലിഷാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വിഷയം.’– അവൾ പറയുന്നു. 

കുടുംബത്തിനു മികച്ച ജീവിത സാഹചര്യമുണ്ടാക്കാൻ സാധിച്ചാൽ സന്തോഷവതിയാണെന്ന് മലീഷ പറഞ്ഞു. ‘എനിക്ക് നിരവധി അമ്മാവൻമാരും അമ്മായിമാരും മുത്തച്ഛൻമാരും മുത്തശ്ശിമാരും ഉണ്ട്. അവരെല്ലാം ഈ ചേരിയിൽ ഞങ്ങൾക്കൊപ്പമാണ് ജീവിക്കുന്നത്.’– ഒരു പുഞ്ചിരിയോടെ മലീഷ പറഞ്ഞു നിർത്തി. 

English Summary: Dharavi’s 14-year-old model Maleesha Kharwa is going viral

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com