ADVERTISEMENT

തന്റെ സമൂഹം സ്ത്രീകളുടെ കഴിവിൽ വിശ്വാസമുള്ളവരാണെന്നു പറയുമ്പോൾ വാഴച്ചാൽ ആദിവാസി ഊരിന്റെ മൂപ്പത്തി ഗീതയുടെ വാക്കുകളിൽ വലിയ അഭിമാനമുണ്ട്.കേരളത്തിലെ ആദ്യ ആദിവാസി ഊരുമൂപ്പത്തി ഗീത വാഴച്ചാൽ 22ാം വയസ്സിൽ ആ ചുമതല ഏറ്റെടുക്കാൻ കാരണവും ആ പിന്തുണയാണ്. ഊരുകൂട്ടം കൂടിയാണ് ഊര് മൂപ്പനെ തിരഞ്ഞെടുക്കുന്നത്. വർഷങ്ങൾക്ക് മുൻപ് മൂപ്പനെ തിരഞ്ഞെടുക്കാൻ ഊരൂകൂടിയപ്പോൾ കൂട്ടത്തിലൊരു പെൺകുട്ടി ഗീതയുടെ പേര് നിർദേശിച്ചു.79 അംഗങ്ങളുള്ള ഊരിൽ 78 പേർക്കും അതു സന്തോഷമായിരുന്നു.അങ്ങനെയാണ് ഗീത ഊരുമൂപ്പത്തിയാകുന്നത്. ഒരു സ്ത്രീയെ ഈ പദവി ഏൽപിക്കണോ എന്ന ആശങ്കപോലും ഊരുക്കൂട്ടത്തിലുയർന്നില്ലേ എന്ന ചോദ്യത്തിന് ഇല്ലെന്ന ഉറച്ച മറുപടിയിൽ ഗീത സന്തോഷവും പ്രകടിപ്പിക്കുന്നു. 

ഊരുമൂപ്പത്തിയാകുന്നതിനു മുൻപ് ട്രൈബൽ ഡിപ്പാർട്മെന്റിന് കീഴിൽ സോഷ്യൽ ആക്ടിവിസ്റ്റായി ജോലി നോക്കുന്നുണ്ടായിരുന്നു. പത്താം ക്ലാസ് കഴിഞ്ഞശേഷം ഏറ്റെടുത്തതാണ് ഈ ചുമതല. പിന്നീട് ഒട്ടേറെ പ്രവർത്തനങ്ങൾ ഊരിനായി ചെയ്തു. ആ ധൈര്യത്തിലാണ് ഈ വലിയ ഉത്തരവാദിത്തം ഏറ്റെടുക്കുന്നത്. ഊരിന്റെ വിദ്യാഭ്യാസം,ആരോഗ്യം തുടങ്ങിയ മേഖലകളിലെല്ലാം മൂപ്പത്തിക്ക് കൃത്യമായ ഉത്തരവാദിത്തങ്ങളുണ്ട്. 84 കുടുംബങ്ങളുള്ള ഈ ഊരിനായുള്ള ഓട്ടത്തിലാണ് ഇന്നും ഗീത.

Read also: ‘ജീവിക്കണമെന്ന് ഉറപ്പിച്ചതാണ്, മോൾക്ക് ഞങ്ങളേയുള്ളു’: വിദ്യാലക്ഷ്മി ടീച്ചറുടെ അതീജീവനപാഠം

ഊരിനായി ചെയ്ത കാര്യങ്ങളിൽ ഏറ്റവും സന്തോഷം നൽകിയത് അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്കെതിരായ പ്രവർത്തനമാണ്. ഊരിനപ്പുറമുള്ള ജനവിഭാഗമവുമായി അടുക്കാൻ ഈ സമരം സഹായിച്ചു. അതു പിന്നീടുള്ള പ്രവർത്തനങ്ങൾക്കും സഹായമായിട്ടുണ്ട്. ഊരുമൂപ്പത്തിയായി ചുമതലയേറ്റെടുത്ത കാലം എടുത്തു നോക്കിയാൽ ഇന്ന് ഊര് വിദ്യാഭ്യാസ പരമായി ഏറെ ഉയർന്നെന്നു ഗീത പറയുന്നു. അതിന്റെ സംതൃപ്തിയും ഗീതയ്ക്കുണ്ട്. ഇനിയും ഏറെ കാര്യങ്ങൾ ചെയ്യാനുണ്ട്.2000 മുതൽ അങ്കണവാടി വർക്കറായി ഗീത ജോലി നോക്കുന്നുണ്ട്.അതു തന്റെ സേവന പ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടായെന്നു ഗീത പറയുന്നു. ഊരിന് വേണ്ടി ഒട്ടേറെ സ്വപ്നങ്ങൾ കാണുന്നുണ്ട് ഈ നാൽപത്തിമൂന്നു കാരി . ഊരിൽ 35 കുടുംബത്തിന്റെ ഭൂമിയിൽ ഇപ്പോൾ 84 കുടുംബങ്ങൾ കഴിയുന്നുണ്ട്. വീട് വയ്ക്കാൻ സ്ഥലമില്ലാതെ ഊര് വലയുകയാണ്. ഇതിനു പരിഹാരം കാണാൻ അധികൃതർ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഗീത. എൽപി സ്കൂൾ കഴിഞ്ഞാൽ കുഞ്ഞുങ്ങൾക്ക് ഊരിൽ തന്നെ പഠിക്കാൻ സാഹചര്യമുണ്ടാക്കണമെന്നും ഗീത ആഗ്രഹിക്കുന്നു. 

Content Summary: First Woman Tribal Head in Kerala 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com