ADVERTISEMENT

തൊഴിൽ രംഗം ഏതാണെങ്കിലും മറ്റുള്ളവർക്ക് അരോചകമായി തോന്നുന്ന വിധത്തിൽ പെരുമാറുന്ന ഒരു വ്യക്തി പലപ്പോഴും നമ്മുടെ കൂട്ടത്തിൽ ഉണ്ടായേക്കും. പലപ്പോഴും ഇത്തരക്കാരുടെ സാമീപ്യം  തൊഴിലിടത്തെ സ്വസ്ഥത തന്നെ നശിപ്പിച്ചെന്നും വരാം. ഇവരുടെ ചില ശീലങ്ങൾ മൂലം മറ്റുള്ളവർക്ക് മതിപ്പ് നഷ്ടപ്പെടുകയും ഇവർക്കൊപ്പം ചേർന്ന് ജോലി ചെയ്യാനുള്ള താല്പര്യം വരെ നഷ്ടപ്പെടുത്തുകയും ചെയ്യും. ഇത്തരത്തിൽ സഹപ്രവർത്തകർക്ക്  ഇഷ്ടപ്പെടാത്ത രീതിയിലുള്ള ചില പെരുമാറ്റങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

പതിവായി വൈകി എത്തുന്നവർ

എത്രയൊക്കെ മുന്നറിയിപ്പുകൾ കിട്ടിയാലും ജോലി സ്ഥലത്തേയ്ക്ക് വൈകി മാത്രം എത്തുന്നവരുണ്ട്. ടീമായി ചെയ്തു തീർക്കേണ്ട ജോലികളാണെങ്കിൽ ഇത്തരത്തിൽ ഒരാൾ വൈകിയെത്തുന്നത് മറ്റുള്ളവരുടെ ജോലിയെയും പ്രതികൂലമായി ബാധിക്കും. ചെയ്തുതീർക്കേണ്ട ജോലികൾ കൃത്യസമയത്ത് ചെയ്തു തീർക്കാനാവാതെ വരുന്നതിലൂടെ ഇത്തരക്കാർ എപ്പോഴും സഹപ്രവർത്തകർക്കിടയിൽ കരടായിരിക്കും. ഇതിനുപുറമേ യഥാസമയത്ത് നടക്കേണ്ട മീറ്റിങ്ങുകളും മറ്റും ഇവർ മൂലം തടസ്സപ്പെടുന്നതും മറ്റുള്ളവരുടെ അനിഷ്ടത്തിന് കാരണമാകും.

ആശയവിനിമയത്തിലെ അപാകത

മന:പ്പൂർവമായി ചെയ്യുന്ന തെറ്റായി കണക്കാക്കാനാവില്ലെങ്കിലും കൃത്യമായി ആശയവിനിമയം നടത്താൻ ഒരു വ്യക്തിക്ക് സാധിക്കാത്തത് സഹപ്രവർത്തകർക്കിടയിൽ അവരോടുള്ള മതിപ്പ് നഷ്ടപ്പെടുന്നതിനുള്ള പ്രധാന കാരണമാണ്. ചെയ്യേണ്ട ജോലിയെക്കുറിച്ച് കൃത്യമായി സംസാരിക്കാനാവാത്തത് തെറ്റിദ്ധാരണകളിലേയ്ക്കു വഴിവയ്ക്കുകയും ഇതുമൂലം നിസ്സാരമായ ജോലികൾ പോലും പൂർത്തിയാക്കാൻ കാലതാമസം നേരിടുകയും ചെയ്തെന്ന് വരാം. ഇത് അധികമാർക്കും സഹിക്കാനാവുന്ന കാര്യമല്ല.

Read also: പ്രായമായ അമ്മ ഇപ്പോഴും കിടക്ക വിരിച്ചുതരുന്നു; അത് വീട്ടമ്മയുടെ ധർമ്മമെന്ന് മകൻ, ഇന്റർനെറ്റിൽ ആക്ഷേപം

ഉത്തരവാദിത്വം ഏറ്റെടുക്കാനുള്ള മടി

ഏതു ജോലിയായാലും അത് അങ്ങേയറ്റം ഉത്തരവാദിത്വത്തോടെ ഏറ്റെടുക്കാൻ കഴിയുന്നവർക്കാണ് ഏത് മേഖലയിലും ശോഭിക്കാൻ സാധിക്കുന്നത്. തൊഴിലിടത്ത് ചെയ്യുന്ന കാര്യങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ മടിക്കുന്നവരുണ്ട്. ഇത് ഒപ്പമുള്ളവർക്ക് ആ വ്യക്തിയിലുള്ള വിശ്വാസം അപ്പാടെ നഷ്ടപ്പെടുന്നതിന് കാരണമാകും. ഇവർക്കൊപ്പം ചേർന്ന് പ്രവർത്തിക്കാൻ പിന്നീട് സഹപ്രവർത്തകർ മടിക്കുന്നതോടെ തൊഴിലിടത്തെ അന്തരീക്ഷം തന്നെ പ്രതികൂലമായി മാറുകയും ചെയ്യും.

ഗോസിപ്പ്

ഏതു മേഖലയിലാണെങ്കിലും സഹപ്രവർത്തകരെക്കുറിച്ച് പരദൂഷണം പറയുന്ന ഒരു കൂട്ടം ആളുകൾ തീർച്ചയായും ഉണ്ടാവും. ഇവരുടെ ഗോസിപ്പുകൾ കേട്ടിരിക്കുന്നവർക്കുപോലും പക്ഷേ ഇത്തരക്കാരോട് തീരെ മതിപ്പുണ്ടാവില്ല. മറ്റൊരു വ്യക്തിയെക്കുറിച്ച് തെറ്റിദ്ധാരണ പറഞ്ഞു പരത്തുന്നത് ശത്രുക്കളെ ഉണ്ടാക്കാനും കാര്യക്ഷമമായി ജോലി ചെയ്യാനുള്ള അവസരം നഷ്ടപ്പെടുത്താനും മാത്രമേ ഉപകരിക്കു. 

Read also: 'പാട്ടിനെക്കാളുപരി സ്റ്റേജിൽ പെർഫോമൻസ് വേണമെന്ന് അറിഞ്ഞപ്പോൾ ഞാൻ ഒരുപാട് വിഷമിച്ചു': രാജലക്ഷ്മി

സമയക്രമം ഇല്ലാത്തത്

യഥാസമയത്ത് ജോലിചെയ്ത് തീർക്കാൻ സാധിക്കാത്തവർ ഒപ്പമുള്ളവർക്ക് എന്നും തീരാ തലവേദനയായിരിക്കും. വ്യത്യസ്ത ടാസ്കുകൾ കൃത്യമായി സമയം ക്രമീകരിച്ച് തീർക്കുക എന്നത് പ്രധാനമാണ്. അല്ലാത്തപക്ഷം സമയബന്ധിതമായി ജോലി തീർക്കാനാവാതെ വരികയും ചെയ്തു തീർക്കുന്ന ജോലികൾക്ക് നിലവാരം ഇല്ലാതാകുകയും ചെയ്യും. ഇത് ഒപ്പം ജോലി ചെയ്യുന്നവരെക്കൂടി പ്രതികൂലമായി ബാധിക്കുന്നതിനാൽ ഇത്തരക്കാരെ ഒഴിവാക്കാനാവും സഹപ്രവർത്തകർ ശ്രമിക്കുക. 

ശുചിത്വം

ചെയ്യുന്ന ജോലിയുമായി നേരിട്ട് ബന്ധമില്ലെങ്കിലും ശുചിത്വം കാത്തുസൂക്ഷിക്കേണ്ടതും തൊഴിലിടത്തിൽ പ്രധാനമാണ്. മോശം വ്യക്തി ശുചിത്വമുള്ള ഒരു വ്യക്തിയുടെ അരികിലിരുന്ന് ജോലി ചെയ്യാൻ അധികമാരും താല്പര്യപ്പെട്ടെന്നു വരില്ല. തൊഴിലിൽ എത്ര വൈദഗ്‌ധ്യം ഉണ്ടെങ്കിലും ഒരു വ്യക്തിയെക്കുറിച്ച് സഹപ്രവർത്തകർക്കിടയിൽ മോശം കാഴ്ചപ്പാടുകൾ ഉണ്ടാക്കാൻ ശുചിത്വമില്ലായ്മ കാരണമാകും.

Read also: കുറേക്കാലമായി ജോലി ചെയ്യുന്നു, പക്ഷേ ഇതുവരെ പ്രൊമോഷൻ കിട്ടിയില്ലേ?, ഇതാവാം കാരണങ്ങൾ

അഡ്ജസ്റ്റ് ചെയ്യാൻ മടിക്കുന്നവർ

തൊഴിലിടത്തെ ചെറിയ മാറ്റങ്ങളുമായി പോലും പൊരുത്തപ്പെടാൻ സാധിക്കാത്തവരാണ് സഹപ്രവർത്തകർക്ക് തലവേദനയാകുന്ന മറ്റൊരു കൂട്ടർ. പുതിയ കാര്യങ്ങൾ പരീക്ഷിക്കാനോ വേറിട്ട രീതിയിൽ ജോലി ചെയ്യാനോ ഇവർ ശ്രമിക്കാത്തതുമൂലം ഒപ്പമുള്ളവർക്ക് കൂടി പുരോഗതി കൈവരിക്കാൻ സാധിക്കാതെ വരും. പുതിയ കാര്യങ്ങൾ പഠിച്ച് തൊഴിലിൽ മുന്നേറാൻ ആഗ്രഹിക്കുന്ന സഹപ്രവർത്തകർക്ക് പിരിമുറുക്കവും നിരാശയും നൽകാനേ ഈ മനോനില സഹായിക്കു.

ഇങ്ങനെയുള്ള ചെറിയ ചില കാര്യങ്ങളിൽ ശ്രദ്ധ പതിപ്പിച്ചാൽ തൊഴിലിടത്തിൽ നല്ലൊരു അന്തരീക്ഷം സൃഷ്ടിക്കാൻ കഴിയും.

Content Summary: Annoying habits to avoid in a workplace

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com