ADVERTISEMENT

അൽപം കയ്പു രുചിക്കട്ടെ എന്നുകരുതി വിധി അലസമായി പാകം ചെയ്ത ജീവിതത്തിൽ ചോക്ലേറ്റ് ചേർത്ത് ‘മധുരപ്രതികാരം’ നടത്തിയയാളാണു നെടുപുഴ സ്വദേശിനിയായ രത്നം. രണ്ടര വയസ്സിൽ ഇടതുകാലു തളർത്തിയ പോളിയോയെ തോൽപിച്ച ആ പോരാട്ടവീര്യത്തിന് പേരുപോലെ തന്നെ രത്നത്തിളക്കം. 22 വർഷം ‘ഒറ്റക്കാലിൽ’ നിന്നു  നേടിയ അധ്യാപന ജോലിയിൽ നിന്ന് വിരമിച്ചിട്ടും ചോക്ലേറ്റും മധുരപലഹാരങ്ങളും കറിമസാലക്കൂട്ടും ക്രാഫ്റ്റ് വർക്കും ട്യൂഷനുമൊക്കെയായി അർധവിരാമം പോലുമിടാത്ത സജീവത. അധ്യാപികയായിരുന്ന ലീലയുടെയും ഗോപാലന്റെയും മകളായി നടത്തറയിലാണു ജനനം. ഒന്നും രണ്ടും ക്ലാസുകൾ അമ്മയുടെ ശിക്ഷണത്തിൽ. അതിനിടയിൽ ചികിത്സയും. ചാഴൂർ എൽപി സ്കൂളിൽ നാലാം ക്ലാസിന്റെ പടികയറിയപ്പോൾ വിധി ആദ്യത്തെ തോൽവിയറിഞ്ഞു.

അയൽവാസികളുടെ സൈക്കിളിൽ കയറി സ്കൂൾ യാത്രകൾ. പടിപടിയായി നടന്നുതുടങ്ങിയതിനൊപ്പം പത്താംക്ലാസും പിന്നെ ബിഎസ്‌സി ബോട്ടണിയും ബിഎഡും കൈപ്പിടിയിലൊതുക്കി. ടീച്ചറാകാൻ കൊതിച്ചപ്പോൾ വിധി അവിടെയും വിലങ്ങിട്ടു. മാർക്കും ഭിന്നശേഷി സംവരണവും ഒക്കെ കടലാസിലൊതുങ്ങുമെന്നും വിലയുള്ളത് നോട്ടുകെട്ടുകളുടെ ഡൊണേഷനാണെന്നും തിരിച്ചറിഞ്ഞ സമയം. അതോടെ 4 തയ്യിൽ മെഷീനുകൾ വാങ്ങി. മകളുടെ പേരുചേർത്ത് രചന ട്യൂഷൻ സെന്റർ തുടങ്ങി. വനിതാ പോളിടെക്നിക്കിൽ കരകൗശല നിർമാണം പഠിപ്പിക്കാനും വികലാംഗ ക്ഷേമ സംഘടനയുടെ ഗാനമേള ട്രൂപ്പിൽ പാടാനും തുടങ്ങി.

Read also: ഒന്നും ഓർഡർ ചെയ്തില്ല, എന്നിട്ടും വീടിനു മുന്നിൽ ആമസോൺ പാക്കേജുകളുടെ കൂമ്പാരം, അമ്പരന്ന് യുവതി

രാമപുരം ജുവനൈൽ ഹോമിൽ താൽക്കാലിക അധ്യാപികയായും ജോലി ചെയ്തു. വിധി ക്രൂരതകാട്ടിയ തന്നെപ്പോലുള്ളവർക്ക് കുടയും മുത്തുകമ്മലും സോപ്പും പെയിന്റിങ്ങും പഠിപ്പിച്ചു കൊടുക്കുകകൂടി ചെയ്തു, ടീച്ചർ. 45ാമത്തെ വയസ്സിൽ സർക്കാർ ജോലി തേടിയെത്തി. 2002 ജനുവരിയിൽ ചേർപ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപികയായി. താന്ന്യം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപികയായിരിക്കെ 2011ൽ, ഏറ്റവും നല്ല ജീവനക്കാരിക്കുള്ള സംസ്ഥാന സർക്കാർ അവാർഡും ലഭിച്ചു. 10 വർഷത്തെ സർവീസ് 2013ൽ അവസാനിച്ചു; പഠിപ്പിച്ച് മതിയാകാതെ പടിയിറങ്ങിയെങ്കിലും ഇംഗ്ലിഷ് ട്യൂഷന് വരുന്നവർക്കും ബേക്കറി വിഭവങ്ങൾ ഉണ്ടാക്കാൻ ശിഷ്യപ്പെട്ടവർക്കുമിടയിൽ വീണ്ടും അധ്യാപികയായി. 

Read also: അമ്മയായതിനു ശേഷം കാര്യങ്ങൾ മാറി: 'എന്റെ ബാഗ് നിറയെ മകളുടെ സാധനങ്ങൾ': ആലിയ ഭട്ട്

2014ൽ കാലിക്കറ്റ് സർവകലാശാല ‘ഗോൾഡൻ മദർ’ പുരസ്കാരം നൽകി ആദരിച്ചു. ഇപ്പോൾ പിക്നിക് എന്ന ബ്രാൻഡിൽ ഹോംമെയ്ഡ് ഉൽപന്നങ്ങൾ ഉണ്ടാക്കി അടുത്തുള്ള ബേക്കറികളിലും സൂപ്പർ മാർക്കറ്റുകളിലും എത്തിക്കുന്ന തിരക്കിലാണ്. പെൻഷൻ കിട്ടുന്നില്ലേ, അതുപോരേ ജീവിക്കാൻ എന്നു ചോദിക്കുന്നവരോട് ടീച്ചറുടെ മറുപടി ഇങ്ങനെ: ‘മനസ്സിന് പെൻഷനാകാൻ മടിയാ; പിന്നെ പത്തു വർഷത്തെ സർവീസിന് കിട്ടുന്ന ചെറിയ തുക വീട്ടാവശ്യത്തിന് തികയില്ലല്ലോ’. ഭർത്താവ് പി.സി. രാജൻ 2010ൽ അന്തരിച്ചു. ഏകമകൾ ഹോമിയോ ഡോക്ടറാണ്.

Content Summary: Inspiring Life Story of Ratnam who suffered a lot in her life

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com