ADVERTISEMENT

സൂര്യരാശി അനുസരിച്ചു യാത്ര പോകാമെന്നു കേൾക്കുമ്പോൾ പലരുടെയും നെറ്റിചുളിയും. യാത്രകൾക്കു ഇത്തരം വിശ്വാസങ്ങളെ കൂട്ടുപിടിക്കണോ എന്ന് ചിലർ ചോദ്യങ്ങളുമായി മുന്നോട്ടുവരാനും സാധ്യതയുണ്ട്. വിമർശനശരങ്ങളുമായി മുന്നോട്ടുവരുന്നതിനു മുൻപ് ഇതൊന്നു കേൾക്കൂ. സൂര്യരാശി പറയുന്ന പ്രകാരം യാത്രകൾ പോകാനുള്ള സ്ഥലങ്ങൾ തെരഞ്ഞെടുത്താൽ സഞ്ചാരികളിൽ അത് പുത്തനുണർവും അനുകൂലമായ ഊർജവും നല്കുമത്രെ. ഓരോ രാശിക്കാരും 2019 ൽ സന്ദർശിക്കേണ്ട സ്ഥലങ്ങൾ ഏതൊക്കെയെന്നതിനെക്കുറിച്ചു വ്യക്തമായ നിർദ്ദേശങ്ങൾ സൂര്യരാശി മുന്നോട്ടുവെയ്ക്കുന്നുണ്ട്. അതിനനുസരിച്ചു ഓരോ രാശിക്കാരും യാത്രയ്ക്കുള്ള പദ്ധതികൾ തയ്യാറാക്കൂ. നേരത്തെ കണ്ടിട്ടുള്ള സ്ഥലങ്ങളെങ്കിലും 2019 ലെ  ഈ യാത്ര നിങ്ങളിൽ ഊർജം നിറയ്ക്കുമെന്നുറപ്പാണ്. 

 

ഏരീസ് ( മാർച്ച് 21 - ഏപ്രിൽ 19 ) 

 

ഏരീസ് രാശിക്കാർ പൊതുവെ ഉത്സാഹം നിറഞ്ഞവരും ധൈര്യശാലികളും ജിജ്ഞാസ അധികമുള്ളവരുമായിരിക്കും. സാഹസികത ഇഷ്ടപ്പെടുന്ന ഇവർ, ഈ വർഷം സന്ദർശിക്കേണ്ടതും അത്തരം സ്ഥലങ്ങൾ തന്നെയാണ്. വിദേശയാത്രകൾക്കു പദ്ധതികൾ ഒന്നുമില്ലെങ്കിൽ, ഇവർ 2019 ൽ  നിർബന്ധമായും സന്ദർശിക്കേണ്ടയിടങ്ങളാണ് ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ. ഇതുവരെ കാണാത്ത നിരവധി കാഴ്ചകളും ഒരിക്കൽ പോലും അനുഭവിച്ചിട്ടില്ലാത്തത്രയും സാഹസിക അനുഭവങ്ങളും നിറഞ്ഞ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ നിങ്ങളിലെ സഞ്ചാരിയുടെ മനസ്സ് നിറയ്ക്കും.

 

ടോറസ് ( ഏപ്രിൽ 20 - മെയ് 20 ) 

 

വിശ്വസ്തരും വികാരപരമായി പ്രതികരിക്കുന്നവരും കലാകാരന്മാരുമായിരിക്കും ടോറസ് രാശിക്കാർ. ഇവർ ഈ വർഷം നിർബന്ധമായും സന്ദർശിക്കേണ്ട സ്ഥലമാണ് ഗോവ. ഇക്കൂട്ടർക്ക് മനസുതുറന്നു ആഹ്ളാദിക്കാനുള്ള എല്ലാ വിഭവങ്ങളും അവിടെ നിന്നും ലഭിക്കും. മനോഹരമായ കടലും ബീച്ചുകളും അതിസുന്ദരിയായ പ്രകൃതിയും നിങ്ങളിലെ സഞ്ചാരിയിൽ നവോന്മേഷം നിറയ്ക്കുമെന്ന കാര്യത്തിൽ യാതൊരു സംശയത്തിനുമിടയില്ല. ഗോവയുടെ സൗന്ദര്യം പോലെ തന്നെ, ഇതുവരെ കാണാത്ത കേരളത്തിലെ പ്രകൃതിഭംഗി തുളുമ്പി നിൽക്കുന്ന സ്ഥലങ്ങളും ഇവർക്ക് യാത്രകൾക്കായി തെരെഞ്ഞെടുക്കാവുന്നതാണ്. അതിസുന്ദരിയായ അണിഞ്ഞൊരുങ്ങി നിൽക്കുന്ന പ്രകൃതി ഇവരിലെ കലാകാരിൽ പുത്തൻപ്രതീക്ഷകളും സ്വപ്നങ്ങളും നിറയ്ക്കും. 

 

ജെമിനി  ( മെയ് 21 - ജൂൺ 20 ) 

 

ജെമിനി രാശിക്കാർ പൊതുവെ ചിന്തിച്ചു പ്രവർത്തിക്കുന്നവരും ഫലിതപ്രിയരും മറ്റുള്ളവരോട് എളുപ്പത്തിൽ ഇണങ്ങുന്നവരുമായിരിക്കും. ഈ സ്വഭാവസവിശേഷതകൾ ഉള്ളതുകൊണ്ടുതന്നെ ഏതുസാഹചര്യവുമായി പൊരുത്തപ്പെടുന്നതിൽ ഇവർക്ക് യാതൊരു തരത്തിലുള്ള വൈഷമ്യങ്ങളും ഉണ്ടാകാറില്ല. തിരക്കേറിയ നഗരങ്ങളും കാഴ്ചകളുമൊക്കെയാണ് ഇവരെ ആകർഷിക്കുക. അതുകൊണ്ടുതന്നെ 2019 ലെ ആദ്യയാത്ര മുംബൈ പോലൊരു നഗരത്തിലേക്കാകുന്നതാണ് ജെമിനി രാശിക്കാർക്കുചിതം. ഒരിക്കലും ഉറങ്ങാത്ത, എത്തിച്ചേരുന്ന അതിഥികളെയെല്ലാം ഇരുകയ്യും നീട്ടി സ്വീകരിക്കുന്ന മുംബൈ നഗരത്തിലെ കാഴ്ചകൾ ഇവരെ ഹഠാദാകർഷിക്കും.   

 

കാൻസർ ( ജൂൺ 21 - ജൂലൈ 22 ) 

 

സർഗാത്മക കഴിവുകളിൽ  മുമ്പിലുള്ള ഈ രാശിക്കാർ ലോലമായ മനസ്സുള്ളവരുമായിരിക്കും. ഇക്കൂട്ടരുടെ സ്വഭാവസവിശേഷതകൾ അനുസരിച്ചു സുന്ദരവും ശാന്തവുമായ പ്രകൃതിയും മനോഹരമായ സാഗരകാഴ്ചകളുമൊക്കെയാണ് ഇവരെ ആകർഷിയ്ക്കുക. ആൻഡമാൻ നിക്കോബാർ ദ്വീപുകളിലേക്കുള്ള യാത്ര, ഇവരുടെ യാത്രാസങ്കല്പങ്ങളെ എല്ലാ തരത്തിലും തൃപ്തിപ്പെടുത്തും. ദ്വീപുകളും ചെറിയ വിനോദങ്ങളും ബീച്ചിന്റെ വശ്യതയും ശാന്തസുന്ദരമായ അന്തരീക്ഷവുമൊക്കെ കാൻസർ രാശിക്കാർക്കു പുത്തനുണർവും ആഹ്ളാദവും സമ്മാനിക്കും. 2019 ൽ ഇക്കൂട്ടർക്കു  സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥലങ്ങളിലൊന്നാണ് ആൻഡമാൻ നിക്കോബാർ ദ്വീപുകൾ. 

 

ലിയോ ( ജൂലൈ 23 - ഓഗസ്റ്റ് 22 ) 

 

ധൈര്യശാലികളും ആത്മാർത്ഥതയുള്ളവരും കലാപരമായ കഴിവുകളിൽ മുന്നിട്ടു നിൽക്കുന്നവരുമാണ് ലിയോ രാശിക്കാർ. ആഡംബരം നിറഞ്ഞ നിർമിതികളും വർണങ്ങൾ നിറഞ്ഞ കാഴ്ചകളുമൊക്കെയാണ് ഇവരുടെ മനസ്സുനിറയ്ക്കുക. രാജക്കൊട്ടാരങ്ങൾ നിറഞ്ഞ ഉദയ്പൂർ, ജയ്‌സാൽമീർ പോലുള്ള നഗരങ്ങൾ ഇക്കൂട്ടരിൽ വിസ്മയത്തോടൊപ്പം കൗതുകവും ജനിപ്പിക്കും. ആരെയും വിസ്മയഭരിതരാക്കുന്ന പുരാതന വാസ്തുവിദ്യാ ശൈലിയുടെ ഉത്തോമോദാഹരങ്ങളായ കൊട്ടാരക്കെട്ടുകൾ അക്കാലഘട്ടത്തിന്റെ സ്‌മൃതികൾ സഞ്ചാരികളിൽ നിറയ്ക്കും. കൊട്ടാരങ്ങൾക്കു സമാനമായ റിസോർട്ടുകൾ കൊണ്ടും ഹോട്ടലുകൾ കൊണ്ടും സമ്പന്നമാണ് മുകളിൽ പറഞ്ഞ നഗരങ്ങൾ. ഇവിടെങ്ങളിലെ താമസവും ലിയോ രാശിക്കാരെ ഏറെ സന്തോഷിപ്പിയ്ക്കും. 

 

വിർഗോ ( ഓഗസ്റ്റ് 23 - സെപ്റ്റംബർ 22 ) 

 

വിനയം, വിവേകം, അർപ്പണ മനോഭാവം എന്നിവയാണ് ഈ രാശിക്കാരുടെ പ്രധാന സ്വഭാവസവിശേഷതകൾ. ബഹളമധികമില്ലാത്ത, പ്രശാന്ത സുന്ദരമായ കാഴ്ചകളോടായിരിക്കും ഇക്കൂട്ടർക്ക് ഏറെ പ്രിയം. കണ്ണുകൾക്ക് ആനന്ദം പകരുന്നതും മനസിനെ തൃപ്തിപ്പെടുത്തുന്നതുമായ കാഴ്ചകൾ വിർഗോ രാശിക്കാരെ വളരെയധികം ആകർഷിക്കും. അതുകൊണ്ടു തന്നെ സൗത്ത് ഗോവയിൽ സ്ഥിതി ചെയ്യുന്ന പ്രിസ്റ്റൈൻ ബീച്ച്, പിങ്ക് സിറ്റി എന്ന് വിശേഷണമുള്ള ജയ്‌പൂർ തുടങ്ങിയവയൊക്കെ ഇക്കൂട്ടരുടെ യാത്രകളിൽ കൂടുതൽ നിറങ്ങൾ ചാർത്തും. ഈ വർഷത്തെ യാത്രകളിൽ ഈ സ്ഥലങ്ങളെ കൂടി ഉൾപ്പെടുത്തുന്നത് വിർഗോ രാശിക്കാർക്ക് അധിക സന്തോഷം സമ്മാനിക്കുക തന്നെ ചെയ്യും. 

 

ലിബ്ര ( സെപ്റ്റംബർ 23 - ഒക്ടോബർ 22 ) 

 

മറ്റുള്ളവരോട് എളുപ്പത്തിൽ ഇണങ്ങുന്ന, എല്ലാവരെയും രസിപ്പിക്കുന്ന സ്വഭാവത്തിനുടമകളാണ് ഈ രാശിക്കാർ. സുഖകരമായ കാലാവസ്ഥയും കാഴ്ചകളും പ്രദാനം ചെയ്യുന്ന യാത്രകളാണ് ഇവരെ ആനന്ദിപ്പിക്കുക. അതുപോലെ തന്നെ കടലും ഉദയാസ്തമയ കാഴ്ചകളുമൊക്കെ ഇവർക്ക് മാനസികമായി ഉന്മേഷം നൽകും. മൂന്നാറും കന്യാകുമാരിയുമൊക്കെ ഇക്കൊല്ലം ലിബ്ര രാശിക്കാർക്ക് സന്ദർശിക്കാനുചിതമായ സ്ഥലങ്ങളാണ്. മനോഹരമായ പ്രകൃതിയും മഴയും തണുപ്പും ചേർന്ന മറ്റു സ്ഥലങ്ങളും ഈ വർഷം  യാത്രയ്ക്കായി തെരഞ്ഞെടുക്കാം. ലിബ്ര രാശിക്കാരെ സംബന്ധിച്ച് അത്തരം യാത്രകൾ ശാരീരികമായി മാത്രമല്ല, മാനസികമായും ഇക്കൂട്ടർക്ക് പുത്തൻ ഉണർവ് സമ്മാനിക്കും. 

 

സ്കോർപിയോ ( ഒക്ടോബർ 23 - നവംബർ 21 ) 

 

രഹസ്യസ്വാഭാവം കാത്തുസൂക്ഷിക്കുന്ന, കഠിനമായ തീരുമാനങ്ങൾ കൈക്കൊള്ളുന്ന, എന്നാൽ ഇപ്പോഴും ഉത്സാഹഭരിതരായി കാണപ്പെടുന്നവരാണ് സ്കോർപിയോ രാശിക്കാർ. ഥാർ മരുഭൂമിയിലേക്കുള്ള കവാടം  എന്ന വിളിപ്പേരുള്ള ജോധ്പൂർ നഗരം ഈ രാശിക്കാരുടെ സ്വഭാവമനുസരിച്ചു യാത്രയ്‌ക്കൊരുങ്ങാവുന്ന ഒരിടമാണ്. പ്രൗഢിയോടെ തലയുയർത്തി നിൽക്കുന്ന രാജസൗധങ്ങളും കോട്ടകളും കൊട്ടാരങ്ങളുമൊക്കെ ഇവരിലെ യാത്രികനെ തൃപ്തിപ്പെടുത്തും. കൂടാതെ, വർണങ്ങൾ നിറഞ്ഞ ചന്തകളും ഉത്സവങ്ങളുമൊക്കെ ജോധ്പൂരിലെ പ്രധാനാകർഷണങ്ങളാണ്. കൊട്ടാരങ്ങളും കോട്ടകളും ഇവരിൽ ജിജ്ഞാസയും അതിനൊപ്പം കൗതുകവും ജനിപ്പിക്കും. ജോധ്‌പൂർ സന്ദർശനം സ്കോർപിയോ രാശിക്കാർക്ക് മികച്ചൊരു അനുഭവം തന്നെയായിരിക്കും. 

 

സാജിറ്റേറിയസ് ( നവംബർ 22 - ഡിസംബർ 21 ) 

 

സാഹസികതയും സ്വാതന്ത്ര്യവും ഇഷ്ടപ്പെടുന്നവരും ഉത്സാഹികളുമായിരിക്കും ഈ രാശിക്കാർ. തങ്ങളുടെ സ്വഭാവത്തിനനുസരിച്ചുള്ള യാത്രകൾ മാത്രമേ ഇവരെ തൃപ്തിപ്പെടുത്തുകയുള്ളു. ഷില്ലോങ്, തവാങ് പോലുള്ള സ്ഥലങ്ങളിലേക്കുള്ള യാത്രകൾ ഇവർക്കേറെ ഹരം പകരുന്ന അനുഭവങ്ങൾ സമ്മാനിക്കും. ട്രെക്കിങ്ങ്, ഹൈക്കിങ് പോലുള്ള വിനോദങ്ങളും ഈ രാശിക്കാർ ഏറെ ആസ്വദിച്ചു ചെയ്യും. സ്ഥിരോത്സാഹികളായ ഇക്കൂട്ടർ, എത്ര ക്ലേശമനുഭവിച്ചാലും തങ്ങൾ ഉദ്ദേശിച്ച കാര്യങ്ങൾ നേടിയെടുത്തല്ലാതെ പിന്തിരിയുകയില്ല. അതുകൊണ്ടു തന്നെ ഇവർ സാഹസിക വിനോദങ്ങൾക്കു മുൻതൂക്കം നൽകുന്ന യാത്രകൾ തയാറെടുക്കുന്നതാണ് ഉചിതം. 

 

കാപ്രികോൺ ( ഡിസംബർ 22 - ജനുവരി 19 ) 

 

വിവേകത്തോടെ പെരുമാറുന്നവരും ഉത്തരവാദിത്വമുള്ളവരും തീവ്രമായ ആഗ്രഹങ്ങൾ വെച്ചുപുലർത്തുന്നവരുമായിരിക്കും ഈ രാശിക്കാർ. ഇക്കൂട്ടർ യാത്രയ്ക്കായി തെരെഞ്ഞെടുക്കുന്ന സ്ഥലങ്ങളുടെ കാര്യത്തിലും ഈ സ്വഭാവസവിശേഷതകൾ പ്രതിഫലിക്കും. തങ്ങളുടെ സംസ്കാരവുമായി ബന്ധപ്പെട്ടിരിക്കുന്നയിടങ്ങൾ, പൗരാണികതയുടെ അവശേഷിപ്പുകൾ പേറുന്ന പ്രശസ്തമായ സ്ഥലങ്ങൾ എന്നിവയൊക്കെ സന്ദർശിക്കാനായിരിക്കും ഇവർക്ക് താല്പര്യം കൂടുതൽ. വാരാണസി, ആഗ്ര പോലുള്ള സ്ഥലങ്ങൾ യാത്രയ്ക്കായി തെരഞ്ഞെടുക്കുന്നത് ഇവർക്ക് ഉത്സാഹത്തോടൊപ്പം മനസികാനന്ദവും സമ്മാനിക്കും. 

 

അക്വാറിയസ് ( ജനുവരി 20 - ഫെബ്രുവരി 18 ) 

 

വിചിത്ര സ്വഭാവത്തിനുടമകളും ഭാവനാശാലികളും ജിജ്ഞാസ കൂടുതലുള്ളവരുമായിരിക്കും അക്വാറിയസ് രാശിക്കാർ. പ്രകൃതി കനിഞ്ഞനുഗ്രഹിച്ചിരിക്കുന്ന കേരളത്തിലെ സുന്ദരമായ സ്ഥലങ്ങൾ, ശ്രീനഗർ എന്നീ സ്ഥലങ്ങളൊക്കെ ഈ രാശിക്കാർക്കു യാത്ര പോകാൻ അനുയോജ്യമായ സ്ഥലങ്ങളാണ്. ഇത്തരം സ്ഥലങ്ങളിലെ മനോഹരമായ ദൃശ്യങ്ങൾ ഇവരെ കൂടുതൽ സന്തോഷിപ്പിക്കുകയും മാനസികമായ ഉണർവ് പ്രദാനം ചെയ്യുകയും ചെയ്യും. 

 

പീസസ് ( ഫെബ്രുവരി 19 - മാർച്ച് 20 ) 

 

യാത്രകളെ വളരെയധികം ഇഷ്ടപ്പെടുന്ന ഈ രാശിക്കാർ, കലാകാരന്മാരും സ്വപ്നജീവികളും ആർദ്രമനസിനുടമകളുമായിരിക്കും. ഇവരുടെ സ്വഭാവസവിശേഷതകൾക്കനുസരിച്ചു സന്ദർശിക്കാൻ അനുയോജ്യമായ സ്ഥലമാണ് ലക്ഷദ്വീപ്. ശാന്തമായ അന്തരീക്ഷവും കടലിന്റെ സൗന്ദര്യവുമൊക്കെ ഇവരെ വളരെയധികം ആകർഷിക്കും. ലക്ഷദ്വീപ് പോലെയുള്ള മറ്റുസ്ഥലങ്ങളും ഇക്കൂട്ടർക്ക് യാത്രയ്ക്കായി തെരെഞ്ഞെടുക്കാവുന്നതാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com