ADVERTISEMENT

'ലേറ്റാനാ വന്താലും, ലേറ്റസ്റ്റായി വരുവേൻ' എന്നതാണ് സായ്പല്ലവിയുടെ നയം. പ്രേമത്തിലെ മലർ മിസ്സായി എത്തി കേരളത്തിലെ പ്രേക്ഷകരെ കയ്യിലെടുത്ത സായ്പല്ലവി പിന്നീടെത്തിയത് ധനുഷിനൊപ്പം തകർപ്പൻ നൃത്തചുവടുകളോടെയായിരുന്നു. മാരി 2 വിലെ പാട്ട് ഇപ്പോഴും ലോകം മുഴുവൻ അലയടിക്കുകയാണ്. അഭിനേത്രിക്കും ഡോക്ടറിനുമപ്പുറം തികഞ്ഞ ഭക്തയുമാണ് സായ്പല്ലവി. ടെൻഷൻ നിറഞ്ഞ തൊഴിൽമേഖലയിൽ മനസ്സ് ശാന്തമാക്കി വയ്ക്കാൻ മെഡിറ്റേഷൻ സഹായിക്കാറുണ്ട് എന്ന് താരം പറയുന്നു. നിത്യവും 108 തവണ ഗായത്രീമന്ത്രവും ത്രയംബകവും ചൊല്ലും. 'ഓം' എന്ന ശബ്ദം തരുന്ന പോസിറ്റീവ് വൈബ്രേഷനെക്കുറിച്ച് അമ്മയാണ് പറഞ്ഞു തന്നത്. മനസ്സിൽ കുമിഞ്ഞു കൂടുന്ന നെഗറ്റീവ് ചിന്തകളെ ഒഴിവാക്കാൻ ഇത് സഹായിക്കുന്നു. മനസ്സിൽ സന്തോഷവും സമാധാനവും നിറയുമ്പോൾ അത് നമ്മുടെ തൊഴിലിലും പ്രതിഫലിക്കും.  സായ്പല്ലവി പറയുന്നു. എന്താണ് ഈ മന്ത്രങ്ങളുടെ സവിശേഷത എന്ന് നോക്കിയാലോ...

sai-pallavi-2

 

ഓം മന്ത്രത്തിന്റെ ഗുണങ്ങൾ 

സർവ ശബ്ദങ്ങളുടെയും മാതാവാണ് ഓം ശബ്ദം . അ , ഉ , മ എന്നീ മൂന്നക്ഷരങ്ങളുടെ പദസഞ്ചയമാണ് 'ഓം' എന്ന പ്രണവമന്ത്രം. ഈ മൂന്നക്ഷരങ്ങൾ യഥാക്രമം സൃഷ്ടി, സ്ഥിതി, സംഹാരങ്ങളെ പ്രതിനിധീകരിക്കുന്നു. ഓം മന്ത്രം ഉരുവിടുമ്പോൾ മനസ്സും ശരീരവും ഉന്മേഷമാകുകയും  ശാന്തത കൈവരിക്കുന്നതിലൂടെ ജീവിതത്തിലെ എല്ലാ പ്രതിസന്ധികളെയും മറികടക്കാനും സഹായിക്കുന്നു . നിത്യവും 108 തവണ ഓം മന്ത്രം ജപിക്കുന്നതിലൂടെ ഏകാഗ്രശക്തി വളരെയധികം വർധിക്കും. ഓം മന്ത്രത്തിന്റെ  പ്രകമ്പനം  ജപിക്കുന്നവർക്ക്‌  മാത്രമല്ല ശ്രവിക്കുന്നവർക്കും  ഗുണഗണങ്ങൾ ലഭിക്കും.

 

ഗായത്രീ മാഹാത്മ്യം  

മന്ത്രങ്ങളുടെ മാതാവാണ് ഗായത്രി . മന്ത്രങ്ങളിൽ ഗായത്രിയെക്കാൾ ശ്രേഷ്ഠമായി മറ്റൊന്നില്ല. സൂര്യദേവനോടുളള പ്രാർഥനയാണിത്. 'ഗാനം ചെയ്യുന്നവനെ ത്രാണനം ചെയ്യുന്നത്' എന്നാണു ഗായത്രി എന്ന ശബ്ദത്തിന്റെ അർഥം. ഈ  മന്ത്രത്തിന്റെ അധിഷ്ടിതയായ  ദേവി പഞ്ചമുഖിയും ദശഹസ്തയുമാണ്. ഗായത്രീമന്ത്രം ഉരുവിടുമ്പോൾ തേജസ്സ്‌, യശസ്സ്, വചസ്സ്‌ എന്നീ ശക്തികൾ  അറിയാതെ  തന്നെ നമ്മളിൽ നിറയുന്നു. അർഥം മനസ്സിലാക്കി ഗായത്രി ചെല്ലുന്നത് ഇരട്ടിഫലം നൽകും.

 

‘‘ഓം ഭൂർ ഭുവഃ സ്വഃ 

തത് സവിതുർ വരേണ്യം 

ഭർഗോ ദേവസ്യ ധീമഹി 

ധിയോ യോ നഃ പ്രചോദയാത് "

 

അർഥം  : ലോകം മുഴുവൻ പ്രകാശം പരത്തുന്ന സൂര്യഭഗവാൻ അതുപോലെ നമ്മുടെ ബുദ്ധിയെയും പ്രകാശിപ്പിക്കട്ടെ.

 

ബുദ്ധിശക‌്തി വർധിപ്പിക്കുന്നതിനും തടസ്സങ്ങൾ നീങ്ങുന്നതിനും ആപത്‌ ഘട്ടങ്ങളിൽ നിന്നു സംരക്ഷിക്കുന്നതിനും അജ്ഞത നീക്കുന്നതിനും ചിന്തകളെ ശുദ്ധീകരിക്കുന്നതിനും ആശയവിനിമയപാടവം വർധിപ്പിക്കുന്നതിനും ദീർഘായുസ്സിനും അഭിവൃദ്ധിക്കും ഗായത്രി മന്ത്രോപാസന ഉത്തമമത്രേ. ഗായത്രി മന്ത്രത്തിലെ ഓരോ വാക്കും ശരീരത്തിനു കൂടുതല്‍ ഊര്‍ജം നല്‍കുന്ന വിധത്തിലാണു ചിട്ടപ്പെടുത്തിയിരിക്കുന്നത്‌. ഈ മഹാമന്ത്രത്തിലെ 24 അക്ഷരങ്ങൾ മനു‌ഷ്യ ശരീരത്തിലെ 24 ഗ്രന്ഥികള‌െയും തമ്മിൽ ബന്ധിപ്പിക്കുന്നു. നിത്യവും ജപിക്കുന്നതു മോക്ഷദായകമാണ്. ഗ്രഹദോഷങ്ങൾ ബാധിക്കാതിരിക്കാൻ ഈ ജപം സഹായിക്കുന്നു.

 

മരണത്തെ അതിജീവിക്കുന്ന മൃത്യുഞ്ജയമന്ത്രം

അകാരണമായ മൃത്യുഭയം പിന്തുടരുന്നവരിൽ മനക്കരുത്തും ജീവരക്ഷയും പ്രദാനം ചെയ്യുന്ന  മന്ത്രമാണ് മൃത്യുഞ്ജയമന്ത്രം.. അതായത്, മൃത്യുവിനെ അതിജീവിക്കുന്ന മന്ത്രമാണിതെന്ന്  സാരം. 

 

"ഓം ത്ര്യംബകം യജാമഹെ

സുഗന്ധിം പുഷ്ടി വര്‍ദ്ധനം

ഉര്‍വാരുകമിവ ബന്ധനാത്

മൃത്യോര്‍ മുക്ഷീയ മാമൃതാത്"

 

ജപിക്കുന്നയാളിന്റെ പ്രാണന് ബലം നല്‍കുവാന്‍ പാകത്തിലുള്ളതാണ് ഇതിലെ വരികള്‍. ഒരു ദിവസം 108   തവണ  ഈ മന്ത്രം ജപിക്കുന്നത് ഉത്തമമാണ് . അതിനു സാധിച്ചില്ല എങ്കിൽ കുറഞ്ഞത് ഒരുതവണയെങ്കിലും ഈ മന്ത്രം, ശാരീരികവും മാനസികവുമായ ശുദ്ധിയോടെ ജപിക്കുന്നത് ഗുണം ചെയ്യുമെന്ന് ആചാര്യന്മാർ പറയുന്നു. ഉള്ളിലുള്ള വിപരീത ഊര്‍ജ്ജത്തെ പുറംതള്ളി ഉള്ളിലുള്ള പ്രാണശക്തിയുടെ ബലം കൂട്ടാന്‍ ഈ മന്ത്രം സഹായിക്കുന്നു. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com