ADVERTISEMENT

ജ്യോതി ശാസ്‌ത്ര പ്രകാരം ചന്ദ്രന്റെ സ്വക്ഷേത്രമായ കർക്കടക രാശിയിലേക്കു സൂര്യൻ പ്രവേശിക്കുന്നതോടെ ചന്ദ്രന്റെ ബലം കുറയും.  ചന്ദ്രൻ മനസ്സിന്റെ കാരകനും  സൂര്യൻ ശരീരത്തിന്റെ നാഥനുമാണ്. കർക്കടകം പിറക്കുന്നതോടെ മനസിന്റെ ബലം കുറയുമെന്നാണ് സങ്കൽപം. ചന്ദ്രന്റെ ശക്‌തിക്ഷയം കാരണമാണിത്. അതിനാൽ വ്യക്‌തികളിലെ  സഹിഷ്‌ണുത, സഹന ശക്‌തി എന്നിവയിലും ചോർച്ച സംഭവിക്കാം. ജഡരാശിയാണ് കർക്കടകം. ഇടവപ്പാതിക്കു കിളിർക്കുന്ന ഒരു ചെടിയും കർക്കടകത്തിൽ കിളിർക്കുകയില്ലെന്ന വിശ്വാസവുമുണ്ട്. ഇലച്ചെടികൾ സമൃദ്ധമായുണ്ടാകുമെങ്കിലും ഫലങ്ങളുണ്ടാവുകയില്ല. ഇടവം മിഥുനം കഴിഞ്ഞാൽ വ്യസനം കഴിഞ്ഞു; കർക്കടകം കഴിഞ്ഞാൽ ദുർഘടം കഴിഞ്ഞു എന്നൊരു ചൊല്ലുതന്നെയുണ്ട്. പഞ്ഞക്കർക്കടകം ധാരമുറിയാത്ത മഴയായിരുന്നു മുമ്പ് കർക്കടകത്തിന്റെ സവിശേഷത. സൂര്യനെ കാണാനേ കഴിയില്ല. 

 

സൂര്യകിരണങ്ങൾക്കു ശക്‌തി കുറയുന്നതിനാൽ രോഗാണുക്കൾ പെരുകുന്നതിനാൽ പലവിധ രോഗങ്ങൾക്കും സാധ്യത ഏറെയാണ്. ഉൽസവങ്ങളോ ആഘോഷങ്ങളോ ഇല്ല. ഇതൊക്കെക്കാരണമാണ് കർക്കടകത്തിന് പഞ്ഞ കർക്കിടകമെന്ന പേരുവന്നത്. രാമായണ മാസാചരണം ഈ അവസ്‌ഥകളിൽ മനസ്സിന് ശക്‌തി പകരാനുള്ള വഴിയാണ് .  അവതാര പുരുഷനുപോലും വേദനകളിലൂടെ കടന്നു പോകേണ്ടിവന്നു. അതിനു മുന്നിൽ സാധാരണ മനുഷ്യരുടെ ആകുലതകൾക്ക് എന്തു പ്രസക്‌തിയാണുള്ളത്? ഈ ചിന്തതന്നെ നമുക്ക് ആത്മീയ ബലം പകരും. 

കർക്കടകമാസത്തിൽ നിത്യേന രാവിലെയും വൈകിട്ടും വിളക്ക് തെളിയിക്കുന്നതിന്റെ മുന്നിലായി ശ്രീരാമ പട്ടാഭിഷേക ചിത്രവും ദശപുഷ്പവും  വയ്ക്കുന്നതു ഐശ്വര്യദായകമാണ് . മാസത്തിലുടനീളം  ഗൃഹങ്ങളിലും ക്ഷേത്രങ്ങളിലും പലവിധ പൂജകൾ പതിവുണ്ട്. വീടുകളിൽ ഗണപതി ഹോമവും ഭഗവതി സേവയും നടത്താറുണ്ട്. കർക്കടകമാസത്തിൽ ചെയ്യുന്ന ഈ പൂജകൾ അടുത്ത ഒരു വർഷത്തേക്ക് വിഘ്നങ്ങൾ ഒഴിവാക്കി വീട്ടിൽ ഐശ്വര്യം നിറയാൻ സഹായിക്കുമെന്നാണ് വിശ്വാസം. 


ഒരു വർഷത്തേക്കുള്ള ഊർജം ആവാഹിക്കാനുള്ള അവസരമാണ്  കർക്കടകചര്യകൾ. ആത്മീയതയിലൂന്നിയ ലളിത ജീവിതചര്യയിലൂടെ മനസ്സിനും ശരീരത്തിനും ശക്‌തി സംഭരിക്കാനുള്ള ഒരു പ്രധാന കാലമാണ് .  കൂടാതെ ആയുർവേദ ചികിത്സയ്ക്കും സൗന്ദര്യവർധക ചികിത്സയ്ക്കും കർക്കടകമാസം വിശേഷമാണ്. പുലച്ചെയുള്ള എണ്ണതേച്ചു കുളി ,കർക്കടകക്കഞ്ഞി, പത്തിലത്തോരൻ എന്നിവ  വരാനിരിക്കുന്ന ഒരു വർഷത്തേക്കു വേണ്ട ഊർജം ആവാഹിക്കുവാൻ സഹായിക്കുന്നു. സുഖ ചികിൽസയിലൂടെ ശാരീരിക ശക്‌തി വീണ്ടെടുക്കുന്നു. പണ്ടൊക്കെ കർക്കടക മാസം പൂർണ വിശ്രമത്തിന്റെ കാലം തന്നെയായിരുന്നു. അതിനുള്ള അന്തരീക്ഷം പ്രകൃതിതന്നെ ഒരുക്കും. 

ഇന്ന് കാലവും കാലാവസ്‌ഥയും ജീവിതചര്യകളുമൊക്കെ വളരെ മാറിക്കഴിഞ്ഞു.  കർക്കടകത്തിന്റെ ദുർഘടം കടക്കാൻ പണ്ടൊക്കെ എല്ലാ വീടുകളിലും മുന്നൊരുക്കങ്ങൾ പതിവുണ്ട്. വിറക് ശേഖരിക്കണം കുമ്പളങ്ങ, ചേന, ചേമ്പ്, അരി, എന്നിവയൊക്കെ തയ്യാറാക്കിവയ്‌ക്കണം, കർക്കടകത്തിൽ വിളവെടുക്കാൻ പാകത്തിനുള്ള ചെടികൾ നേരത്തേ നടണം. തെങ്ങിന് തടമെടുക്കണം. വളമിടണം. ഈ മുന്നൊരുക്കങ്ങൾ നടത്തിയാലേ കർക്കടകത്തിലെ മഴ കഴിഞ്ഞാൽ മെച്ചപ്പെട്ട വിളവുണ്ടാവുകയുള്ളൂ. 

കർക്കടകം ദക്ഷിണായന കാലത്തിന്റെ ആരംഭമാണ് .ഉത്തരധ്രുവം ദേവന്മാരുടെ വാസസ്‌ഥാനമാണെന്നും ദക്ഷിണ ധ്രുവം പിതൃക്കളുടെ കേന്ദ്രമാണെന്നുമാണു വിശ്വാസം. സൂര്യൻ ദേവന്മാരുടെ കേന്ദ്രത്തിൽനിന്നു പിതൃക്കളുടെ ആവാസ സ്‌ഥാനത്തേക്കു വരുന്നു. പിതൃക്കൾക്ക് വളരെ പ്രിയപ്പെട്ട ഈ കാലത്താണ് ചന്ദ്രനും സൂര്യനും ഒരേ അക്ഷാംശത്തിൽ വരുന്ന ദിനമായ  കർക്കടകവാവും പിതൃതർപ്പണവും നടക്കുന്നത്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com