ADVERTISEMENT

വ്യാഴം 12 രാശികളിലൂടെ കടന്ന് എത്തുന്ന കാലമാണു വ്യാഴവട്ടം എന്ന് അറിയപ്പെടുന്നത്. ഇതു 12 വർഷമാണ്. അതായത് ഒരു വർഷമാണ് സാധാരണയായി വ്യാഴം ഒരു രാശിയിൽ നിൽക്കുന്നത്. ചിലപ്പോൾ വക്രഗതിയിൽ (പിറകോട്ടുള്ള പോക്ക്) സഞ്ചരിക്കും. വേറെ ചിലപ്പോൾ അതിചാരം (മുന്നോട്ട് വേഗത്തിൽ) നീങ്ങുകയും ചെയ്യും.

ഈ വർഷം തുലാം 18 വരെ (2019 നവംബർ 4) വൃശ്ചികത്തിലും മീനം 16 വരെ (2020 മാർച്ച് 29) ധനുവിലും മിഥുനം 16 വരെ (2020 ജൂൺ 30) വക്രത്തിൽ മകരത്തിലും സഞ്ചരിക്കുന്നു.

ധനകാരകനും സന്താനകാരകനും ജ്ഞാനകാരകനുമായ വ്യാഴം അനുകൂല രാശികളിൽ സഞ്ചരിക്കുമ്പോൾ സാമ്പത്തികനേട്ടം, സന്താനഭാഗ്യം, കുട്ടികൾക്ക് ഉന്നതി, പഠനപുരോഗതി എന്നിവ ഉണ്ടാകും. വ്യാഴം അനുകൂലമല്ലാതെ ജന്മം, മൂന്ന്, ആറ്, എട്ട്, പന്ത്രണ്ട് രാശികളിൽ സഞ്ചരിക്കുമ്പോൾ സാമ്പത്തിക ഞെരുക്കം, കാര്യവിഘ്നം, കഷ്ടകാലം, അപകടം, അമിതചെലവ് എന്നിവ ഉണ്ടാകാം.

വ്യാഴപ്രീതിക്കായി മഞ്ഞവസ്ത്രം ധരിക്കാം. മഞ്ഞൾ, മധുരപലഹാരങ്ങൾ, മഞ്ഞവസ്ത്രം എന്നിവ ദാനം നൽകാം. വ്യാഴാഴ്ച വ്രതം എടുക്കാം. ദക്ഷിണാമൂർത്തി ക്ഷേത്രത്തിൽ ദർശനം നടത്താം. മഹാവിഷ്ണുവിനെ പ്രീതിപ്പെടുത്തുകയും ചെയ്യാം. വ്യാഴം ദേവഗുരുവായും സങ്കൽപിക്കപ്പെടുന്നു. നവഗ്രഹപ്രതിഷ്ഠയിൽ വ്യാഴത്തിനു മഞ്ഞവസ്ത്രം ചാർത്താം. അർച്ചന നടത്താം. ഇതൊക്കെയാണു പരിഹാരങ്ങൾ.

രണ്ടിൽ സാമ്പത്തികനേട്ടം, നാലിൽ വീട്ടിൽ ഐശ്വര്യം, പുതിയ വീട് സ്വന്തമാക്കാൻ കഴിയുന്ന കാലം, അഞ്ചിൽ സ്ഥാനക്കയറ്റം, സന്താനഭാഗ്യം, ഏഴിൽ വിവാഹം, സന്തോഷകരമായ കുടുംബജീവിതം, ഒൻപതിൽ ഭാഗ്യം, ഐശ്വര്യം, പതിനൊന്നിൽ സർവാഭീഷ്ട സിദ്ധി, അനേക വർഷമായി ശ്രമിച്ചിട്ടും നടക്കാത്ത കാര്യങ്ങൾ സാധിക്കുന്ന കാലം എന്നിങ്ങനെയാണു ഫലങ്ങൾ. വ്യാഴം നാലിൽ സഞ്ചരിക്കുമ്പോൾ വീട്, വാഹനം എന്നിവ ഉണ്ടാകും. മാതാവിനും ഗുണം. വ്യാഴം അനുകൂലമായ സമയങ്ങളിൽ പുതിയ കാര്യങ്ങള്‍ ആരംഭിക്കാം. അല്ലാത്ത കാലത്ത് ഒന്നും തുടങ്ങരുത്. ഓരോ കൂറുകാർക്കും വ്യാഴം സഞ്ചരിക്കുന്നത് ചുവടെ ചേർക്കുന്നു:

 

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക 1/4)

വ്യാഴം എട്ടിലും ഒൻപതിലും പത്തിലും പിന്നെ ഒൻപതിലുമായി സഞ്ചരിക്കുന്നു. എട്ടിൽ നിൽക്കുന്ന സമയം മോശം.

 

ഇടവക്കൂറ് (കാർത്തിക 3/4, രോഹിണി, മകയിരം 1/2)

വ്യാഴം ഏഴിലും എട്ടിലും ഒൻപതിലും അവസാനം എട്ടിലും സഞ്ചരിക്കുന്നു. ഏഴിലും ഒൻപതിലും നല്ലത്.

 

മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണർതം 3/4)

വ്യാഴം ആറിലും ഏഴിലും എട്ടിലും പിന്നെ ഏഴിലും നിൽക്കുന്നു. എട്ടില്‍ നിൽക്കുന്ന കാലം നന്നല്ല.

 

കർക്കടകക്കൂറ് (പുണർതം 1/4, പൂയം, ആയില്യം)

അഞ്ചിലും ആറിലും ഏഴിലും പിന്നെ ആറിലും വ്യാഴം സഞ്ചരിക്കുന്നു. ആറിൽ നില്‍ക്കുന്ന കാലം മോശമാണ്.

 

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)

നാലിലും അഞ്ചിലും ആറിലും പിന്നീട് വക്രത്തിൽ അഞ്ചിലും നിൽക്കുന്നു. ആറിൽ സഞ്ചരിക്കുന്ന കാലം ഗുണകരമല്ല.

 

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2)

മൂന്നിലും നാലിലും അഞ്ചിലും പിന്നെ വക്രത്തിൽ നാലിലും സഞ്ചരിക്കുന്നു. മൂന്നിൽ നിൽക്കുന്ന കാലം നന്നല്ല.

 

തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4)

രണ്ടിലും മൂന്നിലും നാലിലും പിന്നെ മൂന്നിലേക്ക് വക്രത്തിലും സഞ്ചരിക്കുന്നു. രണ്ടിലും നാലിലും നിൽക്കുന്ന സമയം വളരെ നല്ലതാണ്.

 

വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, തൃക്കേട്ട)

ജന്മത്തിലും രണ്ടിലും മൂന്നിലും പിന്നെ വക്രത്തില്‍ രണ്ടിലും വ്യാഴം സഞ്ചരിക്കുന്നു. മൂന്നിൽ സഞ്ചരിക്കുന്ന കാലം നന്നല്ല.

 

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)

പന്ത്രണ്ടിലും ജന്മത്തിലും രണ്ടിലും സഞ്ചരിക്കുന്നു. പിന്നീട് വക്രത്തിൽ ജന്മത്തിലും സഞ്ചരിക്കുന്നു. രണ്ടിൽ നിൽക്കുന്ന കാലം നല്ലതാണ്.

 

മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

വ്യാഴം പതിനൊന്നിലും പന്ത്രണ്ടിലും ജന്മത്തിലും പിന്നീട് വക്രത്തിൽ പന്ത്രണ്ടിലും സഞ്ചരിക്കുന്നു. പതിനൊന്നിൽ നിൽക്കുന്നത് ഏറ്റവും ഉത്തമം.

 

കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

വ്യാഴം പത്തിലും പതിനൊന്നിലും പന്ത്രണ്ടിലും ശേഷം വക്രത്തിൽ പതിനൊന്നിലും സ‍ഞ്ചരിക്കുന്നു. പതിനൊന്നിൽ നല്ലകാലം.

 

മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി)

വ്യാഴം ഒൻപതിലും പത്തിലും പതിനൊന്നിലും നിൽക്കുന്നു. പത്തിൽ നിൽക്കുന്ന കാലം മോശമാണ്.

 

ജാതകത്തിലെ ദശാപഹാരങ്ങൾ അനുകൂലമാണെങ്കിൽ ഗുണഫലം അധികമായും ദോഷമായാൽ കൂടുതൽ മോശമായും ഫലത്തിനു മാറ്റം ഉണ്ടാകും.

 

ലേഖകൻ     

 

Dr. P. B. Rajesh     

Rama Nivas  ,Poovathum parambil, 

Near ESI  Dispensary Eloor East , 

Udyogamandal.P.O,    Ernakulam 683501   

email : rajeshastro1963@gmail.com 

Phone : 9846033337, 0484 2546421   

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com