ADVERTISEMENT

"യഃ ശാസ്‌ത്രവിധിമുത്സൃജ്യ

വർത്തതേ കാമകാരതഃ 

ന സ സിദ്ധിമവാപ്‌നോതി 

ന സുഖം ന പരാം ഗതിം

 

തസ്‌മാച്ഛാസ്‌ത്രം പ്രമാണം തേ 

കാര്യാകാര്യ വ്യവസ്ഥിതൗ 

ജ്‌ഞാത്വാ ശാസ്‌ത്രവിധാനോക്തം 

കർമ കർത്തുമിഹാർഹസി" 

                                (ഭഗവദ് ഗീത അധ്യായം –16/ശ്ലോകം – 23, 24) 

 

ശാസ്‌ത്രവിധി അനുസരിക്കാതെ സ്വേച്ഛ പ്രകാരം ജീവിക്കുന്നവന് സിദ്ധിയോ സുഖമോ പരമമായ ഗതിയോ ലഭിക്കില്ല.

അതുകൊണ്ട് ശാസ്‌ത്രത്തെ കാര്യാകാര്യ വ്യവസ്ഥിതിയുടെ പ്രമാണമായി മനസ്സിലാക്കി ശാസ്‌ത്രവിധി അനുസരിച്ചു കർമം ചെയ്യുക. 

കേരളത്തിൽ നിരന്തരമായി പ്രകൃതിക്ഷോഭങ്ങൾ ഉണ്ടാകുന്നു.  അതി തീവ്രദുരന്തങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.  വേനലിൽ ജലദൗർലഭ്യം, വർഷത്തിൽ അതിവൃഷ്ടിയാൽ ദുരന്തം നൂറുകണക്കിനു ജീവൻ അപഹരിക്കുന്നു. സ്വയാർജിതവും തന്റേതെന്നു പറയാവുന്നതുമായ എല്ലാ ഭൗതികവസ്തുക്കളും നഷ്ടപ്പെട്ട് സ്വയം ഒരു ചോദ്യചിഹ്നമായി നിൽക്കുന്നവ? 

 

ഉറവ വറ്റിയ കണ്ണുകളുമായി മുകളിലോട്ടു നോക്കുന്നു, ഈശ്വരനെ വിളിക്കുന്നു. ദുരന്തത്തിന് ജാതിമത രാഷ്ട്രീയ ഭേദമില്ല.

പ്രകൃതിദുരന്തങ്ങൾക്കു പ്രത്യക്ഷത്തിലുള്ള പ്രധാന കാരണങ്ങൾ, വനനശീകരണം, അധികമായ പാറ പൊട്ടിക്കൽ, നദികളിൽ നിന്നുള്ള മണൽ വാരൽ തുടങ്ങിയവ തന്നെ. കുന്നുകളിലെ മണ്ണിനെ മതിലായി തടഞ്ഞുനിർത്തുന്നത് മരങ്ങളും മലയിലെ പാറകളുമാണ്.  അതു നശിപ്പിക്കപ്പെടുമ്പോൾ ഉരുൾപൊട്ടലും മലയിടിച്ചിലും ഉണ്ടാകുന്നു. മണ്ണു നിറഞ്ഞ നദികൾ ഗതിമാറി ഒഴുകുന്നു.വൻ ദുരന്തങ്ങൾ ഉണ്ടാകുന്നു. 

ദുരന്തത്തിന് സാമ്പത്തിക പരിഗണനയോ ഉച്ചനീചത്വമോ മതമോ ജാതിയോ രാഷ്ട്രീയമോ ഇല്ല.  എല്ലാം തുല്യം.  അപ്പോൾ അടിസ്ഥാനപരമായി പ്രകൃതിയിൽ ഇവയൊന്നുമില്ല എന്നർഥം. 

 

ഇനിയെങ്കിലും, പഴമയുടെ നാട്ടാചാര സംസ്‌കാരം- വനവും മരങ്ങളും നദിയും സകല ചരാചരങ്ങളും ആദരിക്കപ്പെടുന്ന, പൂജിക്കപ്പെടുന്ന നമ്മുടെ സാംസ്‌കാരിക പൈതൃകത്തെ, അന്ധവിശ്വാസമെന്ന് അധിക്ഷേപിക്കാതെ ബഹുമാനിക്കണം. നമുക്കു മാത്രമായി ഈ പ്രകൃതിയിൽ നന്മ വരുത്താൻ കഴിയില്ല. കാരണം പ്രകൃതിയിലെ സകല ചരാചരവസ്തുക്കളും പരസ്‌പര പൂരിതമായി ബന്ധപ്പെട്ടിരിക്കുന്നു. 

ഈ സാഹചര്യത്തിലാണ് ആദ്യമെഴുതിയ ഗീതാ ശ്ലോകങ്ങൾ പ്രസക്തമാകുന്നത്. 

 

5400–ൽ പരം വർഷങ്ങൾക്കു മുൻപ് ഗീതയിൽ ഇതു പറഞ്ഞിട്ടുണ്ടെങ്കിൽ ഭാരതീയ ആത്മീയ ഭൗതിക

വീക്ഷണങ്ങളിലും ആചാരാനുഷ്ഠാനങ്ങളിലും ശാസ്‌ത്രീയത ഒളിഞ്ഞിരിപ്പുണ്ട് എന്നു തന്നെയാണ് അർഥം.

ശൈവ ശാക്തേയ ഗോത്രപൂജകരായ മലദൈവ ഉപാസകർ ചില വനങ്ങളും മലകളും ‘ദേവതാവിഹാര രംഗങ്ങളാണ് തീണ്ടരുത്, മലമൂർത്തികൾ കോപിക്കും‘ എന്നു പറയുന്ന വിശ്വാസത്തിന്റെ പിന്നിൽ, പരിസ്ഥിതി ലോലപ്രദേശങ്ങളാണ് അവിടമെന്നും അവിടെ സ്ഥിതി മാറിയാൽ പരിസ്ഥിതി ദുരന്തമുണ്ടാകുമെന്നും മനസ്സിലാക്കിയ ശാസ്‌ത്രജ്‌ഞാനം തന്നെയാകാം.

 

നമ്മുടെ കേരളത്തിൽ നിശ്ചിത പരിധിക്കുള്ളിൽ കാവുകൾ സാധാരണമായിരുന്നു. കാവുകളിൽ വൃക്ഷങ്ങൾ ഉണ്ടാവും. കാവിന് കുളം കാണും. അത് ജലസംഭരണത്തിനും പ്രാണവായു ശുദ്ധീകരണത്തിനും വേണ്ടിയുള്ള ഉപാധികളാണ്. കാവിലെ പുറ്റുകൾ ഇടിമിന്നലിൽ നിന്നു നൈട്രജനെ വലിച്ചെടുത്ത് ഭൂമിക്കു നൽകുന്നതു മാത്രമല്ല, പ്രകൃതിയെ ജീവജാലങ്ങളിൽ കാലാനുസൃതമായ പുതിയ ജനുസ്സിനെ സൃഷ്ടിയ്‌ക്കാൻ കൂടി പര്യാപ്‌തമാണെന്ന് ആധുനിക ശാസ്‌ത്രം കണ്ടെത്തിയിരിക്കുന്നു. വിഷ സർപ്പങ്ങൾക്ക് അന്തരീക്ഷത്തിലുള്ള വിഷം വലിച്ചെടുത്ത് ശുദ്ധീകരിക്കാൻ കഴിവുണ്ടെന്നും തെളിയിക്കപ്പെട്ടിരിക്കുന്നു. 

 

ക്ഷേത്രങ്ങളുടെ കാര്യമെടുത്താൽ മഹാക്ഷേത്രങ്ങൾ കഴിഞ്ഞാൽ ഓരോ പ്രദേശത്തും ദേശാധിപത്യമുള്ള ഓരോ ക്ഷേത്രങ്ങൾ കാണും. 

മിക്ക ക്ഷേത്രങ്ങളുടെയും ഘടന ഒന്നുതന്നെയാണ്.  അനുബന്ധമായി കുളവും മരങ്ങളും വിശേഷിച്ച് ആൽമരവും –  ഇവയെല്ലാം പാരിസ്ഥിതി സന്തുലനവുമായി പ്രത്യക്ഷമായി ബന്ധപ്പെട്ടതാണ്. ഉത്സവാദി ആഘോഷങ്ങൾ ആ നാട്ടിലെ ജനങ്ങളെ ഏകീകരിപ്പിക്കാനുള്ള വിദ്യയും. 

ക്ഷേത്രങ്ങളെപ്പറ്റി ചിന്തിച്ചാൽ പ്രത്യക്ഷ പാരിസ്ഥിതിക സന്തുലനത്തിനു മാത്രമായി ഉള്ള വെറും ദേവാലയങ്ങളല്ല.  അന്തരീക്ഷത്തിലെ അദൃശ്യ ഊർജ്ജ രശ്‌മികളുടെ സന്തുലനത്തിനും അതിലൂടെ പ്രകൃതിക്കും പ്രപഞ്ചത്തിനും ക്ഷേമത്തിനുവേണ്ടിയുള്ള ഊർജ്ജ പ്രസരം നടത്തുന്നതിനുള്ള ചൈതന്യ നിർമ്മാണ ശാലകളാണ് ക്ഷേത്രങ്ങൾ എന്നുതന്ത്രശാസ്‌ത്രമെന്ന മഹാശാസ്‌ത്രം പഠിച്ചാൽ മനസ്സിലാകും.   

 

ഓരോ പ്രദേശത്തെയും അന്തരീക്ഷത്തിലെ ഊർജ്ജതരംഗങ്ങളുടെ അനുപാതം വ്യത്യസ്തമായിരിക്കും.  അതിനെ ക്രമീകരിക്കാനുള്ള താന്ത്രികവിധിപ്രകാരമുള്ള പ്രതിഷ്‌ഠകളായിരിക്കും അതാത് സ്ഥലങ്ങളിൽ.  അതുകൊണ്ടാണ് ഓരോ പ്രദേശത്തും വ്യത്യസ്തഭാവ മൂർത്തികൾ പ്രതിഷ്‌ഠിക്കപ്പെടുന്നത്.  രൂപം സാങ്കൽപികമാണ്, ഭാവമാണ് പ്രധാനം.  വ്യത്യസ്ത ഭാവത്തിലുള്ള മൂർത്തികൾക്ക് അനുയോജ്യമായ പൂജാവിധാനങ്ങളും, ആചാരാനുഷ്‌ഠാനങ്ങളും എല്ലാം ശാസ്‌ത്രീയമായി അപഗ്രഥിച്ച് വിധിക്കപ്പെട്ടതാണ്. 

 

‘ക്ഷേത്രം നശിച്ചാൽ നാടു മുടിയും‘ എന്ന് പഴമക്കാർ പറയുന്നതിന്റെ പൊരുൾ ഇതാണ്.  അതുകൊണ്ട് ക്ഷേത്രങ്ങളെ മതപരമായ ദേവാലയമായി മാത്രമല്ല കാണേണ്ടത്. ആചാരാനുഷ്‌ഠാനങ്ങൾക്കു പിന്നിലും ക്ഷേത്രാചാര കലകൾക്കു പിന്നിലും പാരിസ്ഥിതിക, അന്തരീക്ഷ, ശുദ്ധീകരണ – പ്രകൃതിസന്തുലീകരണ പ്രക്രിയകൾ ഉണ്ട്. യജ്‌ഞങ്ങളും യാഗങ്ങളും ഹോമ ബലി ക്രിയകളും  ഈ ഉദ്ദേശ്യത്തോടുകൂടിയാണ് നടത്തുന്നത് . വിപുലമായ അന്തരീക്ഷ ശുചീകരണപ്രക്രിയകളിലൂടെ ഊർജ്ജ സന്തുലനാവസ്ഥ പുന:സ്ഥാപിച്ചാൽ മാത്രമേ, ന്യൂനമർദം പോലെയുള്ള പ്രകൃതി

പ്രതിഭാസങ്ങളെ നിയന്ത്രിക്കുവാൻ കഴിയൂ. 

 

ശാസ്‌ത്ര സാങ്കേതികത വാനോളം ഉയർന്നു നിൽക്കുന്നു എന്നു ധരിക്കപ്പെടുന്ന ഈ കാലത്തും, നമ്മുടെ നാട്ടിലെ സഹസ്രാബ്ദങ്ങൾ പഴക്കമുള്ള പല നിർമ്മിതിയിലേയും സാങ്കേതികത ഏറെ വിസ്മയം പകരുന്നു.ഇന്നത്തെ പ്രകൃതി ദുരന്തങ്ങൾക്കു കാരണമായ പ്രത്യക്ഷ ഭൗതിക കാര്യങ്ങൾക്ക് പരിഹാരം കാണുന്നതോടൊപ്പം, മുൻപറഞ്ഞ ശാസ്‌ത്രവിധികളെയും പരിഗണിക്കുന്നത് ഉചിതമായിരിക്കും.  

 

ലേഖകന്റെ വിലാസം: 

 

ജയശങ്കർ മണക്കാട്ട്

(താന്ത്രിക് ആൻഡ് അസ്ട്രോളജർ) 

ഫോൺ: 9496946008 

സംസ്ഥാന ഉപാധ്യക്ഷൻ,

ഭാരതീയ ജ്യോതിഷ വിചാര സംഘ് 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com