ADVERTISEMENT

മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് ചന്ദ്ര ലക്ഷ്മൺ. സീരിയലുകളിൽ നിറഞ്ഞു നിന്ന താരം ഒരിടവേളയ്‌ക്കുശേഷം തിരിച്ചുവരവിന്റെ പാതയിലാണ്. പ്രതിസന്ധികളിൽ കരുത്തായി വിശ്വാസങ്ങളെ കുറിച്ച് ചന്ദ്ര സംസാരിക്കുന്നു.

 

chandra-lakshman-04

ബ്രാഹ്മണ കുടുംബത്തിലായിരുന്നു ജനനം. അച്ഛന്റെ നാട് കോഴിക്കോടും അമ്മ തിരുവനന്തപുരംകാരിയുമാണ്. ഉദ്യോഗസ്ഥരായിരുന്നതിനാലും ചെന്നൈയിൽ ജനിച്ചു വളർന്നതിനാലും ഒരു അയ്യർ കുടുംബത്തിലെ ചിട്ടകൾ മുഴുവൻ പാലിക്കുവാൻ സാധിച്ചിരുന്നില്ല . എന്നാൽ അമ്മമ്മയുടെ വീട്ടിൽ ചെന്ന് നിൽക്കുമ്പോൾ കഥമാറും. ബ്രാഹ്മണ ഗൃഹത്തിൽ നടത്തേണ്ട ചിട്ടവട്ടങ്ങൾ അതേപടി പാലിക്കുന്ന കുടുംബമാണ് അമ്മയുടേത് . ഉണ്ണാനിരിക്കുമ്പോൾ പോലും ഓരോ തവണ വെള്ളം തൊട്ടു കൈനനച്ച ശേഷമാണ് ഓരോ വിഭവവും കഴിക്കുന്നതുപോലും . അത്രയ്ക്ക് ചിട്ടകളാണ്. ചിലപ്പോഴൊക്കെ ഈ ചിട്ടകൾ എന്നെ കുഴപ്പിച്ചിട്ടുണ്ട്.

 

 

chandra-lakshman-02

ക്ഷേത്രദർശനം പതിവുണ്ടോ? ഏതാണ് ഇഷ്ടദേവത?

 

മധുര മീനാക്ഷിദേവിയാണ് ഞങ്ങളുടെ കുടുംബദേവത . അതിനാൽ പോകാൻ പറ്റുന്ന സാഹചര്യങ്ങളിലെല്ലാം ദേവിയെ തൊഴുതു പ്രാർഥിക്കാറുണ്ട് . പോകാൻ പറ്റാത്ത സാഹചര്യത്തിൽ അമ്പലത്തിലേക്ക് വഴിപാടുകൾ കൊടുത്തയക്കുന്ന പതിവുമുണ്ട്.

കൃഷ്ണനെയും മഹാദേവനെയും ഒരുപോലെ ഇഷ്ടമാണ് എങ്കിലും ഭഗവാൻ കൃഷ്ണൻ എനിക്ക് സുഹൃത്തിനെപ്പോലെയാണെന്ന്  പറയാം . ജീവിതത്തിലെ  എല്ലാ കാര്യങ്ങളും   സംസാരിക്കുന്നതു കണ്ണനോടാണ്. നാട്ടിൽ വന്നാൽ മുടങ്ങാതെ ഗുരുവായൂരപ്പനെ ദർശിക്കും. കൂടാതെ കാടാമ്പുഴ ദേവീ ക്ഷത്രത്തിൽ ദർശനം നടത്തി "മുട്ടറക്കൽ' വഴിപാട് സമർപ്പിക്കും.

 

chandra-lakshman-03

എന്തൊക്കെയാണ് അനുഷ്ഠിക്കുന്ന വ്രതങ്ങൾ ?

 

ഞങ്ങളുടെ കുടുംബം സായ് ഭക്തരാണ് . ഷിർദി ബാബ അനുശാസിച്ചിരുന്ന വ്രതങ്ങൾ അനുഷ്ഠിക്കാറുണ്ട്. അടുപ്പിച്ചു  ഒൻപതു വ്യാഴാഴ്ച അനുഷ്ഠിക്കുന്ന  വ്രതമാണിത്. പറ്റാത്ത സാഹചര്യത്തിൽ ഒരു വ്യാഴാഴ്ച ഒഴിവാക്കിയും  വ്രതം അനുഷ്ഠിക്കാം. പൂർണ ഉപവാസം പാടില്ലെന്നാണ് ബാബ നിർദേശിച്ചിരിക്കുന്നത്. വിശന്നിരിക്കുമ്പോൾ പൂർണ ശ്രദ്ധ ലഭിക്കാൻ ബുദ്ധിമുട്ടാവും. നിത്യവും ശ്ലോകങ്ങളും മന്ത്രങ്ങളും ജപിക്കാറുമുണ്ട്. അന്ധമായി ഒന്നിനെയും കാണാറില്ല . ഇവ ജപിക്കുമ്പോൾ ഒരു അനുകൂല ഊർജ്ജം ജീവിതത്തിൽ അനുഭവപ്പെടാറുണ്ട്.

 

 

 പ്രതിസന്ധികൾ വന്നപ്പോൾ ഈ ഈശ്വര വിശ്വാസം തുണയായോ ?  

 

തീർച്ചയായും. സന്തോഷമാണെങ്കിലും സങ്കടമാണെങ്കിലും ഭഗവാൻ കൃഷ്ണനോട് എല്ലാം സംസാരിക്കുന്ന ഒരാളാണ് ഞാൻ. എല്ലാ പ്രതിസന്ധികൾക്കുമൊടുവിൽ പ്രതീക്ഷയുടെ ഒരു കച്ചിത്തുരുമ്പ് ലഭിക്കുന്നത് ഭഗവാന്റെ അനുഗ്രഹം കൊണ്ട് മാത്രമാണ്  ചെറുപ്രായത്തിലേ സിനിമാലോകത്ത് എത്തപ്പെട്ടയാളാണ്. സ്വാഭാവികമായും ആ പേരും പ്രശസ്തിയും നമ്മളെ ഒരു ഫാന്റസി ലോകത്ത് എത്തിക്കും. ആ സമയത്ത് സത്യാവസ്ഥ എന്താണെന്ന് മനസ്സിലാക്കിത്തരാൻ ഈശ്വരവിശ്വാസം ഏറെ സഹായിച്ചിട്ടുണ്ട്. 

 

കുഞ്ഞുന്നാൾ മുതൽ ശരിയായ രീതിയിലുള്ള ദൈവവിശ്വാസം എന്നിൽ വളർത്തിയതിനു മാതാപിതാക്കളോട് കടപ്പെട്ടിരിക്കുന്നു. എല്ലാം ഭഗവാന്റെ അനുഗ്രഹം എന്ന് വിശ്വസിക്കാനാണിഷ്ടം. ഏതു കാര്യവും നല്ലരീതിയിൽ എടുത്താൽ പോസിറ്റീവ് ഊർജവും മറിച്ചാണെങ്കിൽ നെഗറ്റിവ് ഊർജവും മനസ്സിൽ നിറയും. നമ്മൾ ഓരോ പേര് നൽകി വിളിക്കുന്നുവെങ്കിലും എല്ലാശക്തിയും ഒന്നാണല്ലോ?

 

വാസ്തുവിൽ വിശ്വാസമുണ്ടോ?...

 

ജീവിതത്തിൽ അനുഭവം ഉണ്ടാകുമ്പോഴാണല്ലോ നാം അത് വിശ്വസിക്കുക .ഒരിക്കൽ  ചെന്നൈയിൽ ഫ്ലാറ്റ് വാങ്ങാനിടയായി. അതിൽ താമസിക്കാൻ തുടങ്ങിയതിൽ പിന്നെ ഞങ്ങൾ മൂന്ന് പേർക്കും അസുഖമായിട്ടും മറ്റും ഓരോ പ്രശ്നങ്ങൾ ഉടലെടുക്കാൻ തുടങ്ങി. അത് ഞങ്ങളുടെ മൂന്നുപേരുടെയും കരിയറിനെ സാരമായി ബാധിക്കുകയും ചെയ്തു. വലിയൊരു അപകടത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപെട്ട സംഭവം വരെയുണ്ടായപ്പോൾ അകന്ന ബന്ധത്തിലുള്ള വാസ്തുവിദഗ്ധന്റെ   ഉപദേശം തേടി . അദ്ദേഹം വന്നു നോക്കിയിട്ടു ഈ ഫ്ലാറ്റ് കെട്ടിയിരിക്കുന്നത്  തെറ്റായ ദിശയിൽ ആയിരുന്നു എന്ന് മനസ്സിലായി. ഫ്ലാറ്റ് ആയതിനാൽ ഒരു പരിധിയിൽ കൂടുതൽ പൊളിച്ചുപണി സാധ്യവുമല്ലായിരുന്നു. 

 

എട്ട് അപ്പാർട്മെന്റ്സ് ആയിരുന്നു ആ ഫ്ലാറ്റിൽ ഉണ്ടായിരുന്നത്. ആ എട്ടു കുടുംബങ്ങൾക്കും ഓരോ രീതിയിൽ പ്രശ്നങ്ങൾ അലട്ടിയിരുന്നു. അവിടം വിട്ടുപോയാൽ മാത്രമേ പ്രശ്നങ്ങൾക്ക് ഒരു ശമനം ഉണ്ടാകൂ എന്ന സ്ഥിതി ആയപ്പോൾ ഫ്ലാറ്റ് വിറ്റു. ഒരു അനുഭവമുള്ളതിനാൽ  പിന്നീട് വാടകയ്ക്ക് താമസിക്കാൻ പോയാലും അത്യാവശ്യം വാസ്തു നോക്കാറുണ്ട്. പ്രധാനമായും വീടിന്റെ പ്രധാനവാതിൽ , അടുക്കള എന്നിവയെല്ലാം ശ്രദ്ധിച്ചാണ് വീട് തിരഞ്ഞെടുക്കുക.

 

ജ്യോതിഷ പ്രവചനത്തിൽ വിശ്വാസമുണ്ടോ? 

 

അന്ധമായില്ല. ജീവിതത്തിൽ നടക്കേണ്ട കാര്യങ്ങൾ നടന്നേ തീരുകയുള്ളല്ലോ. പിന്നെ ജ്യോതിഷം ഒരു വഴികാട്ടി മാത്രമായി കണക്കാക്കുന്നു. വിവാഹം ഇനിയും ആയില്ലേ എന്ന് ചോദിക്കുന്നവരുണ്ട് നടക്കേണ്ട സമയത്തു നടക്കും എന്നേ പറയാനുള്ളു. സമപ്രായത്തിലുള്ളവർ  കല്യാണം കഴിച്ചു എന്നുകരുതി ഞാനും പെട്ടെന്ന് കല്യാണം കഴിച്ചേക്കാം എന്ന് കരുതുന്നതിൽ അർഥമില്ല . ആ ജീവിതം എത്രത്തോളം വിജയകരമാവും എന്നും അറിയില്ല. വിധിയിൽ വിശ്വസിക്കുന്ന ഒരാളാണ് ഞാൻ .  വിധിച്ചയാളെ ഭഗവാൻ നിശ്ചയിച്ച സമയത്ത് ലഭിക്കുമെന്നാണ് വിശ്വാസം. അതിൽ ജാതകപ്പൊരുത്തതിനെക്കാൾ മാനസിക പൊരുത്തതിനാണ് മുൻതൂക്കം നൽകുന്നതെന്ന് മാത്രം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com