ADVERTISEMENT

മനസ്സിനെ പോസിറ്റീവാക്കി നിലനിർത്താൻ പല മാർഗ്ഗങ്ങളും തേടുന്നവരാണ് മിക്കവരും . ജീവിതത്തിലെ അപ്രതീക്ഷിത തിരിച്ചടികൾ , രോഗദുരിതങ്ങൾ എന്നിവയാൽ  തളരാതിരിക്കാൻ ഈ പോസറ്റീവ് ചിന്താഗതി ഒരു പരിധിവരെ സഹായിക്കും. ആഴ്ചയിലെ ഓരോ ദിനത്തിനും പ്രാധാന്യമുള്ള  ഓരോ ദേവതകളെ പ്രാർഥിക്കുന്നത് അനുകൂല ഫലം നൽകും. ഓരോ ദേവനും പ്രത്യേകതയുള്ള ദിനത്തിൽ ക്ഷേത്രദർശനം നടത്തുന്നതും വഴിപാടുകൾ സമർപ്പിക്കുന്നതും വ്രതം അനുഷ്ഠിക്കുന്നതുമെല്ലാം ഐശ്വര്യം വർധിപ്പിക്കുമെന്നാണ് വിശ്വാസം.

 

 ജാതകപ്രകാരവും ചാരവശാലും ദോഷങ്ങൾ അനുഭവിക്കുന്നവർ അതാതു ഗ്രഹങ്ങളെ പ്രീതിപ്പെടുത്തുന്ന ദേവന്മാരെ വന്ദിക്കുന്നത് നല്ലതാണ്. നിത്യവും നവഗ്രഹസ്തോത്രവും ജപിക്കാം. ആഴ്ച്ചയിലെ  ഓരോ ദിനത്തിനും  അനുകൂലമായ നിറത്തിലുള്ള വസ്ത്രം ധരിക്കുന്നതും ഉത്തമമാണ്.

 

ഞായർ 

 

ഞായറാഴ്ച ഹിന്ദിയിൽ ‘രവിവാർ’ എന്നാണ് അറിയപ്പെടുന്നത്. രവി എന്നാൽ സൂര്യൻ എന്നാണർഥം. ഞായറാഴ്ച രാവിലെ ഗായത്രിമന്ത്രം, ആദിത്യഹൃദയം, സൂര്യസ്തോത്രം എന്നിവ ജപിക്കുന്നത് ഉത്തമമാണ്. സൂര്യപ്രീതികരമായ സൂര്യനമസ്കാരം ചെയ്യുന്നതും നന്ന്. എന്നാൽ സന്ധ്യയ്‌ക്കുശേഷം സൂര്യപ്രീതികരമായ കർമങ്ങൾ അനുഷ്ഠിക്കാൻ പാടില്ല. ജീവിത പ്രശ്നങ്ങളെ എരിച്ചു കളയാനുള്ള ശേഷി സൂര്യോപാസനയിലൂടെ സാധ്യമത്രേ. സൂര്യദേവനെ പ്രാർഥിച്ചാൽ ത്വക്കുരോഗങ്ങൾക്കു ശമനമുണ്ടാകും എന്നാണു വിശ്വാസം. ഓറഞ്ചു നിറത്തിലുള്ള വസ്ത്രം ധരിക്കുന്നത് ഉത്തമം.  

 

 

തിങ്കൾ 

 

തിങ്കൾ എന്നാൽ ചന്ദ്രൻ എന്നർഥം. നവഗ്രഹങ്ങളിലൊന്നായ ചന്ദ്രന് പ്രാധാന്യമുള്ള ദിനം. തിങ്കളാഴ്ച പാർവതീ സമേതനായ മഹാദേവനെയാണു ഭജിക്കേണ്ടത്. ചന്ദ്രദശാകാല ദോഷമനുഭവിക്കുന്നവർക്ക് ദോഷശാന്തിക്കായി ശിവക്ഷേത്രദർശനം  ഉത്തമമാണ്. ഉഗ്രകോപിയാണെങ്കിലും ക്ഷിപ്രപ്രസാദിയാണ് ഭഗവാൻ. ഉത്തമ ഭർത്താവിനെ ലഭിക്കാനും വിവാഹിതർ ദീർഘമംഗല്യത്തിനായും അനുഷ്ഠിക്കുന്ന തിങ്കളാഴ്ച വ്രതം ഭഗവാനു പ്രധാനമാണ്. വെളുത്ത വസ്ത്രം ധരിക്കുന്നത് ഉത്തമം.  

 

 

ചൊവ്വ 

 

ദുർഗ്ഗ, ഭദ്രകാളി, സുബ്രഹ്മണ്യൻ എന്നിവർക്കു പ്രാധാന്യമുള്ള ദിനമാണ് ചൊവ്വാഴ്ച. ജാതകപ്രകാരം ചൊവ്വാദോഷമനുഭവിക്കുന്നവർ ദുർഗ്ഗയെയും മുരുകനെയും വന്ദിച്ചുകൊണ്ടു ചൊവ്വാഴ്ച വ്രതം അനുഷ്ഠിക്കുന്നത് ഉത്തമമാണ്. ചൊവ്വാഴ്ചയുടെ അധിപൻ കുജനാണ്. അതിനാൽ ഗണേശപ്രീതി വരുത്തുന്നതും ഉത്തമമാണ്. ചുവന്ന വസ്ത്രം ധരിക്കുന്നത് ഉത്തമം.  

 

 

ബുധൻ 

 

ശ്രീകൃഷ്ണനും ശ്രീരാമനും പ്രത്യേകതയുള്ള ദിനമാണ് ബുധനാഴ്ച. ശ്രീകൃഷ്ണ ക്ഷേത്രദർശനം നടത്തുന്നതും കഴിയുന്ന വഴിപാടുകൾ നടത്തുന്നതും ഉത്തമം. അന്നേദിവസം കഴിയാവുന്നത്ര തവണ ‘ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ, ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ  ഹരേ ഹരേ’ എന്നു ജപിച്ചാൽ മോക്ഷപ്രാപ്തി ലഭിക്കും. പച്ച വസ്ത്രം ധരിക്കുന്നതും പച്ചപ്പട്ട് ഭഗവാനു സമർപ്പിക്കുന്നതും ഉത്തമം.

 

 

 

വ്യാഴം 

 

വിഷ്ണുവിനു പ്രാധാന്യമുള്ള ദിനമാണ് വ്യാഴം. ഈ ദിനത്തിൽ വിഷ്ണുസഹസ്രനാമം ഭക്തിയോടെ ജപിക്കുന്നത് ശ്രേഷ്ഠമാണ്. വ്യാഴദശാകാലമുള്ളവരും ചാരവശാൽ വ്യാഴം അനിഷ്ടസ്ഥാനത്തുള്ളവരും വ്യാഴാഴ്ച വ്രതം അനുഷ്ഠിക്കുന്നത് ദോഷകാഠിന്യം കുറയ്ക്കും. മഞ്ഞ വസ്ത്രം ധരിക്കുന്നത് ഉത്തമം.

 

 

വെള്ളി 

 

ദേവിക്കു പ്രാധാന്യമുള്ള ദിനമാണിത്, പ്രത്യേകിച്ച് അമ്മദേവതകൾക്ക്. ഐശ്വര്യവും അഭിവൃദ്ധിയും പ്രധാനം ചെയ്യുന്ന ശുക്രനും പ്രാധാന്യമുള്ള ദിനമാണിത്. ദേവീപ്രീതിക്കായി ലളിതാസഹസ്രനാമം ജപിക്കുന്നത് നല്ലതാണ്. വെളുത്ത വസ്ത്രം ധരിക്കുന്നത് ഉത്തമം.

 

 

ശനി 

 

ശനിയുടെ അധിപനായ ശാസ്താവിനെയാണ് ശനിയാഴ്ച തോറും ഭജിക്കേണ്ടത്. ശാസ്താക്ഷേത്രദർശനം നടത്തി നീരാജനം  വഴിപാടായി  സമർപ്പിക്കുന്നത് ശനിദോഷശാന്തിക്ക് നല്ലതാണ്. കറുപ്പോ നീലയോ നിറത്തിലുള്ള വസ്ത്രം ധരിക്കുന്നത് ഉത്തമം. ഹനുമാൻസ്വാമിക്കും വിശേഷപ്പെട്ട ദിനമാണ് ശനിയാഴ്ച.

 

English Summery : How to Became Positive in all Day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com