നിത്യവും 'ഹനൂമാൻ ചാലിസ' ജപിച്ചാൽ...

HIGHLIGHTS
  • ആഗ്രഹപൂർത്തീകരണത്തിന് ഏറ്റവും ഉത്തമമാർഗമാണിത്
Hanuman-Swami-Blessing
SHARE

നിത്യേന പ്രഭാതത്തിൽ ഹനൂമാൻ ചാലിസ ജപിക്കുകയാണെങ്കിൽ വളരെയധികം പോസിറ്റീവ് ഊർജം നമ്മിൽ  നിറയുമെന്നും ആ ദിനം ഗുണപ്രദമാകുമെന്നുമാണ് വിശ്വാസം. ഭഗവാൻ ശിവശങ്കരന്റെ അവതാരമാണ് ഹനൂമാൻ സ്വാമിയെന്ന് ശിവപുരാണത്തിൽ പറയുന്നുണ്ട്. ഹനൂമാൻ സ്വാമിയെ ഭജിക്കാൻ ഏറ്റവും ഉത്തമമാർഗമാണ് ചാലിസ ജപം. 

 വായൂപുത്രനായ ഹനൂമാൻ ധൈര്യത്തിന്റെയും ശക്തിയുടെയും ഉത്തമഭക്തിയുടെയും പ്രതീകമാണ്. പ്രായഭേദമെന്യേ എല്ലാവർക്കും ഹനൂമാൻ  ചാലിസ ജപിക്കാം. ശരീരശുദ്ധിയോടെയും തികഞ്ഞ ഭക്തിയോടെയും ആവണം ജപം എന്നു മാത്രം. രാമഭക്തനും പ്രശസ്തകവിയുമായ  തുളസീദാസ് ആണ് ഹനൂമാൻ ചാലിസ രചിച്ചത്. നാൽപതു ശ്ലോകങ്ങൾ ഉൾപ്പെട്ടിരിക്കുന്നതിനാലാണ് ചാലിസ എന്ന നാമധേയം വന്നത്. തുടർച്ചയായി ജപിച്ച് കഴിയുമ്പോൾ അറിയാതെ തന്നെ ഇവ ഓർമയിൽ  തെളിയും. നിഗൂഢ ദിവ്യത്വം നിറഞ്ഞതാണ് ഈ നാൽപതു ശ്ലോകങ്ങളും.

ഉത്തമഭക്തിയോടെ ജപിച്ചാൽ തന്റെ ഭക്തനെ യാതൊരുവിധത്തിലുള്ള ക്ലേശങ്ങളിലും അകപ്പെടാതെ ഹനൂമാൻ സ്വാമി കാത്തുരക്ഷിക്കും എന്നാണ് വിശ്വാസം .  ചാലിസ ജപിക്കുന്നതുപോലെതന്നെ ഉത്തമമാണ് ഭക്തിയോടെ ആ ജപം കേൾക്കുന്നതും. ആഗ്രഹപൂർത്തീകരണത്തിന് ഏറ്റവും ഉത്തമമാർഗമാണിത്. 

ചാലിസ നിത്യേന ജപിച്ചാൽ ദൈവികമായ ആത്മജ്ഞാനം, ധൈര്യം, മനോനിയന്ത്രണം, ബുദ്ധിശക്തി എന്നിവ സ്വായത്തമാകുമെന്നും അലസതയും മടിയും നീക്കി ജീവിതം കാര്യക്ഷമമാകുമെന്നും ജീവിതശൈലീ രോഗങ്ങൾപോലും മാറി നിൽക്കുമെന്നും കരുതപ്പെടുന്നു. കൂടാതെ ചാലിസ ജപത്തിലൂടെയോ ശ്രവണത്തിലൂടെയോ ലഭ്യമാകുന്ന ഊർജം ദുഷ്ടചിന്തകളെയും ദുശ്ശീലങ്ങളെയും നീക്കി വ്യക്തികളെ നവീകരിക്കുമെന്നും വിയോജിപ്പുകളും തർക്കങ്ങളും വഴക്കുകളും നീക്കി കുടുംബജീവിതത്തിൽ ഐക്യവും സന്തോഷവും സമാധാനവും നിറയ്ക്കുമെന്നും വിശ്വാസമുണ്ട്.

English Summery : Importance of Hanuman Chalisa

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FROM ONMANORAMA