ADVERTISEMENT

എണ്ണം പറഞ്ഞ വേഷങ്ങളിലൂടെ മലയാള സിനിമാ പ്രേക്ഷകർക്കു പരിചിതയാണ് കൃഷ്ണപ്രഭ. നർത്തകി, വ്ലോഗർ തുടങ്ങിയ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ച കൃഷ്ണപ്രഭ നിലപാടുകൾ കൊണ്ടും ശ്രദ്ധേയയാണ്. വായനയും ഗാർഡനിങ്ങും നൃത്തവും പാട്ടുമൊക്കെയായി ലോക്ഡൗൺ കാലത്തെ സർഗാത്മകമാക്കുന്ന താരം, സർക്കാരിന്റെയും ആരോഗ്യ പ്രവർത്തകരുടെയും നിർദേശമനുസരിച്ച് എല്ലവരും വീട്ടിലിരുന്ന് സാമൂഹിക ഉത്തരവാദിത്തം നിറവേറ്റണമെന്നു പറയുന്നു. അന്ധവിശ്വാസങ്ങളോട് അടുപ്പമില്ലെന്നും ജീവിതത്തിലെ പോസിറ്റീവ് എനർജിയിൽ വിശ്വസിക്കുന്നെന്നും പറയുന്ന കൃഷ്ണപ്രഭ തന്റെ വിശ്വാസങ്ങളെയും പ്രാർഥനയെയും പറ്റി മനോരമ ഓൺലൈനിനോടു സംസാരിക്കുന്നു

 

വിശ്വാസങ്ങൾ

 

ഭ്രാന്തമായ വിശ്വാസങ്ങളില്ല. ജീവിതത്തിൽ ഒരു പോസിറ്റീവ് എനർജിയിൽ വിശ്വസിക്കുന്നുണ്ട്. വാസ്തു പോലെയുള്ള കാര്യങ്ങളിൽ അതിലെ ശാസ്ത്രീയമായ ഘടകങ്ങളിലാണ് ഞാൻ വിശ്വസിക്കുന്നത്. വിളക്കു തെളിക്കുന്നതും അടുക്കളയിൽ അടുപ്പു കത്തിക്കുന്നതും ഒക്കെ ഇന്ന ദിക്കിലേക്കു വേണം, വീടിന്റെ മുൻവാതിലിന് നേരെ എതിർ വശത്ത് വാതിൽ അല്ലെങ്കിൽ ജനൽ വേണം എന്നൊക്കെ പറയാറില്ലേ... കാറ്റിന്റെ സഞ്ചാരഗതിയുമായി ബന്ധപ്പെട്ട ഒരു ശാസ്ത്രീയരീതിയുടെ ചുവടുപിടിച്ചാണ് അത്തരം വിശ്വാസങ്ങൾ. വീടിന്റെ എല്ലാ ദിക്കിലൂടെയും കാറ്റ് കയറിയിറങ്ങിപ്പോകാനൊക്കെയാണത്. പക്ഷേ ചിലർ അന്ധവിശ്വാസങ്ങളെ കൂട്ടുപിടിച്ച് ആളുകളെ ഭയപ്പെടുത്താറുണ്ട്. അത്തരം രീതികളോട് തീരെ യോജിക്കാനാവില്ല. ഇത്തരം കാര്യങ്ങളിൽ വിശ്വസിക്കുന്നവരോട് എതിർപ്പുമില്ല. അതൊക്കെ ഓരോരുത്തരുടെ വ്യക്തിപരമായ ചോയ്സ് ആണ്. നമുക്കു പോസിറ്റിവിറ്റി, പോസിറ്റീവ് ഫീലിങ് തരുന്ന ഒരു ശക്തിയുണ്ട്. അതുകൊണ്ടാണല്ലോ നമ്മൾ പ്രാർഥിക്കുന്നതൊക്കെ. ആ എനർജിയിൽ ഞാൻ വിശ്വസിക്കുന്നുണ്ട്.

 

ലക്കി നമ്പർ, ലക്കി കളർ തുടങ്ങിയ വിശ്വാസങ്ങളുണ്ടോ?

 

അതിനെപ്പറ്റി വെറുതെ ഗൂഗിളിലൊക്കെ സേർച്ച് ചെയ്തു നോക്കാറുണ്ട്. അതാണെന്നൊന്നും ഉറപ്പില്ലല്ലോ. ഒരു കാര്യത്തിന് ഇറങ്ങി പുറപ്പെടുമ്പോൾ ലക്കി കളർ ഇട്ട് പോയേക്കാം എന്നൊന്നും വിചാരിക്കാറില്ല. പിന്നെ സോഡിയാക് സൈനിന്റെയൊക്കെ കാര്യമെടുത്താൽ, ക്യാരക്ടറൊക്കെ വച്ചു നോക്കുമ്പോൾ ചില കാര്യങ്ങളൊക്കെ കറക്ട് ആണെന്നു തോന്നിയിട്ടുണ്ട്.

 

ഇഷ്ടദൈവം

 

ശിവൻ, വിഷ്ണു, ദേവി എല്ലാവരെയുമിഷ്ടമാണ്. ഇപ്പോൾ ഇവിടെ എറണാകുളത്തായതുകൊണ്ട് ഏറ്റവും അടുത്തുള്ള ക്ഷേത്രങ്ങളിൽ ശിവനും - എറണാകുളത്തപ്പൻ–  കൃഷ്ണനുമാണുള്ളത്. രവിപുരം കൃഷ്ണന്റെ അമ്പലമുണ്ട്. ഓരോ രൂപത്തിൽ ആളുകൾ പ്രാർഥിക്കുന്നുവെന്നേയുള്ളൂ. എല്ലാം ഒരു ശക്തിയാണ് എന്നാണു ഞാൻ വിശ്വസിക്കുന്നത്.

 

ഡിപ്രഷനോട് നോ പറയാം, എൻഗേജ്ഡ്  ആകാം....

 

എപ്പോഴും എന്തെങ്കിലും ചെയ്തുകൊണ്ടേയിരിക്കാം. ഭൂതകാലത്തെ മോശം അനുഭവങ്ങളെക്കുറിച്ചോ നേടാൻ ശ്രമിച്ചിട്ട് പരാജയപ്പെട്ട കാര്യങ്ങളെക്കുറിച്ചോ ചിന്തിക്കാൻ ഇടനൽകാത്ത വിധം മനസ്സിനെ ബിസിയാക്കുക. കുക്കിങ്, പെയിന്റിങ്, ഗാർഡനിങ് അങ്ങനെ മനസ്സിന് ഇഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്തുകൊണ്ടേയിരിക്കുക. വെറുതെയിരിക്കാൻ ഒരു സമയം കൊടുക്കരുത്. ലോക്ഡൗണിൽ മാത്രല്ല ഇതു കഴിഞ്ഞാലും ഈ ശീലങ്ങൾ സ്വഭാവത്തിന്റെ ഭാഗമാക്കാം.

English Summery : Belief of Actress Krishna Prabha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com