ADVERTISEMENT

ഹൈന്ദവ വിശ്വാസപ്രകാരം വളരെയധികം പ്രാധാന്യം നിറഞ്ഞ  ദിനമാണ് പൗർണമി അഥവാ വെളുത്തവാവ്.  ജൂലൈ 05 ഞായറാഴ്ച മിഥുനമാസത്തിലെ പൗർണമിയാണ് . അന്നേദിവസം  ദേവീപ്രീതികരമായ കർമ്മങ്ങൾ ഭവനത്തിൽ അനുഷ്ഠിക്കുന്നത്  ഐശ്വര്യത്തിനും അഭിവൃദ്ധിക്കും  സമാധാന അന്തരീക്ഷം  നിറയ്ക്കുന്നതിനും ഉത്തമമാണ് . മാതൃസ്വരൂപിണിയായ ദേവിയെ  ഭവനത്തിൽ കുടിയിരുത്താനാണ് പൗർണമീ ദിനാചരണം എന്നും വിശ്വാസമുണ്ട്.

 

സൂര്യോദയത്തിനുമുന്നെ വീടും പരിസരവും വൃത്തിയാക്കി വെള്ളം തളിക്കുക. കുളിച്ചു  ശരീരശുദ്ധി വരുത്തിയശേഷം നിലവിളക്കു കൊളുത്തി ഗായത്രീമന്ത്രം ജപിക്കുക .ശേഷം 

goddess-lakshmi

'സർവ്വമംഗള മംഗല്യേ

ശിവേ സർവ്വാർത്ഥ സാധികേ 

ശരണ്യേ ത്രയംബികേ ഗൗരീ 

നാരായണി നമോസ്തുതേ' എന്ന് പത്തു തവണയെങ്കിലും ജപിക്കുക 


നിലവിളക്കിന് മുൻപിലോ പ്രധാനവാതിലിൽ നിന്നു കാണത്തക്കരീതിയിലോ അഷ്ടമംഗല്യം ഒരുക്കിവയ്ക്കുക. ശ്രീ ഭഗവതിയെ വരവേൽക്കുന്നു എന്ന സങ്കല്പമാണിത്. നെല്ല്, അരി, വസ്ത്രം, കത്തിച്ച നിലവിളക്ക്, വാൽക്കണ്ണാടി, കുങ്കുമചെപ്പ് ,ചന്ദനം,ഗ്രന്ഥം എന്നിവ ഉൾപ്പെടുന്നതാണ് അഷ്ടമംഗല്യം.

 

അടുക്കളയിൽ ഭക്ഷണം  പാകം ചെയ്യാൻ  ആരംഭിക്കുന്നതിനു മുന്നേ ഗണപതി ഭഗവാന് നേദിക്കുക എന്ന സങ്കൽപ്പത്തിൽ അടുപ്പിലേക്ക് ഒരു തേങ്ങാപ്പൂള് , നെയ്യ് അല്പം ശർക്കര എന്നിവ സമർപ്പിക്കുക . ഇതിനു ചെങ്കണപതി അഥവാ ചെംഗണപതി ഹോമം എന്ന് പറയുന്നു. അശുദ്ധി കാലങ്ങളിലൊഴികെ സ്ത്രീകൾ ചെയ്യുന്ന ഹോമം എന്ന പ്രത്യേകതയും ഇതിനുണ്ട്. ഇന്നു മിക്ക വീടുകളിലും വിറകടുപ്പ്  കത്തിക്കാത്തതിനാൽ ചകിരിത്തൊണ്ടിൽ തീ കത്തിച്ചു ഈ  ഹോമം ചെയ്യാവുന്നതാണ്. നേദിക്കുമ്പോൾ ഗണേശന്റെ മൂലമന്ത്രമായ ‘‘ഓം ഗം ഗണപ തയേ നമഃ’’ ജപിക്കണം. ഇങ്ങനെ ചെയ്യുന്നതു കുടുംബത്തിൽ‌ സർ‌വവിഘ്നങ്ങളും നീങ്ങി ഐശ്വര്യം നിറയും എന്നാണു വിശ്വാസം.

 

ഭഗവതിക്ക് നേദിക്കുക എന്ന സങ്കൽപ്പത്തിൽ  അന്നപൂർണ്ണേശ്വരിയെ പ്രാർഥിച്ചു കൊണ്ടാവണം  ഓരോ പിടി അരിയും തിളക്കുന്ന വെള്ളത്തിൽ ഇടാൻ.

 

അന്നപൂർണേശ്വരീ ധ്യാനം:

 

'അന്നപൂർണേ സദാപൂർണേ,

ശങ്കരപ്രാണവല്ലഭേ

ജ്ഞാന വൈരാഗ്യ സിദ്ധ്യർഥം

ഭിക്ഷാം ദേഹി ച പാർവതി.'

 

അന്നേദിവസം കുടുംബാംഗങ്ങൾ കഴിവതും സസ്യാഹാരം കഴിക്കുക . കലഹങ്ങൾ പരമാവധി ഒഴിവാക്കുക. ലളിതാസഹസ്രനാമം , ദേവീ മാഹാത്മ്യം  എന്നിവ പാരായണം ചെയ്യുന്നത്  അത്യുത്തമം. ലളിതാസഹസ്രനാമ ജപശേഷം ശ്രീ ശങ്കരാചാര്യരാൽ വിരചിതമായ കനകധാരാ സ്തോത്രം ജപിക്കുന്നത് കടബാധ്യതകൾ നീങ്ങി സാമ്പത്തിക അഭിവൃദ്ധിക്ക് കാരണമാകും എന്നാണ് വിശ്വാസം. സന്ധ്യസമയത്തു വിളക്ക് കൊളുത്തി ദേവീപ്രീതികരമായ നാമങ്ങൾ ജപിക്കണം. 

English Summary : Rituals in Pournami Day in Midhunam Month

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com