sections
MORE

മറക്കാനാവില്ല ആ കൃഷ്ണവേഷം, കണ്ണനെ കാട്ടിക്കൊടുത്തുവെന്ന കാണികളുടെ അഭിനന്ദനവും : ഡോ. സുജ കാർത്തിക

dr-Suja-Karthika-01
സുജാ കാർത്തിക വൈക്കം മഹാദേവ ക്ഷേത്രവും മുരുഡേശ്വർ ക്ഷേത്രവും സന്ദർശിച്ചപ്പോൾ
SHARE

കൃഷ്ണനോട് ഒരു പ്രത്യേകയിഷ്ടമാണ് പെൺകുട്ടികൾക്കെന്നും. ഓരോ പ്രായത്തിലും ഓരോ തരം ഇഷ്ടം. കുട്ടിക്കാലത്ത് ഒരു കൂട്ടുകാരനോടെന്ന പോലെ, മുതിരുമ്പോൾ ഒരു കാമുകനോടെന്നപോലെ, അതു കഴിഞ്ഞാൽ ഒരു മകനോടെന്ന പോലെ... കൃഷ്ണ ഭക്തിയെക്കുറിച്ച് പറയുമ്പോൾ നൂറു നാവാണ് ഡോ. സുജാകാർത്തികയ്ക്ക്. ഈ അഷ്ടമിരോഹിണി ദിനത്തിൽ താൻ കെട്ടിയ കൃഷ്ണവേഷങ്ങളെക്കുറിച്ചും ഇഷ്ടദൈവങ്ങളെക്കുറിച്ചും വിശ്വാസങ്ങളെക്കുറിച്ചും മനോരമ ഓൺലൈനുമായി സംസാരിക്കുകയാണ് സുജ കാർത്തിക.

കണ്ണന്റെ മായയും ജന്മാഷ്ടമി ഓർമകളും

കണ്ണന്റെ മായാലീലകളെ കുറിച്ചോർക്കാൻത്തന്നെ രസമാണ്. ഗുരുവായൂരിൽച്ചെന്ന് ക്യൂ നിന്ന് നടയിലെത്തി തൊഴുതു പുറത്തിറങ്ങിയാൽ ആ മായക്കണ്ണൻ തിരുനടയിൽക്കണ്ട കാഴ്ചകളെല്ലാം മനസ്സിൽ നിന്നങ്ങു മായ്ച്ചു കളയും. എത്രവട്ടം പോയാലും ഈ അനുഭവമങ്ങനെ ആവർത്തിച്ചു കൊണ്ടിരിക്കും. 

അഷ്ടമി രോഹിണിക്ക് കൃഷ്ണവേഷം കെട്ടിയിട്ടില്ല. പക്ഷേ നൃത്തത്തിനുവേണ്ടി ഒന്നിലധികം പ്രാവശ്യം കൃഷ്ണനായി ഒരുങ്ങിയിട്ടുണ്ട്.  കുട്ടിക്കാലത്തായതുകൊണ്ട് അത് എനിക്കധികം ഓർമയില്ല. ആ വേഷത്തിൽ ശരിക്കും ഉണ്ണിക്കണ്ണനെ പോലെയുണ്ടായിരുന്നു ഞാനെന്ന് അമ്മയൊക്കെ പറഞ്ഞിട്ടുണ്ട്. അച്ഛനും അമ്മയുമാണ് എന്റെ കുട്ടികളെയും ജന്മാഷ്ടമി ദിനത്തിൽ കൃഷ്ണന്മാരായി ഒരുക്കിയിട്ടുള്ളത്.  ചെറിയ കുട്ടികളെ കൃഷ്ണ വേഷത്തിൽ കാണാൻ എന്തു രസമാണ്.

suja-karthika-at-tirupati-01
താരം തിരുപ്പതി ദർശന വേളയിൽ

ക്ലാസിക്കൽ ഡാൻസ് പെർഫോമൻസ് ചെയ്യുന്ന സമയത്ത് ഏറ്റവും കൂടുതൽ തവണ നൃത്തം ചെയ്തത് കൃഷ്ണാ നീ ബേഗനേ... എന്ന കീർത്തനത്തിനാണ്. ഗുരുവായൂരപ്പനു മുന്നിൽ രണ്ടു തവണ ഈ കീർത്തനത്തിനു ചുവടുവയ്ക്കാൻ കഴിഞ്ഞു. ആ നൃത്തം ചെയ്യുമ്പോൾ കൃഷ്ണനെ എന്റെയൊപ്പം കാണാൻ പറ്റാറുണ്ട്. ആ പെർഫോമൻസ് കണ്ട ചിലരും അങ്ങനെ ഫീൽ ചെയ്തതായി പറഞ്ഞിട്ടുണ്ട്. ആ കീർത്തനം എപ്പോൾ കേട്ടാലും ‍ഞാൻ പോലുമറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പാറുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം കൃഷ്ണൻ ഒരു വികാരമാണ്, അനുഭവവും അനുഭൂതിയുമാണ്.

വൈക്കത്തപ്പനും എറണാകുളത്തപ്പനും

ഞാൻ ജനിച്ചത് വൈക്കത്താണ്. വളർന്നത് എറണാകുളത്തും. രണ്ടിടത്തെയും ദേശനാഥൻ മഹാദേവനാണ്. ബഹുമാനം കലർന്ന ഒരു ഭക്തിയാണെനിക്ക് ശിവഭഗവാനോട്. സന്തോഷം വന്നാലും സങ്കടം വന്നാലും എന്റെ വൈക്കത്തപ്പാ എന്നാണ് ഞാനെപ്പോഴും വിളിക്കാറ്. എന്റെ വിവാഹം എറണാകുളത്തപ്പൻ ക്ഷേത്രത്തിൽ വച്ചായിരുന്നു. കുടുംബത്തിലുള്ളവരെല്ലാം ഭക്തരാണ്. എന്റെ ഭർത്താവിന്റെ വിളിപ്പേര് കിച്ചു എന്നാണ്. ചിലപ്പോൾ തോന്നും അമ്മയെയോ ഭർത്താവിനെയോ വിളിക്കുന്നതിലും കൂടുതൽ പ്രാവശ്യം ഞാൻ വിളിക്കുന്നത് വൈക്കത്തപ്പാ എന്നാണെന്ന്. അധികം തിരക്കില്ലാത്ത അമ്പലങ്ങളിൽ വൈകിട്ടു ദീപാരാധന തൊഴുന്നതിനെക്കുറിച്ചൊക്കെ ഭർത്താവ് എപ്പോഴും പറയും. ആ സമയങ്ങളിലെ ക്ഷേത്രദർശനം നമ്മളിൽ നിറയെ പോസിറ്റീവ് എനർജി നിറയ്ക്കും. അവിടുത്തെ ആർക്കിടെക്ച്ചർ പോലും നമ്മുടെ മുന്നോട്ടുള്ള യാത്രയെ സ്വാധീനിക്കുമെന്നും അദ്ദേഹം പറയാറുണ്ട്. അത് ശരിയാണ്. നമ്മളിലെ എല്ലാ നെഗറ്റീവ് എനർജികളെയും ദൂരെയകറ്റാൻ അത്തരം ക്ഷേത്രസന്ദർശനങ്ങൾ കൊണ്ട് കഴിയാറുണ്ട്.

Suja-Karthika-02
സുജാ കാർത്തിക കുടുംബത്തോടൊപ്പം തിരുപ്പതി ,മൂകാംബിക ക്ഷേത്രം ദർശിച്ചപ്പോൾ

മൂകാംബിക, തിരുപ്പതി യാത്രകൾ

മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തുവാനും ഏറെയിഷ്ടമാണ്. അവിടെ നിന്നു ലഭിക്കുന്ന ശാന്തിയും സമാധാനവുമൊക്കെ അപാരമാണ്. അതുപോലെ തന്നെ പ്രിയപ്പെട്ട ഒരിടമാണ് തിരുപ്പതി ക്ഷേത്രം. 2019 മാർച്ചിൽ കുടുംബസമേതം ഒരു യാത്ര നടത്തിയപ്പോൾ മറക്കാനാകാത്ത ഒരു അനുഭവമുണ്ടായി. എന്റെ മാതാപിതാക്കളും ഭർത്താവിന്റെ മാതാപിതാക്കളും കുട്ടികളുമൊക്കെയുണ്ടായിരുന്നു.

പതിനെട്ടു മണിക്കൂറോളമെടുത്ത് ഞാനും ഭർത്താവും മാറി മാറി ഡ്രൈവ് ചെയ്താണ് അവിടെയെത്തിയത്. ക്ഷേത്രത്തിനടുത്ത് മുറിയൊക്കെയെടുത്ത് റെഡിയായി ക്ഷേത്രത്തിലേക്കു പോയി. നേരത്തേ ബുക്ക് ചെയ്തു പുറപ്പെട്ടതുകൊണ്ടും സീസൺ അല്ലാത്തതുകൊണ്ടും വലിയ തിരക്കില്ലായിരുന്നു. ആ നടയിൽച്ചെന്നു തൊഴുതു നിന്നപ്പോൾ അക്ഷരാർഥത്തിൽ ഞാൻ കരയുകയായിരുന്നു. ഞാൻ മാത്രമല്ല, എന്റെ അമ്മയും ഭർത്താവിന്റെ അമ്മയുമെല്ലാം കരഞ്ഞു. ഭക്തിയുടെ ഒരു നിറവ് അപ്പോൾ അനുഭവിക്കാൻ കഴിഞ്ഞു.

വലിയ സെലിബ്രിറ്റികളൊക്കെ ഇടയ്ക്കിടെ സന്ദർശനം നടത്തുന്ന ക്ഷേത്രമെന്നേ കേട്ടിട്ടുണ്ടായിരുന്നുള്ളൂ. എന്താണ് ഇത്രയധികം ഭക്തരെ അങ്ങോട്ടേക്ക് ആകർഷിക്കുന്നത് എന്നൊക്കെ ദർശനം നടത്തുന്നതിനു മുൻപ് ഞാൻ ചിന്തിച്ചിരുന്നു. അവിടെച്ചെന്ന് ഭഗവാനെ കണ്ടപ്പോൾ, കൺ നിറയെ തൊഴുതു നിന്നപ്പോൾ എനിക്കതിനുള്ള ഉത്തരം കിട്ടി.

ഓംകാര മന്ത്രമൊഴുകുന്ന കന്യാകുമാരി

കടൽത്തിരമാലകളുടെ പശ്ചാത്തലത്തിൽ കണ്ണടച്ചിരുന്ന് ഓംകാരമന്ത്രമുരുക്കഴിക്കുന്ന കന്യാകുമാരി ഓർമകൾ ഒരു അനുഭൂതി തന്നെയാണ്. വിവേകാനന്ദപ്പാറയിലേക്കുള്ള ബോട്ട് യാത്ര. കടലും കാറ്റും കൈകോർക്കുന്ന വിവേകാനന്ദപ്പാറയിലിരുന്ന് കണ്ണടച്ച് പ്രണവമന്ത്രമുരുവിട്ടതൊക്കെ മറക്കാനാകാത്ത ഓർമകളാണ്. ആ യാത്രയെക്കുറിച്ചോർക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് കണ്ണടച്ചിരിക്കുമ്പോൾ ദൈവത്തെ ഫീൽ ചെയ്യുന്ന സ്ഥലം എന്നാണ്.

Suja-Karthika-family
കുടുംബസമേതം തിരുപ്പതി സന്ദർശിച്ചപ്പോൾ

നല്ല സമയവും ചീത്തസമയവും

ആസ്ട്രോളജിയിൽ വിശ്വാസമുണ്ടോയെന്നു ചോദിച്ചാൽ തീർച്ചയായും ഒരു പ്രപഞ്ച ശക്തിയിൽ വിശ്വാസമുണ്ട്. അതിന്റെ ശാസ്ത്രത്തിലും ഊർജത്തിലും വിശ്വാസമുണ്ട്. നമ്മുടെയൊക്കെ നിയന്ത്രണത്തിന് അതീതമായി ഒരു ശക്തിയുണ്ടെന്നും വിശ്വസിക്കുന്നുണ്ട്. ചില സമയത്തെ ചിന്തകൾ പോലും നമ്മുടെ നിയന്ത്രണങ്ങൾക്കപ്പുറത്തല്ലേ. മറ്റുള്ളവരുടെ കാഴ്ചപ്പാടിൽ നമ്മുടെ ജീവിതം പെർഫെക്ട് ആയിരിക്കും. പക്ഷേ അപ്പോഴും നമ്മുടെയുള്ളിന്റെയുള്ളിൽ ഒരു നഷ്ടബോധം തോന്നും. സ്വയം മതിപ്പില്ലെന്ന ചിന്തവരും. ഇതൊക്കെ ഓരോ സമയത്ത് ഒരു പ്രത്യേക ശക്തി നമ്മളെക്കൊണ്ട് തോന്നിപ്പിക്കുന്നതാണ്. ചിലപ്പോൾ അതൊക്കെ നമ്മുടെ നക്ഷത്രത്തിന്റെയോ ഗ്രഹത്തിന്റെയോ സ്ഥാനമാറ്റംകൊണ്ട് സംഭവിക്കുന്നതാവും. അത്തരം ചിന്തകൾ ചില സമയത്തിന്റെ സ്വാധീനം കൊണ്ടാണെന്ന് ഞാൻ വളരെ ശക്തമായി വിശ്വസിക്കുന്നുണ്ട്. 

നെഗറ്റീവ് ചിന്തയിൽനിന്ന് നമ്മളെ പിന്തിരിപ്പിക്കുന്ന, സംരക്ഷിക്കുന്ന ഒരു ശക്തിയുണ്ട്. ദൈവം എന്നൊരാൾ നമ്മുടെ ഒപ്പമുണ്ടാവുക എന്നതാണ് പ്രധാനം. ആ ശക്തിക്കു മുന്നിൽ നമ്മെ സമർപ്പിക്കുക. ജീവിതത്തിൽ നല്ല സമയവും ചീത്തസമയവും ഉണ്ടാകാറുണ്ട്. മോശം സമയമാണെന്ന് തിരിച്ചറിഞ്ഞാൽ ഒരു പരിധിവരെ നമുക്കതിനെ നിയന്ത്രിച്ചു നിർത്താൻ കഴിയും. പലപ്പോഴും മോശം സമയങ്ങളിൽ നമ്മൾ തീരുമാനങ്ങളെടുക്കുന്നത് വികാരങ്ങളെ അടിസ്ഥാനമാക്കിയാകും. മോശം സമയമാണെന്ന് തിരിച്ചറിഞ്ഞ് നമ്മളെടുക്കുന്ന തീരുമാനങ്ങളിൽ ബോധപൂർവം ചില മാറ്റങ്ങൾ വരുത്തിയാൽ ഒരു പരിധിവരെ മോശം അനുഭവങ്ങളിൽ നിന്ന് രക്ഷപ്പെടാമെന്നാണ് ഞാൻ വിശ്വസിക്കുന്നത്.

English Summary : Ashtami Rohini Memories by Dr Suja Karthika

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ASTRO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA