നവഗ്രഹങ്ങളിലൊന്നായ രാഹു പൊതുവേ അനിഷ്ടകാരിയാണ്. നിത്യേനയോ ചൊവ്വ, വെള്ളി ദിവസങ്ങളിലോ രാഹുകാല സമയത്ത് നാരങ്ങ വിളക്ക് തെളിച്ച് പ്രാർഥിക്കുന്നത് രാഹുദോഷശാന്തിക്കുള്ള ഉത്തമമാർഗമാണ്.
നാരങ്ങ വിളക്ക് തെളിച്ച ശേഷം ദേവീപ്രീതികരമായ മന്ത്രങ്ങൾ, ലളിതാ സഹസ്രനാമം എന്നിവ ജപിക്കുന്നത് അത്യുത്തമമാണ്.
സാധാരണയായി വിളക്ക് വഴിപാടുകളിൽ പ്രധാനമാണ് നാരങ്ങ വിളക്ക്. രാഹുദോഷശാന്തിക്കായി ദേവീക്ഷേത്രത്തിൽ സമർപ്പിക്കുന്ന വഴിപാടാണിത്. ഭവനത്തിൽ നാരങ്ങ വിളക്ക് തെളിക്കാമോ എന്ന് സംശയം വരാം . എന്നാൽ അതീവ ഭക്തിയോടെ ഭവനത്തിൽ നാരങ്ങ വിളക്ക് തെളിയിക്കുന്നതും അതിനുമുന്നിൽ ഇരുന്നു പ്രാർഥിക്കുന്നതിലും തെറ്റില്ല.
ഭക്തൻ നേരിട്ട് സമർപ്പിക്കുന്ന ഒരു ഹോമത്തിൻെറ ഫലമാണ് നാരങ്ങ വിളക്ക് തെളിക്കുന്നതിലൂടെ ലഭിക്കുന്നത്. ഉദ്ദിഷ്ടകാര്യസിദ്ധിക്കായും വിവാഹതടസ്സം നീങ്ങുന്നതിനും നാരങ്ങവിളക്ക് തെളിയിക്കുന്നത് ഉത്തമമത്രേ. ചൊവ്വ, വെള്ളി ദിവസങ്ങളിൽ ഇത് സവിശേഷമാണ്.

നാരങ്ങവിളക്ക് തെളിക്കുന്ന രീതി
നാരങ്ങ നടുവേ പിളർന്ന ശേഷം നീരു കളഞ്ഞ് പുറംതോട് അകത്തു വരത്തക്ക രീതിയിൽ ചെരാത് പോലെ ആക്കണം . ഇതിൽ നെയ്യോ നല്ലെണ്ണയോ ഒഴിച്ച് വേണം തിരി തെളിക്കാൻ. തെളിക്കുന്ന നാരങ്ങവിളക്കിന്റെ എണ്ണം ഒറ്റസംഖ്യയിലായിരിക്കണം. അതായത് എത്ര നാരങ്ങ എടുക്കുന്നുവോ അതിൽ ഒരു നാരങ്ങയുടെ പകുതി ഉപേക്ഷിക്കണം. പൊതുവേ അഞ്ച്, ഏഴ്, ഒൻപത് , പതിനൊന്ന് എന്നീ ക്രമത്തിലാണ് നാരങ്ങാവിളക്ക് തെളിക്കുന്നത് . അമ്ലഗുണമുള്ള നാരങ്ങയിൽ എണ്ണയോ നെയ്യോ ചേരുമ്പോൾ അതിന്റെ ഫലം തീവ്രമാകും. തിരി തെളിക്കുന്നതിലൂടെ ഭക്തനിലും ഭവനത്തിലും ഉള്ള എല്ലാ നെഗറ്റീവ് ഊർജവും നിഷ്പ്രഭമാകും എന്നാണു വിശ്വാസം.
പൂജാമുറിയുള്ളവർ അതിൽ നാരങ്ങ വിളക്ക് തെളിക്കുന്നതാണ് ഉത്തമം. അല്ലാത്ത പക്ഷം നിലവിളക്ക് തെളിച്ച് അതിന് അരികിലായി തെളിക്കാവുന്നതാണ്.
English Summary : Can we Light Lemon Lamp at Home