sections
MORE

പുതുവർഷത്തിൽ ആരംഭിക്കാം ഈ ചിട്ടകൾ, ജീവിതം മാറ്റിമറിക്കാം

HIGHLIGHTS
  • ഇവ വെറും ചിട്ടകൾ മാത്രമല്ല മനസ്സിനും ശരീരത്തിനും ഉണർവേകുന്ന ശീലങ്ങളാണ്
Pray-to-sun-1200x625
SHARE

ജീവിതത്തിൽ കഴിഞ്ഞുപോകുന്ന നിമിഷങ്ങൾ  ഒരിക്കലും തിരിച്ചു ലഭിക്കില്ല എന്ന യാഥാർഥ്യം മനസ്സിലാക്കി വേണം നാം മുന്നോട്ടു ജീവിക്കാൻ. മനസ്സിനെ ശക്‌തിപ്പെടുത്തി ജീവിതക്രമത്തില്‍ മാറ്റങ്ങള്‍ വരുത്തിയാല്‍ ഏതൊരു വ്യക്തിക്കും സന്തോഷകരമായ ജീവിതം നയിക്കാം. അതിന്റെ ഭാഗമായി നമ്മുടെ ആചാര്യന്മാർ നിഷ്‌കർഷിച്ചിട്ടുള്ള മാർഗങ്ങളാണ് കരവന്ദനം , ഭൂമീവന്ദനം , മന്ത്രജപം , പ്രാണായാമം , സൂര്യനമസ്കാരം പോലുള്ള ചിട്ടകൾ . ഇവ വെറും ചിട്ടകൾ മാത്രമല്ല മനസ്സിനും ശരീരത്തിനും ഉണർവേകുന്ന ശീലങ്ങളാണെന്ന് ശാസ്ത്രീയ പിന്തുണയുമുണ്ട്.

രാവിലെ സൂര്യോദയത്തിനു മുന്നേ ഏകദേശം 5 നും 6 നും ഇടയിലായി ഉണരുക . വലതുവശം ചെരിഞ്ഞു സാവധാനം എഴുന്നേറ്റു കരവന്ദനം , ഭൂമീവന്ദനം എന്നിവയ്ക്കു ശേഷം കുളിച്ചു ശരീരശുദ്ധി വരുത്തി നിലവിളക്ക് തെളിയിച്ചു പ്രാർഥിക്കുക . സാഹചര്യം അനുസരിച്ചു കൈകാൽ മുഖം കഴുകി ഭസ്മധാരണ ശേഷവും ആവാം. 5 നും 6 നും  ഇടയിൽ കുളിക്കുന്നതിനു ദേവസ്‌നാനം എന്നാണ് പറയുക. കുളിക്കുന്നതിനു മുന്നേ 'ഗംഗേ ച യമുനേ ചൈവ ഗോദാവരി സരസ്വതി  നർമ്മദേ സിന്ധു കാവേരി  ജലേസ്മിൻ  സന്നിധിം കുരു ' എന്ന് ജപിച്ചു മൂന്നു തവണ കൈക്കുമ്പിളിൽ വെള്ളം എടുത്തു കുളിക്കുവാനുള്ള വെള്ളത്തിൽ ഒഴിക്കുക.

 കുളിച്ചുകഴിഞ്ഞാൽ കുറി തൊടാൻ മറക്കരുത് . ഭസ്മം ശിവ പ്രീതികരവും കുങ്കുമം ശക്തി പ്രീതികരവും  ചന്ദനം വിഷ്ണു പ്രീതികരവും ആണ് . സുമംഗലികൾ സീമന്ത രേഖയിൽ  ' ലളിതേ സുഭഗേ ദേവി സുഖസൗഭാഗ്യദായിനി അനന്തം ദേവി സൗഭാഗ്യം മഹ്യം തുഭ്യം നമോ നമഃ ' എന്ന് ജപിച്ചു സിന്ദൂരം അണിയണം.

നിത്യേന പ്രത്യക്ഷദൈവവും ഉർജ്ജസ്രോതസ്സുമായ സൂര്യദേവനെ തൊഴുക. ഗായത്രീ മന്ത്രവും ആദിത്യ ഹൃദയവും ജപിക്കുക. പ്രാണായാമം , സൂര്യനമസ്കാരം തുടങ്ങീ യോഗാസനങ്ങൾ  ശീലമാക്കുക.  

നിലവിളക്കിനു മുന്നിൽ നിന്ന് ഗണപതി , സരസ്വതി, ഗുരുവന്ദനത്തിനു ശേഷം ഇഷ്ടദേവതാ മന്ത്രങ്ങൾ ഉൾപ്പെടുത്താം. അതിൽ പഞ്ചാക്ഷരീ മന്ത്രം (ഓം നമഃ ശിവായ), അഷ്ടാക്ഷരീ മന്ത്രം (ഓം നമോ നാരായണായ), കലിദോഷ നിവാരണ മന്ത്രം ( ഹരേ രാമ ഹരേ രാമ ,രാമ രാമ ഹരേ ഹരേ, ഹരേ കൃഷ്ണ ഹരേ കൃഷ്ണ , കൃഷ്ണ കൃഷ്ണ ഹരേ ഹരേ ) , നവഗ്രഹസ്തോത്രം  എന്നിവ ഉൾപ്പെടുത്തണം.

അറിഞ്ഞുകൊണ്ട് മറ്റൊരാളെ ദ്രോഹിക്കുക, മറ്റുള്ളവരെ വേദനിപ്പിക്കുന്ന രീതിയിൽ സംസാരിക്കുക, മനഃപൂർവമുള്ള  കളിയാക്കൽ എന്നിവ തീർത്തും ഒഴിവാക്കുക. നന്മ ചെയ്‌താല്‍ ശനിദശാകാലവും കണ്ടകശ്ശനി, അഷ്ടമശ്ശനി, ഏഴരശ്ശനി  എന്നീ  കാലഘട്ടങ്ങളും വലിയ ദോഷം കൂടാതെ കടന്നുപോകും. കൂടാതെ സജ്‌ജനരക്ഷകനായ ശനിഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകുകയും ചെയ്യും.

അഹങ്കാരം, ആഡംബരം , അസൂയ, വാശി, പക, നിന്ദ, ക്രോധം എന്നീ വികാരങ്ങളെ  കഴിവതും നിയന്ത്രിക്കാൻ ശ്രമിക്കുക. ഇവയെല്ലാം നമ്മളിൽ പ്രതികൂല ഊർജം നിറയ്ക്കുന്നവയാണ് . മറ്റുള്ളവരെ പോലെ ജീവിക്കാൻ ശ്രമിക്കുമ്പോൾ ആണ് നമ്മുടെ സമാധാനം നഷ്ടമാകുന്നത് . സ്വന്തമായി ഒരു ജീവിത ശൈലി ചിട്ടപ്പെടുത്താൻ മനസ്സിനെ പ്രാപ്തമാക്കുക എന്നതാണ് പ്രധാനം. അതിനു  പ്രഭാതത്തിലെ മെഡിറ്റേഷൻ ,യോഗ എന്നിവ വളരെയധികം സഹായകമാകുകയും വ്യക്തിയിൽ അനുകൂല തരംഗം സൃഷ്ടിക്കുകയും ചെയ്യും.

മാതാ പിതാ ഗുരു ദൈവം എന്നാണല്ലോ? അതിനാൽ കൺകണ്ട ദൈവങ്ങളായ മാതാപിതാക്കളെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുക. സാധിക്കുന്ന അവസരങ്ങളിൽ ക്ഷേത്രദർശനം ശീലമാക്കുക. വ്രതാനുഷ്ഠാനങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കുക. ഇന്നത്തെ അണുകുടുംബ വ്യവസ്ഥിതിയിൽ ഒറ്റപ്പെടൽ ആണ് മനുഷ്യർ നേരിടുന്ന പ്രധാന പ്രശ്നം. പണ്ടത്തെ കൂട്ടുകുടുംബങ്ങളുടെ മഹത്വം നമുക്ക് നഷ്ടമാവുന്നു . അതിനാൽ കഴിവതും കുടുംബാംഗങ്ങളോടൊപ്പം ചെലവിടാനും സന്തോഷം പങ്കുവയ്ക്കാനുമുള്ള അവസരം സൃഷ്ടിക്കുക.   

ഭക്ഷണത്തിന് മുൻപും ശേഷവും ഈശ്വരനോട് നന്ദി പറയുക. കഴിവതും സാത്വികമായ ഭക്ഷണം  ശീലമാക്കുക. സന്ധ്യാസമയത്ത് വിളക്കിനു മുന്നിലിരുന്നുള്ള നാമജപം മുടക്കരുത്. കലിയുഗത്തിലെ ദുരിതങ്ങളിൽ നിന്ന് മോചനം നേടാൻ എളുപ്പമാർഗ്ഗമത്രേ നാമജപം. അതിൽ കീർത്തനങ്ങളും മന്ത്രങ്ങളും സ്തോത്രങ്ങളും ഉൾപ്പെടുത്താം . നിത്യേന ലളിതാ സഹസ്രനാമം ജപിക്കുന്ന കുടുംബത്തിൽ രോഗദുരിതം, ദാരിദ്ര്യം ,  ക്ലേശങ്ങൾ ,ഗ്രഹപ്പിഴാദോഷങ്ങൾ എന്നിവ അലട്ടുകയില്ല . കുടുംബൈശ്വര്യ വർധനയ്ക്കും. ഉത്തമസന്താനസൗഭാഗ്യത്തിനും സന്താനപുരോഗതിക്കും വൈധവ്യദോഷനാശത്തിനും ദീർഘായുസ്സുണ്ടാവാനും ലളിതസഹസ്രനാമ ജപം ഉത്തമമാണ്.

അലസത ഒഴിവാക്കി പുസ്തകപാരായണം , വൃക്ഷലതാതി സംരക്ഷണം , പരിസര ശുചീകരണം എന്നിവ ജീവിതത്തിന്റെ ഭാഗമാക്കുക. അതുപോലെ  ശരീരശുദ്ധിക്കും പ്രാധാന്യംനൽകുക. വൃത്തിയും വെടിപ്പും ഉള്ളയിടത്തേ ധനധാന്യസൗഭാഗ്യദായിനിയായ ലക്ഷ്മീദേവി കുടികൊള്ളുകയുള്ളൂ.

English Summary : Importance of Rituals in Daily Life 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ASTRO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA