ADVERTISEMENT

വൈശാഖമാഹാത്മ്യത്തെക്കുറിച്ചു സ്കന്ദപുരാണത്തിൽ ഏറെ പറയുന്നു. സർവവിദ്യകളിൽ ശ്രേഷ്ഠമായത് വേദവും സർവ മന്ത്രങ്ങളിൽ ശ്രേഷ്ഠമായത് പ്രണവവും സർവവൃക്ഷങ്ങളിൽ ശ്രേഷ്ഠമായത് കൽപവൃക്ഷവും സർവ പക്ഷികളിൽ ശ്രേഷ്ഠനായത് ഗരുഡനും സർവ നദികളിൽ ശ്രേഷ്ഠമായത് ഗംഗയും സർവ രത്നങ്ങളിൽ ശ്രേഷ്ഠമായത് കൗസ്തുഭവും സർവ മാസങ്ങളിൽ ശ്രേഷ്ഠമായത് വൈശാഖ മാസവുമാണ്. ദാനധർമങ്ങളുടെ പുണ്യമെന്നും വൈശാഖം അറിയപ്പെടുന്നു. വിഷ്‌ണു ആരാധനയ്ക്കാണ് വൈശാഖ മാസത്തിൽ കൂടുതൽ പ്രാധാന്യം കൽപിച്ചിരിക്കുന്നത്. സുബ്രഹ്മണ്യനും പ്രാധാന്യമുള്ള മാസമാണ് വൈശാഖം.

 

ഏതു ശുഭകാര്യങ്ങൾക്കു തുടക്കം കുറിക്കാൻ പറ്റുന്ന മാസമാണ് വൈശാഖം. വൈശാഖ ദിനങ്ങളിൽ പ്രഭാത സ്‌നാനത്തിനു വളരെയധികം പ്രാധാന്യം കൽപിച്ചിരിക്കുന്നു. ഈ സമയത്തെ പ്രഭാതസ്നാനാനത്തിൽ ത്രിലോകങ്ങളിലുള്ള സർവ തീർഥങ്ങളുടേയും സാന്നിധ്യം നദികളിലും, ആറുകളിലും, കിണറുകളിലും തുടങ്ങി എല്ലാ ജലാശയങ്ങളിലും ഉണ്ടാകുമെന്നാണ് സങ്കൽപം. അതി രാവിലെയുള്ള സ്‌നാനം സർവതീർഥസ്‌നാനഫലം നൽകുമെന്നാണ് പുരാണങ്ങൾ സൂചിപ്പിക്കുന്നത് കൂടാതെ ഈ പുണ്യ ദിവസങ്ങളിൽ സ്‌നാനം ചെയ്യുമ്പോൾ ജപിക്കേണ്ട മന്ത്രങ്ങളും പറയുന്നു. അതിപ്രകാരമാണ്.

 

 

 

 

വൈശാഖം സകലം മാസം 

 

മേഷസംക്രമണേ രവേ:

 

പ്രാത: സനിയമ: സ്നാസ്യേ 

 

പ്രീയതാം മധുസൂദന:

 

മധുഹന്തു: പ്രസാദേന ബ്രാഹ്മണാനാമനുഗ്രഹാത്

 

നിർവിഘ്നമസ്തു മേ പുണ്യം 

 

വൈശാഖ സ്‌നാനമന്വഹം

 

മാധവേ മേഷഗോദാനൗ 

 

മുരാദേ മധുസൂദന

 

പ്രാത: സ്നാനേന മേ നാഥ

 

യഥോക്തഫലദോ ഭവ

 

യഥാ തേ മാധവോ മാസോ 

 

വല്ലഭോ മധുസൂദന

 

പ്രാതസ്‌നാനേനമേതസ്മിൻ  

 

ഫലദ: പാപഹാ ഭവ.

 

(പദ്‌മപുരാണം)

 

 

 

 

മധുസൂദന ദേവേശ 

 

വൈശാഖേ മേഷഗേ രവൗ 

 

പ്രാത: സ്‌നാനം കരിഷ്യാമി 

 

നിർവിഘ്‌നം കുരു മാധവ.

 

(സ്‌കന്ദ പുരാണം)

 

 

 

 

മഹാവിഷ്‌ണു സ്‌മരണയോടെ സ്‌നാനം ചെയ്‌തതിനുശേഷം  ജപവും പൂജയും ദാനവും ചെയ്യണം. ലക്ഷ്‌മി ദേവിയെയും മഹാവിഷ്‌ണുവിനെയും പൂജിക്കുകയും വേണം. വൈശാഖമാസത്തിൽ  മഹാവിഷ്ണുവിന്റെയും ലക്ഷ്‌മി ദേവിയുടെയും സാന്നിധ്യം ഭൂമിയിലുണ്ടാകുമെന്നാണ് സങ്കൽപം. വ്രത ശുദ്ധിയോടെയും നിഷ്‌ഠയോടെയും വൈശാഖം നോറ്റാൽ ഐശ്വര്യവും സമ്പത്തുമുണ്ടാകുമെന്നു ആചാര്യന്മാർ പറയുന്നു.

 

നന്മയുടെയും അഭിവൃദ്ധിയുടെയും മാസമാണ് വൈശാഖമാസം. മാധവനു പ്രിയപ്പെട്ട മാസമായതിനാൽ മാധവമാസം എന്നും അറിയപ്പെടുന്നു. ഭഗവതപാരായണം ചെയ്യുക. വിഷ്‌ണുസഹസ്രനാമം ജപിക്കുക, വിഷ്‌ണു നാമങ്ങൾ ഉരുവിടുക, സത് ചിന്തക്കും സന്തോഷത്തിനും കാരണമാകുന്നു.

English Summary : Rituals in Vaishaka Masam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com