ADVERTISEMENT

ഗായത്രി എന്നാൽ 'ഗാനം ചെയ്യുന്നവനെ ത്രാണനം ചെയ്യുന്നത്' എന്നാണ് അർഥം . അതീവ ശ്രേഷ്ഠമായ  ഗായത്രി മന്ത്രം മന്ത്രങ്ങളുടെ മാതാവായാണ് അറിയപ്പെടുന്നത്.  ഏതു മന്ത്രജപവും  മൂന്നു തവണ ഗായത്രി   ജപശേഷം ആരംഭിക്കുന്നത് ഇരട്ടി ഫലദായകമാണ്. 

 

‘ഓം ഭൂർ ഭുവഃ സ്വഃ 

തത് സവിതുർ വരേണ്യം 

ഭർഗോ ദേവസ്യ ധീമഹി 

ധിയോ യോ നഃ പ്രചോദയാത് '

സാരം: ലോകം മുഴുവൻ പ്രകാശം പരത്തുന്ന സൂര്യഭഗവാൻ അതുപോലെ നമ്മുടെ ബുദ്ധിയെയും പ്രകാശിപ്പിക്കട്ടെ.

 

ബുദ്ധിക്ക്  ഉണർവ് ഏകുന്ന മന്ത്രമാണിത് . അത് ജ്ഞാനത്തിനു മാത്രമുള്ള ബുദ്ധി എന്നല്ല ഉദ്ദേശിക്കുന്നത്. കാര്യങ്ങൾ യഥാസമയത്ത് മനസ്സിലാക്കാനും വേണ്ട കാര്യങ്ങൾ വേണ്ട സമയത്ത് പ്രവർത്തിക്കാനുള്ള വിവേക ബുദ്ധി, പ്രായോഗിക ബുദ്ധി  എന്നിവയെല്ലാം ഇതിൽപ്പെടും . അതിനാൽ ഏതു പ്രായത്തിലുള്ളവരും ഗായത്രി മന്ത്രജപം പതിവാക്കുന്നത് ഉത്തമമാണ് . എല്ലാത്തിലും തടസ്സങ്ങളും തിരിച്ചടികളും നേരിടുമ്പോൾ പൊതുവെ നമ്മൾ ബുദ്ധിമുട്ട് എന്നാണ് പറയുക . അതായത് ബുദ്ധിക്കു മുട്ട് അഥവാ തടസ്സം നേരിടുക . ഇത്തരം ബുദ്ധിമുട്ടുകൾ തരണം ചെയ്യാൻ നിത്യവും ഉള്ള ഗായത്രീ മന്ത്രോപാസന ഉത്തമമത്രേ.  

സൂര്യദേവനോടുള്ള പ്രാർഥനയാണിത് . സൂര്യോദയത്തിനു മുൻപുള്ള പ്രഭാത സന്ധ്യയിലും സൂര്യൻ ഉച്ചസ്ഥായിൽ നിൽക്കുന്ന മദ്ധ്യാഹ്ന സമയത്തും സൂര്യാസ്തമയത്തിനു തൊട്ടുമുന്നെയുള്ള സായം സന്ധ്യയിലും ഗായത്രി ജപിക്കാം എന്ന് പറയപ്പെടുന്നു . സൂര്യ പ്രീതികരമായ മന്ത്രം ആയതിനാൽ അസ്തമയശേഷം ഈ ജപം പാടില്ല. 108 തവണ ജപിക്കുന്നത് ശ്രേഷ്‌ഠം. ജീവിതത്തിരക്കിനിടയിൽ ഒരു നേരം കുറഞ്ഞത് 10 തവണ എങ്കിലും അർഥം മനസ്സിലാക്കി ജപിക്കുന്നത് അത്യുത്തമം.    

രാവിലെ ജപിക്കുന്നതിലൂടെ സരസ്വതീദേവിയുടെ അനുഗ്രഹത്താൽ  ജ്ഞാനവും ഉച്ചയ്ക്കു ജപിക്കുന്നതിലൂടെ  ദുർഗ്ഗാദേവിയുടെ അനുഗ്രഹത്താൽ  ദുരിതശാന്തിയും സന്ധ്യയ്ക്കു ജപിക്കുന്നതിലൂടെ  ലക്ഷ്മീ ദേവിയുടെ അനുഗ്രഹത്താൽ ഐശ്വര്യവും ലഭിക്കും എന്നാണ് പറയപ്പെടുന്നത് . മന്ത്രത്തിന്റെ അധിഷ്ഠാത്രിയായ ദേവി പഞ്ചമുഖിയും ദശഹസ്തയുമാണ്. തേജസ്സ്‌, യശസ്സ്, വചസ്സ്‌ എന്നീ ശക്തികൾ ചേരുന്ന ഊർജ സ്രോതസ്സാണു ഗായത്രി. ഗായത്രീമന്ത്രം ഉരുവിടുമ്പോൾ ഈ മൂന്നു ശക്തികൾ നമുക്ക് അനുഗ്രഹം നൽകുന്നു

ഗായത്രീ ജപം ക്ഷേത്ര ദർശന വേളയിലായാൽ  നാലിരട്ടി ഫലദായകമെന്നാണ് വിശ്വാസം . ഉറക്കെ ജപിക്കുന്നതിലും നല്ലത് മനസ്സിൽ ഉരുവിടുന്നതാണ്. മനഃശുദ്ധിയും മനോബലവും വർധിപ്പിക്കുന്നതിനോടൊപ്പം  പോസിറ്റീവ് എനർജി നിറയ്ക്കാനും അതിലൂടെ ഐശ്വര്യം വർധിപ്പിക്കാനും ഗായത്രി ജപം സഹായിക്കും.

English Summary : Significance and Benefits of Gayathri Mantra

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com