ADVERTISEMENT

സമീപകാലത്തായി നവവധുക്കളുടെ അല്ലെങ്കിൽ നവഭാര്യമാരുടെ ഭർതൃഗൃഹത്തിലെ പീഡനങ്ങളും നവവധുക്കളുടെ ആത്മഹത്യകളും, കൊലപാതകങ്ങളും വർധിച്ചു വരുന്നതിന്റെ സാമൂഹികകാരണങ്ങൾ പലതാണ്. സ്ത്രീധനം, മദ്യപാനം, മയക്കുമരുന്ന്, വിവാഹപൂർവ-വിവാഹാനന്തര പരസ്ത്രീ- പുരുഷ ബന്ധങ്ങൾ, മാനസികാരോഗ്യ പ്രശ്നങ്ങൾ, നവമാധ്യമങ്ങളുടെ അമിത ഉപയോഗം, ലഹരി തുടങ്ങി പല കാരണങ്ങളും അവയിൽ പെടും. എന്നാൽ ഇത്തരം വിഷയങ്ങളെ മാറ്റിനിർത്തി വിവാഹപ്പൊരുത്തം നോക്കിയ ജ്യോത്സ്യനെയും വിവാഹപ്പൊരുത്തം എന്ന ജ്യോതിഷ വിഷയത്തെയും ആക്രമിക്കുകയാണു ചിലർ.

 

വിവാഹപ്പൊരുത്തം നോക്കുന്നതിന് കൃത്യമായ പദ്ധതിയുണ്ട്. അതിൽ ആദ്യം നക്ഷത്രപ്പൊരുത്തം. സ്ത്രീയും പുരുഷനും വിവാഹത്തിന് അനുയോജ്യരാണോ എന്ന് അവർ ജനിച്ച നക്ഷത്രങ്ങളുടെ അടിസ്ഥാനത്തിൽ പരിശോധിക്കണം. നാൾപൊരുത്തം 50 ശതമാനത്തിന് മുകളിൽ വന്നാൽ സ്വീകാര്യം, 55 -60 ശതമാനമാണ് ചുരുങ്ങിയ കണക്ക്.

 

 ജാതക ചേർച്ച

 സ്ത്രീ ജാതകത്തിലെയും പുരുഷ ജാതകത്തിലെയും ലഗ്നം, 2,  4, 12 എന്നീ സ്ഥാനങ്ങളിൽ പാപഗ്രഹങ്ങൾ (ദോഷഗ്രഹങ്ങൾ) ആയ രവി, ശനി, രാഹു, ചൊവ്വ എന്നിവയുടെ സ്ഥിതി സമമാണോ (തുല്യമാണോ) എന്ന് വിലയിരുത്തുന്നു. തുല്യമായാൽ സ്വീകാര്യം ഇതിനെ സാമാന്യപാപയോഗ വിശകലനം എന്ന് പറയാം. ലഗ്നാലും, ചന്ദ്രലഗ്നാലും മേൽപറഞ്ഞ പാപം കണക്കാക്കുന്നത്. 

 

ഇനി സ്ത്രീജാതകത്തിലും പുരുഷജാതകത്തിലും ലഗ്നത്തിന്റെയും ചന്ദ്രന്റെയും, ശുക്രന്റെയും 7–ാം രാശിയിൽ (മംഗല്യരാശി) ചൊവ്വ, ശനി, രാഹു, സൂര്യൻ എന്നീ ഗ്രഹങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കണം. അവ സമമായി കണ്ടാൽ ജാതകപ്പൊരുത്തമുണ്ട്. ഇനി മേൽപറഞ്ഞഗ്രഹങ്ങൾ ലഗ്നാലോ ചന്ദ്രാലോ ശുക്രാലോ സ്ത്രീപുരുഷ ജാതകത്തിൽ 8 - ൽ നിന്നാലും ദോഷമുണ്ട് അതിന് സ്ത്രീജാതകത്തിലെ 8 -ലെ പാപഗ്രഹത്തിന് കൂടുതൽ പ്രാധാന്യം സൂചിപ്പിക്കുന്നു. ഈ ദോഷങ്ങൾ പുരുഷജാതകത്തിലും കണക്കാക്കേണ്ടതാണ്.

 

 ചൊവ്വാദോഷത്തിനു  പ്രാധാന്യമുണ്ട്

പുരുഷജാതകത്തിലെ ചൊവ്വാദോഷം സ്ത്രീക്കും, സ്ത്രീജാതകത്തിലേത് പുരുഷനും ദാമ്പത്യജീവിതത്തിന് ഹാനിവരുത്തും എന്നതാണ് കാരണം. ലഗ്നാലുള്ള പാപത്തിന് 100 ശതമാനവും ചന്ദ്രാൽ ഉള്ളതിന് 50 ശതമാനവും ശുക്രാൽ ഉള്ളതിന് 25 ശതമാനവും പാപത്വം കണക്കാക്കണം എന്നതാണ് പൊതുരീതി. മേൽപ്പറഞ്ഞ രീതിയിൽ പാപസാമ്യതയും ചൊവ്വാദോഷവും, പാപസാമ്യവും തമ്മിൽ തുല്യത വന്നാൽ ജ്യോതിഷപരമായി വിവാഹം നടത്താം. ലഗ്നാലുള്ള പാപദോഷത്തിനാണ് പ്രാധാന്യം.

 

ദശാസന്ധി ദോഷം കൂടി നോക്കണം. പരസ്‌പര ശത്രുക്കളായ ഗ്രഹങ്ങളുടെ ദശാകാലം ഒരേ സമയം (ശരാശരി 6 മാസം) വരുന്നത് ചില കഷ്ടതകൾക്കും ഇടയാക്കും. എന്നാൽ മിത്രഗ്രഹങ്ങളുടെയും സമന്മാരായ ഗ്രഹങ്ങളുടെയും കാര്യത്തിൽ ഇത് അത്രയും ബാധകമല്ല. അതായത് പുരുഷൻ രാഹു ദശയും സ്ത്രീക്ക് ചൊവ്വാ ദശയും 6 മാസത്തെ കാലയളവിന് ഉള്ളിൽ വന്നാൽ ദോഷകരമാവും. എന്നാൽ ശുക്രദശയും ബുധദശയും ആണെങ്കിൽ ദോഷാധിക്യം ഇല്ല.

ചന്ദ്രാലോ, ലഗ്നാലോ 1, 2, 4, 12, 7, 8 രാശികളിൽ രവി, ചൊവ്വ, രാഹു, ശനി എന്നീ ഗ്രഹങ്ങൾ ഇല്ലാതെ വന്നാൽ അത് ശുദ്ധജാതകം.

 

സാമാന്യപാപജാതകം – ചന്ദ്രാലോ, ലഗ്നാലോ 1,2,4,12 രാശികളിൽ രവി, ചൊവ്വ, ശനി, രാഹു നിന്നാൽ സാമാന്യ പാപജാതകം. 

 

കഠിനപാപജാതകം –  ചന്ദ്രാലോ, ലഗ്നാലോ 7,8 രാശികളിൽ രവി, ചൊവ്വ, ശനി, രാഹു നിന്നാൽ കടുത്ത പാപജാതകം എന്ന് പറയാം. ഇതോടൊപ്പം 1,2,4,12 ലും കൂടി പാപഗ്രഹങ്ങൾ നിന്നാൽ അതികഠിനപാപജാതകം എന്ന് പറയണം. 

 

പാപസംഖ്യ കണക്കാക്കാനും മാനദണ്ഡങ്ങൾ ഉണ്ട്. മേൽപറഞ്ഞ രവി, ചൊവ്വ, ശനി, രാഹു എന്നീ ഗ്രഹങ്ങൾക്ക് അവരുടെ രാശി സ്ഥിതി അനുസരിച്ച് പാപദോഷത്തിൽ ഏറ്റക്കുറച്ചിലുകൾ വരും. അതു കൂടി പരിഗണിച്ച് പാപസാധ്യത കണക്കാക്കണം. ചൊവ്വാദോഷം ലഗ്നാൽ 7, 8 ൽ നിന്നാൽ ദോഷം കൂടും എന്നാൽ ചില രാശികളിൽ ദോഷത്തിന്റെ അളവ് കുറയും എന്നല്ലാതെ ദോഷം തീരെ ഇല്ലാതാകുന്നില്ല. എന്നതാണ് അനുഭവ പാഠം.

സ്ത്രീ ജാതകത്തിലേയും പുരുഷജാതകത്തിലേയും 7–ാം ഭാവാധിപൻ 6,8,12 രാശികളിൽ നിൽക്കുകയോ 7–ാം ഭാവാധിപന് പാപഗ്രഹങ്ങളും ആയ ചൊവ്വ, രാഹു, ശനി, രവി എന്നിവയും ആയി യോഗമോ ദൃഷ്‌ടിയോ വന്നാലും വിവാഹ ജീവിതത്തിൽ പൊരുത്തക്കേട് ഉണ്ടാകും. വിവാഹം നിയമപ്രകാരം നടത്തിയാലും ഇല്ലെങ്കിലും ഒരുമിച്ച് സ്ഥിരമായി താമസിച്ചാൽ വിവാഹപ്പൊരുത്ത നിയമങ്ങൾ അനുഭവിക്കേണ്ടി വരും. ലിവിങ് ടുഗതർ ആയവർ ജാഗ്രത പാലിക്കുക.

 

ഭാരതീയ വിവാഹ രീതികൾ

ബ്രാഹ്മ്യം, പ്രജാപത്യം, ആർഷം, ദൈവം, ഗാന്ധർവം, ആസുരം, രാക്ഷസം, പൈശാചികം എന്നിങ്ങനെ എട്ട് തരത്തിൽ ഉണ്ട്. ഇതിൽ ആദ്യത്തെ 4 വിധ വിവാഹവും ഉത്തമവും, ഗാന്ധർവം (ഇപ്പോഴത്തെ പ്രേമ വിവാഹം) മധ്യമം. ബാക്കി പറഞ്ഞ 3 തരം വിവാഹവും അധമ വിഭാഗത്തിലാണ്. വിവാഹപ്പൊരുത്ത വിഷയത്തിൽ സ്ത്രീയും പുരുഷനും തമ്മിൽ യാതൊരു വിവേചനവും ജ്യോതിഷം കൽപ്പിച്ചിട്ടില്ല. ചൊവ്വാ ദോഷം ഉള്ള പുരുഷനും ചൊവ്വാ ദോഷം ഉള്ള സ്ത്രീയും ഉണ്ട്. ചൊവ്വാദോഷം സ്ത്രീക്കു മാത്രം ബാധകമാണ് എന്ന ധാരണ ശരിയല്ല.

 

സ്ത്രീക്ക് പുരുഷൻ അനുയോജ്യനാണോ എന്നതാണ് വിവാഹപൊരുത്തം ചിന്തിക്കുന്നത്. ഭാരതീയ ജ്യോതിഷം സ്ത്രീയുടെ സുരക്ഷ ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് അതിന്റെ നിയമങ്ങൾ രൂപീകരിച്ചിരിക്കുന്നത്. വിവാഹപ്പൊരുത്തം ശരിയായി നോക്കിയാൽ വലിയ കുഴപ്പം കൂടാതെ ദാമ്പത്യം തുടരാൻ സാധിക്കും എന്നതിന് ധാരാളം ഉദാഹരണങ്ങൾ സമൂഹത്തിനു മുന്നിലുണ്ട്.

 

ലേഖകൻ

ആർ. സഞ്ജീവ്കുമാർ PGA

ജ്യോതിസ് അസ്‌ട്രോളജിക്കൽ റിസർച്ച് സെന്റർ

ലുലു അപ്പാർട്ട്മെന്റ്, തൈക്കാട് പി. ഒ .

തിരുവനന്തപുരം 695014

ഫോൺ : 8078908087, 9526480571

E-mail:jyothisgems@gmail.com

 

Content Summary : Why People Blame Astrologer For Troubled Marriage

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com