ADVERTISEMENT

 

ശ്രാദ്ധ കർമങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ ഒരു ചൊല്ലുണ്ട് ഇല്ലം വല്ലം നെല്ലി ഈ സ്ഥലങ്ങളിൽ ബലി ഇടുന്നതാണ് ഏറ്റവും ഉത്തമം. ഇല്ലം എന്നു പറഞ്ഞാല്‍ സ്വന്തം വീട്. വല്ലം എന്നു പറയുന്നത് തിരുവല്ലം ക്ഷേത്രം. നെല്ലി എന്നു പറയുന്നത് തിരുനെല്ലി ക്ഷേത്രം. ഈ സ്ഥലങ്ങളിൽ വച്ച് ബലി ഇടുന്നതാണ് ഏറ്റവും ഉത്തമം എന്നു കരുതപ്പെടുന്നു. മറ്റുള്ള ക്ഷേത്രസങ്കേതങ്ങളോ ജലാശയങ്ങൾക്കു സമീപമോ ഉള്ള ബലികൾ മോശമാണെന്നല്ല അതിന്റെ അർഥം. പക്ഷേ ഏറ്റവും ഉത്തമമായിട്ടുള്ളത് സ്വന്തം വീട്ടിൽ ബലി ഇടുന്നതാണ്. സംസ്കൃതഭാഷയിലുള്ള ശ്ലോകങ്ങൾ ചൊല്ലിയാണ് ബലി ഇടുന്നത്. പക്ഷേ ആ ശ്ലോകങ്ങളുടെ അർഥമോ അതിന്റെ വ്യാകരണമോ അറിയാതെയാണ് നമ്മൾ ബലിയിടാറുള്ളത്. ഈ ശ്ലോകങ്ങളുടെ അർഥം ഗ്രഹിച്ചുകൊണ്ട് അത് മനസ്സിൽ സങ്കൽപിച്ചുകൊണ്ട് സമർപണത്തോടു കൂടി ബലി ഇടുന്നതാണ്  ഉത്തമം. കാരണം സംസ്കൃത ശ്ലോകങ്ങളെ സംബന്ധിച്ചിടത്തോളം അക്ഷരശുദ്ധി, വ്യാകരണശുദ്ധി, ഛന്ദസ് (tune) എന്നിവ ശരിയായി വേണം എന്ന നിബന്ധനകളുണ്ട്. പൊതുവേദിയിൽ പോയി ബലി ഇടുമ്പോൾ ഒരുപാട് ആൾക്കാരുള്ള സാഹചര്യത്തിൽ ആചാര്യൻ പറഞ്ഞു തരുന്ന ശ്ലോകങ്ങൾ നമുക്ക് പൂർണമായി ഗ്രഹിക്കാനോ അതിന്റെ അർഥം മനസ്സിലാക്കാനോ സാധിക്കാതെ വരുന്നു. അങ്ങനെ വരുമ്പോൾ എന്തിനു വേണ്ടിയാണ് ബലി ഇടുന്നത് എന്താണ് പ്രാർഥിക്കേണ്ടത് എന്ന് സ്വയം നമ്മൾ ഉൾക്കൊണ്ടുകൊണ്ട് 

നമ്മുടെ വീട്ടിൽ തന്നെ വളരെ ലളിതമായി ബലിതർപ്പണം നടത്താം. 

 

ബലിക്ക് ആവശ്യമായ വസ്തുക്കൾ

 

1. നന്നായി തേച്ചു മിനുക്കിയ നിലവിളക്ക്

2. കിണ്ടി

3. തൂശനില – 2 എണ്ണം

4. കാരെള്ള് – 10 ഗ്രാം

5. വെളുത്ത പുഷ്പം, തുളസിപ്പൂവ്, ചെറുപൂള അഥവാ ബലി പൂവ് ഇവ ഓരോന്നായോ ഇവയെല്ലാംകൂടി എടുത്തതോ രണ്ടു നാഴി 

6. ചന്ദനം – 10 ഗ്രാം

7. ഉണക്കലരി – 1/2 കിലോ

8. ഒൻപത് ഇഞ്ച് നീളത്തിൽ മുറിച്ചെടുത്ത ഒൻപത് ദർഭപുല്ല് ഇത്രയുമാണ് അത്യാവശ്യമായി ബലിക്കു വേണ്ട സാധനങ്ങൾ. 

 

ബലി ഇടുന്നതിന്റെ തൊട്ടു മുൻപുള്ള ദിവസം ഒരിക്കലെടുത്ത് വളരെ ഭക്തിപുരസ്സരം ബലിക്കു േവണ്ടി തയാറാകണം. ബലി ഇടുന്നതിനു മുൻപ് വീടിന്റെ തെക്കു കിഴക്കേ മൂലയ്ക്കായി മുക്കാൽ മീറ്റർ വ്യാസത്തിൽ ഒരു സ്ഥലത്ത് ചാണകം മെഴുകി ശുദ്ധമാക്കിയ സ്ഥലത്തു നിന്നു വേണം ബലിയിടാൻ. അതിനു മുൻപ് തന്നെ അവിടെ ചാണക വെള്ളം തളിച്ച് ശുദ്ധി വരുത്തുക. വീട്ടിലെ അടുപ്പാണെങ്കിൽ ശുദ്ധി വരുത്തിയ സ്ഥലത്തോ വീടിനു പുറത്തെവിടെയെങ്കിലുമോ ബലിക്കു വേണ്ട ചോറ് പറ്റിച്ചെടുക്കുന്നതിനു വേണ്ടി അടുപ്പ് റെഡിയാക്കണം. രാവിലെ കുളിച്ച് അരി കഴുകി തെക്കോട്ട് തിരിഞ്ഞു നിന്ന് പിതൃക്കൾക്ക് വാവുബലി ഇടാൻ പോകുന്നു അരി പറ്റിച്ചെടുക്കാൻ പോകുന്നു എന്ന സങ്കൽപത്തിൽ വിരാട് രൂപിയായ വിഷ്ണു ഭഗവാനെ സ്മരിച്ച് അരി തിളപ്പിച്ച്  പറ്റിച്ചെടുക്കുക. അതിനു ശേഷം നമ്മൾ നേരത്തേ ഒരുക്കി വച്ചിരുന്ന സ്ഥലത്ത് വന്ന് ഇരുന്ന് വിളക്ക് സ്ഥാപിക്കുക. വിളക്കിന്റെ തെക്ക് വടക്ക് ഭാഗത്തായി രണ്ടു തിരിയിടുക. ആ വിളക്കിൽ ശുദ്ധമായ നല്ലെണ്ണ ഒഴിക്കുക. ആ തിരി ഭയഭക്തിയോടെ പരമേശ്വരനെ ധ്യാനിച്ചു കൊണ്ട് തിരി കത്തിക്കുക. അപ്പോൾ പ്രാർഥിക്കേണ്ടത്. 

 

ശിവം ഭവതു കല്യാണം 

ആയുരാരോഗ്യ വർധനം

സർവദുഃഖ വിനാശായ 

ശ്രീ ജീവഃജ്യോതി നമോസ്തുതേ! എന്ന് അകമഴിഞ്ഞു പാർഥിക്കുക. ആ വിളക്കിന്റെ മുൻഭാഗത്തായി തൂശനില വയ്ക്കുക. ആ തൂശനിലയുടെ വലതു ഭാഗത്തായി രണ്ടാമത്തെ തൂശനില വയ്ക്കുക. കിണ്ടി ഇടത്തു സൈഡിലായി വയ്ക്കുക. ആ കിണ്ടിയിൽ ജലം നിറച്ചു വയ്ക്കുക. വലതു വശത്തായി വച്ചിരിക്കുന്ന ഇലയിൽ പറ്റിച്ചെടുത്ത ചോറ്, കാരെള്ള്, പൂവ്, ദർഭപുല്ല്, ചന്ദനം ഇവ വയ്ക്കുക. കിണ്ടിക്കുള്ളിലേക്ക് അരി, കുറച്ച് ചന്ദനം, ഉപ്പ് ഇതെടുത്ത് കിണ്ടിയിൽ നിക്ഷേപിച്ച് കിണ്ടി വലതത്തു കൈ കൊണ്ട് അടച്ചു പിടിച്ച് വലതു കൈയിലെ മോതിരവിരൽ കിണ്ടിയിലെ വെള്ളത്തിൽ സ്പർശിക്കുന്ന ത‌ക്കവണ്ണം പിടിച്ച് ഇടതു കൈയ് വലതു കൈയുടെ മുകളിൽ പിടിച്ച് ഗംഗയെ ജപിക്കുക.

 

ഗംഗേ ച യമുനേ ചൈവ ഗോദാവരി സരസ്വതി  

നർമ്മദേ സിന്ധു കാവേരി  ജലേസ്മിൻ  സന്നിധിം കുരു 

 എന്നു ജപിച്ച് കിണ്ടി വാലിൽ നിന്നു വെള്ളമെടുത്ത് കിണ്ടിക്കകത്തേക്ക് മൂന്നു പ്രാവശ്യം ഒഴിക്കുക. അതിനു ശേഷം കിണ്ടി വാലിൽ നിന്ന് കുറച്ചു വെള്ളമെടുത്ത് ബലിക്ക് ആവശ്യമുള്ള സ്ഥലത്തേക്കും സാധനങ്ങളിലേക്കും നമ്മളിലേക്കും തളിച്ച് ശുദ്ധി വരുത്തുക. ഇരിക്കുന്നതിന്െ ഇടതു ഭാഗത്ത് ഒരു പൂവ് ആരാധിച്ച് ഗുരുവിനെ സ്മരിക്കുക. 

 

ഗുരുർ ബ്രഹ്മാ ഗുരുർ വിഷ്ണു

ഗുരുർ ദേവൊ മഹേശ്വരഃ

ഗുരു സാക്ഷാത് പരബ്രഹ്മ

തസ്മൈ ശ്രീ ഗുരവേ നമഃ... എന്ന് സ്മരിക്കുക. അതുപോലെ തന്നെ നമ്മൾ ഇരിക്കുന്ന വലതു സൈഡിൽ 

ഒരു പൂവ് ആരാധിച്ച് ഭഗവാൻ വിഘ്നേശ്വരനെ സ്മരിച്ചു കൊണ്ട് ഗംഗണപതിയേ നമഃ എന്നു പറഞ്ഞു കൊണ്ട് ഒരു പൂവ് ആരാധിക്കുക. അതിനു ശേഷം ഗണപതിയെ സ്മരിക്കുക. 

 

ഏകദന്തം മഹാകായം

തപ്തകാഞ്ചന സന്നിഭം

ലംബോദരം, വിശാലാക്ഷം 

വന്ദേഹം ഗണനായകം ഇത്രയും സ്മരിച്ചു കൊണ്ട് െചയ്യുക. അതിനു ശേഷം ദർഭപുല്ല് നമ്മൾ രണ്ടു കൈയിലും കൂടി എടുത്ത് അതിന്റെ കൂെട കുറച്ച് പൂവും ചന്ദനവും എടുത്ത് നെഞ്ചോടു ചേർത്തു വച്ച് സ്മരിക്കേണ്ടതുണ്ട്.മൺമറഞ്ഞു പോയ നമ്മുെട പിതാക്കൻമാർക്കും പിതൃക്കൾക്കും അവരുമായി ബന്ധപ്പെട്ട ജ്ഞാത – അജ്ഞാത പിതൃക്കൾക്കും ഞാൻ ബലികർമം നടത്താൻ പോകുന്നു അതിനായി എല്ലാ പിതൃക്കളുെടയും സാന്നിധ്യം ഇവിടെ ഉണ്ടാകേണമേ എന്ന് അകമഴിഞ്ഞു പ്രാർഥിച്ചു കൊണ്ട്  ദർഭപുല്ല് നെഞ്ചോട് ചേർത്തു വച്ച് ഒരു നിമിഷം പ്രാർഥിച്ച് ഈ ദർഭപുല്ല് മുഖ്യമായി വച്ചിരിക്കുന്ന ഇലയുടെ മധ്യത്തിലായി വയ്ക്കുകയും അതിനു ശേഷം നേരേ മുകളിലേക്ക് നോക്കി ആകാശം ധ്യാനിച്ചു കൊണ്ട് മരിച്ചു പോയ അല്ലെങ്കിൽ മൺമറഞ്ഞ നമ്മുടെ എല്ലാ പൂർവ പിതാക്കളെയും പിതൃക്കളെയും സ്മരിച്ചു കൊണ്ട് 

 

‘ആകശ്ച

ആകശ്ച

ആവാഹയാമി’ എന്ന് പ്രാർഥിക്കുക.

 

കൂടുതൽ അറിയാൻ വിഡിയോ കാണാം 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com