ADVERTISEMENT

വീടിന്റെ പ്രധാനവാതിലിൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ പ്രതികൂല ഊർജത്തെ തടഞ്ഞു സമ്പത്തും ഐശ്വര്യവും  ഉണ്ടാകുമെന്നാണ് വിശ്വാസം . ഇങ്ങനെയുള്ള ഭവനങ്ങളിൽ വസിക്കുന്നവർക്കു നാൾക്കുനാൾ അഭിവൃദ്ധിയുണ്ടാവും. ചില ഭവനങ്ങളിൽ താമസിക്കുമ്പോൾ നിസ്സാര കാര്യങ്ങൾക്കു വഴക്ക് , എത്രകിട്ടിയാലും  തികയാതെ വരുക , അടിക്കടി രോഗദുരിതങ്ങൾ എന്നിവ അനുഭവത്തിൽ വരാം . ഇങ്ങനെയുള്ളവ ഒരുപരിധി വരെ നീങ്ങുന്നതിനുള്ള മാർഗങ്ങളും  ഐശ്വര്യത്തിനായി പ്രധാനവാതിലിൽ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും  വിശദമാക്കുകയാണ് ജ്യോതിഷഭൂഷണം പ്രജീഷ് .ബി.നായർ

 

 

വീടിന്റെ ഐശ്വര്യത്തിന്റെ മുഖ്യ ഭാഗമാണ് പ്രധാനവാതിൽ . പ്രധാനവാതിലിനു സമീപത്തായി ഈ ഒരു കാര്യം ചെയ്‌താൽ പ്രതികൂല ഊർജത്തെ തടയാനാകും എന്നാണ് വിശ്വാസം . അതിനായി സൗകര്യപ്രദമായ  ദിനത്തിൽ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ഭസ്മാഭിഷേകം നടത്തി പ്രസാദമായി ലഭിക്കുന്ന ഭസ്മം വീട്ടിൽ കൊണ്ടുവയ്ക്കുക. കറുത്തവാവ് കഴിഞ്ഞു വരുന്ന ചൊവ്വാഴ്ച ഭസ്മാഭിഷേകം നടത്തുന്നത് അത്യുത്തമം . ഈ ഭസ്മം പേപ്പറിൽ പൊതിഞ്ഞു  ഏതെങ്കിലും  ചൊവ്വാഴ്ച സൂര്യോദയത്തിനു മുന്നേ വടക്കോട്ടു ദർശനമായി നിന്ന് "ഓം ഭവായ നമഃ" എന്ന് 9 തവണ ജപിച്ചു പ്രധാനവാതിലിനു മുകളിൽ  വയ്ക്കുക . ആരുടേയും ശ്രദ്ധ  പതിയാത്ത രീതിയിൽ  പ്രധാനവാതിലിനു മുകളിലായി ഫോട്ടോ ഉണ്ടെങ്കിൽ അതിനു പിന്നിലായി വയ്ക്കാം. 

 

 

പ്രധാന വാതിലിനു മുകളിലായി കണ്ണാടി സ്ഥാപിക്കുന്നത് ഉത്തമമാണ് . കണ്ണാടിയിൽ നമ്മെ കാണണം എന്ന് നിർബന്ധമില്ല . പുറത്തു നിന്ന് ഒരാൾ ഭവനത്തിലേക്ക് വരുമ്പോൾ കണ്ണാടി ശ്രദ്ധിക്കുന്ന രീതിയിലാവണം സ്ഥാപിക്കേണ്ടത് . അനുകൂലവും പ്രതികൂലവും ആയ  പല ചിന്തകളോടെയുള്ള വ്യക്തികളാവും ഭവനത്തിലേക്ക് വരുക. പെട്ടെന്നു അവരുടെ ശ്രദ്ധ തിരിക്കാൻ ഈ കണ്ണാടിയിലൂടെ സാധിക്കുമെന്ന തത്വമാണ് ഇതിനു പിന്നിൽ.

 

കൂടാതെ പൂജാ മുറിയിലോ പ്രാർഥിക്കുന്ന സ്ഥലത്തോ കളിമൺ കൃഷ്ണ രൂപം മാലചാർത്തി വയ്ക്കുക . തറ നിരപ്പിൽ  നിന്ന് അൽപം  ഉയരത്തിൽ ആവണം വിഗ്രഹ സ്ഥാനം. ഭഗവാന്റെ കാൽക്കൽ ഒരു വാൽക്കണ്ണാടി സ്ഥാപിക്കുന്നത് ജീവിത ഉന്നതിക്ക് കാരണമാകും എന്നാണ് വിശ്വാസം. 'ഓം കൃഷ്ണായ നമഃ' എന്ന് ജപിച്ചു ഭഗവാന്റെ മുന്നിൽ കർപ്പൂരം കത്തിക്കുന്നത് സദ്‌ഫലം നൽകും.   

 

പൗർണമി ദിവസം 108 നാരങ്ങാ കൊണ്ട് മാലകെട്ടി അടുത്തുള്ള ഭദ്രകാളി ക്ഷേത്രത്തിൽ സമർപ്പിച്ചു പ്രാർഥിക്കുക  . അമ്മയെ ഭജിച്ചുകൊണ്ടു സ്വയം മാലകെട്ടുന്നതാണ് ഉത്തമം. സാധിക്കാത്തവർക്കു മാല വാങ്ങി സമർപ്പിക്കുന്നതിലും തെറ്റില്ല .  മാല കയ്യിൽ പിടിച്ചു മൂന്നു പ്രദക്ഷിണം വച്ച ശേഷം സമർപ്പിക്കുന്നതിലൂടെ സർവൈശ്വര്യം ലഭിക്കുമെന്നാണ് പറയപ്പെടുന്നത് . കൂടാതെ പൗർണമി  നാളിൽ ഗണപതി ഹോമവും ഭഗവതിസേവയും ക്ഷേത്രത്തിൽ സമർപ്പിച്ചു തൊഴുതു പ്രാർഥിക്കുന്നതും നന്ന് .

 

പ്രതികൂല ഊർജത്തെ തടുക്കാനായി പഴമക്കാർ ചെയ്തു  പോന്നിരുന്ന ഒരു ഉത്തമ മാർഗമുണ്ട്. സാധിക്കുമെങ്കിൽ അൽപം  ചാണകം കലക്കി വിളക്ക് തെളിയിക്കുന്നതിന് മുന്നേ രാവിലെയും വൈകിട്ടും മുറ്റത്തു തളിക്കുക. വിപരീത ഊർജത്തെ തടുക്കുമെന്നു മാത്രമല്ല ഭവനത്തിൽ ഐശ്വര്യം നാൾക്കുനാൾ വർധിക്കുകയും ചെയ്യും.  

 

ലേഖകൻ 

ജ്യോതിഷഭൂഷണം പ്രജീഷ് .ബി.നായർ, 

ശിവപാർവതീ ജ്യോതിഷാലയം , 

നാലുകോടി പി. ഒ, 

ചങ്ങനാശ്ശേരി  

Ph : 9562988304

 

കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കാം

pregeeshbnairastrologer youtube channel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com