ADVERTISEMENT

നമ്മുടെ ജീവിതത്തിൽ നിർണായക സ്വാധീനമാകാൻ പേരിനു കഴിയുമെന്നാണ് ജ്യോതിഷം പറയുന്നത്. ഒരു പേരിലെന്തിരിക്കുന്നു എന്ന ചോദ്യത്തെ പ്രശസ്തമാക്കിയത് വില്യം ഷേക്സ്പിയർ എന്ന വിശ്രുത ഇംഗ്ലീഷ് എഴുത്തുകാരനാണ്. പേരിനു മാത്രമല്ല, പേരിലെ ഓരോ അക്ഷരങ്ങൾക്കും ഒരു വ്യക്തിയുടെ ജീവിതത്തിൽ ഭാഗ്യം കൊണ്ടുവരാൻ കഴിയുമെത്രെ. എങ്ങനെയാണ് അതെന്നു നോക്കാം.

 

ഒരു കൂട്ടം അക്ഷരങ്ങൾ ചേർന്ന് വരുമ്പോഴാണ് ഒരു വ്യക്തിയുടെ പേരുണ്ടാകുന്നത്. പാരമ്പര്യം, മതം, സംസ്കാരം എന്നിവയുടെയൊക്കെ അടിസ്ഥാനത്തിലായിരിക്കും ഒരു കുഞ്ഞു ജനിക്കുമ്പോൾ മാതാപിതാക്കൾ ആ കുഞ്ഞിനൊരു പേരിടുന്നത്. ആ പേരിലൂടെയാണ് തുടർന്നീ ലോകത്തു അവർ അറിയപ്പെടുന്നത്. പല മാതാപിതാക്കളും ഏറെ തിരഞ്ഞാണ് മക്കൾക്കൊരു പേരുകണ്ടെത്തുന്നത്. 

 

ഒരു വ്യക്തിയുടെ സ്വഭാവത്തെ സ്വാധീനിക്കാൻ തക്കതായ ഒരു സ്പന്ദനം പേരിലെ ഓരോ അക്ഷരത്തിനുമുണ്ട്. ജനനം മുതൽ മരണം വരെ നീണ്ടു നിൽക്കുന്ന ജീവിതത്തിലെ എല്ലാ സമയത്തും, ചിലപ്പോൾ മരണത്തിനു ശേഷവും സ്ഥിരമായി കൂടെയുണ്ടാകുന്ന ഒന്നാണ് പേര്. ഒരാളുടെ വ്യക്തിത്വത്തെ സ്വാധീനിക്കാൻ കഴിയില്ലെങ്കിലും ജീവിതത്തെ, വിജയത്തെ, ഭാവിയെ എല്ലാം സ്വാധീനിക്കാൻ പേരിനു കഴിയുമെന്നാണ് പറയപ്പെടുന്നത്. 

 

D, M, T എന്ന അക്ഷരങ്ങൾ ഒരാളുടെ പേരിലുണ്ടെങ്കിൽ അയാൾ കഠിനാധ്വാനിയായിരിക്കും. ബിസിനസിൽ ഏർപ്പെടാനും വിജയിക്കാനും സ്വപ്രയത്നത്തിലൂടെ മുന്നേറാനും ഇക്കൂട്ടർക്ക് പ്രത്യേക കഴിവുണ്ടാകും. മറ്റുള്ളവർക്കു കീഴിലല്ലാതെ, സ്വന്തമായി ബിസിനസ് തുടങ്ങുമ്പോഴായിരിയ്ക്കും ഇക്കൂട്ടർക്ക് വിജയസാധ്യത കൂടുതൽ. 

 

ഒരാളുടെ പേരിൽ E, N, H, X അക്ഷരങ്ങളുണ്ടെങ്കിൽ ഇവരുടെ ജീവിതത്തിലുടനീളം  സാമ്പത്തികനേട്ടങ്ങളുണ്ടാകും. പണത്തെക്കുറിച്ചു  ഓർത്തു ഇക്കൂട്ടർക്ക് അധികം വ്യാകുലപ്പെടേണ്ടി വരികയില്ല. സാമ്പത്തികശേഷി വർധിക്കുമെങ്കിലും ഇക്കൂട്ടർ തങ്ങളുടെ ആവശ്യങ്ങൾക്കുവേണ്ടിയും മറ്റുള്ളവർക്കു വേണ്ടിയും അശ്രദ്ധമായി പണം ചെലവഴിക്കാൻ സാധ്യതയുണ്ട്. 

 

U, V, W എന്നീ അക്ഷരങ്ങൾ പേരിലുണ്ടെങ്കിൽ മറ്റുള്ളവരോട് കരുണയും സഹാനുഭൂതിയും പ്രകടിപ്പിക്കുന്നവരാകും ഇക്കൂട്ടർ. തങ്ങളുടെ ഉത്തരവാദിത്വങ്ങളിൽ നിന്നും ഇവർ ഒരിക്കലും ഒളിച്ചോടുകയില്ലെന്നു മാത്രമല്ല, സഹായം ആവശ്യമുള്ളവർക്കു അത് ചെയ്തു കൊടുക്കാനും അവരെപ്പോഴും സന്നദ്ധരായിരിക്കും. കുടുംബവുമായി എപ്പോഴും ഊഷ്മളമായ ബന്ധം കാത്തുസൂക്ഷിക്കുന്നവരാണ് ഇവർ.

 

ഒരു വ്യക്തിയുടെ പേരിൽ A, I, J, Y, Q എന്നീ അക്ഷരങ്ങളുണ്ടാകുകയോ, ഈ അക്ഷരങ്ങൾ ആവർത്തിച്ചു വരികയോ ചെയ്താൽ, ഇവർ അതിമോഹികളായിരിയ്ക്കും. സ്വാതന്ത്രമോഹികളായ ഇവർ തങ്ങളുടെ സ്വാതന്ത്രത്തെ ഹനിക്കുന്ന എല്ലാ സാധ്യതകളിൽ നിന്നും അതേറ്റവും പ്രിയപ്പെട്ടവരിൽ നിന്നാണെങ്കിൽ പോലും അകന്നു നിൽക്കും. ജീവിതത്തെ കുറിച്ച് വ്യക്തമായ കാഴ്ചപാടുള്ളവരാണ്. 

 

B, R, K അക്ഷരങ്ങൾ പേരിലുണ്ടെങ്കിൽ ആ വ്യക്തി ഒരു ലോലഹൃദയത്തിനുടമയായിരിയ്ക്കും. തൊട്ടാവാടികളായ ഇവർ, വളരെ പോസെസ്സിവ് ആയിരിയ്ക്കും. ഇക്കൂട്ടരുടെ ജീവിതമെപ്പോഴും അരക്ഷിതമായിരിക്കും. ഈ അരക്ഷിതാവസ്ഥ  ജീവിതത്തിലെപ്പോഴും ഇവർക്ക് തടസങ്ങൾ സൃഷ്ടിക്കാറുണ്ട്. 

 

C, G, S, L ഈ അക്ഷരങ്ങൾ ഒരു പേരിൽ വരികയാണെങ്കിൽ ഇവർ ജ്ഞാനികളും നല്ല പ്രകൃതത്തിനുടമകളുമായിരിയ്ക്കും. മറ്റുള്ളവരെ അതീവ ശ്രദ്ധയോടെയും കരുണയോടെയും മധുരതരമായും പരിഗണിക്കുന്നവരായിരിയ്ക്കും ഇക്കൂട്ടർ. ചുറ്റുമുള്ളവരുടെ പ്രീതി സമ്പാദിക്കുന്നതിൽ ഇവർ മിടുക്കരായിരിയ്ക്കും. സംഗീതാഭിരുചി ഉള്ളവരായിരിക്കും ഇക്കൂട്ടർ. വിവേകമുള്ളവരും നല്ല സ്വഭാവത്തിനുടമകളുമായിരിക്കും. മറ്റുള്ളവരോട് സംരക്ഷണ മനോഭാവത്തോടെയെ ഇവർ പെരുമാറുകയുള്ളു. മറ്റുള്ളവർക്ക് പ്രിയപ്പെട്ടവരായി ഇവർ മാറും. 

 

മതപരമായ കാര്യങ്ങളിൽ താൽപര്യമുള്ളവരായിരിക്കും O, Z എന്നീ അക്ഷരങ്ങൾ പേരിലുള്ളവർ. മതപരമായ കാര്യങ്ങൾ, ദാനങ്ങൾ എന്നിവയിൽ തൽപരരായിരിയ്ക്കും ഇക്കൂട്ടർ. ജ്ഞാനികളായ ഇക്കൂട്ടർക്ക് നിർബന്ധബുദ്ധി കൂടുതലാകാൻ സാധ്യതയുണ്ട്.പഠനകാര്യങ്ങളിൽ മികവു പുലർത്തും. ദുർവാശിയുള്ളവരാണ്.

 

തങ്ങളുടെ ജീവിതത്തിൽ വിജയം കൈവരിക്കുന്നവരായിരിയ്ക്കും P, F എന്നീ അക്ഷരങ്ങൾ പേരിലുണ്ടാകുകയോ, ഈ അക്ഷരങ്ങൾ പേരിൽ ആവർത്തിച്ചു വരികയോ ചെയ്യുന്നവർ. നല്ല മനസ്സിനുടമകളായിരിയ്ക്കും ഇക്കൂട്ടർ. തങ്ങൾക്കു ചുറ്റുമുള്ള ആളുകളെ തങ്ങളുടെ വ്യക്തിത്വത്താൽ സ്വാധീനിക്കാൻ ഇവർക്ക് കഴിയും.  മറ്റുള്ളവർക്ക് പ്രചോദനമാകുന്ന വ്യക്തിത്വത്തിന് ഉടമകളാണിവർ. 

 

 

English Summary : Letters in Name Tells the Character

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com