പൂർണത്രയീശക്ഷേത്രത്തിലെ വൃശ്ചികോത്സവം, അറിയാം ഈ പ്രത്യേകതകൾ
Mail This Article
വർഷത്തിൽ ഏറ്റവുമധികം ഉത്സവം നടക്കുന്ന അപൂർവമായ ക്ഷേത്രമാണ് പൂർണത്രയീശൻ കുടികൊള്ളുന്ന പൂർണത്രയീശക്ഷേത്രം.
എറണാകുളം ജില്ലയിൽ തൃപ്പൂണിത്തുറയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സന്താനഗോപാലമൂർത്തീ ഭാവത്തിൽ മഹാവിഷ്ണുവാണു പ്രധാന പ്രതിഷ്ഠ.
ഉത്സവങ്ങളിൽ വൃശ്ചികോത്സവം വളരെ വിശിഷ്ടമാണ് ഈ ക്ഷേത്രത്തിൽ. ഈ വർഷം നവംബർ 22 മുതൽ 29 വരെയാണ് വൃശ്ചികോത്സവം നടക്കുന്നത്. എല്ലാ വർഷവും വൃശ്ചികമാസത്തിലെ ചോതി നക്ഷത്രം വരുന്ന ദിവസമാണ് കൊടിയേറ്റ്. തിരുവോണം ദിവസം ആറാട്ടോടുകൂടിയാണ് ഉത്സവം അവസാനിക്കുന്നത്.
ദിവസവും പതിനഞ്ച് ആനകളെയും എഴുന്നള്ളിച്ചു നിർത്തുന്ന വർണാഭമായ ചടങ്ങാണ് വൃശ്ചികോത്സവത്തിൽ ഏറെ ദർശനപ്രാധാന്യമുള്ളത്. പുത്തൻ ആനച്ചമയങ്ങൾ കൊണ്ട് അണിയിച്ചൊരുക്കി രാവിലെയും വൈകിട്ടും ഈ ദിവസങ്ങളിൽ എഴുന്നള്ളിക്കുന്നു.
കേരളത്തിലെ പ്രശസ്തരായ ചെണ്ടമേളക്കാർ പങ്കെടുക്കുന്ന പഞ്ചാരിമേളത്തിന്റെ നാദപ്രപഞ്ചം കലാസ്വാദകർക്ക് ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നല്ലൊരു കലാവിരുന്നാണ് ലഭിക്കുന്നത്.
ഇതുകൂടാതെയാണ് ഭരതനാട്യം, മോഹിനിയാട്ടം, ഓട്ടൻതുള്ളൽ, കഥകളി എന്നിങ്ങനെയുള്ള കലാപ്രകടനങ്ങളും, സംഗീതകച്ചേരികളും അരങ്ങേറുന്നത്.
പക്ഷെ വെടിക്കെട്ടിനും കതനവെടിക്കും ഇവിടെ പ്രസക്തിയില്ലയെന്നത് മറ്റൊരു പ്രത്യേകതയാണ്. ശബ്ദമയമായ അന്തരീക്ഷം ദേവന് ഇഷ്ടമല്ലത്രേ. ആനഎഴുന്നെള്ളിപ്പും ആനയും പക്ഷെ ഭഗവാന് ഏറെ പ്രിയമാണ്. ഉത്സവത്തിന്റെ പാരമ്യത്തിലെത്തുന്നത് തൃക്കേട്ട മുതലാണ്.
പണ്ട് ദർശനത്തിനെത്തിയ വില്വമംഗലം സ്വാമിയാർക്ക് ശ്രീകോവിലിനകത്ത് ദേവസാന്നിധ്യം കാണാൻ സാധിച്ചില്ലത്രേ. ആനപന്തലിൽ പതിനഞ്ച് ആനകളെ എഴുന്നള്ളിച്ച് ശീവേലി ആരംഭിച്ചു കഴിഞ്ഞിരുന്നു.
വില്വമംഗലം സ്വാമിയാർ ശ്രീകോവിലിൽ നിന്നും പുറത്തു വന്നപ്പോൾ ഉണ്ണികൾ ആനപ്പുറത്ത് ചാടിക്കളിക്കുന്നത് ഭഗവാൻ കണ്ട് രസിച്ച് കോരിത്തരിച്ചിരിക്കുന്നതാണ് കണ്ടത്. ആനപ്പുറത്തിരുന്ന് തന്നെ വില്വമംഗല സ്വാമിക്ക് ഭഗവാൻ ദർശനം നൽകിയത്രെ.
പിന്നീട് എല്ലാ വർഷവും ഈ ദിവ്യമുഹൂർത്തത്തെ സ്മരിച്ചുകൊണ്ട് ആനപ്പുറത്ത് എഴുന്നള്ളി ഇരിക്കുന്ന ഭഗവാനെ ദർശനം നടത്തുകയും കാണിക്ക സമർപ്പിച്ച് അനുഗ്രഹം തേടി മടങ്ങുന്ന പതിവ് ഭക്തർ ആരംഭിച്ചു.
ഒരു വർഷം മുഴുവൻ ദർശനം നടത്തുന്ന ഫലം തൃക്കേട്ട ദർശനം കൊണ്ട് ലഭിക്കുമെന്നാണ് വിശ്വാസം. എറണാകുളത്തിൽ നിന്നും ഏകദേശം 10 km ദൂരത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കളഭം, ചന്ദനച്ചാർത്ത്, പാൽപ്പായസം, നെയ് പായസം, വെള്ള നിവേദ്യം, നിറമാല, ചുറ്റു വിളക്ക് എന്നിവ പ്രധാന വഴിപാടുകളാണ് .
ലേഖകൻ
സുനിൽ വല്ലത്ത്
9447415140
Content Summary : Vrischikotsavam in Sree Poornathrayeesa Temple Thrippunithura