ADVERTISEMENT

ഏകാദശിയും ഉപവാസാദിവ്രതവും – ഇത്തവണ ഗുരുവായൂർ ഏകാദശി രണ്ടു ദിവസമായി ആചരിക്കുന്നു എന്നൊരു തീരുമാനം ഉണ്ടായതിൽ ജനങ്ങൾ ആകെ സംശയഗ്രസ്തരായും ആശങ്കയിലും ആണെന്നു പറയാതെ വയ്യല്ലോ. അതിനൊരു ശാസ്ത്രീയമായ നിവൃത്തിയുള്ളതു പറയാനാണ് ഈ കുറിപ്പെഴുതുന്നത്.

 

ഏകാദശ്യാമുപോഷ്യായാം ബാലാന്നം ന തു ശോഭനം ആപദ്യപി ന കുർവീത തത്രാപി ഹരിവാസരേ ദ്വാദശ്യാഃ പ്രഥമഃ പാദഃ ഏകാദശ്യാശ്ച യോ/ ന്തിമഃ ഹരിവാസരസംജ്ഞോയം കാലോ/ന്നേതീവ ഗർഹിതഃ.

 

(ഏകാദശി ഉപവാസദിവസം അതായതു വ്രതദിവസം ചോറൂണു നടത്തരുത്. അതിൽത്തന്നെ ഹരിവാസരസമയത്ത് സാഹചര്യം അനുകൂലമല്ലെങ്കിൽപ്പോലും അന്നം കഴിക്കാൻ ഒട്ടും പാടില്ലാത്തതാകുന്നു എന്ന് ആചാരസംഗ്രഹപ്രമാണം.)

 

 

ഏകാദശിയും ഹരിവാസരവും വേർതിരിച്ചറിയുമ്പോഴാണ് സന്നിഗ്ദ്ധാവസ്ഥയിൽ ഏതു സ്വീകരിക്കണം എന്നതിന് ഒരു തീരുമാനമുണ്ടാവുക. ചോറൂണിന്റെ മുഹൂർത്തത്തിൽ ഏകാദശി എന്നു പറയാതെ ഇഹ ത്യാജ്യോ ഹരേർ വാസരഃ എന്നാണു മുഹൂർത്തപദവിയിൽ പറഞ്ഞിരിക്കുന്നത്. കുഞ്ചൻ നമ്പ്യാരുടെ കോലഭൂപസ്യ നഗരേ വാസരാ ഹരിവാസരാ എന്ന ശ്ലോകം പ്രസിദ്ധമാണല്ലോ. ഏകാദശിക്കു നാലാം കാല്‍ മുതൽക്കാൽ ദ്വാദശിക്കഥ ഹരിവാസരമാകുന്ന കാലമൂണിന്നു വർജ്ജയേൽ എന്നു കാലദീപകം. അതിനാൽ ഏകാദശി വ്രതാനുഷ്ഠാനം രണ്ടു ദിവസവും ചെയ്യേണ്ടതില്ല. ഹരിവാസരദിവസമായ (04.12.2022) രണ്ടാം ദിവസമാണു വേണ്ടത്. ശുദ്ധോപവാസാദികൾ ചെയ്യുന്നവർ അതു രണ്ടാം ദിവസമാണ് ചെയ്യേണ്ടതെന്നു താല്‍പര്യം. ഇതു പഞ്ചാംഗങ്ങളിൽ വ്യക്തമായി എഴുതിവെച്ചിട്ടുണ്ടെന്നറിയുക.

 

ഡിസംബർ 03–ാം തിയതി ഭൂരിപക്ഷഏകാദശി എന്നെഴുതിയതിലെ ഭൂരിപക്ഷം എന്നതിനു അധികക്കാരുടെ പക്ഷം എന്നല്ല അർഥം എന്നും ധരിക്കുക. ഭൂരിപക്ഷം എന്നതിന് അംബരീഷപക്ഷം എന്നും ആനന്ദപക്ഷത്തിനു രുക്മാംഗദപക്ഷമെന്നും നാമാന്തരവും ഉണ്ടെന്നറിയുക. (ഭൂരിപക്ഷാഗമം ചാംബരീഷപക്ഷാഗമം തഥാ രുക്മാംഗദാഖ്യമാനന്ദം പക്ഷമിത്യാഗമാഭിധം). അപ്രകാരം പക്ഷം കുടുംബധർമ്മമായി വല്ലവർക്കും പാരമ്പര്യമായി ഉണ്ടെങ്കിൽ ആ പ്രകാരമുള്ളതിനു മുഖ്യത കൽപിക്കാമെന്നും സംഗതിവശാൽ പറഞ്ഞുകൊള്ളട്ടെ. അല്ലാത്തവരെല്ലാം ആനന്ദപക്ഷമെന്ന രണ്ടാംദിവസത്തിനു വ്രതം എടുത്തുകൊള്ളണം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com