ADVERTISEMENT

ധനുമാസത്തിലെ തിരുവാതിര ഭഗവാൻ ശ്രീപരമശ്വരന്റെ ജന്മനക്ഷത്രമാണ്. തിരുവാതിര നാളിൽ പാർവതീ പരമേശ്വരന്മാരുടെ അനുഗ്രഹത്തിനായി ഭക്തർ വ്രതവും മറ്റ് ചടങ്ങുകളും അനുഷ്ഠിക്കുന്നു. വിവാഹിതകൾ ദീർഘമംഗല്യ ത്തിനും പെൺകുട്ടികൾ ഉത്തമപങ്കാളിയെ ലഭിക്കാനുള്ള പ്രാർഥനയോടുമാണ് തിരുവാതിര വ്രതം അനുഷ്ഠിക്കുന്നത്. ധനുമാസത്തിലെ തിരുവാതിര നാൾ തുടങ്ങുന്നതു മുതൽ അവസാനിക്കുന്നത് വരെ അനുഷ്ഠിക്കുന്ന വ്രതം എന്ന പ്രത്യേകതയുമുണ്ട്. ഈ വർഷം തിരുവാതിര വ്രതം അനുഷ്ഠിക്കേണ്ടത് ജനുവരി 06 വെള്ളിയാഴ്ചയും ഉറക്കമിളയ്ക്കൽ ജനുവരി 05 വ്യാഴാഴ്ച രാത്രിയുമാണ്.  വെള്ളിയാഴ്ചയും പൗർണമിയും തിരുവാതിരയും ചേർന്ന് വരുന്നതിനാൽ ഈ വർഷത്തെ തിരുവാതിര വ്രതാനുഷ്ഠാനം ഇരട്ടിഫലദായകമാണ് .

 

ശിവഭഗവാന്റെ ആയുരാരോഗ്യ സൗഖ്യത്തിനായി ആദ്യമായി തിരുവാതിരവ്രതം അനുഷ്ഠിച്ചത് പാർവതീ  ദേവിയായിരുന്നു. കൂടാതെ ശ്രീപരമേശ്വരനും പാർവതീ ദേവിയും തമ്മിലുളള വിവാഹം നടന്നത് തിരുവാതിര നാളിലാണെന്നും ഐതീഹ്യമുണ്ട്. ശക്തി ശിവനോടൊപ്പം ചേരുന്ന ഈ തിരുവാതിര ദിനത്തിൽ വ്രതം അനുഷ്ഠിച്ചാൽ ഉത്തമ ദാമ്പത്യ ജീവിതം ലഭ്യമാകുമെന്നാണ് വിശ്വാസം.വിവാഹം കഴിഞ്ഞ് ആദ്യം വരുന്ന തിരുവാതിര പൂത്തിരുവാതിര എന്നറിയപ്പെടുന്നു.

 

 

മകയിരം, തിരുവാതിര എന്നീ രണ്ടു ദിനങ്ങളിലും വ്രതമാചരിക്കുന്നത് ഉത്തമമാണ്. മകയിരം നോയമ്പ് മക്കളുടെ അഭിവൃദ്ധിക്കും ആയുരാരോഗ്യത്തിനും വേണ്ടിയാണ്. മകയിരം നോയമ്പ് ഒരിക്കലോടെയാണ് അനുഷ്ഠിക്കേണ്ടത്. മകയിരദിനത്തിൽ  എട്ടങ്ങാടി ചുട്ട് നിവേദിക്കണമെന്നാണ് ചിട്ട. കാച്ചിൽ, ചേന, കൂർക്ക, നനകിഴങ്ങ്, ചെറുകിഴങ്ങ്, ചെറു ചേമ്പ്, വലിയ ചേമ്പ്, മധുരക്കിഴങ്ങ് എന്നീ എട്ട് കിഴങ്ങുകൾ ചുട്ടെടുത്ത് ശർക്കരപാവു കാച്ചി, നാളികേരവും, പഴവും, വൻപയർ വേവിച്ചത്,കരിമ്പും മറ്റും  ചേർത്താണ് എട്ടങ്ങാടി വിഭവം തയാറാക്കുന്നത്. ഗണപതിക്കും ശിവനും പാർവതിക്കും നേദിച്ച ശേഷം പ്രസാദമായി എല്ലാവർക്കും ഭക്ഷിക്കാം.

 

തിരുവാതിര വ്രതാനുഷ്ഠാനം ഇങ്ങനെ

 

 തിരുവാതിരദിനത്തിൽ പുലർച്ചെ  ശരീരശുദ്ധി വരുത്തി നിലവിളക്ക് കൊളുത്തി പ്രാർഥിക്കുക. ഗായത്രി മന്ത്രം ചൊല്ലുന്നത് നന്ന്. അതിനുശേഷം വാലിട്ട് കണ്ണെഴുതുകയും മഞ്ഞളും ചന്ദനവും ചേർത്ത് കുറി തൊടുകയും സീമന്തരേഖയിൽ പാർവതീ  ദേവിയെ സ്മരിച്ചുകൊണ്ട് സിന്ദൂരം അണിയുകയും ചെയ്യുക.

 

സിന്ദൂരം അണിയുമ്പോൾ

 " ലളിതേ സുഭഗേ ദേവി

സുഖസൗഭാഗ്യദായിനി

അനന്തം ദേവി സൗഭാഗ്യം

 മഹ്യം തുഭ്യം നമോ നമഃ" എന്ന മന്ത്രം മൂന്നുതവണ ജപിക്കുക.

 

 

 

അന്നേദിവസം അരിയാഹാരം ഒഴിവാക്കി തിരുവാതിരപ്പുഴുക്ക്, കൂവ കുറുക്കിയത്, ഗോതമ്പ്, പഴങ്ങൾ, കരിക്കിൻ വെളളം എന്നിവ കഴിക്കാം.

പഞ്ചാക്ഷരീ മന്ത്രം, പഞ്ചാക്ഷരീ സ്തോത്രം, ശിവപുരാണം, ശിവസഹസ്രനാമം എന്നിവ പാരായണം ചെയ്യുന്നത് ശിവപ്രീതിക്ക് എളുപ്പ മാർഗമാണത്രേ. അന്നേ ദിവസം ശിവക്ഷേത്രത്തിൽ ജലധാര നടത്തുന്നതും കൂവളമാല സമർപ്പിക്കുന്നതും ഉത്തമം .

 

ഭാര്യാഭർതൃഐക്യം വർധിപ്പിക്കാൻ നൂറ്റെട്ട് തവണ  "ഓം ശിവശക്‌തി ഐക്യരൂപിണ്യൈ നമഃ" എന്ന് ജപിക്കണം. കൂടാതെ ഉമാമഹേശ്വരനെ ഒന്നിച്ചു ധ്യാനിച്ചുകൊണ്ട് " ഓം നമഃ ശിവായ ശിവായ നമഃ " എന്ന് വ്രതാനുഷ്ഠാനത്തിലുടനീളം ജപിക്കുന്നത് അത്യുത്തമമാണ്.

 

 

 

തിരുവാതിര രാത്രിയിലാണ് പാതിരാപ്പൂചൂടൽ. സ്ത്രീകൾ ഒത്തു കൂടി തിരുവാതിര കളിച്ചതിനു ശേഷം പാതിരാപ്പൂചൂടൽ ചടങ്ങുകൾ ആരംഭിക്കും.  ചടങ്ങിൽ ആദ്യം ദശപുഷ്പങ്ങൾ ഭഗവാനു സമർപ്പിക്കാൻ യാത്ര തിരിക്കുന്നു. ഏറ്റവും മുൻനിരയിൽ നിൽക്കുന്നവരാണ് കത്തിച്ച വിളക്ക്, ദശപുഷ്പങ്ങൾ, അഷ്ടമംഗല്യം, കിണ്ടിയിൽ ശുദ്ധ ജലം എന്നിവ പിടിക്കേണ്ടത് മറ്റുളളവർ‌ ഇവ‌രെ അനുഗമിച്ചുകൊണ്ട് ‘‘ഒന്നാകും മതിലകത്ത്  ഒന്നല്ലോ പൂത്തിലഞ്ഞി....’’ എന്നു തുടങ്ങുന്ന പാട്ട് കൈകൊട്ടി ഉച്ചത്തിൽ പാടും.

 

വ്രതദിനത്തിൽ ഭക്തിയോടെ ദശപുഷ്പം ചൂടണം എന്നാണ് ചിട്ട . ദശപുഷ്പത്തിലെ ഓരോ പൂവ് ചൂടുന്നതിനും ഓരോരോ ഫലങ്ങളാണ്. 

 

1. കയ്യോന്നി - ശിവനാണു ദേവൻ. പഞ്ചപാപങ്ങളും തീരുമെന്നാണ് വിശ്വാസം. 

 

2. മുക്കുറ്റി - പാർ‌വതീദേവിയാണു ദേവത. ഭക്തിയോടെ മുക്കുറ്റി ചൂടിയാൽ ഭർതൃസൗഖ്യവും പുത്രഭാഗ്യവും ലഭിക്കും.

 

3. കൃഷ്ണക്രാന്തി- മഹാവിഷ്ണുവാണു ദേവൻ.  കൃഷ്ണക്രാന്തി ചൂടിയാൽ വിഷ്ണുപ്രീതി ലഭിക്കും.

 

4. തിരുതാളി- മഹാലക്ഷ്മിയാണു ദേവത. ദേവീപ്രസാദവും ഐശ്വര്യവും ഉണ്ടാകുന്നു.

 

5. കറുക- ആദിത്യനാണു ദേവൻ. കറുക ചൂടിയാൽ ആധികളും വ്യാധികളും ഒഴിയും.

 

6. പൂവാംകുരുന്നില- ബ്രഹ്മാവാണു ദേവൻ. ദാരിദ്ര്യദുഃഖം തീരാനാണു പൂവാംകുരുന്നില ചൂടുന്നത്. 

 

7. മുയല്‍ചെവിയന്‍ -കാമൻ ദേവത. മംഗല്യസിദ്ധിക്കാണ് മുയല്‍ചെവിയന്‍ ചൂടാറുള്ളത്.

 

8. ഉഴിഞ്ഞ- ഇന്ദ്രാണിയാണു ദേവത.‌ അഭീഷ്ടസിദ്ധിയാണ് ഉഴിഞ്ഞ ചൂടിയാൽ ഫലം.

 

9. ചെറൂള - യമദേവനാണു ദേവൻ. ആയുസ്സു വർ‌ധിക്കുമെന്നാണു വിശ്വാസം. 

 

10. നിലപ്പന-  ഭൂമിദേവിയാണു ദേ‌വത. പാപങ്ങൾ ‌അകന്നുപോകും. 

 

തിരുവാതിരനാൾ‌ കഴിഞ്ഞ് അരിഭക്ഷണം കഴിച്ചോ ശിവക്ഷേത്ര ദർശനം നടത്തി തീർഥം സേവിച്ചോ വ്രതം അവസാനിപ്പിക്കാം.

Content Summary : Significance of Thiruvathira Vratham 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com