അതിവിശേഷം ഈ വർഷത്തെ സങ്കടഹര ചതുർഥി , ഇങ്ങനെ അനുഷ്ഠിച്ചാൽ ഫലം ഉറപ്പ്

sankatahara-chaturthi-in-january-2023
Photo Credit : Anant Jadhav / Shutterstock.com
SHARE

ഈ വർഷത്തെ ആദ്യ സങ്കടഹര ചതുർഥി വ്രതം 2023 ജനുവരി 10 ചൊവ്വാഴ്ച വരുന്നു. മലയാള മാസത്തിലെ പൗർണമി കഴിഞ്ഞുള്ള നാലാമത്തെ തിഥി ചതുർഥിയാണ്. ഈ ചതുർഥി സങ്കടഹര ചതുർഥി എന്നറിയപ്പെടുന്നു. ഗണേശന് വിനായക ചതുർഥി പോലെ പ്രധാനമാണ് എല്ലാ മലയാളമാസത്തിലും വരുന്ന സങ്കടഹര ചതുർഥി. ഈ ദിനത്തിൽ വ്രതമനുഷ്ഠിച്ചു പ്രാർഥിച്ചാൽ ഭക്തന്റെ സർവദുരിതങ്ങളും തടസ്സങ്ങളും നീക്കി ആഗ്രഹസാഫല്യം നൽകി ഭഗവാൻ അനുഗ്രഹിക്കും എന്നാണ് വിശ്വാസം.  

സാഹചര്യം നിമിത്തം വ്രതമനുഷ്ഠിക്കാൻ സാധിക്കാത്തവർ ഗണേശ പ്രതിഷ്ഠയുള്ള ക്ഷേത്രദർശനം നടത്തുന്നതും ഗണേശപ്രീതികരമായ മന്ത്രങ്ങൾ  ജപിക്കുന്നതും അതീവഫലദായകമാണ്.  കറുക, മുക്കുറ്റി എന്നിവ പറിച്ചു കഴുകി ഒരു ഇലക്കീറിൽ വച്ച് ഭഗവാന് സമർപ്പിക്കുന്നതും ഒരുരൂപാ നാണയം ഉഴിഞ്ഞു സമർപ്പിക്കുന്നതും ഉത്തമം. ഭവനത്തിൽ  മോദകം അഥവാ കൊഴുക്കട്ട ഉണ്ടാക്കി ഭക്ഷണപ്രിയനായ ഗണേശനെ ധ്യാനിച്ച് അടുപ്പിൽ സമർപ്പിച്ച ശേഷം കുടുംബാംഗങ്ങൾ ഒത്തൊരുമിച്ചിരുന്ന് കഴിക്കുന്നത് കുടുംബൈശ്യര്യവർധനവിന് ഉത്തമത്രേ. ഭഗവാന്റെ മുന്നിൽ തേങ്ങാ ഉടയ്ക്കുന്നതും ഏത്തമിടുന്നതും സർവ വിഘ്‌നങ്ങളും നീങ്ങാൻ സഹായകമാകും എന്നാണ് വിശ്വാസം. 

ഈ ദിനത്തിൽ കുടുബത്തിൽ ചെംഗണപതിഹോമം നടത്തുന്നത് സവിശേഷ ഫലദായകമാണ്. അശുദ്ധി കാലങ്ങളിലൊഴികെ സ്ത്രീകൾ ചെയ്യുന്ന ഹോമം എന്ന പ്രത്യേകതയും ഇതിനുണ്ട്. രാവിലെ കുളിച്ച് ശുദ്ധിയോടെ അടുപ്പു കത്തിച്ച്, അതിൽ തേങ്ങാപ്പൂളും ശര്‍ക്കരയും അൽപം നെയ്യും ഗണപതിയെ ധ്യാനിച്ച് ഹോമിക്കുന്നതാണു ചടങ്ങ്. ഇന്നു മിക്ക വീടുകളിലും അടുപ്പു കത്തിക്കാത്തതിനാൽ ചകിരിത്തൊണ്ടിൽ തീ കത്തിച്ചു ചെംഗണപതി ഹോമം ചെയ്യാവുന്നതാണ്. നേദിക്കുമ്പോൾ ഗണേശന്റെ മൂലമന്ത്രമായ 'ഓം ഗം ഗണപ തയേ നമഃ' ജപിക്കണം. ഇങ്ങനെ ചെയ്യുന്നതു കുടുംബത്തിൽ‌ സർ‌വവിഘ്നങ്ങളും നീങ്ങി ഐശ്വര്യം നിറയും എന്നാണു വിശ്വാസം.   

വ്രതാനുഷ്ഠാനം ഇങ്ങനെ 

സങ്കടഹര ചതുർഥി ദിനത്തിൽ സൂര്യോദയത്തിനു മുന്നേ കുളിച്ചു ശരീരശുദ്ധി വരുത്തി നിലവിളക്കു തെളിയിച്ചു ഗണപതി ഗായത്രികൾ ഭക്തിയോടെ ജപിക്കണം. കിഴക്കോട്ടു തിരിഞ്ഞാവണം ജപം. 108 തവണ ജപിക്കുന്നതാണ് ഏറ്റവും ഉത്തമമെങ്കിലും കുറഞ്ഞത് 36  തവണയെങ്കിലും ജപിക്കാൻ ശ്രമിക്കുക. തുടർന്ന് ഗണേശ ക്ഷേത്രദർശനം നടത്തി അവനവനാൽ കഴിയുന്ന വഴിപാടുകൾ സമർപ്പിക്കുക. ധാന്യഭക്ഷണം ഒരുനേരമായി കുറച്ചുകൊണ്ട് മറ്റുള്ള സമയങ്ങളിൽ പാലും പഴവും കഴിക്കുക . ആരോഗ്യസ്ഥിതി അനുവദിക്കാത്തവർ ഒരിക്കലോടെ വ്രതം അനുഷ്ഠിക്കുക . ദിനം മുഴുവൻ ഗണേശസമരണയോടെ കഴിച്ചുകൂട്ടുന്നത് അത്യുത്തമം. കഴിയാവുന്നത്ര തവണ മൂലമന്ത്രമായ ഓം ഗം ഗണപതയേ നമഃ ജപിക്കുക . സാധ്യമെങ്കിൽ വൈകുന്നേരവും ക്ഷേത്രദർശനം നടത്തുക. പിറ്റേന്ന് തുളസീ തീർഥമോ ക്ഷേത്രത്തിലെ തീർഥമോ സേവിച്ചു പാരണ വിടാം. 

ഉദിഷ്ഠ കാര്യസിദ്ധിക്ക് ഗണേശ ഗായത്രി 

ഓം ഏക ദന്തായ വിദ് മഹേ

വക്ര തുണ്ഡായ  ധീമഹി 

തന്നോ ദന്തിഃ പ്രചോദയാത്  

Content Summary : Significance of Sankatahara Chaturthi in January 2023

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അച്ഛനാണ് മാതൃക അമ്മയാണ് ശക്തി

MORE VIDEOS