മകരച്ചൊവ്വ ; ഈ നാളുകാർ ദേവീപ്രീതി വരുത്തണം
Mail This Article
എല്ലാ മാസത്തിലെയും ആദ്യത്തെ ചൊവ്വാഴ്ച അതായത് മുപ്പെട്ട് ചൊവ്വ പ്രധാനമാണല്ലോ. ചൊവ്വയുടെ സ്വാധീനശക്തി കൂടുതൽ ഉള്ള മകരമാസത്തിലെ മുപ്പെട്ട് ചൊവ്വ കേരളീയർ ഭക്തിപൂർവം ആചരിക്കുന്നു. ഇതനുസരിച്ചു ഈ വർഷം ജനുവരി 17 നാണ് മകരച്ചൊവ്വ.
ചൊവ്വയുടെ അധിദേവതകൾ സുബ്രഹ്മണ്യസ്വാമിയും ഭദ്രകാളിയുമാണ്. മകരം യുഗ്മരാശിയായതിനാൽ ഭദ്രകാളീ പ്രീതികരമാണ്. ഈ ദിനത്തിൽ ഭദ്രകാളീ ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും മറ്റും നടത്താറുണ്ട്. അന്നേദിവസം ഭക്തിയോടെ ഭദ്രകാളീ ക്ഷേത്ര ദർശനവും കടുംപായസ വഴിപാടുസമർപ്പണവും കുടുംബൈശ്വര്യത്തിനു കാരണമാകും എന്നാണു വിശ്വാസം.
ഹൈന്ദവ വിശ്വാസപ്രകാരം സംഹാരത്തിന്റെ ദേവതയായാണ് ഭദ്രകാളി അറിയപ്പെടുന്നത്. ഭഗവതിയുടെ രൗദ്രഭാവമാണ് ഭദ്രകാളി എന്ന് ദേവീമാഹാത്മ്യത്തിൽ പറയുന്നു, സർവ മംഗളങ്ങളും പ്രദാനം ചെയ്യുന്ന മംഗള സ്വരൂപിണിയാണ്. അജ്ഞതയെ ഇല്ലാതാക്കി ജ്ഞാനം ചൊരിഞ്ഞ് പ്രപഞ്ചത്തെ പരിപാലിക്കാനായാണ് ഭദ്രകാളി ജന്മം കൊണ്ടത്. ആദിപരാശക്തിയുടെ മറ്റു ഭാവങ്ങളെ അപേക്ഷിച്ച് കാളിയുടെ രൂപം ഭയാനകമാണ്. പുറത്തേക്ക് നീട്ടിയ നാവ്, ഒരു കയ്യിൽ ശരീരം വേർപെട്ടു രക്തം വാർന്നൊലിക്കുന്ന തല, അരക്കെട്ടിൽ മുറിച്ചെടുത്ത കൈകൾ തൂക്കിയ രൂപം. നമ്മെ ഭയപ്പെടുത്തുന്ന രൂപത്തെ ആദരിക്കുമ്പോൾ ഭയം അപ്രത്യക്ഷമാകുന്നു എന്നൊരു തത്വം ഇതിന്റെ പിന്നിലുണ്ട്.
സർവചരാചരങ്ങളുടെയും മാതാവായ ദേവി തന്നെയാണ് ഭദ്രകാളി. ദുഷ്ട നിഗ്രഹത്തിനായി അവതരിച്ച രൂപമാണിത്. തന്റെ മക്കൾക്ക് ദോഷം സംഭവിക്കാൻ ഒരമ്മയും ആഗ്രഹിക്കുകയില്ല. ദേവിയുടെ അനുഗ്രഹമുള്ള ഭവനത്തിൽ എപ്പോഴും ഐശ്വര്യം കളിയാടും. ദേവീ പ്രീതിയാൽ ഒരു ദുഷ്ട ശക്തിയും ദോഷങ്ങളും ബാധിക്കുകയുമില്ല. ഭദ്രകാളി എന്നാൽ ഭദ്രമായ കാലത്തെ നൽക്കുന്നവൾ എന്നർഥം. ഭദ്രകാളീദേവിയോടുള്ള ഉദാത്തമായ ഭക്തി സമ്പത്തും ഐശ്വര്യവും സർവ്വ മംഗളങ്ങളും നേടിതരുമെന്നാണ് വിശ്വാസം.
ജാതക പ്രകാരം യുഗ്മരാശികളായ ഇടവം , കർക്കിടകം , കന്നി , വൃശ്ചികം, മകരം, മീനം ഇവയിൽ ചൊവ്വ നിൽക്കുന്നവർ, ചൊവ്വ ദശാ കാലമുള്ളവർ , അവിട്ടം, ചിത്തിര , മകയിരം നക്ഷത്രക്കാർ ഭദ്രകാളിയെ ഭജിക്കണം.