ADVERTISEMENT

ശനിയാഴ്ചകളിൽ ഒരിക്കലോടെ വ്രതമെടുക്കുന്നതും ശനിപ്രീതികരമായ കർമങ്ങൾ അനുഷ്ഠിക്കുന്നതും ശനിദോഷ പരിഹാരമെന്നു ഏവർക്കും അറിവുള്ളതാണല്ലോ. വരുന്ന ശനിയാഴ്ച അതായത് 2023 ജനുവരി 21നു മകരമാസത്തിലെ അമാവാസിയായ മകരവാവും മുപ്പെട്ടു ശനിയാഴ്ചയും ചേർന്നു വരുന്നു എന്ന പ്രത്യേകതയുണ്ട്. ഈ ദിനത്തിൽ വ്രതാനുഷ്ഠാനത്തോടെ കലിയുഗ വരദനായ അയ്യപ്പസ്വാമിയെ ഭജിക്കുന്നതും ശനിപ്രീതി വരുത്തുന്നതും ഫലദായകമാണ്.

 

ഇപ്പോൾ കണ്ടകശനി, ഏഴരശനി, ജന്മശനി അലട്ടുന്നവരും ശനിദശാകാലമുള്ളവരും ഈ സവിശേഷ ദിനത്തിലെ വ്രതാനുഷ്ഠാനം മുടക്കരുത്. ഭക്ഷണ നിയന്ത്രണത്തോടെ ഒരിക്കൽ എടുക്കണമെന്നാണ്  ചിട്ട. സൂര്യോദയത്തിനു മുന്നേ കുളിച്ചു ശരീരശുദ്ധി വരുത്തി നിലവിളക്ക് തെളിയിച്ചു ഭഗവൽ നാമങ്ങൾ ജപിക്കണം. ജപത്തിൽ അയ്യപ്പ ഗായത്രി, ശനീശ്വരഗായത്രി എന്നിവ ഉൾപ്പെടുത്തണം. സാധ്യമെങ്കിൽ ശാസ്താ ക്ഷേത്രദർശനം നടത്തി നീരാഞ്ജനം, എള്ള് പായസം എന്നിവ വഴിപാടായി സമർപ്പിക്കാം . നീല ശംഖുപുഷ്പം സമർപ്പിക്കുന്നതും നാണയം ഉഴിഞ്ഞിടുന്നതും ഉത്തമം.

 

ശനി ഗായത്രി 

 

കാകധ്വജായ വിദ്‌മഹേ 

ഖഡ്‌ഗഹസ്‌തായ ധീമഹി 

തന്നോ മന്ദ: പ്രചോദയാത്

 

 

അയ്യപ്പഗായത്രി  

 

ഭൂത നാഥായ വിദ്മഹേ 

മഹാ ശാസ്തായ ധീമഹി 

തന്നോ അയ്യപ്പ പ്രചോദയാത്

 

അമാവാസിയും ശനിയാഴ്ചയും ചേർന്ന് വരുന്ന ഈ സവിശേഷദിനത്തിൽ ആലിനെ ഏഴു തവണ പ്രദക്ഷിണം വയ്ക്കുന്നത് സർവേശ്വരാനുഗ്രഹത്തിനു കാരണമാകും എന്നാണ് വിശ്വാസം. കൂടാതെ അവനവനാൽ കഴിയുന്ന രീതിയിലുള്ള ദാനധർമങ്ങൾ അനുഷ്ഠിക്കുന്നതും നന്ന്. അന്നദാനമാണു പ്രധാനം. ശനിദേവന്റെ വാഹനമായ കാക്കയ്ക്ക് എള്ള് ചേർത്ത് ചോറ് നൽകുന്നതും ശനിപ്രീതിക്കു ഉത്തമമെന്നാണ് പറയപ്പെടുന്നത്. 

 

സന്ധ്യയ്ക്കു നിലവിളക്കു കൊളുത്തിയശേഷം രണ്ടു മൺചിരാതുകളിൽ എള്ളെണ്ണ ഒഴിച്ച് എള്ള് തിരി തെളിക്കുന്നത് ശനിദോഷശാന്തിക്ക് ഉത്തമപരിഹാരമാണ്. ശേഷം മഹാദേവന്റെയും അയ്യപ്പസ്വാമിയുടെയും നാമങ്ങൾ ജപിക്കണം. തുടർച്ചയായുള്ള നാമജപത്തിലൂടെ മാത്രമേ കലിയുഗ ദുരിതങ്ങളിൽ നിന്ന് മുക്തി നേടാനാകൂ. ഈ ദിനത്തിൽ ഹനൂമാൻ സ്വാമിയേയും ഭജിക്കണം കാരണം ഹനൂമദ് ഭക്തരെ ശനിദോഷം അലട്ടില്ല എന്നാണ് പറയപ്പെടുന്നത്. 

 

Content Summary: Significance of Makarvavu and Muppettu Shani

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com