ADVERTISEMENT

എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറക്കടുത്ത് എരൂരിൽ മെയിൻ റോഡിനോട് ചേർന്നൊരു ക്ഷേത്രമുണ്ട്, മാരംകുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം. കേരളത്തിലെ ആയിരക്കണക്കിന് വരുന്ന ക്ഷേത്രങ്ങളുടെ കൂട്ടത്തിൽ 700 വർഷം പഴക്കമുള്ള ഈ ക്ഷേത്രത്തെ വ്യത്യസ്തമാക്കുന്നത് ഇത് കുഞ്ഞുങ്ങൾക്കായുള്ള ക്ഷേത്രവും ദേവപ്രതിഷ്ഠയുമാണ് എന്നതാണ്.  ഒരു കുഞ്ഞു പിറന്നാൽ ക്ഷേത്രാചാരം അനുസരിച്ച്  അഞ്ചാം മാസത്തിലെ ചോറൂണ് കഴിയുന്നത് വരെ ക്ഷേത്രങ്ങളിൽ പ്രവേശിപ്പിക്കാറില്ല. ചോറൂണിനാണ് ആദ്യമായി ക്ഷേത്രത്തിൽ കുഞ്ഞിനെ കൊണ്ട് പോകുക. എന്നാൽ മാരംകുളങ്ങര ക്ഷേത്രത്തിൽ ഇത് ബാധകമല്ല. കുഞ്ഞു ജനിച്ച് 16  ആം നാൾ മുതൽ കുഞ്ഞിനെ ക്ഷേത്രദർശനത്തിനായി കൊണ്ടുവരാം. എരൂർ എളംപ്രക്കോടം മന വകയാണ് ക്ഷേത്രം. ശാസ്താവും ഗണപതിയും ക്ഷേത്രത്തിലെ ഉപദേവത പ്രതിഷ്ഠകളാണ്.

maramkulangara-krishna-temple-02

 

ബാലകൃഷ്ണനാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ. അഞ്ചു വയസിനു താഴെയുള്ള കുഞ്ഞുങ്ങൾക്കെല്ലാം ഈ ക്ഷേത്രത്തിൽ കൃഷ്ണ സങ്കൽപമാണ്. കിഴക്കോട്ട് ദർശനമായി ഇരിക്കുന്ന ഉണ്ണിക്കണ്ണൻ തന്റെ മുന്നിലെത്തുന്ന കുഞ്ഞുങ്ങളോട് വിശേഷങ്ങൾ ചോദിച്ചറിയുകയും സംവദിക്കുകയും ചെയ്യുന്നു എന്നാണ് വിശ്വാസം. മഹാവിഷ്ണുവിൻറെ സാന്നിധ്യവും ശ്രീകൃഷ്ണൻറെ ചൈതന്യവുമുള്ള വിഗ്രഹമാണ് മാരംകുളങ്ങര ഉണ്ണിക്കണ്ണന്. കേരളത്തിൽ ചോറൂണിന്‌ മുൻപായി കുഞ്ഞുങ്ങൾക്ക് പ്രവേശനമുള്ള അത്യപൂർവം ക്ഷേത്രങ്ങളിൽ ഒന്നാണ് മാരംകുളങ്ങര.

 

maramkulangara-krishna-temple-04

ബാലാരിഷ്ടതകൾ മാറാൻ ഉണ്ണിക്കുളി 

 

ബാല്യത്തിൽ കുഞ്ഞുങ്ങൾക്ക് വരുന്ന രോഗങ്ങളിൽ നിന്നും അവർക്ക് മുക്തി നൽകി കാത്ത് സംരക്ഷിക്കുന്നവനാണ് മാരംകുളങ്ങര ഉണ്ണിക്കണ്ണൻ എന്നാണ് വിശ്വാസം. അതിനാൽ തന്നെ കേരളത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നും കൈക്കുഞ്ഞുങ്ങളുമായി ഇവിടെ എത്തുന്നവരുടെ എണ്ണം ധാരാളമാണ്.

maramkulangara-krishna-temple-03

 

 700  വർഷത്തെ പഴക്കമുള്ള ഈ ക്ഷേത്രത്തിലെ വിശേഷമായ ഒരാചാരം ഉണ്ണിക്കുളിയാണ്. ക്ഷേത്രത്തിൽ എത്തുന്ന കുഞ്ഞുങ്ങളെ വിഗ്രഹപ്രതിഷ്ഠക്ക് അഭിമുഖമായി ആൽച്ചുവട്ടിലെ കല്ലിൽ നിർത്തി ക്ഷേത്രത്തിൽ നിന്നും നൽകുന്ന തീർത്ഥം കൊണ്ട് കുളിപ്പിക്കുന്നു. ഉണ്ണിക്കുളി എന്നാണ് ഇതിനെപറയുക.

 

 ഉണ്ണിക്കുളിക്ക് ശേഷം ദേഹം തുടയ്ക്കാതെ തന്നെ ക്ഷേത്രത്തിൽ പ്രവേശിച്ചു ദർശനം നടത്തുന്നു. കുളിപ്പിച്ചശേഷം മേൽശാന്തി കുട്ടികൾക്ക് ചരടും പൂജിച്ചു നൽകുന്നു. പക്ഷിപീഡ, ഗ്രഹണി, കരപ്പൻ  തുടങ്ങിയ ബാലാരിഷ്ടതകളിൽ നിന്നും കുട്ടികൾക്ക് മോചനം ലഭിക്കുന്നു എന്നാണ് വിശ്വാസം. ക്ഷേത്രക്കിണറ്റിലെ വെള്ളമാണ് ഇതിനായി ഉപയോഗിക്കുക. ഏത് രോഗമുള്ള കുട്ടികളെയും ഈ ക്ഷേത്രത്തിലെ കിണറ്റിലെ വെള്ളത്തിൽ കുളിപ്പിച്ചാൽ രോഗം മാറുമെന്നാണ് വിശ്വാസം. തുടർച്ചയായി അഞ്ച് ആഴ്ചകളിലാണ് കുളിപ്പിക്കേണ്ടത്. സാധിക്കാത്തവർ ഒറ്റത്തവണ കുളിപ്പിക്കുന്നു. വ്യാഴാഴ്ചകളിലാണ് കൂടുതൽ ഭക്തർ എത്തുന്നത്. 

 

ഉണ്ണിക്കുളിക്ക് പിന്നിലും മനോഹരമായ ഒരു കഥയുണ്ട്. ഭഗവാൻ ശ്രീകൃഷ്ണനെ വധിക്കുവാനായി അമ്മാവനായ കംസൻ പൂതനയെ വിടുന്നു. മുലകുടിമാറാത്ത പ്രായത്തിലുള്ള കൃഷ്ണനെ കൊല്ലുന്നതിനായി പൂതന തൻറെ സ്തനങ്ങളിൽ വിഷം പുരട്ടി ശ്രീകൃഷ്ണനെ മടിയിലിരുത്തി മുലയൂട്ടി. എന്നാൽ എല്ലാമറിയുന്ന കൃഷ്ണൻ വിഷം കലർന്ന പാലിനോടൊപ്പം പൂതനയുടെ ജീവൻകൂടി വലിച്ചെടുത്തു. കൃഷ്ണന് അപകടമൊന്നും സംഭവിച്ചില്ല എങ്കിലും മകന്റെ ഉള്ളിൽ വിഷം പോയിട്ടുണ്ട് എന്ന ചിന്ത യശോദയെ വിഷമിപ്പിച്ചു. യശോദ മഹാവിഷ്ണുവിനെ പ്രാർഥിക്കുന്നു. അമ്മയായ യശോദയുടെ വിഷമം കണ്ട വിഷ്ണു ആകാശത്തു നിന്നും അമൃത ജലം കിണറ്റിൽ വർഷിച്ചു.  യശോദാ ദേവി ആ വെള്ളമെടുത്ത് ഭഗവാനെ അതിൽ കുളിപ്പിക്കുകയും വിഷബാധയിൽനിന്നും മോചിപ്പിക്കുകയും ചെയ്തു. ഇത്തരത്തിൽ മഹാവിഷ്ണു അമൃത് വർഷിച്ച കിണർ ആണ് മാരംകുളങ്ങരയിലേത് എന്നാണ് സങ്കൽപം. 

 

ബാലഊട്ടും തൃക്കൈവെണ്ണയും 

 

ബാലന്മാർക്കുള്ള പ്രസാദ ഊട്ടും തൃക്കൈവെണ്ണയുമാണ് ഇവിടുത്തെ പ്രധാന വഴിപാടുകൾ. വെണ്ണ പ്രസാദമായി നൽകിയ ശേഷമാണ് കുഞ്ഞുങ്ങളെ ക്ഷേത്രത്തിൽ നിന്നും പുറത്തേക്ക് വിടുക. കുഞ്ഞുങ്ങൾ ആയുരാരോഗ്യത്തോടെയും മിടുക്കോടെയും ഇരിക്കുന്നതിനായി കുന്നിക്കുരു, മഞ്ചാടിക്കുരു എന്നിവ വാരി ഇടുന്ന ചടങ്ങുമുണ്ട് ഇവിടെ. ക്ഷേത്രത്തിൽ കൃഷ്ണവിഗ്രഹത്തിനു അഭിമുഖമായുള്ള മണ്ഡപത്തിൽ ഇതിനായി മഞ്ചാടിക്കുരു, കുന്നിക്കുരു എന്നിവ നിറച്ച വലിയ കൽപാത്രം വച്ചിട്ടുണ്ട്. അഷ്ടമിരോഹിണി  ഏറെ പ്രാധാന്യത്തോടെയാണ് ഇവിടെ ആചരിക്കുന്നത്.

Content Summary : Significance of Maramkulangara Krishna Temple

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com