ADVERTISEMENT

ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും തിരിച്ചടിയുണ്ടാവുന്ന കാലഘട്ടമാണ് ശനിയുടെ അപഹാരകാലം. ഒരു വ്യക്തിയുടെ ജീവിത കാലഘട്ടമെടുത്താൽ മനപ്രയാസം, കടബാധ്യത, അനാരോഗ്യം, ദുരിതം, ജീവഹാനി, അപകടം എന്നിവയെല്ലാം ശനിദോഷ സമയത്തു സംഭവിക്കാം. സൂര്യന്‍റെ മകനായ ശനി ആയുസ്സിന്റെ കാരകനാണ്. ശനി അനുകൂലമല്ലാത്ത സ്ഥാനങ്ങളില്‍ നിൽക്കുന്നതിനെയാണു കണ്ടകശ്ശനി, അഷ്ടമശ്ശനി, ഏഴരശ്ശനി എന്നെല്ലാം പറയുന്നത്. 2023 ജനുവരി 17ന്, അതായത് മകരമാസം മൂന്നാം തീയതി ശനീശ്വരൻ മകരം രാശിയിൽ നിന്നും കുംഭത്തിലേക്ക് രാശിമാറി. തന്മൂലം ഇപ്പോൾ ശനിദോഷം ബാധിക്കുന്ന നക്ഷത്രങ്ങൾ ഏതെല്ലാമെന്ന് നോക്കാം 

 

കണ്ടകശ്ശനി ബാധിക്കുന്ന നക്ഷത്രങ്ങൾ: 

1.ഇടവക്കൂറ് (കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകയിരത്തിന്റെ ആദ്യപകുതിയും)

2.ചിങ്ങക്കൂറ് (മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാൽ ഭാഗവും):

3.വൃശ്ചികക്കൂറ് (വിശാഖത്തിന്റെ അവസാനത്തെ കാൽ ഭാഗവും അനിഴവും തൃക്കേട്ടയും)

 

ഏഴരശ്ശനി ബാധിക്കുന്ന നക്ഷത്രങ്ങൾ:

1.മകരക്കൂറ് (ഉത്രാടത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും)

2.മീനക്കൂറ് (പൂരുരുട്ടാതിയുടെ അവസാനത്തെ കാൽഭാഗവും ഉത്തൃട്ടാതിയും രേവതിയും) 

 

അഷ്ടമശ്ശനി ബാധിക്കുന്ന നക്ഷത്രങ്ങൾ:

1.കർക്കടകക്കൂറ് (പുണർതത്തിന്റെ അവസാനത്തെ കാൽഭാഗവും പൂയവും ആയില്യവും)

 

ഈ കൂറുകളില്‍ പെട്ട എല്ലാവര്‍ക്കും ഒരുപോലെ ദോഷാനുഭവങ്ങള്‍ വരണമെന്നില്ല. ശനി ജാതകത്തില്‍ ഇഷ്ടഭാവ സ്ഥിതനും ബലവാനും ആയിട്ടുള്ളവര്‍ക്ക് ശനി ദോഷം അത്രയധികം ബാധിക്കുകയില്ല. ഗ്രഹനിലയില്‍ ശനി അനിഷ്ട സ്ഥാനങ്ങളില്‍ നില്‍ക്കുന്നവർ  ശനിപ്രീതി വരുത്തേണ്ടത് അനിവാര്യമാണ് .

 

ശനിദോഷത്തിന് പരിഹാരമുണ്ട്

ശിവന്റെയും വിഷ്ണുവിന്‍റെയും പുത്രനായ അയ്യപ്പസ്വാമിയെ ഭജിച്ചാൽ ശനിദോഷം ശമിക്കും എന്നാണ് വിശ്വാസം. ജ്യോതിഷപ്രകാരം ശനിയുടെ അധിദേവതയാണ് ശാസ്താവ്. ശനിദോഷ പരിഹാരത്തിനായി ശാസ്താക്ഷേത്രത്തിൽ നടത്തുന്ന ഏറ്റവും ലളിതവും ഫലപ്രദവും ആയ വഴിപാടാണു നീരാഞ്ജനം. ശനിയാഴ്ചകളിലും ജന്മനക്ഷത്ര ദിവസവും ശാസ്താക്ഷേത്ര ദർശനം നടത്തുന്നതും ഉപവാസമനുഷ്ഠിക്കുന്നതും ദോഷമകറ്റുമെന്നാണു വിശ്വാസം. ശനിദോഷശാന്തിക്കായി വിവാഹിതർ പങ്കാളിയോടൊപ്പം ശാസ്താ ക്ഷേത്രദർശനം നടത്തുന്നതാണു കൂടുതൽ നല്ലത്. ഒരിക്കലായോ പൂർണ ഉപവാസത്തോടെയോ ശനിയാഴ്ച വ്രതം അനുഷ്ഠിക്കുന്നത് ഉത്തമം. കറുത്ത വസ്ത്രം ധരിച്ച് ശാസ്താക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നത് നന്ന്. ശനിയാഴ്ച കറുപ്പോ നീലയോ വസ്ത്രം ധരിക്കാം. 

 

എള്ളിന്റെ കാരകനാണു ശനി. ശാസ്താക്ഷേത്രത്തില്‍ എള്ളുതിരി കത്തിക്കുന്നതും എള്ളുപായസം നിവേദിക്കുന്നതും നീലശംഖു പുഷ്പാർ‌ച്ചനയും ശനിദോഷനിവാരണത്തിനു വിശേഷമാണ്. ശനിയാഴ്ച ദിവസങ്ങളിൽ പൂജാമുറിയിലോ വീടിന്റെ ശുദ്ധമായ ഒരു ഭാഗത്തോ മൺചെരാതിൽ എള്ളുകിഴി വച്ച് അതിൽ നല്ലെണ്ണ ഒഴിച്ചു കത്തിക്കുക. ശനിദോഷത്തിനു സ്വയം ചെയ്യാവുന്ന ഉത്തമ പരിഹാരമാണിത് .

 

ഭൂതനാഥ സദാനന്ദ സർവഭൂത ദയാപര

രക്ഷരക്ഷ മഹാബാഹോ ശാസ്ത്രേ തുഭ്യം നമോനമഃ

എന്ന അയ്യപ്പമന്ത്രം ചൊല്ലിയാല്‍ ശനിദോഷം അകലും.

 

ശനിദോഷ നിവാരണത്തിനു ഹനൂമദ് പ്രീതിയാണു മറ്റൊരു മാർഗം. ഹനൂമാൻ സ്വാമിയുടെ ഭക്തരെ ശനിദോഷങ്ങൾ ബാധിക്കില്ലെന്ന വിശ്വാസത്തിനു പിന്നിലൊരു  കഥയുണ്ട്. രാക്ഷസരാജാവായ രാവണൻ ഇന്ദ്രജിത്ത് ജനിക്കാറായ സമയത്തു നവഗ്രഹങ്ങളെ ബലമായി അനുകൂല സ്ഥാനങ്ങളിൽ നിർത്തി. ഈ അവസരത്തിൽ ശനിയുടെ രക്ഷകനായതു ഹനൂമാനാണ്. ആ സന്തോഷത്തിൽ ഹനൂമദ്‌‌ഭക്തരെ ശനിദോഷം ബാധിക്കില്ലെന്നു ശനിദേവൻ ഉറപ്പു നൽകി എന്നാണു പുരാണത്തിൽ പറയുന്നത്. ഭഗവാനു  വെറ്റിലമാല സമർപ്പണം പ്രധാന വഴിപാടാണ്. 

 

ഗണപതി പ്രീതിയും ശനിദോഷശാന്തിക്ക് ഉത്തമമത്രേ. നിത്യവും പ്രഭാതത്തിൽ ശനീശ്വര സ്തോത്രം ജപിക്കുന്നതു ശനിദോഷം മൂലം കഷ്ടത അനുഭവിക്കുന്നവർക്ക് ഉത്തമമാണ്. നമ്മുടെ വാക്കുകളിലും പ്രവൃത്തികളിലും സത്യസന്ധത കാണിക്കുക. അന്യരെ ഉപദ്രവിക്കാതെ കഴിയാവുന്ന രീതിയിൽ സഹായം ചെയ്യുക, എങ്കിൽ ശനിദോഷം അലട്ടുകയില്ല.

 

ശനി സ്തോത്രം:

നീലാഞ്ജനസമാഭാസം  രവിപുത്രം യമാഗ്രജം

ഛായാമാര്‍ത്താണ്ഡസംഭൂതം തം നമാമി ശനൈശ്ചരം

 

Content Summary : Effect of Saturn Transit 2023 in each Birth Star

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com