ADVERTISEMENT

ദക്ഷിണ ഭാരതത്തിലെ ദുര്യോധന ക്ഷേത്രമാണ് കൊല്ലം ജില്ലയിലെ കുന്നത്തൂർ താലൂക്കിലെ പോരുവഴി പെരുവിരുത്തി മലനട ക്ഷേത്രം. ശ്രീകോവിലോ ചുറ്റമ്പലമോ പ്രതിഷ്ഠയോ ഇല്ലാത്തതും ആൽത്തറയെ (മണ്ഡപം) ആരാധനാമൂർത്തിയായി സങ്കൽപിച്ച് ജാതിമതഭേദമന്യേ സമസ്ത വിശ്വാസികൾക്കും ആരാധന നടത്തുവാൻ സ്വാതന്ത്ര്യമുള്ളതുമാണ്. മഹാഭാരതത്തിലെ കൗരവ പ്രധാനിയായ ദുര്യോധന മഹാരാജാവാണ് മുഖ്യ ആരാധനാമൂർത്തി. ഭൂമിക്ക് കരം പിരിവ് തുടങ്ങുന്ന കാലം മുതൽ പാട്ടാധാരത്തിന്റെ സ്ഥാനത്ത് ദുര്യോധനൻ എന്ന പേര് ചേർത്താണ് മലനട നിവാസികൾ നികുതിയൊടുക്കിയിരുന്നത്. 

duryodhana-temple03
മലമുകളിലാണ് അപ്പൂപ്പൻ എന്ന സങ്കൽപത്തിൽ ദുര്യോധനൻ കുടികൊള്ളുന്നത്

 

duryodhana-temple05
ആൽത്തറയെ (മണ്ഡപം) ആരാധനാമൂർത്തിയായി സങ്കൽപിച്ച് പൂജകൾ നടത്തി വരുന്നു

പടിഞ്ഞാറും തെക്കും വിശാലമായ നെൽപാടങ്ങളുടെയും കിഴക്കും വടക്കും കൃഷിഭൂമികളുടെയും നടുക്ക് പ്രകൃതി ഭംഗിയാൽ മനോഹരമായ മലമുകളിലാണ് അപ്പൂപ്പൻ എന്ന സങ്കൽപത്തിൽ ദുര്യോധനൻ കുടികൊള്ളുന്നത്. എല്ലാ ദുഃഖനിവാരണങ്ങൾക്കും വിളിച്ചപേക്ഷിക്കുന്നവർക്ക് എന്തും നേടിക്കൊടുക്കുന്ന മലനട അപ്പൂപ്പനെ കാണാൻ രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നും നാനാജാതി മതസ്ഥരും എത്തിച്ചേരുന്നു.

duryodhana-temple02
കാർഷിക വിളകളുമായി ബന്ധപ്പെട്ട ഉൽപന്നങ്ങളാണ് ഭക്തർ നേർച്ചയായി സമർപിക്കുന്നത്.

 

duryodhana-temple01
മീനമാസത്തിലെ ഒന്നാം വെള്ളിയാഴ്ച കൊടിയേറി രണ്ടാം വെള്ളിയാഴ്ചയാണ് പ്രസിദ്ധമായ മലക്കുട മഹോത്സവം നടക്കുന്നത്

മലനട ക്ഷേത്രത്തിൽ ഒരു വ്യാഴവട്ടക്കാലത്തിനിടയിൽ ദേശാധിദേവനായ ആരാധനാമൂർത്തിയ്ക്കുണ്ടാകുന്ന ചൈതന്യക്ഷയമകറ്റി ദേശത്തിനും ഭക്തർക്കും സർവൈശ്വര്യങ്ങളും സിദ്ധിക്കുന്നതിനായി ശൈവശക്തിയുടെ ശ്രേഷ്ഠഭാവങ്ങളോടെ നടത്തപ്പെടുന്ന പുണ്യകര്‍മങ്ങളാണ് പള്ളിപ്പാന.2023 ഫെബ്രുവരി 24 വെള്ളിയാഴ്ച മുതൽ മാർച്ച് 07 ചൊവ്വാഴ്ച വരെയാണ് പള്ളിപ്പാന മഹാകർമം.

duryodhana-temple08
മലനട ക്ഷേത്രത്തിലെ കെട്ടുകാഴ്ച എഴുന്നെള്ളിപ്പ്

 

duryodhana-temple06
ശ്രീകോവിലോ ചുറ്റമ്പലമോ പ്രതിഷ്ഠയോ ഇല്ലാത്തതും ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്

പന്ത്രണ്ട് ദിവസങ്ങളിലായി പതിനെട്ട് കർമങ്ങൾ ക്രമപ്പെടുത്തിയിരിക്കുന്ന പള്ളിപ്പാനയിൽ ഭദ്രദീപപ്രതിഷ്ഠ, പാനയടി, കാപ്പ്കെട്ട് ചടങ്ങുകൾക്കു പുറമെ പറയോത്ത്, മുറോത്ത്, ഇടുപണബലി, പീഠബലി, നിണബലി, കിടങ്ങ്ബലി പഞ്ചഭൂതബലി, തട്ടുബലി, കുഴിബലിക്കൂട, പട്ടടബലി, സർപ്പബലി, ദിക്കുബലി, ആഴിബലി, കൂമ്പ്ബലി, നവബലി അഷ്ടൈശ്വരപൂജ, അടവീശ്വരപൂജ തുടങ്ങിയ വിശിഷ്ട കർമങ്ങളോടൊപ്പം കലവറ ഒഴിയാതെ അന്നദാനവും ഉണ്ടായിരിക്കുന്നതാണ്.  

duryodhana-temple09
ആചാര അനുഷ്ഠാനങ്ങളിൽ ഈ ക്ഷേത്രം വേറിട്ടു നിൽക്കുന്നു

 

duryodhana-temple04
ദ്രാവിഡ സംസ്കാരം തലമുറകളായി കാത്തുസൂക്ഷിക്കപ്പെട്ടതിന്റെ ഉത്തമ ഉദാഹരണമാണ് മലനട ക്ഷേത്രം

ദ്രാവിഡ സംസ്കാരം തലമുറകളായി കാത്തുസൂക്ഷിക്കപ്പെട്ടതിന്റെ ഉത്തമ ഉദാഹരണമാണ് മലനട. കുറവ സമുദായത്തിൽപ്പെട്ട കടുത്താംശ്ശേരി കുടുംബത്തിലെ ഊരാളി നൂറ്റാണ്ടുകളായി ദ്രാവിഡ ആചാരപ്രകാരം പൂജാകർമങ്ങൾ നടത്തി വരുന്നു. മലക്കുട മഹോത്സവത്തിന് ഊരാളി കയ്യിലേന്തുന്ന കുട മലനാഥനായ ഊരാളിയുടെ അധികാരത്തിന്റെ പ്രതീകമാണ്. കാർഷിക വിളകളുമായി ബന്ധപ്പെട്ട ഉൽപന്നങ്ങളാണ് ഭക്തർ നേർച്ചയായി സമർപിക്കുന്നത്. 

 

duryodhana-temple10
12 വർഷത്തില്‍ ഒരിക്കൽ മാത്രം നടത്തപ്പെടുന്ന മഹാകർമമാണ് പള്ളിപ്പാന

ദുര്യോധനൻ ഈ ക്ഷേത്രത്തിലെ ആരാധനാമൂർത്തിയായതിന് പിന്നിൽ ഒരു ഐതിഹ്യം ഉണ്ട്. പാണ്ഡവരുടെ വനവാസകാലത്ത് അവരെ അന്വേഷിച്ച് കൗരവര്‍ ദേശസഞ്ചാരത്തിന് ഇറങ്ങുകയും മലനടക്കുന്നിൽ എത്തുകയും ചെയ്തു. യാത്ര ചെയ്തു ദാഹിച്ചു പരവശനായ ദുര്യോധനൻ മലനടക്കുന്നിന് വടക്കുപടിഞ്ഞാറുള്ള കടുത്താംശ്ശേരി കൊട്ടാരത്തിൽ എത്തുകയും ദാഹജലം ആവശ്യപ്പെടുകയും ചെയ്തു. ഒരു സ്ത്രീ കുടിക്കുവാൻ ഒരു കുടം ചെത്ത് കള്ള് കൊടുത്തു. സന്തോഷത്തോടെ അദ്ദേഹം അത് പാനം ചെയ്യുകയും ചെയ്തു. ആ സ്ത്രീ തിരിഞ്ഞുനടന്നപ്പോൾ കഴുത്തിലെ പുറത്താലി കാണുകയും കുറവ സമുദായത്തിൽപ്പെട്ട സ്ത്രീയാണെന്ന് മനസ്സിലാക്കുകയും ചെയ്തു. അങ്ങനെ അദ്ദേഹത്തിന് ഈ പ്രദേശത്തെ ദൈവികതയും ആളുകളുടെ അതീന്ദ്രീയ ശക്തിയും മനസ്സിലാക്കുവാൻ സാധിച്ചു. 

duryodhana-temple11
മഹാഭാരതത്തിലെ കൗരവ പ്രധാനിയായ ദുര്യോധന മഹാരാജാവാണ് മുഖ്യ ആരാധനാമൂർത്തി.

 

duryodhana-temple12
മലനട ക്ഷത്രത്തിനു മുന്നിൽ കെട്ടുകാഴ്ച്കൾ അണിനിരന്നപ്പോൾ

പിന്നീട് ഇവിടുത്തെ ജനങ്ങൾക്കു വേണ്ടി ഈ മലമുകളിൽ ഇരുന്ന് ശിവനെ ധ്യാനിക്കുകയും ചെയ്തു. മഹാഭാരതയുദ്ധം കൊടുമ്പിരിക്കൊണ്ട സമയം ദുര്യോധനൻ പ്രദേശവാസികളോട് അനുവാദം ചോദിച്ച് യുദ്ധത്തിന് പുറപ്പെട്ടു. പുറപ്പെടുന്ന സമയം അദ്ദേഹം ജനങ്ങളോടായി ഇപ്രകാരം പറയുകയുണ്ടായി. മീനമാസം രണ്ടാം വെള്ളിയാഴ്ച യുദ്ധത്തിൽ വിജയശ്രീലാളിതനായി ഞാൻ തിരിച്ചുവരും. അന്ന് എന്നെ സ്വീകരിക്കുന്നതിന് വേണ്ടി മീനമാസം ഒന്നാം വെള്ളിയാഴ്ച മുതൽ സകലവിധ ഒരുക്കങ്ങളോടുകൂടി നിൽക്കണം. മീനമാസം രണ്ടാം വെള്ളിയാഴ്ച അർധരാത്രി വരെ എന്നെ കാണുന്നില്ലെങ്കിൽ യുദ്ധത്തിൽ ഞാൻ മരിച്ചതായി കണക്കാക്കി എനിക്കുവേണ്ടി ഉദകക്രിയകള്‍ നടത്തണം. അതിന്റെ ഓർമയ്ക്കായിട്ടാണ് മീനമാസം ഒന്നാം വെള്ളിയാഴ്ച കൊടിയേറി എട്ട് ദിവസത്തെ ആഘോഷങ്ങളോടു കൂടി മീനമാസം രണ്ടാം വെള്ളിയാഴ്ച വലിയ കെട്ടുകാഴ്ചകളോടും ആചാര വെടിയോടും കൂടി ദുര്യോധനനെ വരവേൽക്കുവാനുള്ള ഒരുക്കങ്ങൾ മലനട നിവാസികൾ നടത്തുന്നത്. മലക്കുട ദിവസം അർധരാത്രിയില്‍ ക്ഷേത്രത്തിലെ പ്രധാന ആൽത്തറയിൽ പനമ്പായ് വിരിച്ച് വായ്ക്കരിയിടീൽ  കർമം നടത്തുന്നതും തുടർന്ന് അമ്പെയ്ത്ത് നടത്തുന്നതും ഈ വിശ്വാസത്തിന്റെ പ്രതീകമായിട്ടാണ്. 

duryodhana-temple07
ഉത്സവത്തിന്റെ ഭാഗമായി കെട്ടുകാളകളെ എഴുന്നള്ളിച്ചപ്പോൾ

 

മീനമാസത്തിലെ ഒന്നാം വെള്ളിയാഴ്ച കൊടിയേറി രണ്ടാം വെള്ളിയാഴ്ചയാണ് പ്രസിദ്ധമായ മലക്കുട മഹോത്സവം നടക്കുന്നത്. മറ്റ് ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ഉത്സവ ദിവസം കൊടി ഇറങ്ങാതെ മൂന്നാം വെള്ളിയാഴ്ച മാത്രമാണ് കൊടിയിറങ്ങുന്നത്. പനപ്പെട്ടി, കമ്പലടി, പള്ളിമുറി, നടുവിലേമുറി, വടക്കേമുറി, അമ്പലത്തുഭാഗം എന്നീ കരകളിലെ വലിയ എടുപ്പുകുതിരകളും ഇടക്കാട് കരയിൽ നിന്നും വലിയ എടുപ്പുകാളയും നൂറുകണക്കിന് വലുതും ചെറുതുമായ കെട്ടുകാഴ്ചകളും കെട്ടുത്സവത്തിന് ഭംഗി കൂട്ടുന്നു. പനപ്പെട്ടി, കമ്പലടി, പള്ളിമുറി, നടുവിലേമുറി, അമ്പലത്തുംഭാഗം, ഇടയ്ക്കാട് തെക്ക്, ഇടയ്ക്കാട് വടക്ക് കരകളിൽ നിന്നും ഹൈന്ദവ സമുദായത്തിൽപ്പെട്ട എല്ലാ വിഭാഗങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 25 അംഗങ്ങളാണ് ക്ഷേത്ര ഭരണം നടത്തുന്നത്. 2023 മാർച്ച് 17(1198 മീനം 3) വെള്ളിയാഴ്ച കൊടിയേറി മാര്‍ച്ച് 24 (1198 മീനം 10) വെള്ളിയാഴ്ച വരെ. ക്ഷേത്രചടങ്ങുകൾക്ക് പുറമേ വിവിധ കലാപരിപാടികളോടും വമ്പിച്ച കെട്ടുകാഴ്ചകളോടും കൂടി മലക്കുട മഹോത്സവം പൂർവാധികം ഭംഗിയായി നടത്തുവാൻ തീരുമാനിച്ചിരിക്കുകയാണ്. 

 

പള്ളിപ്പാന മഹാകർമം

 

ആചാര അനുഷ്ഠാനങ്ങളിൽ ഈ ക്ഷേത്രം വേറിട്ടു നിൽക്കുന്നു. വിഗ്രഹമോ പ്രതിഷ്ഠയോ ഇല്ലാത്ത വിശാലമായ ദേവസ്ഥാനമണ്ഡപത്തിൽ മനസ്സിനെ കേന്ദ്രീകരിച്ച് ചിന്താധാരയിലൂടെ പ്രപഞ്ചത്തേയും ഈശ്വരനായി കാണുവാനുള്ള അതിമഹത്തായ ഒരനുഭൂതി ഈ പുണ്യഭൂമിയിൽ നിന്നും ഭക്തർക്ക് ലഭിക്കുന്നു. ദേശത്തിനും ഭക്തർക്കും സർവൈശ്വര്യങ്ങളും സിദ്ധിക്കുന്നതിനായി ശൈവശക്തിയുടെ ശ്രേഷ്ഠഭാവങ്ങളോടെ നടത്തപ്പെടുന്ന പുണ്യകർമമാണ് പള്ളിപ്പാന. 

 

ദുർവാസാവ് മഹർഷിയുടെ ശാപത്താൽ ജരാനരബാധിച്ച ദേവന്മാർ ശാപമോക്ഷത്തിനായി പാലാഴി കടഞ്ഞ് അമൃത് കരസ്ഥമാക്കുവാൻ അസുരന്മാരുടെ സഹായത്തോടെ ശ്രമിക്കുന്നു. പാലാഴി മഥനത്തിലൂടെ ലഭിച്ച അമൃത് അസുരന്മാർ തട്ടിയെടുത്ത് മഹാവിഷ്ണു മോഹിനിയായി അവതരിച്ച് അസുരന്മാരിൽ നിന്ന് അമൃത് വീണ്ടെടുത്ത് ദേവന്മാർക്ക് നൽകി. ഇതിൽ കുപിതരായ അസുരന്മാർ ഗുരുവായ ശുക്രാചാര്യരെ സമീപിച്ച് സങ്കടം ഉണർത്തിച്ചു. കോപാകുലനായ ഗുരു മഹാവിഷ്ണുവിനെ ശപിച്ചു. ശാപഗ്രസ്ഥനായ മഹാവിഷ്ണുവിനെ ആലസ്യവും രോഗവും ഭവിച്ചു. തദ്ഫലമായി പാലാഴിയിലെ ജലത്തിന് ചുവപ്പും നിറവും ജീവജാലങ്ങൾക്ക് നാശവും ഉണ്ടായി. ഭയചകിതരായ ദേവന്മാർ ഗണപതിയുടെ നിർദേശപ്രകാരം സുബ്രഹ്മണ്യൻ രാശിപ്രശ്നം നടത്തുകയും നവഗ്രഹങ്ങൾ മൃത്യുസൂത്രത്തിൽ നിന്നതുകണ്ട് എല്ലാവരും ദുഃഖിതരാവുകയും ചെയ്തു. 

 

ദോഷപരിഹാരത്തിനായി വേലൻ എന്ന കർമിയെ വേണമെന്ന് സുബ്രഹ്മണ്യൻ വിധിച്ചു. വേലനുവേണ്ടിയുള്ള ദേവന്മാരുടെ അന്വേഷണം വിഫലമായതിനാൽ നാരദമുനിയുടെ നിർേദശാനുസരണം ദേവന്മാർ കൈലാസത്തിൽ എത്തി ശ്രീ മഹാദേവനേയും ദേവിയേയും കണ്ട് കാര്യങ്ങൾ ധരിപ്പിച്ചു. സംഭവങ്ങൾ ഗ്രഹിച്ച ശ്രീ പരമശിവനും ശ്രീ പാർവതിയും വേലനും വേലത്തിയുമായി രൂപം പൂണ്ട് പാലാഴി ഗോപുരത്തിന് മുന്നിലെത്തി കയ്യിൽ കരുതിയിരുന്ന പറ (തുടി) കൊട്ടിപാടി മഹാവിഷ്ണുവിനെ ഉണർത്തി. ഓതി ഉഴിഞ്ഞ് കർമങ്ങൾ ചെയ്ത മഹാവിഷ്ണുവിന്റെ ദോഷങ്ങൾ അകറ്റി കൈലാസത്തിൽ എത്തിയ ദേവന്മാർ ലോകത്ത് വേലന്റെ ആവശ്യം മനസ്സിലാക്കുകയും വേലൻ എന്ന കുലത്തെ സൃഷ്ടിക്കുകയും അവർക്ക് ഓതി ഉഴിഞ്ഞ് കർമങ്ങൾ ചെയ്ത് ദോഷങ്ങൾ അകറ്റുവാനുള്ള സിദ്ധി നൽകുകയും ചെയ്തു. ശ്രീ പരമേശ്വരൻ ദോഷം തീർക്കുന്നതിനുവേണ്ടി നടത്തിയ 18 കർമങ്ങളെയാണ് പള്ളിപ്പാന മഹാകർമമായി സങ്കൽപിക്കുന്നത്. 

 

12 ദിവസങ്ങളിലായി 18 കർമങ്ങളും പൂജകളുമായി ക്രമപ്പെടുത്തിയിരിക്കുന്ന പള്ളിപ്പാനയിൽ വിശിഷ്ട പൂജകളോടൊപ്പം അന്നദാനത്തിനും പ്രാധാന്യം നൽകുന്നു. 12 വർഷത്തില്‍ ഒരിക്കൽ മാത്രം നടത്തപ്പെടുന്ന പള്ളിപ്പാന മഹാകർമം 1198 കുഭം 12 (2023 ഫെബ്രുവരി 24 ) ന് ആരംഭിച്ച് 1198 കുഭം 23 (2023 മാർച്ച് 7) ന് സമാപിക്കുകയാണ്. ഏഴ് കരകളുടേയും പരിപൂർണ പങ്കാളിത്തത്തോടെ ദേവസ്വം ഭരണസമിതിയുെട നേതൃത്വത്തിലാണ് നടത്തപ്പെടുന്നത്.

 

Content Summary : Significance of Poruvazhy Peruviruthy Malanada DuryodhanaTemple

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com