ADVERTISEMENT

ശാരീരിക പീഢകളാല്‍ നിരന്തരം വീർപ്പുമുട്ടുന്ന ഭക്തജനങ്ങൾക്ക് അത്യുത്തമമായ അഭയകേന്ദ്രമായാണ് എറണാകുളം ജില്ലയിലെ തോട്ടുവ ശ്രീ ധന്വന്തരി ക്ഷേത്രം അറിയപ്പെടുന്നത്. എല്ലാവിധ തീരാവ്യാധിയിൽ നിന്നും മോചനം ലഭിക്കുന്നതിന് തോട്ടുവായിലെ ധന്വന്തരി പ്രസാദം ഉപകരിക്കുമെന്നാണ് ഭക്തരുടെ വിശ്വാസം.

 

ശ്രീധന്വന്തരി അവതാരം

thottuva-temple-01
ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ ആദിധന്വന്തരി ഭാവത്തിലുള്ളതാണ്.

ഏവർക്കും ഒരു പോലെ അനുഗ്രഹിക്കുന്ന ദേവനാണ് ധന്വന്തരിമൂർത്തി. ദേവന്മാരും അസുരന്മാരും ജരാവ്യാധിഹരവും നിത്യയൗവ്വനദായകവുമായ അമൃതം ലഭിക്കുവാനായി ആദികാലത്ത് ക്ഷീരസാഗരത്തെ മഥനം ചെയ്തു. മേരുപർവതത്തെ മത്താക്കി മഹാവിഷ്ണുവിനെ കൂർമപീഠമാക്കി വാസുകി എന്ന സർപ്പത്തെ കയറാക്കി ദേവന്മാർ ഒരു തലയ്ക്കും അസുരന്മാർ മറുതലയ്ക്കും പിടിച്ച് പല വർഷങ്ങൾ മഥനം ചെയ്തു. അങ്ങനെ കടഞ്ഞപ്പോൾ പല വിചിത്ര വസ്തുക്കൾ ഉത്ഭവിച്ചു. ആദ്യം കാളകൂട വിഷം വന്നപ്പോൾ ശ്രീപരമേശ്വരൻ ലോകരക്ഷാർത്തം സ്വയം ഏറ്റു. പിന്നീട് കാമധേനു, കൽപവൃക്ഷം, ഉച്ചൈസ്രവസ്സ്, ഐരാവതം, മഹാലക്ഷ്മി എന്നീ ദിവ്യവസ്തുക്കൾ പുറത്തുവന്നു. ആ വസ്തുക്കളെ ദേവന്മാർക്കും മഹാവിഷ്ണുവിനും നൽകി. പിന്നീട് ദേവാസുരന്മാർ അനുഭവിക്കുന്ന വിഷമങ്ങളെ കണ്ട ശ്രീ ഭഗവാൻ വിഷ്ണു ശംഖ് ചക്രധാരിയായി അമൃതകലശം കൈക്കൊണ്ട് ശ്രീധന്വന്തരിയായി അവതരിക്കുകയും ചെയ്തു.

 

thottuva-temple-08
താരദമ്പതികളായ ജയറാമും പാർവതിയും ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായപ്പോൾ

ഐതിഹ്യം

ഇന്നത്തെ ക്ഷേത്രത്തിൽ നിന്നും കുറച്ചകലെയായി ഒരു മലയിൽ മൂന്ന് ബ്രാഹ്മണ ഗൃഹങ്ങൾ ഉണ്ടായിരുന്നു. ഇവർക്ക് പ്രത്യേകമായി കുലദേവതമാരും ഉണ്ടായിരുന്നു. ഇവരെല്ലാവരും കഴിവിനനുസരിച്ച് ക്ഷേത്രം നിർമിച്ച് വിഷ്ണു, ശിവൻ, ഭഗവതി എന്നീ ദേവകളെ ഉപാസിച്ച് ആരാധന ചെയ്തു. ശങ്കരാചാര്യർ വേഷം മാറിവന്ന് ബ്രാഹ്മണഗൃഹങ്ങളിലെത്തി ഭിക്ഷ ചോദിക്കുകയും സ്വാർഥരായ ബ്രാഹ്മണർ അദ്ദേഹം ആരെന്നറിയാതെ അപമാനിച്ചു വിടുകയും ചെയ്തു. ഈ കാലഘട്ടത്തില്‍ത്തന്നെ ഈ ബ്രാഹ്മണഗൃഹങ്ങൾ നശിക്കുകയും മൂന്ന് ബ്രാഹ്മണഗൃഹങ്ങളിലുള്ളവർ എല്ലാവരും അവരവരുടെ വിഗ്രഹങ്ങളുമായി പുഴ കടന്ന് ഇന്നത്തെ കുറിച്ചിലക്കോട് എന്ന ദേശത്ത് എത്തിച്ചേർന്ന് അവിടെ വിഗ്രഹങ്ങൾ വച്ച് നിവേദ്യം തയാറാക്കി പ്രഭാത നിവേദ്യം നടത്തുകയും ചെയ്തു. ഇതിൽ വൈഷ്ണവ വിഗ്രഹമായ ധന്വന്തരമൂർത്തിയുടെ നിവേദ്യമൊഴികെ മറ്റെല്ലാവരും കത്തിക്കുവാൻ ഉപയോഗിച്ചിരുന്ന മുളവിറക് മലർത്തിവച്ച് കത്തിക്കുകയും അവരുടെ നിവേദ്യങ്ങൾ വേഗത്തിൽ പാകമാകുകയും ചെയ്തു. മറ്റു രണ്ടു കൂട്ടരും രണ്ട് സ്ഥലങ്ങളിലായി പ്രതിഷ്ഠ നടത്തി. വൈഷ്ണവമൂർത്തിയുടെ നിവേദ്യം കമഴ്ത്തിവച്ച് കത്തിച്ചതിനാൽ നിവേദ്യം പാകമാകാൻ താമസം വരികയുണ്ടായി. വൈഷ്ണവ ദേവതാ പൂജകന് നേരം വൈകിയതിനാൽ സ്ഥലം ലഭിച്ചില്ല. അവിടെനിന്നും തോട്ടുവ എന്ന ഗ്രാമത്തിലെത്തി ഉപയോഗിച്ചിരുന്ന ഓലക്കുട അവിടെ ഒരു പറമ്പിൽ കുത്തി. അവിടെത്തന്നെ ദേവനെ പ്രതിഷ്ഠിക്കുകയും ചെയ്തു. ആ സ്ഥലത്ത് ക്ഷേത്രാവശിഷ്ടങ്ങളും ഉണ്ടായിരുന്നു. കുട കുത്തിയ ആ സ്ഥലത്തിന് ഇന്നും കുടപ്പാടം എന്ന പേരിലാണ് അറിയപ്പെടുന്നത്. പ്രതിഷ്ഠ നടത്തിയെങ്കിലും നിവേദ്യം നടത്തുന്നതിനുള്ള കഴിവില്ലാതെ വന്നു. വിഷമിച്ചു ചിന്തിച്ചു കിടന്ന അദ്ദേഹത്തിന് സ്വപ്നത്തിൽ അശരീരി ഉണ്ടായി. ‘അങ്ങ് ഒട്ടും വിഷമിക്കേണ്ടതില്ല, ഞാൻ ഭക്തജനങ്ങളെക്കൊണ്ട് കഴിഞ്ഞു കൊള്ളാം’ എന്ന് പറഞ്ഞതായി കേൾക്കുകയും ചെയ്തു.

 

ക്ഷേത്രമാഹാത്മ്യം

thottuva-temple-10
ഉത്സവ സമയത്തു ദർശനത്തിനായി വരിനിൽക്കുന്ന ഭക്തർ

തോട്ടുവ ഗ്രാമത്തിന്റെ ഹൃദയഭാഗത്തുകൂടി ഒഴുകുന്ന തോട് ഈ ക്ഷേത്ര സങ്കേതത്തിൽ എത്തുമ്പോള്‍ മാത്രമാണ് കിഴക്കോട്ട് ഒഴുകുന്നത്. ഈ തോട് പിന്നീട് പെരിയാർ പുഴയുമായി സംഗമിക്കുന്നു. ‘തോടിന്റെ വാ’ ആയതുകൊണ്ടാണ് ഈ സ്ഥലത്തിന് തോട്ടുവ എന്ന പേര് ലഭിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു.

 

ഈ തോട്ടിൽ കുളിച്ച് ക്ഷേത്ര ദർശനം നടത്തുന്നതും തീർഥം സേവിക്കുന്നതും ഭജനം നടത്തുന്നതും സർവരോഗശമനത്തിനും സർവൈശ്വര്യത്തിനും ഉത്തമമാണെന്ന് അനുഭവസ്ഥർ പറയുന്നുണ്ട്.

thottuva-temple-04
തോട്ടുവ ശ്രീ ധന്വന്തരി മൂർത്തിയുടെ ആറാട്ട്

 

ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ ആദിധന്വന്തരി ഭാവത്തിലുള്ളതാണ്. അഞ്ചടിയിൽ കൂടുതൽ ഉയരമുള്ള ശ്രീ ധന്വന്തരി വിഗ്രഹത്തിന്റെ മുകളിലത്തെ വലതു കൈയ്യിൽ ചക്രവും ഇടതു കൈയ്യിൽ ശംഖും താഴത്തെ വലതു കൈയ്യിൽ അമരത്വവും ആരോഗ്യവും പ്രദാനം ചെയ്യുന്ന അമൃതകുംഭവും ഇടതുകൈയ്യിൽ സർവരോഗസംഹാരിയായ ജളൂകവും (അട്ട) വഹിച്ചിരിക്കുന്നതായാണ് പ്രതിഷ്ഠ.

 

മരണം മുന്നിൽക്കണ്ട രോഗി വൈദ്യനായ അനുഭവം

 

കടമറ്റത്തുള്ള ഒരാൾക്ക് ശാരീരികമായി ഒന്നിനും കഴിയാതെ മരണം മുഖാമുഖം കണ്ട് കഴിയുന്ന കാലത്ത് മറ്റൊരു ധന്വന്തരി ഭക്തന്റെ ഉപദേശപ്രകാരം തോട്ടുവാ ക്ഷേത്രത്തിൽ ഭജനമിരുന്നപ്പോൾ രോഗം പൂർണമായി ഭേദമായി. അദ്ദേഹം വൈദ്യം പഠിക്കുകയും ആയുർവേദ വൈദ്യനായി ഏറെക്കാലം പ്രവര്‍ത്തിക്കുകയും ചെയ്തുവത്രേ. ഒരു ദിവസം കുഷ്ഠരോഗം മൂലം അവശതയനുഭവിച്ചിരുന്ന ഒരാൾ വൈദ്യരെ കണ്ടപ്പോൾ രോഗവിമുക്തിക്കായി പെരുമ്പാമ്പിന്റെ നെയ്യ് സേവിക്കാനാണ് നിർദ്ദേശിച്ചത്. ബ്രാഹ്മണകുലത്തിലെ ഭക്തനായതിനാൽ അദ്ദേഹം അത് ചെയ്തില്ല. മറ്റൊരു തോട്ടുവാ ഭക്തന്റെ നിർദ്ദേശപ്രകാരം പന്ത്രണ്ടു ദിവസം തോട്ടുവാ തോട്ടിൽ കുളിച്ച് അവിടുത്തെ ജലം സേവിച്ച് ഭഗവാനെ ഭജിക്കുകയും ചെയ്തപ്പോൾ അസുഖം പൂർണമായി ഭേദമായത്രേ. ഇതറിഞ്ഞ വൈദ്യർ ജലം പരിശോധിച്ചപ്പോൾ തോട്ടിൽ ബ്രാഹ്മണൻ കുളിച്ചതിന്റെ കുറച്ചകലെയായി ജീർണ്ണിച്ച പാമ്പിന്റെ ജഡം കണ്ടു. ഈ പാമ്പിന്റെ ശരീരത്തിൽ നിന്നും ഒഴുകി വന്നിരുന്ന നെയ്യാണ് ജലത്തോടൊപ്പം സേവിച്ചിരുന്നതെന്ന് മനസ്സിലായി. ഇത്തരം നിരവധി അനുഭവങ്ങൾ ഭക്തർക്ക് ഇന്നത്തെ കാലത്തും പങ്കുവയ്ക്കാനുണ്ട്. അതുകൊണ്ടുതന്നെയാണ് ‘മരുന്നും മന്ത്രവും’ ഒരുമിച്ചാൽ രോഗശമനം സുനിശ്ചിതമെന്ന ചൊല്ല് കൂടുതൽ പ്രസക്തമാകാൻ കാരണമാകുന്നതും.

thottuva-temple-03
ഉത്സവസമയത്തെ ഭഗവാന്റെ എഴുന്നെള്ളിപ്പ്

 

സന്താനലബ്ധിക്കും, ത്വക്ക്, വാത രോഗങ്ങളാൽ അവശതയനുഭവിക്കുന്നവർക്കും ഈ ധന്വന്തരീമൂർത്തിയെ ആശ്രയിക്കുന്നത് അവസാന ചികിത്സാവിധിയായാണ് കരുതപ്പെടുന്നത്.

 

രോഗദുരിതനിവാരണത്തിന് പ്രത്യേക വഴിപാടുകൾ

thottuva-temple-07
ക്ഷേത്ര ദർശനം നടത്തുന്നതും തീർഥം സേവിക്കുന്നതും ഭജനം നടത്തുന്നതും സർവരോഗശമനത്തിനും സർവൈശ്വര്യത്തിനും ഉത്തമമാണെന്ന് അനുഭവസ്ഥർ പറയുന്നു

 

ക്ഷേത്രത്തിലെ പ്രധാന മൂർത്തിയായ ശ്രീധന്വന്തരി വൈഷ്ണവാംശമായതിനാൽ വിഷ്ണുക്ഷേത്രത്തിലെ പ്രധാന വഴിപാടുകളും ആയുർവേദാധിപനായതിനാല്‍ രോഗശാന്തിക്കുള്ള വിശേഷാൽ വഴിപാടുകളും ഒരേ പ്രാധാന്യത്തോടെയാണ് നടത്തുന്നത്.

 

രോഗവിമുക്തിക്കും ഭഗവത്പ്രീതിക്കും

 

ശ്രീധന്വന്തരമൂർത്തിക്ക് പ്രധാന വഴിപാടായ പഴം പഞ്ചസാര വെണ്ണ നിവേദ്യം രോഗശമനത്തിനും ഭഗവത് പ്രീതിക്കുമായി നടത്തിവരുന്നുണ്ട്.

thottuva-temple-09
വൃശ്ചിക മാസത്തിലെ തിരുവോണം നാൾ ആറാട്ടായി വരുന്ന ആറു ദിവസത്തെ ഉത്സവമാണ് തിരുവുത്സവമായി ആഘോഷിക്കുന്നത്.

 

രോഗശമനത്തിന് അത്യുത്തമ വഴിപാട്

thottuva-temple-06
രാവിലെ 5 മുതൽ 10.30 വരെയും വൈകിട്ട് 5.30 മുതൽ 7.30 വരെയുമാണ് ദര്‍ശന സമയം.

 

സാധാരണയായി നടത്തിവരാറുള്ള ധന്വന്തരി മന്ത്രാർച്ചന ഒരു ദിവസമോ തുടർച്ചയായി 3, 5, 7, 11, 21 ദിവസമോ 41 ദിവസം വരെയും പക്കപിറന്നാൾ തോറും നടത്തി വരാറുണ്ട്. ധന്വന്തരി പൂജയായും വഴിപാടായി നടത്തുന്നു. ഇതു കൂടാതെയാണ് രോഗശമനത്തിനും ആയുരാരോഗ്യസൗഖ്യത്തിനും അത്യുത്തമമായ ധന്വന്തരീഹോമം. 1008 തവണ ധന്വന്തരി മന്ത്രം ജപിച്ചു കൊണ്ടുള്ള ഹോമമാണിത്. 

 

ഉദരരോഗശമനത്തിന്

thottuva-temple-05
ഉത്സവനാളിൽ ജയറാമും സംഘവും അവതരിപ്പിച്ച പഞ്ചാരിമേളം

 

ഉദരരോഗശമനത്തിനും ആയുർദൈർഘ്യത്തിനും പ്രത്യേകമായ ദ്രവ്യങ്ങൾ ചേർത്ത് ആയുർവേദ വിധിപ്രകാരം തയ്യാറാക്കുന്ന ഒരു നിവേദ്യം വഴിപാടായി നടത്തുന്നത് വർഷത്തിൽ 2 തവണ മാത്രമാണ്. മകരമാസത്തിലെയും കർക്കടക മാസത്തിലെയും തിരുവോണം നാളിൽ. 

 

ശ്വാസതടസ്സരോഗത്തിൽ നിന്നും മുക്തി നേടാൻ

 

വലിവ്, ആസ്ത്മ, ശ്വാസംമുട്ട് എന്നീ ബുദ്ധിമുട്ടുകൾക്ക് പാളയും കയറും സമർപ്പിക്കുന്ന വഴിപാടും കയർ കൊണ്ടുള്ള തുലാഭാരവും പ്രധാനമാണ്. 

 

ത്വക് രോഗങ്ങളിൽ നിന്നും മുക്തി നേടാൻ

 

ത്വക്കിനു പുറമേ ഉണ്ടാകുന്ന വ്രണങ്ങൾ, ചൊറിച്ചിൽ എന്നിവയ്ക്ക് ചേനയും ഉപ്പും സമർപ്പിച്ച് പ്രാർഥിക്കുകയും ചേന, ഉപ്പ് ഉപയോഗിച്ച് തുലാഭാരവും നടത്തിയാൽ ത്വക് രോഗങ്ങൾ നിന്ന് ശമനമുണ്ടാകുമെന്നാണ് വിശ്വാസം.

 

സന്താനലബ്ധിക്ക് ചോറൂണ് വഴിപാട്

 

സന്താനലബ്ധിക്കും സന്താനങ്ങളുടെ ആയുരാരോഗ്യത്തിനും വേണ്ടി മാതാപിതാക്കളും ബന്ധുമിത്രാദികളും ക്ഷേത്രത്തിൽ വന്ന് പ്രാർഥിച്ച് നിവേദ്യചോറ് പ്രസാദമായി കുട്ടിക്ക് നൽകാമെന്ന് നേരുകയും ചെയ്താൽ കുട്ടി ഉണ്ടായതിനുശേഷം ഈ വഴിപാട് നടത്തുകയും ചെയ്യാറുണ്ട്. 

 

ഇതുകൂടാതെ മുഴുക്കാപ്പ്, നിറമാല, ചുറ്റുവിളക്ക്, ആട്ടിയ എണ്ണ, ആൾരൂപങ്ങൾ, ദശാവതാര വഴിപാടുകളും ക്ഷേത്രത്തിൽ നടത്തുന്നുണ്ട്. 

 

തിരുവുത്സവം

 

വൃശ്ചിക മാസത്തിലെ തിരുവോണം നാൾ ആറാട്ടായി വരുന്ന ആറു ദിവസത്തെ ഉത്സവമാണ് തിരുവുത്സവമായി ആഘോഷിക്കുന്നത്. അഞ്ചാം ദിവസം വലിയ വിളക്കും ആറാംദിവസം ആറാട്ടോടു കൂടിയാണ് ഉത്സവ സമാപനം. അഞ്ചാം ദിവസം വലിയ വിളക്കിന് ഗജവീരന്മാരുടെ അകമ്പടിയോടെ എഴുന്നള്ളിപ്പും മേളവും പഞ്ചവാദ്യവും മറ്റു ഉത്സവ ചടങ്ങുകളും നടന്നു വരുന്നു. ആറാം ദിവസം ആറാട്ടിനു ശേഷം കൊടിക്കീഴിൽ പറ സമർപ്പണത്തിനു ശേഷം കൊടിയിറക്കി ഉത്സവം സമാപിക്കുന്നു. എല്ലാ ദിവസവും പ്രസാദ ഊട്ടും കലാപരിപാടികളുമായാണ് തിരുവുത്സവാഘോഷം. 

 

ഇതു കൂടാതെ മണ്ഡലമഹോത്സവവും, ഏകാദശി വിളക്ക്, ദശാവതാര മഹോത്സവം, പ്രതിഷ്ഠാദിന മഹോത്സവം, വിഷുക്കണി ദർശനം, ശ്രീകൃഷ്ണജയന്തി, നവരാത്രി ആഘോഷം, ധന്വന്തരി ജയന്തി, തിരുവോണനാൾ എന്നീ വിശേഷ ദിനങ്ങളിലും അനേകം ഭക്തജനങ്ങളാണ് ധന്വന്തരീ മൂർത്തിയെ കണ്ട് തൊഴാനും വഴിപാട് സമർപ്പണത്തിനുമായി എത്തുന്നത്. 

 

നവീകരണകലശവും ധ്വജപ്രതിഷ്ഠയും ജനുവരി 20 മുതൽ 30 വരെ. ക്ഷേത്രത്തില്‍ നവീകരണ കലശത്തിനു പുറമെ ഏകദേശം 52 അടി ഉയരം വരുന്ന ധ്വജത്തിന്റെ പ്രതിഷ്ഠയും നടത്തപ്പെടുന്നു. ജനുവരി 30 ന് നവീകരണത്തിനുശേഷമുള്ള നട തുറപ്പും വൈകുന്നേരം തൃക്കോടിയേറ്റോടുകൂടി ഉത്സവമാരംഭവുമാണ്. ഫെബ്രുവരി 4 ന് രാവിലെയാണ് ആറാട്ട്. 

 

ദർശന സമയം

 

രാവിലെ 5 മുതൽ 10.30 വരെയും വൈകിട്ട് 5.30 മുതൽ 7.30 വരെയുമാണ് ദര്‍ശന സമയം. ഞായറാഴ്ചകളിലും തിരുവോണം നാള്‍, മറ്റു വിശേഷ ദിവസങ്ങളിൽ രാവിലെ 11.30 വരെ ദർശനസമയമുണ്ട്. 

 

ക്ഷേത്രത്തിലേയ്ക്കുള്ള വഴി

 

എറണാകുളം ജില്ലയിെല പെരുമ്പാവൂരിൽ നിന്നും കാലടി റൂട്ടില്‍ വല്ലം ജംക്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് 6 കിലോമീറ്റര്‍, കാലടിയിൽ നിന്നും ശങ്കരപാലം കഴിഞ്ഞ് ഇടത്തോട്ടുള്ള വഴിയിൽ 8 കിലോമീറ്റർ

 

ബസ്സിൽ വരുന്നവർക്ക് 

 

പെരുമ്പാവൂരിൽ നിന്നും കാലടിയിൽ നിന്നും ചേരാനല്ലൂർ വഴി വരുന്നവർക്ക് അമ്പല നടയിൽത്തന്നെ ബസ്സിറങ്ങാം. പെരുമ്പാവൂരിൽ നിന്നും കോടനാട് വഴിയുള്ള ബസ്സിൽ തോട്ടുകവലയിൽ ഇറങ്ങി ഒരു കിലോമീറ്റർ മാത്രം യാത്ര ചെയ്താൽ മതി. 

 

 

ക്ഷേത്രത്തിന്റെ വിലാസവും ഫോൺ നമ്പറും

 

തോട്ടുവ ശ്രീധന്വന്തരി ക്ഷേത്രം,

കൂവപ്പടി പി. ഒ,

തോട്ടുവ,

എറണാകുളം ജില്ല – 683544

ഫോൺ– 0484– 2641485

 

ലേഖകൻ

സുനിൽ വല്ലത്ത്

9447415140

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com