കുഞ്ഞുന്നാളിലെ വീരനായകൻ! മുതിരുമ്പോഴും വളരുന്നതേയുള്ളൂ ഹനുമാനോടുള്ള വീരാരാധന!! പിറന്നുവീണപ്പോൾതന്നെ, ചുവന്ന പഴമെന്നു കരുതി സൂര്യനെ പിടിക്കാനുള്ള ചാട്ടം. അതു സാധിച്ചേക്കുമെന്നു ഭയന്നാണ് പ്രപഞ്ചരക്ഷയ്ക്കായി ഇന്ദ്രൻ വായൂതനയനു നേരെ വജ്രായുധം പ്രയോഗിച്ചത്. ഹനുവിൽ ആയുധമേറ്റ മകന്റെ ദുരവസ്ഥയിൽ നിശ്ചലനായ വായുഭഗവാനെ സമാധാനിപ്പിച്ച്, ഹനുമാന് ചിരഞ്ജീവി വരം നൽകിയല്ലോ ത്രിമൂർത്തികൾ! എല്ലാറ്റിനെയും നിസ്സാരമെന്നു നിനച്ചുള്ള ഹനുമാന്റെ ജൈത്രയാത്ര ഭക്തഹൃദയങ്ങളെ കീഴടക്കിത്തുടങ്ങുകയാണിവിടെ. സീതാന്വേഷണത്തിനിറങ്ങിയ രാമലക്ഷ്മണന്മാരെ ദൂരെക്കാണുമ്പോൾ ഋശ്യമൂകാചലത്തിൽ ആശങ്കാകുലനാകുന്ന സുഗ്രീവൻ, അപരിചിതർ ആരെന്നറിഞ്ഞുവരാൻ തന്റെ നാലു മന്ത്രിമാരിൽ ഹനുമാനെയാണ് ആശ്രയിക്കുന്നത്. അദ്ദേഹത്തിന്റെ വാക്സാമർഥ്യത്തിലും നയചാതുരിയിലും അത്രമേൽ വിശ്വാസമുണ്ട് അരചന്. വജ്രകാന്തിയുള്ള വാക്കുകൾ, വ്യാകരണം ശുദ്ധം, സ്വരം മധുരം; ശ്രീരാമചന്ദ്രൻ പോലും അതിശയിച്ചുപോകുന്നു. ലോകത്തെ ഏറ്റവും ദൃഢമായ ആത്മബന്ധങ്ങളിലൊന്നിന്റെ തുടക്കം. പ്രപഞ്ചത്തിന്റെ വ്യാകരണം നിർണയിക്കുന്ന സൂര്യദേവനിൽനിന്നു വ്യാകരണശാസ്ത്രം പഠിച്ചയാളാണ് ഹനുമാൻ. തികഞ്ഞ സംഗീതകാരൻ. ബാലിവധത്തിനുശേഷം സുഗ്രീവൻ തന്റെ കടമ മറക്കുകയാണോ എന്ന് സൂചിപ്പിക്കാൻ മടികാണിക്കാത്ത ഉത്തമസചിവനാണ് ഹനുമാൻ. ഇക്കാര്യത്തിൽ സുഗ്രീവനോടുള്ള ലക്ഷ്മണന്റെ കോപം ശമിപ്പിക്കുന്നതും മറ്റാരുമല്ല. സമുദ്രലംഘന ചിന്താവേളയിൽ അംഗദൻ ഉൾപ്പെടെ ഓരോരുത്തരും തങ്ങളാൽ എത്ര സാധ്യമെന്നറിയിക്കുമ്പോഴും ഹനുമാൻ മൗനത്തിലാണ്. അദ്ദേഹത്തിന്റെ വീര്യം ജ്വലിപ്പിക്കേണ്ടതുണ്ടെന്ന് തിരിച്ചറിയുന്നു ജാംബവാൻ...
HIGHLIGHTS
- രാമനാമം ഉള്ള കാലത്തോളം ഭൂമിയിൽ വാഴാൻ അനുഗ്രഹിക്കണമെന്ന വരം ചോദിച്ച ആഞ്ജനേയൻ. കോടാനുകോടി നാവുകൾ ഇന്നും ഉരുവിടുന്ന മന്ത്രം– ഹനൂമാൻ ചാലീസ. ഹരിഹരൻ ആലപിച്ച് ഗുൽഷൻകുമാർ അഭിനയിച്ച ഹനൂമാൻ ചാലീസ യുട്യൂബിൽ ശതകോടികളാണു കേട്ടത്. തലമുറകളിലേക്കു കൈമാറ്റം ചെയ്യപ്പെട്ട ഹനൂമാന്റെയും ഹനൂമാൻ ചാലീസയുടെയും ഭക്തിനിർഭരമായ അനുഭവത്തെക്കുറിച്ച്...