ADVERTISEMENT

പാലക്കാട് ജില്ലയിലെ ആലത്തൂർ താലൂക്കിൽ മാത്തൂർ പഞ്ചായത്തിലുൾപ്പെടുന്ന ആനിക്കോട് ഗ്രാമത്തിലാണ് ശ്രീ അഞ്ചുമൂർത്തി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഏകദേശം 1100 വർഷം പഴക്കമുള്ള ക്ഷേത്ര സമുച്ചയമാണിത്. 

anchumurthy-temple-06
നിളയെ ഗംഗയായി സങ്കല്പിച്ചു ആരതി നടത്തുന്ന ഭക്തർ

 

∙ അഞ്ചുമൂർത്തികൾ ആരെല്ലാം?

anchumurthy-temple-09
പുനരുദ്ധാരണത്തിനു മുമ്പുള്ള ക്ഷേത്ര ശ്രീകോവിൽ

ശ്രീമഹാഗണപതി, ശ്രീമഹാദേവൻ, ശ്രീപാർവതി, ശ്രീമഹാവിഷ്ണു, ശ്രീധർമശാസ്താവ് എന്നീ ദേവതകൾ തുല്യപ്രാധാന്യത്തോടെ വാഴുന്ന ആത്മീയസ്ഥാനമാണ് അഞ്ചുമൂർത്തി ക്ഷേത്രം. പ്രകൃതിയുടെ പരിലാളനമേറ്റ് പരിലസിക്കുന്ന ക്ഷേത്രത്തിന്നരികിലൂടെ വടക്കോട്ടൊഴുകുന്ന നിളാനദിയെ പ്രത്യക്ഷഗംഗയായി ഇവിടെ നിത്യവും ആരാധിക്കുന്നു. 

 

anchumurthy-temple-02
കർക്കടക വാവുബലിയോടനുബന്ധിച്ചു ബലിതർപ്പണം നടത്തുന്ന ഭക്തർ

∙ അഗ്രഹാരം

നാലര ഏക്കറോളം വിസ്താരമുള്ള ഈ അപൂർവ ദൈവികസ്ഥാനം പണ്ട് ബ്രാഹ്മണ അഗ്രഹാരമായിരുന്നവത്രെ. പടയോട്ട കാലഘട്ടത്തിൽ അഗ്രഹാരത്തിനും ക്ഷേത്രചൈതന്യത്തിനും മങ്ങലേൽക്കുകയും കാലങ്ങളോളം ജീർണാവസ്ഥ തുടരുകയും ചെയ്തു. ഏകദേശം 65 വർഷത്തെ ഇടവേളയ്ക്കു ശേഷം 2008 ൽ ക്ഷേത്ര പുനരുദ്ധാരണ അഷ്ടബന്ധ പുനഃപ്രതിഷ്ഠയും മഹാകുംഭാഭിഷേകവും നടന്നു. 

anchumurthy-temple-14
ക്ഷേത്രത്തിന്നരികിലൂടെ വടക്കോട്ടൊഴുകുന്ന നിളാനദിയെ പ്രത്യക്ഷഗംഗയായി ഇവിടെ നിത്യവും ആരാധിക്കുന്നു.

 

∙ പിതൃയജ്ഞം

anchumurthy-temple-03
അഞ്ചു സമ്പ്രദായങ്ങളെ ഏകോപിപ്പിച്ചു കൊണ്ടുള്ള പൂജാകൾ നടത്തുന്ന കർമ്മികൾ

പഞ്ചമഹായജ്ഞങ്ങളിൽ പരമപ്രധാനമായ പിതൃയജ്ഞം നടത്തുവാൻ കർക്കടകത്തിലും തുലാമാസത്തിലും ക്ഷേത്രപരിസരവും നിളാതീരവും വേദിയാകാറുണ്ട്.

 

anchumurthy-temple-11
ഈ അപൂർവ ദൈവികസ്ഥാനം പണ്ട് ബ്രാഹ്മണ അഗ്രഹാരമായിരുന്നവത്രെ

∙ പ്രത്യേക പൂജാവിധികൾ

ഗാണപത്യം, ശൈവം, ശാക്തേയം, വൈഷ്ണവം, സൗരം എന്നീ അഞ്ചു സമ്പ്രദായങ്ങളെയും ഏകോപിപ്പിച്ചു കൊണ്ടുള്ള പൂജാവിധികളാണ് ഇവിടെ അനുവർത്തിച്ചു വരുന്നത്. 

anchumurthy-temple-05
ഗംഗാ ആരതി നടത്തുന്ന ഭക്തർ

 

∙ശ്രീ ആനന്ദ മഹാഗണപതി

anchumurthy-temple-12
ക്ഷേത്രത്തിൽ നടന്ന നിറപുത്തരി ചടങ്ങുകൾ

ശ്രീകോവിലിന്റെയും വാസ്തുവിദ്യയുടെയും തത്ത്വമനുസരിച്ച് ഗാണപത്യ സമ്പ്രദായത്തിൽ ശ്രീ ആനന്ദമഹാഗണപതി പടിഞ്ഞാറ് ദർശനമായി പ്രധാന ദേവനായി സ്ഥിതി ചെയ്യുന്നു. ഭക്തജനങ്ങളുടെ പ്രശ്നങ്ങൾ േകൾക്കാനായി വലതുവശത്തേക്ക് മുഖം ചരിച്ച് വലതു ചെവി കൊണ്ട് േകൾക്കുന്ന രൂപത്തിലും സർവ വിഘ്നങ്ങളെയും തട്ടി മാറ്റാൻ വലതു കാല്‍ ചുവട്ടിലേക്കും സംസാരതർപ്പണത്തെ അരയിൽ ചുറ്റിയിരിക്കുന്നതും പ്രത്യേകതയാണ്. ജലധാര, കറുകമാല, മോദകം, നെയ്യപ്പം, നാരങ്ങാമാല, നാളികേരം തുടങ്ങിയവയാണ് ഭക്തർ ഗണേശന് സമർപിക്കുന്ന പ്രധാന വഴിപാടുകൾ. 

 

anchumurthy-temple-10
ഗാണപത്യം, ശൈവം, ശാക്തേയം, വൈഷ്ണവം, സൗരം എന്നിവ ഏകോപിപ്പിച്ചു കൊണ്ടുള്ള പൂജാവിധികളാണ് ഇവിടെ അനുവർത്തിച്ചു വരുന്നത്

∙ ശ്രീമഹാദേവന് പൂർണ്ണ പ്രദക്ഷിണം

ബാണലിംഗ പ്രതിഷ്ഠയിൽ സ്വന്തം മക്കളുടെ ദൈനംദിന വളർച്ച കാണാൻ ശൈവ സമ്പ്രദായത്തിൽ കിഴക്കോട്ട് ദർശനമായാണ് ശ്രീ ഉമാമഹേശ്വരൻ കുടികൊള്ളുന്നത്. വലതു വശത്ത് പാർവതി ദേവിയും ഇടത് പ്രത്യക്ഷഗംഗയും മുന്നിൽ നന്ദികേശ്വരനും ഉള്ളതിനാൽ പൂർണ പ്രദക്ഷണം ചെയ്യാവുന്നതാണ്. കിഴക്കോട്ട് ദർശനമുള്ള ശിവനായതിനാൽ ദക്ഷിണാമൂർത്തി സങ്കൽപത്തിലും പൂജകൾ ചെയ്തു വരുന്നു. 

anchumurthy-temple-07
ക്ഷേത്ര സപ്‌താഹത്തിൽ പങ്കെടുക്കുന്ന ഭക്തർ

 

∙ ഭക്തർക്കും ജലധാര

anchumurthy-temple-08
ഏകദേശം 1100 വർഷം പഴക്കമുള്ള ക്ഷേത്ര സമുച്ചയമാണ്.

എല്ലാ ഭക്തജനങ്ങൾക്കും മണിക്കിണറിൽ നിന്നും കുടത്തിൽ ജലമെടുത്ത് പരമശിവന്റെ തൃപ്പടിയിൽ സമർപിച്ച് ജലധാര ചെയ്യാമെന്നുള്ളത് ഇവിടുത്തെ സവിശേഷതയാണ്. ധാര, കൂവളമാല, ശംഖാഭിഷേകം, ഉമാമഹേശ്വരപൂജ, പ്രദോഷപൂജ, അന്നാഭിഷേകം, രുദ്രാഭിഷേകം, നാരിപൂജ ഇവയെല്ലാമാണ് പ്രധാന വഴിപാടുകൾ

 

∙ അഭീഷ്ട വരദായിനിയായി മഹാത്രിപുരസുന്ദരി

ദുർഗ, ലക്ഷ്മി, സരസ്വതി എന്നീ ത്രിദേവിമാരെ സങ്കൽപിച്ച് ശാക്തേയ സമ്പ്രദായത്തിൽ അഭീഷ്ട വരദായിനിയും സര്‍വ മംഗളകാരിണിയുമായ മഹാത്രിപുരസുന്ദരി സ്ഥിതി ചെയ്യുന്നു. കയ്യിൽ താമരമൊട്ടോടു കൂടി നിൽക്കുന്ന ജഗദംബികയ്ക്ക് സർവഐശ്വര്യത്തിന് മഞ്ഞൾ കൊണ്ട് ഭാഗ്യസൂക്ത അഭിഷേകവും അക്ഷയതൃതീയ ദിനത്തിൽ ദേവിക്ക് സ്വർണാഭിഷേകവും വെറ്റില അടയ്ക്ക, ജാതകവും വച്ച് മംഗല്യപൂജയും പട്ടും താലിയും ചാർത്തലും കടുംമധുര പായസസമർപ്പണവും ചെയ്തു വരുന്നു. 

 

∙ വിശ്വരൂപിയായി മഹാവിഷ്ണു

അഞ്ജനശിലയിൽ നവതാല ശിലാശാസ്ത്രത്തിൽ വിഗ്രഹപ്രതിഷ്ഠയോടുകൂടി പടിഞ്ഞാറു ദര്‍ശനമായി നിൽക്കുന്ന ശംഖ്, ചക്ര,ഗദാധാരിയായ മഹാവിഷ്ണുവിനെ കാണാം. വൈഷ്ണവ സമ്പ്രദായത്തിലാണ് പൂജാവിധികൾ. ദേവകീനന്ദനായ ഭഗവാൻ തന്റെ അമ്മയ്ക്ക് വിശ്വരൂപ ദർശനം നൽകുന്ന ഭാവത്തിലാണ് പ്രതിഷ്ഠ. ലക്ഷ്മി സങ്കൽപമുള്ളതിനാൽ തുളസിമാലയും ലക്ഷ്മിനാരായണ പൂജയും വിവാഹവും തിരുമുമ്പിൽ നടത്തി വരുന്നു. വെണ്ണ, പാൽപായസം, പാനക നിവേദ്യം, വിഷ്ണുസഹസ്രനാമാർച്ചന, വിദ്യാഗോപാലമന്ത്രാർച്ചന ഇവ പ്രധാന വഴിപാടുകളാണ്. വിദ്യാഗോപാലമന്ത്രാർച്ചന നടത്തിയതിനു ശേഷം ചെറുതേനും സാരസ്വതഘ്രതവും പ്രസാദമായി നൽകുന്നത് സവിശേഷതയാണ്. 

 

∙ വൈദ്യനാഥനായി ശാസ്താവ്

പത്മാസനത്തിൽ കയ്യിൽ അമൃതകലശവുമായി ജഡാമകുടധാരിയായി പടിഞ്ഞാറോട്ട് ദർശനമരുളുന്ന ശ്രീഹരിഹരപുത്ര സ്വാമിയാണ് വൈദ്യനാഥ സങ്കൽപത്തിൽ ധന്വന്തരി ശാസ്താവ് കുടികൊള്ളുന്നത്. സൗരശാസ്ത്ര സമ്പ്രദായത്തിലാണ് പൂജാവിധികൾ. സത്സന്താനലബ്ധിയും, എള്ള തിരിയും, ശനീശ്വര പൂജയും, കടുമധുരപായസവും പ്രധാന വഴിപാടുകളായി സമർ‍പ്പിക്കുന്നു. 

പാലക്കാട് ടൗണിൽ നിന്നും ഏകദേശം 10 കിലോമീറ്റർ ദൂരത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 

(ക്ഷേത്രം ഫോൺ നമ്പർ: 9447354285, 8304824285)
(ലേഖകന്റെ ഫോൺ നമ്പർ: 9447415140)

Content Summary : Significance of Anchumurthy Temple Anikode  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com