ADVERTISEMENT

ശിവകുടുംബം പ്രതിഷ്ഠയായുള്ള അപൂർവ ക്ഷേത്രമാണ് കോട്ടയം പാലായ്ക്കടുത്തുള്ള അതിപുരാതനവും പ്രസിദ്ധവുമായ അന്തീനാട് മഹാദേവ ക്ഷേത്രം. മഹാദേവനാണ് പ്രധാന പ്രതിഷ്ഠ. മറ്റു ശിവ ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ശ്രീകോവിലിന്റെ ഇരുവശത്തായി മഹാദേവനും  പാർവതിദേവിയും വാഴുന്നു എന്ന പ്രത്യേകതയുണ്ട്. ഒപ്പം മക്കളായ ഗണപതിയും ശാസ്താവും അദൃശ്യ രൂപത്തിൽ സുബ്രഹ്മണ്യനും ക്ഷേത്രത്തിൽ വസിക്കുന്നതിനാൽ ക്ഷേത്രദർശനം ഒരു കുടുംബത്തിലേക്ക് വരുന്നതിനു സമാനമായി കരുതി പോരുന്നു.

anthinadu-temple-06
ശ്രീകോവിലും നമസ്കാര മണ്ഡപവും ചെമ്പു പൂശുന്ന പണികൾ

 

anthinadu-temple-01
ലക്ഷദീപ കാഴ്ച

ശാന്തസ്വരൂപിയും അഭീഷ്ടവരദായകനുമായി സദാശിവ സങ്കൽപത്തിൽ മഹാദേവനും സ്വയംവര സങ്കൽപത്തിൽ പാർവതീ ദേവിയും കുടികൊള്ളുന്നു. വിവാഹ തടസങ്ങൾ മാറുന്നതിനു പാർവതീ  ദേവിക്ക് സ്വയംവര പുഷ്പാഞ്ജലി നടത്തുന്നത് അത്യുത്തമമാണ്. ക്ഷേത്രത്തിലെ പ്രധാന വഴിപാടുകൾ ഭഗവാൻ ശിവന് അറുനാഴി പിഴിഞ്ഞു പായസം, കുടുംബപുഷ്പാഞ്ജലി, സ്വയംവര പുഷ്പാഞ്ജലി, ഉമാ മഹേശ്വരപൂജ, ശ്രീ പാർവതിക്ക് പൗർണമിപൂജ, ശ്രീപാർവതിക്ക് പട്ടും താലിയും സമർപ്പണം, അടനിവേദ്യം എന്നിയാണ്. മഹാദേവ ക്ഷേത്രത്തിന്റെ പുറത്തു വടക്ക് വശത്തായി മഹാദേവന്റെ പുത്രി എന്ന  സങ്കൽപ്പത്തിൽ പുതിയാകാവിൽ ഭദ്രകാളീ ക്ഷേത്രവും സ്ഥിതി ചെയ്യുന്നു. 

anthinadu-temple-04
പ്രദോഷ നൃത്തം

 

അന്തീനാട്‌ ശ്രീ മഹാദേവ ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർണതയിലേക്ക് എത്തിയിരിക്കുകയാണ്. കോട്ടയം ജില്ലയിൽ പാലായിൽ നിന്നും തൊടുപുഴ റൂട്ടിൽ 6 കിലോ മീറ്റർ മാറി ഹൈവേയോട് ചേർന്നു സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിൽ 2018 മുതൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടന്നു വരുകയാണ്. കേരളീയ വാസ്തുശില്പ മാതൃകയിൽ തടിയിൽ കൊത്തുപണികളോടെ കമനീയമായി പണികഴിപ്പിച്ച ക്ഷേത്രത്തിന്റെ സമർപ്പണവും നവീകരണ കലശവും മഹാകുംഭാഭിഷേകവും 2023 മേയ്14 മുതൽ 25 വരെ വിപുലമായ ചടങ്ങുകളോടെ ആഘോഷിക്കാൻ തീരുമാനിച്ചിരിക്കുന്നു. ആയിരത്തിലധികം വർഷം പഴക്കം വരുന്ന ക്ഷേത്രം പഴമയും പ്രൗഢിയും വിളിച്ചോതുന്ന രീതിയിലാണ് പണി കഴിച്ചിരിക്കുന്നത്.     

anthinadu-temple-03
പുനരുദ്ധാരണം കഴിയുന്ന ക്ഷേത്ര മാതൃക

                                      

ക്ഷേത്രത്തിൽ തടികളിൽ തീർത്തിരിക്കുന്ന ശിൽപങ്ങളിൽ ഏറ്റവും ശ്രദ്ധേയം ബലിക്കൽ പുരയുടെ മുഖപ്പിൽ കൊത്തിയിരിക്കുന്ന ശിവഭഗവാന്റെ പ്രദോഷനൃത്തം ആണ്‌. അപൂർവമായി മാത്രം കാണുന്ന ഈ നൃത്തശിൽപം അതിന്റെ വർണനകൊണ്ടും പൂർണത കൊണ്ടും ശിൽപകലയുടെ ചാരുത വിളിച്ചോതുന്നതാണ്. ക്ഷേത്ര പുനരുദ്ധാരണവും നവീകരണ കലശ മഹോത്സവവും ആഘോഷമാക്കാൻ ഒരുങ്ങുകയാണ് അന്തീനാട്ടിലും ചുറ്റുപാടും ഉള്ള ശിവപാർവതീ ഭക്തർ.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com