ADVERTISEMENT

എറണാകുളം ജില്ലയിലെ മൂവാറ്റുപുഴയിൽ നിന്നും തൊടുപുഴയ്ക്കുള്ള വഴിയിൽ നാലു കിലോമീറ്റർ സഞ്ചരിച്ചാൽ ആനിക്കാട് എന്ന മനോഹരമായ ഒരു ഗ്രാമത്തിലെത്താം. ഈ ഗ്രാമത്തിലാണ് പത്നിപുത്രസമേതനായ തിരുവുംപ്ലാവിൽ മഹാദേവക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ത്രേതായുഗത്തോളം പഴക്കമുണ്ട് ഈ ക്ഷേത്രത്തിനെന്ന് ദേവപ്രശ്നങ്ങളിലും ഐതിഹ്യങ്ങളിലും ചൂണ്ടിക്കാണിക്കുന്നുണ്ട്. ക്ഷത്രിയ രക്തക്കറ പുരണ്ട തന്റെ മഴു വരുണനേകി അദ്ദേഹത്തിൽ നിന്നും സ്വീകരിച്ച ഭൂപ്രദേശം ബ്രാഹ്മണർക്ക് ദാനം ചെയ്ത പരശുരാമനോളം പഴക്കമുണ്ട് ഈ ചരിത്രത്തിന്. കേരളീയരായിത്തീർന്ന അവർ പല ഗ്രാമക്കാരായി താമസിച്ചു. അവയിൽ എല്ലാത്തരത്തിലും മുൻപന്തിയിൽ നിന്നിരുന്ന ഒരു ഗ്രാമമായിരുന്നു ആനിക്കാട്. യാഗാദിസൽക്കർമങ്ങളും മറ്റും നിസ്വാർഥമായി, നിർലോഭമായി നടത്തിയിരുന്ന അനേകം ബ്രാഹ്മണകുടുംബങ്ങൾ അന്ന് ആനിക്കാടിനെ ഒരു സംസ്ക്കാര കേന്ദ്രമായും പുണ്യഭൂമിയായും മാറ്റിയിരുന്നു. 

thirumulplavil-18
‘‘തിരുക്കുമ്പായി’’ എന്ന നാമത്തിൽ അറിയപ്പെട്ടിരുന്ന സ്ഥലമാണ് ഇന്നു ‘‘തിരുവുംപ്ലാവില്‍’’ എന്ന പേരിൽ അറിയപ്പെടുന്ന ഈ ക്ഷേത്രസങ്കേതം.

ഒരു കാലത്ത് ‘‘അയിനി’’ (ആഞ്ഞിലി, ആനി) എന്ന വൃക്ഷം ധാരാളം വളർന്നിരുന്ന വനപ്രദേശമായതുകൊണ്ടാവാം ആനിക്കാട് എന്ന് ഈ സ്ഥലത്തിന് പേരുണ്ടായത്. 

 

ഐതിഹ്യം

thirumulplavil-04-Copy
ക്ഷേത്ര ദേവന്റെ വിളക്കിന്നെഴുന്നെള്ളിപ്പ്

ഒരിക്കൽ ഭക്തശിരോമണികളായ രണ്ട് വൃദ്ധബ്രാഹ്മണർ ജന്മസാഫല്യത്തിനു വേണ്ടി കാശീസ്നാനത്തിന് പുറപ്പെട്ടു. അവർ വനപ്രദേശത്തിലെത്തിയപ്പോൾ രോഗം ബാധിച്ച് അവശയായ ഒരു പശുവിനെ കണ്ടു. മനസ്സലിഞ്ഞ ഒരു ബ്രാഹ്മണൻ പശുവിനെ ശുശ്രൂഷിച്ച് രോഗമുക്തി വരുത്തിയതിനു ശേഷം മാത്രം യാത്ര തുടരാൻ തീരുമാനിച്ചു. എന്നാൽ അപരനാകട്ടെ അതു പരിഗണിക്കാതെ തന്റെ വയസ്യനോട് യാത്രയും പറഞ്ഞ് കാശിക്കുള്ള യാത്ര തുടർന്നു. ബ്രാഹ്മണന്റെ ദീർഘകാല ചികിത്സകൊണ്ട് പശു പൂർണ ആരോഗ്യവതിയായി മാറി. 

thirumulplavil-03-Copy
ദക്ഷിണാമൂർത്തി സങ്കൽപത്തിൽ പ്രദോഷസന്ധ്യകളിൽ തിരുവുംപ്ലാവിൽ മഹാദേവനെ ഉപാസിക്കുന്നവർക്ക് വിദ്യാവിജയം സുനിശ്ചിതമാണ്

 

തന്റെ സുഹൃത്തുമൊരുമിച്ചുള്ള കാശീയാത്ര മുടങ്ങിയതിനാലും തനിയെ പോകുന്നതിലുള്ള വൈഷമ്യങ്ങൾ ഓർമിക്കയാലും എന്നാൽ ശ്രേഷ്ഠയായ ഒരു പശുവിന്റെ ജീവൻ രക്ഷപ്രാപിച്ചതിലുള്ള സംതൃപ്തിയാലും പശുവിനെ തലോടിക്കൊണ്ടിരുന്ന ബ്രാഹ്മണനു മുന്നിൽ തന്റെ ശുശ്രൂഷ കൊണ്ട് സുഖം പ്രാപിച്ച പശുവിന്റെ കുളമ്പ് പതിഞ്ഞിരിക്കുന്ന പാറയുടെ ഉപരിതലത്തിൽ അതേ കുളമ്പിന്റെ ആകൃതിയിൽത്തന്നെ പാറയ്ക്ക് ഒരു വിടവുണ്ടാവുകയും ആ വിടവിൽക്കൂടി ജലപ്രവാഹം ആരംഭിക്കുന്നത് കാണുകയും ചെയ്തു. അത്ഭുതസ്തബ്ധനായിരുന്ന ആ ബ്രാഹ്മണനു മുമ്പിൽ സാക്ഷാൽ കാശിവിശ്വനാഥൻ പത്നിസമേതനായി പ്രത്യക്ഷപ്പെട്ടു. ‘‘ഹേ ബ്രാഹ്മണോത്തമാ, അങ്ങ് ദുഃഖിക്കേണ്ട അങ്ങയുടെ വയസ്യന് കാശീസ്നാനത്തിനുള്ള സമയമാകുന്നതേയുള്ളൂ. അങ്ങയുടെ ഭക്തി പരീക്ഷിക്കാനായി ശ്രീപാർവതിയെ ഗോമാതാവിന്റെ രൂപത്തിൽ ഞാനയച്ചതാണ്. സഹജീവി സ്നേഹമാണ് യഥാർഥ ഭക്തി എന്ന് ഈ ലോകർക്ക് അങ്ങ് കാണിച്ചു കൊടുത്തു. അങ്ങ് ഈ പശുവിന്റെ കുളമ്പു തീർത്ത കുഴിയിൽ നിന്നും പ്രവഹിക്കുന്ന പുണ്യജലത്തിൽ സ്നാനം ചെയ്ത് പിതൃകർമങ്ങൾ ഇവിടെത്തന്നെ നടത്തുക. യഥാർഥ കാശീതീർഥമാണ് ഇതിൽ നിന്നും പ്രവഹിക്കുന്നത്. കാശിയില്‍ വന്ന് ഗംഗാസ്നാനം ചെയ്ത് എന്നെ ദർശിക്കുന്ന എല്ലാ ഫലങ്ങളും ഈ തീർഥത്തിൽ സ്നാനം ചെയ്ത് പിതൃകർമങ്ങൾ അർപ്പിച്ചാൽ അങ്ങേയ്ക്ക് ലഭിക്കുന്നതാണ്.’’

ഭഗവദ് വചനങ്ങൾ അക്ഷരംപ്രതി പാലിച്ചു അദ്ദേഹം സകല ഭൗതിക ചിന്തകളും വെടിഞ്ഞ് പരമഭക്തനായ ഒരു യോഗീശ്വരനായിത്തീർന്നു. തീർഥക്കരയിൽത്തന്നെ തപസ്സു തുടരുകയും ചെയ്തു. 

thirumulplavil-07-Copy
എറണാകുളം ജില്ലയിലെ മൂവാറ്റുപുഴയിൽ നിന്നും തൊടുപുഴയ്ക്കുള്ള ആനിക്കാട് എന്ന ഗ്രാമത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

ആ തിരുകുളമ്പിൽ നിന്നും ഇന്നും കടുത്ത വേനൽക്കാലത്തു പോലും പ്രവഹിക്കുന്ന പുണ്യതീർഥമാണ് ക്ഷേത്രത്തിന്റെ വടക്കുഭാഗത്ത് കാണുന്ന തീർഥക്കുളം. ഈ തീർഥക്കുളത്തിലാണ് ഭക്തജനങ്ങൾ സ്നാനം നടത്തി തീർഥക്കരയിൽ ബലികർമാദികൾ അർപ്പിച്ചു പോരുന്നത്. 

thirumulplavil-09-Copy
ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായി നടന്ന മഹാദേവന്റെ എഴുന്നെള്ളിപ്പ്

അങ്ങനെ പണ്ടുകാലത്ത് ‘‘തിരുക്കുമ്പായി’’ എന്ന നാമത്തിൽ അറിയപ്പെട്ടിരുന്ന ആ പുണ്യസ്ഥലമാണ് ഇന്നു നാം ‘‘തിരുവുംപ്ലാവില്‍’’ എന്ന പേരിൽ അറിയപ്പെടുന്ന ഈ ക്ഷേത്രസങ്കേതം.

thirumulplavil-11
ഉത്സവത്തിന്റെ ഭാഗമായി നടന്ന പഞ്ചാരിമേളം

 

thirumulplavil-13
ത്രേതായുഗത്തോളം പഴക്കമുണ്ട് ഈ ക്ഷേത്രത്തിനെന്ന് ദേവപ്രശ്നങ്ങളിലും ഐതിഹ്യങ്ങളിലും ചൂണ്ടിക്കാണിക്കുന്നുണ്ട്

ആനിക്കാടില്ലത്തുണ്ടായിരുന്ന അഗ്നിശർമൻ എന്ന ബ്രാഹ്മണശ്രേഷ്ഠൻ ഗ്രാമത്തിന്റെ ഐശ്വര്യാഭിവൃദ്ധികൾക്കായി ഒരു യാഗം നടത്തി. ഇപ്പോൾ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഭാഗമായിരുന്നു യാഗവേദി. ശ്രീകോവിലിനുള്ളിലുള്ള പീഠം, യാഗവേദിയിലെ പ്രധാന ഹോമകുണ്ഠമായ ‘‘ചിതി’’യുടെ മധ്യഭാഗമാണ്. അതിനു നടുവിലുള്ള കുഴിയാണ് പീഠമധ്യത്തിൽ കാണുന്നത്. ദിവസങ്ങൾ നീണ്ടു നിന്ന യാഗത്തിന്റെ അവസാനം വടക്കുഭാഗത്തായി ഒരു ദിവ്യതേജസ്സ് അദ്ദേഹത്തിന് പ്രത്യക്ഷമായി. ഭഗവദ് ചൈതന്യമാണെന്ന് മനസ്സിലാക്കിയ ആ യോഗിവര്യൻ അവിടെ സാഷ്ടാംഗം പ്രണാമം ചെയ്തപ്പോൾ യാഗകുണ്ഡത്തിൽ നിന്നും ശ്രീപാർവതി സുബ്രഹ്മണ്യസമേതനായി പരമശിവൻ പ്രത്യക്ഷപ്പെടുകയും ആ മഹായോഗിവര്യന്റെ അഭീഷ്ട പ്രകാരം ഈ നാടിന്റെ രക്ഷയ്ക്കായി പത്നി പുത്രസമേതനായി താനിവിടെ വസിച്ചുകൊള്ളാമെന്ന് അനുഗ്രഹിക്കുകയും ചെയ്തു. എന്നാൽ വടക്കു ഭാഗത്തുള്ള പാറയുടെ ഉപരിതലത്തിൽ കാണുന്ന കുളമ്പിൽ നിന്നൊഴുകുന്ന തീർഥത്തിലാണ് തന്റെ മൂലസ്ഥാനമെന്നും അവിടെ തന്റെ ഒരുത്തമ ഭക്തന്റെ വാസം കൊണ്ട് അനുഗ്രഹീതമാണെന്നും അതുകൊണ്ടു തന്നെ തന്റെയും ചൈതന്യം അവിടെ ഉണ്ടാകുമെന്ന് അരുളി ചെയ്ത് ഭഗവാൻ അന്തർധാനം ചെയ്തു. 

 

thirumulplavil-05
ശിവരാത്രി മഹോത്സവത്തോടനുബഡിച്ചു നടന്ന കഥകളി

ആ സമയത്ത് മൂന്നു ശിലകൾ ഹോമകുണ്ഠത്തിൽ പ്രത്യക്ഷമാവുകയും പീഠത്തിനടിയിലേക്ക് മറയുകയും ചെയ്തപ്പോൾ ദേവീദേവന്മാരുടെ ചൈതന്യമാണെന്ന് മനസ്സിലാക്കിയ ആ ഭക്തൻ അവിെട പൂജകൾ ആരംഭിക്കുകയും ചെയ്തു. ഭഗവാന്റെ നിർദേശപ്രകാരം തീർഥക്കരയിലും അദ്ദേഹം വിളക്കു വയ്ക്കുകയും അവിടെ വസിക്കുന്ന യോഗീശ്വരനെ ധ്യാനിച്ച് പ്രാർഥിക്കുകയും ചെയ്തു വന്നു. താമസിയാതെ അദ്ദേഹം സമാധിയായി. പിന്നീട് അദ്ദേഹത്തിന്റെ പിൻതലമുറക്കാർ അവിടെ ഒരു മഹാക്ഷേത്രം നിർമിക്കുകയും പൂജകളും മറ്റും മുടങ്ങാതെ ചെയ്തു പോരുകയും ചെയ്തു. ഈ ബ്രാഹ്മണ ശ്രേഷ്ഠനാണ് ഇപ്പോൾ നാലമ്പലത്തിൽ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന ബ്രഹ്മരക്ഷസ്സ്. 

 

thirumulplavil-17
ക്ഷേത്രത്തിനു മുന്നിലെ നന്തി ശിൽപം

ഈ ഗ്രാമത്തിലുള്ള ബ്രാഹ്മണർക്ക് ധാരാളം സേവകർ ഉണ്ടായിരുന്നു. അവർക്ക് രാജസേവയ്ക്കുള്ള അവസരങ്ങളും മറ്റും ധാരാളം ലഭിച്ചിരുന്നു. അത് അവരെ ഇടപ്രഭുക്കന്മാരും സാമന്തന്മാരും, സ്ഥാനികളുമൊക്കെയാക്കിത്തീർത്തു. ക്രമേണ അഹങ്കാരവും അവരെ പിടികൂടിയപ്പോൾ എണ്ണത്തിലും ശക്തിയിലും കുറവായ ബ്രാഹ്മണരെ കീഴ്പ്പെടുത്തി തങ്ങളുടെ പിതൃകർമങ്ങൾക്കും മറ്റും പൗരോഹിത്വം വഹിക്കുമെന്ന് അവർ നിശ്ചയിച്ചു. ബ്രാഹ്മണരിൽ ഒരു വിഭാഗം അതിനു വഴങ്ങാതെ മൂവാറ്റുപുഴയാറിനു തീരത്തുള്ള പാഴൂർ എന്ന ഗ്രാമത്തിലേക്ക് ചേക്കേറി. മറു വിഭാഗക്കാർ ക്ഷേത്രവും സ്വത്തും ഉപേക്ഷിച്ചു പോകാനുള്ള മടി കൊണ്ട് പൗരോഹിത്യവൃത്തി സ്വീകരിച്ച് ആനിക്കാട്ടു തന്നെ തുടർന്നു. അവരുടെ പിന്തുടർച്ചക്കാരാണ് തിരുവുംപ്ലാവ് ക്ഷേത്രത്തിന്റെ ഇന്നത്തെ ക്ഷേത്രേശന്മാർ.

 

thirumulplavil-20
വൃശ്ചികമാസത്തിലെ വൈക്കത്തഷ്ടമി ദിനത്തിൽ രാവിലെ 5.45 ന് അഷ്ടമി ദര്‍ശനവും വിശേഷാല്‍ ദീപാരാധനയും നടത്തിവരുന്നു

പിതൃകർമം

ഗംഗാതീർഥത്തിന്റെയും യോഗീശ്വരന്റെയും സാന്നിധ്യം മൂലം കാശീതീർഥം ഉറവയൊലിക്കുന്ന മൂലസ്ഥാനം പിതൃകർമങ്ങൾക്ക് വളരെ പ്രാധാന്യമുള്ളതായിത്തീർന്നു. ഇവിടെ നിത്യവും പിതൃകര്‍മങ്ങള്‍ നടക്കുന്നുണ്ട്. കര്‍ക്കടകമാസത്തിലെ അമാവാസിക്കും ശിവരാത്രിക്കും പതിനായിരക്കണക്കിനാളുകൾ ഇവിടെ പിതൃകർമങ്ങൾക്കായി എത്താറുണ്ട്. ക്ഷേത്രേശകുടുംബക്കാർ തന്നെയാണ് അതിന്റെ പൗരോഹിത്യം വഹിക്കുന്നത്. തീർഥ സ്ഥാനത്ത് ബലിയിട്ട് ക്ഷേത്രത്തിലെത്തി സ്വയംഭൂവായ സുബ്രഹ്മണ്യപാർവതീ സമേതനായ കാശീവിശ്വനാഥസ്വാമിയെ തൊഴുതു പ്രാർഥിച്ചാൽ പിതൃക്കൾക്ക് മോക്ഷവും തങ്ങൾക്ക് ശ്രേയസ്സും ഉണ്ടാകുമെന്ന് എല്ലാ ഭക്തജനങ്ങളും ഉറച്ചു വിശ്വസിക്കുന്നുണ്ട്. ക്ഷേത്രത്തിന് വടക്കുഭാഗത്തുള്ള ഐതിഹ്യപ്രധാനമായ തീർഥക്കരയിൽ നിത്യവും രാവിലെ 6 മുതൽ 10 വരെ ബലിയിടാൻ സൗകര്യമുണ്ട്. നേരത്തേ ബുക്ക് ചെയ്യേണ്ടതില്ല. അരി വേവിച്ച് ബലി ഇടാൻ ആഗ്രഹിക്കുന്നവർ തലേന്നു തന്നെ ക്ഷേത്രത്തിൽ അറിയിക്കേണ്ടതാണ്. പിതൃക്കളെ ആവാഹിച്ച് പ്രതിമകൾ സമർപിച്ച് തിലഹോമം, നമസ്ക്കാരം തുടങ്ങിയവയും നടക്കുന്നുണ്ട്. കറുത്തവാവ് ദിവസങ്ങളിൽ മാത്രമല്ല നേരത്തേ ബുക്ക് ചെയ്യുന്ന ദിവസങ്ങളിലും തിലഹോമം നടത്തപ്പെടുന്നുണ്ട്. 

 

നേത്ര, ഉദര രോഗശമനം, ശിരോരോഗശമനം ഇവയ്ക്ക് ഔഷധധാര ദർശനം

thirumulplavil-19
എല്ലാ മാസവും തിരുവാതിര നാളിൽ നവകം, പഞ്ചഗവ്യാഭിഷേകം, അഞ്ചുപൂജ, തിരുവാതിരപ്പന്തനാഴി നിവേദ്യം ഇവയുണ്ടാകും.

ജലധാര കൂടാതെ നേത്രരോഗ ശമനത്തിനും, ഉദര, ശിരോരോഗ ശാന്തിക്കും ഞായറാഴ്ചകളിൽ മാത്രം നടത്തപ്പെടുന്ന ഔഷധധാര ദർശിച്ച് തീർഥം സേവിക്കുന്നത് അതിപ്രധാനമാണ്. കൂടാതെ ഞായറാഴ്ചകളിൽ ആപത്‌നിവൃത്തിയ്ക്കായി ഇളനീർധാര, കാര്യസാധ്യത്തിനായി ക്ഷീരധാരയും നടത്തപ്പെടുന്നു. 

 

ജ്ഞാനസിദ്ധിക്ക് അഷ്ടാഭിഷേകം

thirumulplavil-01
നേത്രരോഗ ശമനത്തിനും, ഉദര, ശിരോരോഗ ശാന്തിക്കും ഞായറാഴ്ചകളിൽ മാത്രം നടത്തപ്പെടുന്ന ഔഷധധാര ദർശിച്ച് തീർഥം സേവിക്കുന്നത് അതിപ്രധാനമാണ്

ജ്ഞാനസ്വരൂപനായ ദക്ഷിണാമൂർത്തി സങ്കൽപത്തിൽ പ്രദോഷസന്ധ്യകളിൽ തിരുവുംപ്ലാവിൽ മഹാദേവനെ ഉപാസിക്കുന്നവർക്ക് വിദ്യാവിജയം സുനിശ്ചിതമാണ്. അഷ്ടാഭിഷേകം ദർശിച്ച് തീർഥം സേവിക്കുക, പ്രദോഷപൂജയിൽ പങ്കെടുക്കുക ഇവ ജ്ഞാനസിദ്ധിക്ക് ഉത്തമമാണ്. 

 

തിങ്കളാഴ്ചകളിൽ ഉമാമഹേശ്വരപൂജയും സ്വയംവര പുഷ്പാഞ്ജലിയും

ദീർഘമംഗല്യത്തിനും ശീഘ്രമംഗല്യത്തിനും തിങ്കളാഴ്ചകളിൽ ശ്രീപാർവതി ദേവിക്ക് സ്വയംവര പുഷ്പാഞ്ജലിയും നെയ്‌വിളക്ക് സമർപ്പണവും പ്രധാനമാണ്. വിശേഷാൽ ഉമാമഹേശ്വരപൂജയും തിങ്കളാഴ്ചകളിൽ നടത്തി വരുന്നു. 

thirumulplavil-16
‘‘അയിനി’’ എന്ന വൃക്ഷം ധാരാളം വളർന്നിരുന്ന വനപ്രദേശമായതുകൊണ്ടാവാം ആനിക്കാട് എന്ന് ഈ സ്ഥലത്തിന് പേരുണ്ടായത്.

 

നഷ്ടപ്പെട്ടവ തിരിച്ചു കിട്ടാൻ ബ്രഹ്മരക്ഷസ്സിനു പാൽപ്പായസം

മറ്റു ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ബ്രഹ്മരക്ഷസ്സിനെ പ്രതിഷ്ഠിക്കുന്നത് തെക്കേ ചുറ്റമ്പലത്തിലാണ്. ക്ഷേത്രോൽപത്തിക്കു കാരണഭൂതനായി എന്നു വിശ്വസിക്കുന്ന ബ്രഹ്മരക്ഷസ്സിന് പാൽപായസ നിവേദ്യം വിശേഷമാണ്. നഷ്ടപ്പെട്ട വസ്തുക്കൾ തിരികെ കിട്ടാന്‍ ബ്രഹ്മരക്ഷസ്സിന് പാൽപായസം നടത്തിയാൽ മതിയെന്നാണ് അനുഭവസ്ഥർ പറയുന്നത്. 

 

ഉപദേവന്മാരുടെ പ്രധാന ദിവസങ്ങളും വഴിപാടുകളും 

ശ്രീപാർവതി

പ്രധാനശ്രീകോവിലിനുള്ളിൽ ദേവന്റെ വലതുഭാഗത്തായി സ്ഥിതി ചെയ്യുന്നു. പ്രധാന ദിവസങ്ങൾ: മകം നാളും തിങ്കളാഴ്ചയും. പ്രധാന വഴിപാടുകൾ: നെയ്‌വിളക്ക് സമർപ്പണം, സ്വയംവര അർച്ചന, ത്രിമധുര നിവേദ്യം.

 

സുബ്രഹ്മണ്യൻ

പ്രധാന ശ്രീകോവിലിനുള്ളിൽ ദേവന്റെ ഇടതുഭാഗത്ത് സ്ഥിതി ചെയ്യുന്നു. പ്രധാന ദിവസങ്ങൾ: വെളുത്ത ഷഷ്ഠി, തൈപ്പൂയം. പ്രധാന വഴിപാടുകൾ: പാലഭിഷേകം, പഞ്ചാമൃത നിവേദ്യം.

thirumulplavil-09
വൃശ്ചികമാസത്തിലെ വൈക്കത്തഷ്ടമി ദിനത്തിൽ രാവിലെ 5.45 ന് അഷ്ടമി ദര്‍ശനവും വിശേഷാല്‍ ദീപാരാധനയും നടത്തിവരുന്നു

 

ഗണപതി

പ്രധാന ദിവസങ്ങൾ : വിനായക ചതുർഥി, പുണർതം നാൾ. പ്രധാന വഴിപാടുകൾ: വെള്ള നിവേദ്യം, ഒറ്റയപ്പം, കറുകമാല, നാളികേരമടിക്കൽ, അഷ്ടദ്രവ്യഗണപതിഹോമം.

 

ഭുവനേശ്വരി

പ്രധാനദിവസങ്ങൾ : മകം, കാർത്തിക നാളുകൾ. ചൊവ്വ, വെള്ളി ആഴ്ചകൾ. പ്രധാന വഴിപാടുകൾ : വെള്ള നിവേദ്യം, പായസം, ചെത്തിപ്പൂമാല.

 

രക്ഷസ്സ്

പ്രധാനദിവസം: തിരുവോണം നാൾ. വഴിപാട് : പാൽപായസം.

 

thirumulplavil-15
ഉത്സവനാളിൽ മഹാദേവന്റെ എഴുന്നെള്ളിപ്പ്

സർപ്പങ്ങൾ

പ്രധാന ദിവസങ്ങൾ : കന്നിമാസത്തിലെ ആയില്യം, പത്താമുദയം, എല്ലാ മാസത്തിലും വരുന്ന ആയില്യം നാൾ.

പ്രധാന വഴിപാടുകൾ : നിവേദ്യം, നൂറും പാലും, മഞ്ഞൾപ്പൊടിയഭിഷേകം, പൂക്കുലമാല.

 

∙ ക്ഷേത്രവിശേഷങ്ങൾ

മഹാശിവരാത്രി

എല്ലാ വർഷവും മഹാശിവരാത്രി വിശേഷാൽ ക്ഷേത്രചടങ്ങുകളോടും വിപുലമായ പരിപാടികളോടും കൂടി ആഘോഷിച്ചു വരുന്നു. ശിവരാത്രി ദിവസം രാത്രി 12 മണി മുതൽ പിതൃതർപ്പണം പ്രസിദ്ധമായ തീർഥക്കരയിൽ ബലിയിടൽ ആരംഭിക്കും. 

 

thirumulplavil-10
മഹാദേവന്റെ എഴുന്നെള്ളിപ്പ് ക്ഷേത്രത്തിനു വലം വച്ചപ്പോൾ

കർക്കടകവാവ്

പിതൃതർപ്പണ പ്രധാനമായ കർക്കടകമാസത്തിലെ കറുത്ത വാവ് ദിനത്തിൽ രാവിലെ 5 മുതൽ ക്ഷേത്രത്തിന്റെ വടക്കു ഭാഗത്തുള്ള തീർഥക്കരയിൽ പിതൃതർപ്പണ ചടങ്ങുകൾ ആരംഭിയ്ക്കും. 

 

പ്രദോഷ സന്ധ്യ

പ്രദോഷ ദിവസങ്ങളിൽ വൈകുന്നേരം അഷ്ടാഭിഷേകം, പ്രദോഷപൂജ, വിശേഷാൽ ദീപാരാധന എന്നിവ ഉണ്ടായിരിക്കും. പ്രദോഷസന്ധ്യയിൽ ദർശനം നടത്തുന്നത് ദുരിതശമനത്തിനും വിദ്യാലാഭത്തിനും ഉത്തമമാണ്. 

 

thirumulplavil-06-Copy
ഗംഗാതീർഥത്തിന്റെയും യോഗീശ്വരന്റെയും സാന്നിധ്യം മൂലം കാശീതീർഥം ഉറവയൊലിക്കുന്ന മൂലസ്ഥാനമാണ് ഈ ക്ഷേത്രം

തിരുവാതിര

എല്ലാ മാസവും തിരുവാതിര നാളിൽ നവകം, പഞ്ചഗവ്യാഭിഷേകം, അഞ്ചുപൂജ, തിരുവാതിരപ്പന്തനാഴി നിവേദ്യം ഇവയുണ്ടാകും. പന്തീരടിപ്പൂജയ്ക്ക് നിവേദിക്കുന്ന പന്തനാഴി നിവേദ്യം ഉച്ചയ്ക്കു ശേഷം വിഭവങ്ങൾ സഹിതം ഭക്തജനങ്ങൾക്ക് പ്രസാദമായി നൽകുന്നു. ധനുമാസത്തിലെ തിരുവാതിര നാളിൽ വിശേഷാൽ ലക്ഷാർച്ചനയും നടത്തി വരുന്നു. ഈ ദിവസങ്ങളോടനുബന്ധിച്ചാണ് ധനുമാസത്തിൽ ശ്രീമദ്ഭാഗവത സപ്താഹയജ്ഞവും നടത്തുന്നത്.

 

അമാവാസി

പിതൃമോക്ഷദായക സങ്കല്‍പത്തിലുള്ള മഹാദേവ ചൈതന്യം കുടി കൊള്ളുന്ന ഈ ക്ഷേത്രത്തിൽ അമാവാസി തോറും 8000 സംഖ്യ തിലഹോമം, സായൂജ്യപൂജ, വിഷ്ണു സഹസ്രനാമജപം മുതലയാവ നടന്നു വരുന്നു. പിതൃക്കളുടെ ദുരിതനിവൃത്തിക്കും വംശത്തിന്റെ സർവതോമുഖമായ അഭിവൃദ്ധിക്കും അമാവാസി നാളിലെ പിതൃകർമങ്ങൾ വിശിഷ്ടമാണ്. സമ്പത്ത്, ആരോഗ്യം, സന്താനവൃദ്ധി ഇവയെല്ലാം ഇതിലൂടെ സിദ്ധിക്കുന്നു. തിലഹോമം, സായൂജ്യപൂജ മുതലായവ ഭക്തജനങ്ങൾക്ക് വഴിപാടായി നടത്താവുന്നതാണ്. 

 

ആയില്യം പൂജ

സർപ്പക്കാവിൽ എല്ലാ ആയില്യം നാളിലും പൂജയും നൂറും പാലും ഉണ്ടാകും. 

 

കലശദിനം

മേടമാസത്തിലെ മകയിരം നക്ഷത്രം കലശദിനമായി ആചരിക്കുന്നു. മൂന്നു ദിവസത്തെ ചടങ്ങുകളാണ്. തലേദിവസം വൈകുന്നേരം വാസ്തുബലി, വാസ്തുഹോമം തുടങ്ങിയ ശുദ്ധിക്രിയകൾ നടത്തുന്നു. കലശദിനത്തിൽ മഹാദേവന് ഇരുപത്തഞ്ചു കലശം ഉൾപ്പെടെ ബിംബ ശുദ്ധികലശങ്ങൾ അഭിഷേകം ചെയ്യുന്നതോടൊപ്പം ഉപദേവൻമാർക്കും കലശാഭിഷേകവും തുടർന്ന് ശ്രീഭൂതബലിയുമുണ്ട്. പിറ്റേ ദിവസം രുദ്രപൂജ, രുദ്രാഭിഷേകം എന്നിവയോടുകൂടി കലശചടങ്ങുകൾ അവസാനിക്കുന്നു. 

 

അഷ്ടമി ദർശനം

വൃശ്ചികമാസത്തിലെ വൈക്കത്തഷ്ടമി ദിനത്തിൽ രാവിലെ 5.45 ന് അഷ്ടമി ദര്‍ശനവും വിശേഷാല്‍ ദീപാരാധനയും നടത്തിവരുന്നു. കൂടാതെ മഹാക്ഷീരധാര, ഗൗരിശങ്കരപൂജ, പ്രസാദ ഊട്ട് എന്നിവയുമുണ്ട്. 

 

നവരാത്രി ആചരണം

നവരാത്രി ദിനങ്ങളിൽ വിദ്യാർഥികൾക്കായി സരസ്വതി വന്ദനവും, സാരസ്വതഘ്രതസേവയും നടത്തി വരുന്നു. നവരാത്രിയോടനുബന്ധിച്ച് ദുർഗാഷ്ടമി, മഹാനവമി, വിജയദശമി ദിനങ്ങളിൽ സരസ്വതി മണ്ഡപത്തിൽ വിശേഷാൽ പൂജകൾ, പുസ്തകപൂജ, ആയുധപൂജ, വിദ്യാരംഭം എന്നിവയും നടക്കും. 

 

thirumulplavil-12
മഹാദേവനെ ക്ഷേത്രഅങ്കണത്തിൽ എഴുന്നെള്ളിച്ചപ്പോൾ

പൗർണമീ പൂജ

ദേവീപൂജയ്ക്ക് അതിവിശേഷമായ പൗർണമി നാൾ ഈ ക്ഷേത്രത്തിൽ ഭുവനേശ്വരി ദേവിക്ക് വിശേഷാൽ താംബൂല നിവേദ്യങ്ങളോെട ആചരിച്ചു വരുന്നു. പൗർണമി നാളിൽ രാവിലെ 7 മുതൽ 7.45 വരെയാണ് പൗർണമി പൂജ നടക്കുന്നത്. താംബൂലം, തൃമധുരം, ഇളനീർ മുതലായ വിശേഷ നിവേദ്യങ്ങൾ ദേവിക്ക് സമർപ്പിച്ച് ലളിതസഹസ്രനാമ പുഷ്പാഞ്ജലിയും ഈ സമയത്ത് നടത്തുന്നു. ഐശ്വര്യം, ആയുർദോഷശാന്തി, ഗ്രഹദോഷശാന്തി, വിഷബാധാ ശാന്തി ഇവയ്ക്കും പൗർണമി പൂജാദർശനവും ലളിതസഹസ്രനാമജപവും അതിവിശിഷ്ടമാണ്. അന്നേ ദിവസം ഭക്തജനങ്ങൾക്ക് താംബൂല സമർപ്പണത്തിന് ക്ഷേത്രത്തിൽ സൗകര്യമുണ്ട്. 

 

ലളിതസഹസ്രനാമജപവും കുങ്കുമാർച്ചനയും

ശ്രീപാർവതി സുബ്രഹ്മണ്യസമേതനായി ശ്രീമഹാദേവൻ കുടികൊള്ളുന്ന ഈ ക്ഷേത്രത്തിൽ തിങ്കളാഴ്ചകളിൽ രാവിലെ നടന്നു വരുന്ന ഉമാമഹേശ്വര പൂജയോടനുബന്ധിച്ച് സമൂഹ ലളിതാസഹസ്രനാമജപവും കുങ്കുമാർച്ചനയും നടത്തി വരുന്നു. 

 

തിങ്കളാഴ്ചകളിൽ രാവിലെ 5.45 ന് ഗണപതിഹോമ ദർശനത്തിനു ശേഷം സഹസ്രനാമജപവും തുടർന്ന് ശ്രീലകത്ത് നടക്കുന്ന ഉമാമഹേശ്വരപൂജയിൽ കുങ്കുമാർച്ചനയും നടക്കും. 6.30 ന് ഉമാമഹേശ്വര പൂജാദർശനത്തോടെ ചടങ്ങുകൾ അവസാനിക്കും. ദീർഘമാംഗല്യത്തിനും ശീഘ്രമംഗല്യത്തിനും കുടുംബ ഐശ്വര്യത്തിനും തൊഴിൽ വിജയത്തിനും ശാരീരിക മാനസിക സൗഖ്യത്തിനും വളരെ ഉത്തമമാണ് വിധിപ്രകാരമുള്ള ലളിതാസഹസ്രനാമജപം. 

 

സുബ്രഹ്മണ്യാഷ്ടോത്തരശതനാമ സമൂഹജപവും നാരങ്ങാ സമർപ്പണവും

ചൊവ്വാ ദോഷമുള്ളവരും ഗ്രഹനിലയിൽ ചൊവ്വ അനിഷ്ട സ്ഥാനത്ത് നിൽക്കുന്നവരും ചൊവ്വാദശ അപഹാരമുള്ളവരും ഈ വഴിപാട് നടത്തുന്നത് ഉത്തമമാണ്. ഒരു ചെറുനാരങ്ങയും വെളുത്ത പുഷ്പവും ഒരു രൂപ നാണയവും കൈയ്യിലെടുത്ത് സുബ്രഹ്മണ്യാഷ്ടോത്തരശതനാമം ജപിച്ച് പൂർത്തിയാക്കി ഹരഹരോഹര...എന്ന നാമജപത്തോടെ ക്ഷേത്രത്തിന് മൂന്നു പ്രദക്ഷിണം ചെയ്ത് നടയിൽ സമർപ്പിക്കുകയാണ് വേണ്ടത്. 

 

ആറു ദിവസമാണ് ഈ വഴിപാട് നടത്തേണ്ടത്. ആറു ചൊവ്വാഴ്ചകളിലോ മാസത്തിൽ ഒരു ചൊവ്വാഴ്ച വീതം 6 മാസം കൊണ്ടോ ചൊവ്വാഴ്ച ആരംഭിക്കുന്ന വിധത്തിലോ അവസാനിപ്പിക്കുന്ന വിധത്തിലോ ഇത് ചെയ്യാം. ആദ്യ ദിവസം രണ്ട് നാരങ്ങായും രണ്ട് വെളുത്ത പൂവും രണ്ട് നാണയവും വേണം. ഒരെണണം ഗണപതിഭഗവാന് സമർപ്പിക്കണം. എല്ലാ ദിവസവും ഉച്ച പൂജയ്ക്കു മുമ്പായി ഏതു സമയത്തും ഒറ്റ നാരങ്ങാ സമർപ്പണം നടത്താവുന്നതാണ്. 

 

ഷഷ്ഠിപൂജ

വെളുത്ത ഷഷ്ഠി തോറും സുബ്രഹ്മണ്യസ്വാമിക്ക് വിശേഷാൽ പൂജകൾ നടക്കുന്നു. പഞ്ചാമൃത നിവേദ്യം, പാൽ നിവേദ്യം ഇവയാണ് പ്രധാന നിവേദ്യങ്ങൾ. ഷഷ്ഠി നാളിൽ രാവിലെ 7 ന് നടക്കുന്ന ഷഷ്ഠി പൂജ ദർശിച്ച് വ്രതമനുഷ്ഠിക്കുന്നത് സന്താനസൗഖ്യം, സർപ്പദോഷശാന്തി, ത്വക്‌രോഗശാന്തി ഇവയ്ക്കും ജാതകത്തിലെ ചൊവ്വാദോഷശാന്തിക്കും ഉത്തമമാണ്. 

 

പൂജാസമയം

രാവിലെ 4.45 ന് പള്ളിയുണർത്തൽ

5.00 ന് നിർമാല്യ ദർശനം

5.30 ന് ശംഖാഭിഷേകം

5.45 ന് ഗണപതിഹോമം

7.00 ന് എതൃത്ത് പൂജ

9.30 ന് ധാര

10.00 ന് നമസ്ക്കാരം, തിടപ്പള്ളി നിവേദ്യങ്ങൾ

10.30 ന് ഉച്ചപൂജ

11.00 ന് നട അടയ്ക്കൽ

വൈകുന്നേരം 5.30 ന് നട തുറക്കൽ

6.30 ന് ദീപാരാധന

7.00 ന് അത്താഴപൂജ, നട അടയ്ക്കൽ 

അസ്തമയ വ്യത്യാസമനുസരിച്ച് ദീപാരാധനയുടെ സമയത്തിൽ മാറ്റം വരുന്നതാണ്. 

 

ബലിയിടാൻ വരുന്നവർ അറിയാൻ

വടക്കു ഭാഗത്തുള്ള തീർഥക്കരയിൽ എല്ലാ ദിവസവും രാവിലെ 6 മുതൽ 10 വരെ സൗകര്യം ഉണ്ടായിരിക്കും. ബലിയിടുന്നതിന്റെ തലേന്ന് ഒരിക്കൽ ആചരിക്കേണ്ടതാണ്. ബലിയിട്ടതിനു ശേഷം മാത്രം ക്ഷേത്രദർശനം നടത്തുക. പുലവീടിയതിനു ശേഷമുള്ള പിതൃകർമങ്ങൾ മാത്രമേ നടത്തുകയുള്ളൂ. പുലവാലായ്മയുള്ളവർ ക്ഷേത്രത്തിലേതു പോലെ തന്നെ തീർഥക്കരയിലും പ്രവേശിക്കരുത്. അശുദ്ധി മൂലം ശ്രാദ്ധ ദിവസം ബലിയിടാൻ സാധിക്കാതെ വന്നാൽ ശുദ്ധമായി ഏറ്റവും അടുത്ത ദിവസം ഒരിക്കൽ നോറ്റ് ബലിയിടാവുന്നതാണ്. ബലിയിട്ടതിനുശേഷം നമസ്ക്കാരം, തിലഹോമം, അന്നദാനം ഇവ നടത്തുന്നത് ഉത്തമമാണ്.

 

ക്ഷേത്രദർശനം നടത്തുന്ന ഭക്തർ അറിയാൻ

∙ക്ഷേത്രത്തിനകത്ത് ഷർട്ട്, ബനിയൻ ഇവ ധരിച്ച് പ്രവേശിക്കാൻ പാടുള്ളതല്ല. 

∙പുലവാലായ്മയുള്ളവർ ക്ഷേത്രത്തിനകത്ത് പ്രവേശിക്കരുത്. 

∙സ്ത്രീകൾ ഋതുകാലത്തും (8 ദിവസം) ഗർഭത്തിന്റെ 7ാം മാസം മുതൽ പ്രസവിച്ച് 90 ദിവസം വരെയും ക്ഷേത്രത്തിൽ പ്രവേശിക്കരുത്. 

∙ചോറൂണ് കഴിയാത്ത കുഞ്ഞുങ്ങൾക്ക് പ്രവേശനമില്ല. 

∙വിവാഹശേഷം അന്നേ ദിവസം വധൂവരന്മാർക്ക് പ്രവേശനമില്ല.

∙സ്ത്രീകൾ മുടി അഴിച്ചിട്ട് ക്ഷേത്രത്തിനകത്ത് പ്രവേശിക്കരുത്. 

 

ക്ഷേത്രത്തിന്റെ വിലാസവും ഫോൺ നമ്പറുകളും

തിരുവുംപ്ലാവിൽ മഹാദേവക്ഷേത്രം

മൂവാറ്റുപുഴ,

എറണാകുളം ജില്ല 686661

ഫോൺ  0485  2831071

9207732152

99950  10774

 

ലേഖകൻ

സുനിൽ വല്ലത്ത്

94474  15140

Content Summary : Significance of Thiruvumpavil Mahadeva Temple

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com