ADVERTISEMENT

പ്രകൃതിയിലേക്ക് അലിഞ്ഞുകിടക്കുന്ന ഭക്തിഭാവമാണ് ഓരോ കാവുകളും. സംരക്ഷിച്ചു കൂടെ നിർത്തേണ്ട പല കാവുകളും ഇന്ന് നാമമാത്രമായി അവശേഷിക്കുമ്പോൾ പൗരാണികതയുടെ ഗാംഭീര്യം പേറി തലയുയർത്തി നിൽക്കുന്ന ശംഖുകുളങ്ങരക്കാവ് ഭക്തർക്കും പ്രകൃതിസ്നേഹികൾക്കും ഇടയിൽ ഒരേ പോലെ ഹൃദ്യമാകുകയാണ്. തൃശ്ശൂർ ജില്ലയിൽ, കൊടുങ്ങല്ലൂര്‍ ഗുരുവായൂര്‍ റൂട്ടില്‍ ശ്രീനാരായണപുരം സെന്ററില്‍ നിന്നും 200 മീറ്റര്‍ വടക്കോട്ട് മാറി പടിഞ്ഞാറു ഭാഗത്തായിട്ടാണ് ശംഖുകുളങ്ങരക്കാവ് സ്ഥിതി ചെയ്യുന്നത്. ചരിത്ര വിദ്യാർഥികളുടെയും ഗവേഷകരുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും പ്രിയപ്പെട്ട ഇടമാണിത്.

Read also :മനസ്സാകുന്ന 'കുതിര' യെ ബലമുള്ള നാമജപം കൊണ്ട് കയറിട്ട് മുറുക്കെ പിടിച്ചാൽ

തീർത്തും ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ നിലകൊള്ളുന്ന ഒരു ക്ഷേത്രം കാവിന്റെ മധ്യത്തിലായി കാണാൻ കഴിയും. ശ്രീനാരായണപുരത്തെ ഹൈന്ദവ വിശ്വാസികളുടെ പ്രധാന ആരാധനാലയങ്ങളിൽ ഒന്നാണിവിടം. നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ ക്ഷേത്രത്തിനു അനേകം പ്രത്യേകതകളുണ്ട്. നൂറ്റാണ്ടുകൾക്ക് മുൻപ് ടിപ്പുവിന്റെ പടയോട്ടക്കാലത്ത് നശിപ്പിക്കപ്പെട്ട അനേകം ക്ഷേത്രങ്ങളിലെ തകർന്ന ആരാധനാ വിഗ്രഹങ്ങൾ കൊണ്ട് വന്നു വച്ച് പ്രതിഷ്ഠിച്ച ഇടമാണ് ശംഖുകുളങ്ങരക്കാവ് എന്ന ഈ കൊച്ചു ക്ഷേത്രം എന്നാണ് ചരിത്രം പറയുന്നത്. 

shanku-kulangara-kavu-03

 

ജനകേന്ദ്രീകൃതമല്ലാത്ത ഇടത്താണ് കാവ് എന്നതും പ്രദേശവാസികൾക്കപ്പുറം അധികമാർക്കും ഈ കാവിനെക്കുറിച്ചറിവില്ല എന്നതുമാണ് പഴമയുടെ പ്രൗഢിയും പ്രകൃതിയുടെ നിറവുമായി കാവ് ഇന്നും പച്ചപിടിച്ചു നിൽക്കുന്നതിനുള്ള കാരണം. 

 

∙ ശ്രീകോവിലിനുള്ളിൽ മൂന്നു ദേവപ്രതിഷ്ഠകൾ 

shanku-kulangara-kavu-06

 മറ്റു ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ഈ ക്ഷേത്രത്തിന്റെ പ്രധാന പ്രതിഷ്ഠക്ക് ഒരു പ്രത്യേകതയുണ്ട്. സാധാരണ ക്ഷേത്രങ്ങളിൽ ഒരു ദേവനോ ദേവിയെ ആണ് ശ്രീകോവിലിനുള്ളിൽ പ്രധാന പ്രതിഷ്ഠയായി വരുന്നത്.എന്നാൽ ഇവിടെ മൂന്നു പ്രതിഷ്ഠകളാണ് ശ്രീകോവിലിനുള്ളിൽ ഉള്ളത്. ഭദ്രകാളിയും രാജരാജേശ്വരിയും ശാസ്താവും ഒരേ ശ്രീകോവിലിൽ തന്നെ കുടികൊള്ളുന്നു. ഇത് കേരളത്തിൽ അപൂർവമാണ് എന്ന് മാത്രമല്ല, മൂവരെയും തുല്യ പ്രാധാന്യത്തോടെയാണ് പൂജിച്ചു വരുന്നത്. സ്വർണ വർണമുള്ള പടികളോട് കൂടിയ ശ്രീകോവിലിനുള്ളിൽ പഞ്ചലോഹ വിഗ്രഹ രൂപത്തിൽ ഭദ്രകാളി, രാജരാജേശ്വരി, ശാസ്താവ് എന്നിവർ നിലകൊള്ളുന്നു.

 

ഇരുവശവും മരങ്ങൾ നിറഞ്ഞ ഭൂമിയിൽ പഞ്ചസാര മണൽ വിരിച്ച നടപ്പാതയുള്ള ഒരു ക്ഷേത്രം. മതിൽകെട്ടുകളോ നാലമ്പലമോ ഇല്ലാത്ത ഈ ക്ഷേത്രത്തിൽ ഗണപതി ,ശിവൻ, നടരാജൻ തുടങ്ങിയവയുടെ ചുവർ ചിത്രങ്ങളും കാണാനാകും. ചിത്രങ്ങളിൽ പോലും ദൈവാംശം കാണുന്ന ദേശക്കാർ പ്രസ്തുത രൂപങ്ങളെ വണങ്ങിയ ശേഷമാണ് ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നത്. ഈ കാവിനോട് ചേര്‍ന്ന് തന്നെ 18 സെന്റ് വീതമുള്ള മണിനാഗക്കാവും കരിനാഗക്കാവും കാണാനാകും. 

shanku-kulangara-kavu-04

 

ഒരേക്കര്‍ 60 സെന്റ് സ്ഥലത്തായി വ്യാപിച്ചു കിടക്കുന്ന ശംഖുകുളങ്ങരക്കാവ് വിസ്തൃതിയിലും ജൈവ ജൈവവൈവിധ്യത്തിലും ഏറെ മുന്നിലാണ്. തൃശൂർ ജില്ലയിലെ തന്നെ ഏറ്റവും വലിയ കാവുകളിലൊന്നാണ് ശംഖുകുളങ്ങരക്കാവ്. കരിയിലകൾ നിറഞ്ഞ ഭൂമിയുടെ വേറിട്ട ഭംഗി ഭക്തി നിറഞ്ഞ അന്തരീക്ഷത്തെ കൂടുതൽ ശക്തമാക്കുന്നു. 

 

shanku-kulangara-kavu-05

നിത്യഹരിത വനങ്ങളില്‍ മാത്രം കാണുന്ന പല വ്യക്ഷങ്ങളും സസ്യങ്ങളും ഈ കാവിലുണ്ട്. നൂറ്റാണ്ടുകള്‍ പഴക്കമുളള കരിമരവും കരിങ്ങോട്ടയും അപൂർവ സസ്യങ്ങളും അരയാലും പേരാലും അത്തിയും ഇത്തിയും ഞാവലും അടക്കം ഔഷധ സസ്യങ്ങൾ ധാരാളമായി ഈ കാവിലുണ്ട്. കാവിൽ നിന്നും കാലപ്പഴക്കം മൂലം മരങ്ങൾ നശിക്കുന്നതല്ലാതെ ഒരു വൃക്ഷതൈ പോലും പറിച്ചു നീക്കാറില്ല.

 

shanku-kulangara-kavu-02

കിഴക്കൂട്ട് കുടുംബത്തിന്റെ മേൽനോട്ടത്തിലാണ് കാവ് നിലകൊള്ളുന്നത്.  കിഴക്കൂട്ടുകാരുടെ കുടുംബക്ഷേത്രമാണ് ശംഖുകുളങ്ങരക്കാവ്. അതിനാൽ ക്ഷേത്രത്തിലെ എല്ലാവിധ ചടങ്ങുകൾക്കും മേൽനോട്ടം വഹിക്കുന്നത് ഈ കുടുംബത്തിലെ അംഗങ്ങളാണ്. ഇപ്പോൾ കിഴക്കൂട്ട് വീട്ടിലെ ഇളംതലമുറക്കാരാണ് കാവിലെ കാര്യങ്ങൾ നോക്കുന്നത്.

 

രാവിലെ തിടപ്പള്ളിയിൽ ഗണപതിഹോമം നടത്തിയ ശേഷമാണു പൂജകൾ ആരംഭിക്കുന്നത്. കടുംപായസം , പാൽ പായസം എന്നിവ പ്രധാന നിവേദ്യങ്ങളാണ്. എല്ലാവർഷവും പ്രതിഷ്ഠാദിനം തൃക്കാർത്തിക ദിനത്തിൽ ഗംഭീരമായി ആചരിച്ചു വരുന്നു. തീയാട്ട് എന്ന അത്യപൂർവ ആചാരവും അന്നേ ദിവസം ക്ഷേത്രത്തിൽ നടക്കുന്നു. ഭക്തിയോടും വിശ്വാസത്തോടും കൂടി ആചാരപ്രകാരം വ്രതമെടുത്ത് ദേഹശുദ്ധിവരുത്തിയാണ് തീയാട്ട് അനുഷ്ഠിക്കുന്നത്. ഇത്തരത്തിൽ മനസും ശരീരവും ഒരുപോലെ ഭഗവത് പാദങ്ങളിൽ അർപ്പിച്ചവരാണ് തീയാട്ടിന്റെ ഭാഗമായി ദേവീരൂപം ധരിക്കുക. 

 

∙ ഉപപ്രതിഷ്ഠകൾ 

പ്രധാനമായും രണ്ട് ഉപപ്രതിഷ്ഠകളാണ് ക്ഷേത്രത്തിലുള്ളത്. ശ്രീകോവിലിനു വലത്തു ഭാഗത്തായി അൽപം  ഉയരത്തിൽ മണൽ വിരിച്ച പടികൾ കയറി ചെന്നാൽ ശിവ പ്രതിഷ്ഠ കാണാം. വേട്ടക്കൊരുമകൻ സങ്കൽപ്പമാണ് ഇവിടെ. ചന്ദ്രക്കലയുടെ ആകൃതിയിൽ പ്രദക്ഷിണം വച്ച് പ്രാർഥിക്കാം. പിൻവിളക്കാണ്‌ പ്രധാന വഴിപാട്. 

 

ചുറ്റും നിബിഡമായ മരത്തണലിൽ നിന്നുകൊണ്ട് ഇഷ്ടദേവനെ പ്രാർഥിക്കുക എന്നത് വ്യത്യസ്തമായ ഒരു അനുഭൂതിയാണ് ഓരോ ഭക്തനും നൽകുന്നത്. ശിവ സങ്കൽപ്പത്തിന്റെ ഭാഗമായി ചന്ദ്രക്കലകൾ ആണ് പ്രതിഷ്ഠയിൽ പതിപ്പിച്ചിരിക്കുന്നത്. അരികിലായി കൂവളവൃക്ഷവും സാന്നിധ്യമറിയിക്കുന്നു. അഭീഷ്ടകാര്യസിദ്ദിക്കായി ഭക്തർ കൂവളമാല ഇവിടെ സമർപ്പിച്ചു പ്രാർഥിക്കുന്നു. വിളിച്ചാൽ വിളിപ്പുറത്താണ് ഇവിടുത്തെ ശിവ പ്രതിഷ്ഠയെന്നാണ് ഇവിടുത്തുകാർ വിശ്വസിക്കുന്നത്.

 

വേട്ടക്കൊരുമകൻ സങ്കൽപം തൊഴുത്തിറങ്ങിയാൽ  നാഗത്തറയിലേക്കാണ് പ്രദക്ഷിണം നീളുന്നത്. നാഗയക്ഷിയുടെ പ്രതിഷ്ഠയാണ് ഇവിടെയുള്ളത്.  നെയ്‌വിളക്കും മഞ്ഞൾപ്പൊടിയുമാണ് പ്രധാന വഴിപാട്. വിശേഷ ദിവസങ്ങളിൽ പ്രത്യേക പൂജകൾ നടത്തും. നാഗയക്ഷിയുടെ അടുത്തു നിന്നും തൊഴുത്തിറങ്ങിയാൽ പിന്നെ പ്രദക്ഷിണം പൂർത്തിയാക്കാം.

 

അമ്പലക്കുളത്തിനു പകരം പൂജക്കും മറ്റ് ആവശ്യങ്ങൾക്കുമായി വെള്ളമെടുക്കുന്ന ആഴമുള്ള ഒരു കിണർ ക്ഷേത്രമുറ്റത്തായി തന്നെ കാണാം. ദേവി വന്നയിടം എന്ന സങ്കൽപ്പത്തിൽ അൽപം മാറി ചെറിയൊരു ക്ഷേത്രവും ദേവീ പ്രതിഷ്ഠയും കൂടി ശംഖുകുളങ്ങരക്കാവിനോട് അനുബന്ധിച്ചുണ്ട്.  സർവ്വാഭീഷ്ട വരദായിനിയായ ദേവിമാരും ശാസ്താവും ചേർന്ന് ഈ ദേശത്തെ ദുഃഖമകറ്റുകയും സംരക്ഷിക്കുകയും ചെയ്യുന്നു എന്നാണ്  ശ്രീനാരായണപുരത്തുകാർ വിശ്വസിക്കുന്നത്. 

Content Summary: Significance of Shanku Kulangara Kavu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com