ADVERTISEMENT

വലിയൊരു വിഷ്ണു ഭക്തൻ ആയിരുന്നല്ലോ നാരദൻ. സദാസമയവും നാരായണ...നാരായണ... എന്ന് ഉരുവിട്ടു കൊണ്ട് നടക്കും. ഈ വിഷ്ണു ഭക്തിയെക്കുറിച്ച് വലിയ അഭിമാനമായിരുന്നു. തന്നെക്കാൾ വലിയൊരു വിഷ്ണു ഭക്തൻ വേറെ ആരും ഉണ്ടാവില്ല എന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു. പതിവ് സന്ദർശനം പോലെ ഒരു ദിവസം നാരദൻ വിഷ്ണുവിനെ സന്ദർശിക്കാൻ വൈകുണ്ഠത്തിലെത്തി.  സംഭാഷണത്തിനിടെ തന്റെ വിഷ്ണുഭക്തിയെക്കുറിച്ച് സൂചിപ്പിക്കുകയും ചെയ്തു. തന്നെക്കാൾ വലിയൊരു വിഷ്ണു ഭക്തൻ ഇല്ലെന്ന് ബോധ്യപ്പെടുത്തുകയായിരുന്നു ലക്ഷ്യം.  അൽപസമയം ഭഗവാൻ  മന്ദഹാസം പൂണ്ടു. അതിനുശേഷം അദ്ദേഹം നാരദനോട് പറഞ്ഞു,  ശ്രീപുരം എന്ന ഗ്രാമത്തിൽ വലിയൊരു വിഷ്ണു ഭക്തൻ ഉണ്ട്. അദ്ദേഹത്തെ പോയി കണ്ടിട്ട് വരൂ എന്ന്.  നാരദൻ പതിവുപോലെ തന്റെ വീണയുമെടുത്ത് ശ്രീപുരത്തേക്ക് യാത്രയായി. വിഷ്ണു പറഞ്ഞുകൊടുത്ത അടയാളങ്ങൾ ഉള്ള ഭക്തനെ അന്വേഷിച്ചപ്പോൾ അദ്ദേഹം ഒരു സാധാരണ കർഷകൻ ആണെന്ന് മനസ്സിലായി. അദ്ദേഹത്തെ കണ്ടുമുട്ടിയതിനു ശേഷം ആ കർഷകനോടൊപ്പം ഒരു ദിവസം തങ്ങാൻ അനുവാദം ചോദിച്ചു. കർഷകൻ സന്തോഷത്തോടെ സമ്മതിക്കുകയും ചെയ്തു.  ആ ഒരു ദിവസം മുഴുവൻ കർഷകനോടൊപ്പം കഴിഞ്ഞിട്ടും അദ്ദേഹം ഒരു തവണ പോലും നാരായണ എന്ന് ഉരുവിട്ട് കണ്ടില്ല. പക്ഷേ അന്ന് രാത്രി കർഷകൻ കിടന്നുറങ്ങുന്നതിന് തൊട്ടുമുൻപായി മൂന്നുതവണ നാരായണ നാരായണ നാരായണ എന്ന് ഉരുവിടുന്നത് ശ്രദ്ധിച്ചു. 

Read also : ചൊവ്വാരാശിമാറ്റം 2023 ; ഈ 3 കൂറുകാർക്ക് നേട്ടങ്ങള്‍ ഇരട്ടിയായി മുന്നിലെത്തും...


പിറ്റേദിവസം വൈകുണ്ഡത്തിലെത്തിയ നാരദൻ വിഷ്ണുവിനോട് ചോദിച്ചു, ഒരു ദിവസം രാത്രി നേരത്തു മാത്രം മൂന്നു തവണ നാരായണ എന്ന് പറയുന്ന ആൾ എങ്ങനെയാണ് ഇത്രയും വലിയ വിഷ്ണു ഭക്തൻ ആവുക. കർഷകനോടുള്ള പുച്ഛം ആ വാക്കുകളിൽ പ്രകടമായിരുന്നു. അപ്പോൾ വിഷ്ണു പറഞ്ഞു ഈ കാണുന്ന എണ്ണ പാത്രം എടുത്ത് ഒരുതവണ പ്രദക്ഷിണം വച്ചു വരിക. പക്ഷേ എണ്ണ പാത്രത്തിൽ നിന്നും ഒരു തവണ പോലും എണ്ണ തുളുമ്പി പോകരുത്. ഇതാണോ ഇത്ര വലിയ കാര്യം എന്ന മട്ടിൽ നാരദൻ വളരെ എളുപ്പത്തിൽ തന്നെ വൈകുണ്ഠ പ്രദക്ഷിണം വെച്ചു വന്നു. ഭഗവാൻ അപ്പോൾ ചോദിച്ചു - എണ്ണ ഒട്ടും തുളുമ്പി ഇല്ലല്ലോ പക്ഷേ ഈ പ്രദക്ഷിണത്തിനിടയ്ക്ക് എത്ര തവണയാണ് എന്നെ സ്മരിച്ചത്. എണ്ണയിൽ മുഴുകിയിരുന്നപ്പോൾ താങ്കൾ ഒരുതവണ പോലും എന്നെ സ്മരിച്ചില്ലല്ലോ. ആ കർഷകൻ ആകട്ടെ കഠിനാധ്വാനം കഴിഞ്ഞ് അദ്ദേഹം വൈകിട്ട് ഉറങ്ങാൻ നേരത്ത് ആത്മാർഥതയോടും ഭക്തിയോടും കൂടി  ഒരു തവണയെങ്കിലും എന്നെ സ്മരിച്ചില്ലേ. അപ്പോൾ ആ കർഷകൻ വലിയൊരു ഭക്തൻ അല്ലേ. അദ്ദേഹത്തിന് ഒരു മറുപടിയും പറയാനില്ലായിരുന്നു. അഹങ്കാരം വെടിഞ്ഞ് വളരെ വിനയത്തോടുകൂടിയാണ് നാരദൻ അന്ന് മടങ്ങിയത്. 

 

മനസ്സും ശരീരവും ഈശ്വരനിൽ അർപ്പിച്ചുകൊണ്ട് പ്രാർഥിക്കുന്നതിന് പകരം സ്വന്തം ഭക്തിയുടെ മാഹാത്മ്യത്തെക്കുറിച്ച് ചിന്തിച്ചു കൊണ്ടായിരുന്നു നാരദൻ ദൈവനാമം ഉരുവിട്ടു കൊണ്ടിരുന്നത്.

 

Read also: ജീവിതത്തിലെ ശുഭസമയങ്ങളെക്കുറിച്ചറിയാന്‍.

 

സദാസമയവും ദൈവനാമം ഉരുവിടുന്ന ഒരു മഹർഷിയായിരുന്നു നാരദൻ.  എന്നാലും പലപ്പോഴും അത് ഒരു അധര വ്യായാമം മാത്രമായിരുന്നു. നാരദനെ ഒരു പാഠം പഠിപ്പിക്കുവാൻ വേണ്ടിയായിരുന്നു വിഷ്ണു ഭഗവാൻ ശ്രീപുരത്തേക്ക് അയച്ചത്. നാം മനസ്സിലാക്കേണ്ടത് പ്രാർഥനയുടെയും ഭക്തിയുടെയും ഒക്കെ ശ്രദ്ധാകേന്ദ്രം ദൈവം തന്നെയായിരിക്കണം അല്ലാതെ നമ്മളും നമ്മുടെ മഹിമയും ആയിരിക്കരുത്. 


ലേഖകൻ 

സുനിൽ വല്ലത്ത്

Ph : 9447415140

Content Summary : Moral Story of Narada Maharshi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com