ADVERTISEMENT

കേരളത്തിൽ പെരിയാറിന്റെ തീരത്ത് കാലടി ഗ്രാമത്തിൽ കൈപ്പിള്ളി ഇല്ലത്ത് കൊല്ലവർഷം 650 നും 800നും ഇടയിലാണ് ആദിശങ്കരന്റെ ജനനം. വിവാഹാനന്തരം വളരെ വർഷം കഴിഞ്ഞ്  പ്രാർഥനാനന്തരം ഉണ്ടായ ഏക സന്താനമാണ് ശ്രീ ശങ്കരൻ.

Read also: ഇന്ന് അപര ഏകാദശി, ഭാഗ്യവർധനവിനും ഐശ്വര്യത്തിനുമായി ഈ ജപം

ചെറുപ്പത്തിൽ തന്നെ ഉപനയനം കഴിച്ച് വിദ്യ അഭ്യസിച്ച ഇദ്ദേഹം ബാല്യം മുതൽ സന്യാസത്തിൽ ആഭിമുഖ്യം കാണിച്ചിരുന്നു. പിതാവിന്റെ മരണം ബാല്യത്തിൽ ആകയാൽ സന്യാസത്തിന് തന്റെ മകനെ വിടാൻ അമ്മയ്ക്ക് സമ്മതമായിരുന്നില്ല. എട്ടാമത്തെ വയസ്സിൽ പെരിയാറിൽ അമ്മയോടൊപ്പം കുളിച്ചു കൊണ്ടിരുന്ന ശ്രീശങ്കരന്റെ കാലിൽ ഒരു മുതല പിടികൂടി. തന്നെ സന്യാസത്തിന് അനുവദിച്ചാൽ മാത്രമേ മുതല പിടിവിടുകയുള്ളൂ എന്ന് കരഞ്ഞുകൊണ്ടുള്ള പുത്രന്റെ വാക്കുകൾ കേട്ട് ആ സാധ്വി അതിന് സമ്മതിക്കുകയാണ് ഉണ്ടായത്. അമ്മയുടെ അന്ത്യകാലത്ത് അടുത്തു വന്നു കൊള്ളാമെന്ന് വാക്ക് നൽകി ശങ്കരൻ ദേശാടനം ആരംഭിച്ചു. ഗൗഡപാദശിഷ്യനായ ഗോവിന്ദ ഭഗവത്പാദരിൽ നിന്ന് സന്യാസം സ്വീകരിച്ച ഇദ്ദേഹം പല വിശ്വാസമുള്ള തത്ത്വചിന്തകരുമായി ചർച്ചകളിൽ ഏർപ്പെട്ടുകൊണ്ട് ഭാരതം മുഴുവൻ സഞ്ചരിച്ചു.  ഒടുവിൽ കാശ്മീരിൽ എത്തി ശാസ്ത്രവാദികളെ ജയിക്കുകയും അന്നുവരെ അവിടെ ആർക്കും തുറന്നു കൊടുക്കാതിരുന്ന ശാരദ ക്ഷേത്രത്തിന്റെ തെക്കെവാതിൽ തുറപ്പിച്ചു ദേവിയുടെ പുരോഭാഗത്തുള്ള സര്‍വഞ്‌ജപീഠത്തിൽ കയറുകയും ചെയ്തു. ബ്രഹ്മമാണ് സത്യം ജഗത് മിഥ്യയാണ്. ജീവൻ തന്നെയാണ് ബ്രഹ്‌മം മറ്റൊന്നുമല്ല. (ബ്രഹ്മസത്യം ജഗൻ മിഥ്യാ ,ജീവോ ബ്രഹ്മൈവനാപര )പ്രപഞ്ചത്തിൽ ബ്രഹ്മമമല്ലാതെ മറ്റൊന്നും നിത്യമായി ഇല്ലെന്നാണ് അദ്വൈത വേദാന്തത്തിന്റെ അടിസ്ഥാനം.

 

ശ്രീശങ്കരനും കനകധാരാസ്തോത്രവും

ശ്രീശങ്കരൻ അനേക കൃതികൾ രചിച്ചിട്ടുണ്ട്. അതിൽ തന്നെ പ്രധാനപ്പെട്ട സ്തോത്രം ആണ് കനകധാരാസ്തോത്രം. അത് രചിച്ചതിനു പിന്നിലെ ഐതിഹ്യം ഇങ്ങനെയാണ് – ഗുരുകുലവാസം അനുഷ്ഠിക്കുന്ന കാലം. സാധാരണക്കാരിൽ നിന്നും ഭിക്ഷ വാങ്ങി ജീവിക്കുക എന്നത് ഗുരുകുല സമ്പ്രദായത്തിലെ ഒരു ആചാരമായിരുന്നു. ഒരു ദിവസം ഭിക്ഷ യാചിച്ച് ചെന്നത് ഒരു ദരിദ്ര ബ്രാഹ്മണ കുടുംബത്തിൽ ആയിരുന്നു. ഭിക്ഷയ്ക്ക് എത്തിയ കുടുംബത്തിൽ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഭിക്ഷയ്ക്ക് എത്തിയ ശങ്കരനെ കണ്ട് നിരാശയായ ബ്രാഹ്മണ സ്ത്രീ നല്ല വാക്കുകളാൽ സ്വാഗതം ചെയ്ത് ഉപചരിച്ചിരുത്തി. തന്റെ ദയനീയ സ്ഥിതി ഭിക്ഷുവിനെ ധരിപ്പിച്ചു. എന്നിട്ട് ആ വീട്ടിൽ ആകെ ഉണ്ടായിരുന്ന ഒരേ ഒരു നെല്ലിക്ക നൽകിക്കൊണ്ട് ഇങ്ങനെ പറഞ്ഞു "അങ്ങേയ്ക്ക് നൽകാൻ ഈ ഗൃഹത്തിൽ ഒരേ ഒരു നെല്ലിക്ക മാത്രമാണുള്ളത്. അത് വാങ്ങി അങ്ങ് തൃപ്തനാവണം. മറ്റൊന്നും തരാനില്ലാത്ത ഞങ്ങളെ അവിടുന്ന് ശപിക്കരുത് " 

ആ സ്ത്രീയുടെ ആതിഥ്യ മര്യാദയിലും അവരുടെ സുവചനങ്ങളിലും സന്തുഷ്ടനായ ശ്രീശങ്കരൻ സസന്തോഷം ആ നെല്ലിക്ക സ്വീകരിച്ചു. അവിടെ നിന്നുകൊണ്ട് ഐശ്വര്യ - ധന സമൃദ്ധിയുടെ ദേവതയായ മഹാലക്ഷ്മിയെ സ്തുതിച്ചു പാടി . സ്തോത്രം പാടി തീരുമ്പോഴേക്കും നെല്ലിക്കാ വലിപ്പത്തിലുള്ള കനക മണികൾ ആ മുറ്റത്തേക്ക് വർഷിക്കുകയും അവയത്രയും ആ കുടുംബത്തിന് നൽകിയിട്ട് അവരെ അനുഗ്രഹിച്ചിട്ട് അദ്ദേഹം യാത്രയാവുകയും ചെയ്തു എന്നാണ് ഐതീഹ്യം. ശ്രീ ശങ്കരൻ അന്ന് രചിച്ച മഹാലക്ഷ്മി സ്തുതിയാണ് കനകധാരാസ്തോത്രം.

 

ദാരിദ്ര്യശമനത്തിനും ഐശ്വര്യ വർധനക്കുമായി കനകധാരാ സ്തോത്രം നിത്യം ജപിക്കുക. ശങ്കരാചാര്യർ സ്തോത്രാന്ത്യത്തിൽ പറയുന്നതിങ്ങനെയാണ് -വേദ സ്വരൂപിണിയും ത്രിഭുവനമാതാവുമായ മഹാലക്ഷ്മിയെ ഈ സ്തോത്രങ്ങളാൽ നിത്യേന മുടങ്ങാതെ സ്തുതിക്കുകയാണെങ്കിൽ ജന്മം തോറും ഗുണാധിക്യത്തോടുകൂടിയവരായി ധനധാന്യഭാഗ്യാദികളോട് കൂടിയവരായി തീരുന്നതാകുന്നു.

 

(ലേഖകരുടെ ഫോൺ :

Dr. R. ശ്രീദേവൻ -94484 57438

Dr. പ്രീത സൂരജ് - 94468 57460)

 

Content Summary: Story of Shri Adi Sankaracharya and Kanakadhara Stotram, Mantra for Wealth and Prosperity

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com