ADVERTISEMENT

പോയ കാലത്തിന്റെ നിറപ്പകിട്ടാർന്ന സ്‌മരണകളുയർത്തി ഇന്നു പിള്ളേരോണം. ഓണസ്‌മൃതികളുണർത്തി കർക്കടകത്തിലെ തിരുവോണം നാളാണു പിള്ളേരോണമായി ആഘോഷിക്കുന്നത്. പഴയകാല പ്രതാപങ്ങളോടെയല്ലെങ്കിലും കേരളത്തിന്റെ പലയിടങ്ങളിലും ഇപ്പോഴും കുട്ടികളുടെ ഓണം ആഘോഷിക്കുന്നുണ്ട്. വാമന പ്രതിഷ്‌ഠയുള്ള തൃക്കാക്കര ക്ഷേത്രത്തിലെ ഉത്സവത്തിൽനിന്നാണ് ഓണാഘോഷങ്ങൾക്കു ശക്‌തി പ്രാപിച്ചതെന്നു പഴക്കമേറിയ വിശ്വാസമുണ്ട്. അവിടെ കർക്കടകത്തിലെ തിരുവോണത്തിനു തുടങ്ങുന്ന ആഘോഷം 28 ദിവസം നീണ്ടു നിന്നിരുന്നു. ചിങ്ങത്തിലെ അത്തം മുതൽ 10 ദിവസം തൃക്കാക്കരയോടൊപ്പം കേരളത്തിലും ഓണാഘോഷം ഗംഭീരമായി നടത്തിപ്പോന്നു. കാലക്രമേണ കർക്കടകത്തിലെ പിള്ളേരോണത്തിനും പിന്നെ ചിങ്ങത്തിലെ ആഘോഷത്തിനുമായി പ്രാധാന്യം.

 

തൃക്കാക്കരയപ്പന്റെ തിരുനാളായ തിരുവോണം കൊണ്ടാടാൻ തൃക്കാക്കര വാണിരുന്ന മഹാബലിപ്പെരുമാൾ കൽപിച്ചതനുസരിച്ചാണ് ഓണാഘോഷങ്ങൾക്കു തുടക്കംകുറിച്ചതെന്നു പറയപ്പെടുന്നു. അത്തം മുതൽ വീട്ടുമുറ്റത്തു തൃക്കാക്കരയപ്പന്റെ രൂപം മണ്ണുകൊണ്ടുണ്ടാക്കി പൂവിടുന്നത് അതിന്റെ അനുസ്‌മരണമാണെന്നു വിശ്വസിക്കുന്നവർ ധാരാളമുണ്ട്.

വൈഷ്‌ണവർ വാമനനെ സ്‌മരിക്കുന്നതിനു കർക്കടകത്തിലെ തിരുവോണം നാളാണു തിരഞ്ഞെടുത്തിരുന്നത്. പിള്ളേരോണം മുതൽ തിരുവോണം വരെയായിരുന്നു തിരുനാവായയിലെ മാമാങ്കമെന്നതു ചരിത്ര പണ്ഡിതന്മാർ പ്രത്യേകം പരാമർശിക്കുന്നുണ്ട്. ഓണക്കോടിയും ചെറിയ തോതിലുള്ള സദ്യയുമായി ചിലയിടങ്ങളിലെങ്കിലും ഇന്നു പൂവിളി ഉണരുകയായി.

 

Content Highlights: Pilleronam |Tradition | childhood | Children | Kerala | Onam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com