ADVERTISEMENT

യുദ്ധത്തിനിടയിൽ ഒരവസരത്തിൽ രാവണന് ഹനുമാന്റെ ശക്തിയായിട്ടുള്ള ഒരു അടി കിട്ടുന്നുണ്ട് എന്ന് പറഞ്ഞല്ലോ. അബോധാവസ്ഥയിലായിപ്പോയ രാവണനെ മറ്റൊരു രഥത്തിലേക്ക് താങ്ങികയറ്റേണ്ടിവന്നു തേരാളിക്ക്. തേരാളി തേര് ലങ്കയ്ക്ക് അഭിമുഖമായി തെളിച്ചു. ലങ്കയിലെത്തിയതോടുകൂടി രാവണന് ബോധം വന്നു. വളരെയധികം കോപിഷ്ഠനായ രാവണൻ വളരെ വിനാശാത്മകവും വിജയദായകവുമായിട്ടുള്ള പടലഹോമം എന്നുള്ള ഹോമം നടത്താനായി തീരുമാനിക്കുന്നു. എന്നാൽ വിഭീഷണന്റെ ചാരന്മാർ ഈ വാർത്ത ഉടൻതന്നെ വിഭീഷണനെ അറിയിച്ചു. ഈ ഹോമം രാവണൻ പൂർത്തിയാക്കിയാൽ പിന്നെ രാവണനെ വധിക്കാൻ വളരെ വിഷമമായിരിക്കും. അതുകൊണ്ട്തന്നെ ഈ യാഗം മുടക്കാനായി അംഗദനും ഹനുമാനുമെല്ലാം വലിയ ഒരു വാനര സംഘത്തോടുകൂടി യജ്ഞസ്ഥലത്തേക്ക് കുതിച്ചു. അവിടെ ചെന്നപ്പോൾ യജ്ഞത്തിന് തൊട്ടുമുമ്പുള്ള മൗനത്തിലും ധ്യാനത്തിലും ആയിരുന്നു രാവണൻ. 

 

ഏറ്റവും ചെറിയ ഒരു ചലനമോ അശ്രദ്ധയോപോലും ഈ യജ്ഞത്തിന് രാവണനെ അനർഹനും അശുദ്ധനുമാക്കും. മാത്രല്ല ഈ വിജയലബ്‌ദിക്കുവേണ്ടി നടത്തുന്ന ഈ യജഞം നിഷ്‌ഫലമാകുകയും ചെയ്യും. അതുകൊണ്ടുതന്നെ അത് മനസ്സിൽ വച്ചുകൊണ്ട്, ധ്യാനത്തിലിരിക്കുന്ന രാവണനെ അംഗദൻ അദ്ദേഹത്തിന്റെ വളരെ അടുത്തുചെന്ന് ഒരു ചവിട്ടുകൊടുത്തു. മാത്രമല്ല രാവണനെ പ്രകോപിപ്പിക്കാൻവേണ്ടി രാവണന്റെ മുടി പിടിച്ചുവലിക്കുക, രാവണന്റെ ശരീരത്തിൽ പോറലേൽപ്പിക്കുക തുടങ്ങിയ പ്രവർത്തികളെല്ലാം ചെയ്യാൻ തുടങ്ങി. ഇതോടുകൂടി രാവണന് ആ ധ്യാനത്തിൽനിന്ന് എഴുന്നേൽക്കേണ്ടിവന്നു. വീണ്ടും യുദ്ധത്തിന് സന്നദ്ധനായി രാവണൻ ശ്രീരാമനോട് ഏറ്റുമുട്ടുവാൻ വരുമ്പോൾ ശ്രീരാമൻ രാവണനോട് പറയുന്ന ചില വാക്കുകളുണ്ട്.

 

ശ്രീരാമൻ പറയുന്നു, "വിഡ്ഢി! ഞാൻ നൽകുന്ന ധർമോപദേശങ്ങൾ ആദ്യം ശ്രദ്ധിക്കുക. ലോകത്തിൽ  മൂന്നുതരം  ആളുകളാണുള്ളത്. ആദ്യത്തെ തരത്തിൽപെട്ടവർ പാടലീമരം പോലെയാണ്. അത് മനോഹരമായി പുഷ്‌പിക്കും പക്ഷേ ഒരൊറ്റ കായും ഉണ്ടാവുകയില്ല. ഇങ്ങനെയുള്ളവർ വെറും സംസാരത്തിൽ മാത്രം ഏർപ്പെട്ടിരിക്കുന്നവരാണ്. പറയുന്നത് അണുമാത്രപോലും അനുഷ്ഠിക്കുകയുമില്ല. സംസാരിക്കുന്നതിലാണ് അവർക്ക് താൽപര്യം. രണ്ടാമത്തെ തരത്തിൽപെട്ടവർ വാഴപോലെയാണ് അത് പുഷ്‌പിക്കുകയും കായുള്ളതായിരിക്കുകയും ചെയ്യും. ഇങ്ങനെയുള്ളവർ സംസാരിക്കാനും ഇഷ്ടപ്പെടുന്നു, ആ സംസാരിക്കുന്നത് പ്രവർത്തിക്കാനും ഇഷ്ടപ്പെടുന്നു. മൂന്നാമത്തെ തരത്തിൽപ്പെട്ടവർ പ്ലാവുപോലെയാണ് അതിന് പുഷ്പങ്ങളില്ല, ഫലങ്ങളേയുള്ളു. ഇത്തരക്കാർ അധികം സംസാരിക്കുകയോ വമ്പുപറയുകയോ ഇല്ല. ഇവർ നിശബ്ദം പ്രവർത്തിക്കുന്നവരാണ്. അവർക്ക് വീമ്പിളക്കലില്ല .എന്നാൽ നിന്റെ കാര്യമോ, നിനക്ക് അറിവുണ്ട്, എന്നാൽ അതൊന്നും ജീവിതത്തിൽ പ്രാവർത്തികമാക്കുന്നില്ല. നീ നിലയറിയാതെ അഹങ്കരിക്കുന്ന വിഡ്ഢിയാണ്. നിന്റെ അധാർമികമായിട്ടുള്ള ഭരണത്തിന് നാം ഉന്മൂലനം വരുത്തും."  രാമന്റെ ഉപദേശങ്ങളൊന്നും രാവണന്റെ ചെവിയിൽ വീണതേ ഇല്ല. ഇതൊന്നും ശ്രദ്ധിക്കാനുള്ള ഭാവത്തിലായിരുന്നില്ല രാവണൻ. അതുകൊണ്ടുതന്നെ വളരെ ഘോരമായിട്ടുള്ള യുദ്ധം തുടങ്ങി.

 

ഗഗനേ ഗഗനാകാരം' അതായത് നമുക്കാകാശത്തിനെ ആകാശത്തിനോട് മാത്രമേ ഉപമിക്കാൻ സാധിക്കു. മറ്റൊന്നിനോടും ഉപമിക്കാൻ സാധിക്കില്ല. അതുപോലെതന്നെ സമുദ്രത്തിനോടു മാത്രമേ ഉപമിക്കാൻ സാധിക്കു. അതുപോലെതന്നെ രാമരാവണയുദ്ധത്തെ രാമരാവണയുദ്ധത്തോടല്ലാതെ മറ്റൊന്നിനോടും ഉപമിക്കാൻ സാധ്യമല്ല. അത്രമാത്രം ഘോരമായിട്ടുള്ള, തുല്യശക്തികൾ എന്ന് ഏകദേശം പറയാവുന്ന രീതിയിലുള്ള രണ്ടുപേർ തമ്മിലുള്ള യുദ്ധമായിരുന്നു രാമരാവണയുദ്ധം. യുദ്ധം ചെയ്യുമ്പോൾ ചില നീതികളുണ്ട്. ഒരേ തലത്തിൽ നിൽക്കുന്നവർ തമ്മിലേ യുദ്ധം ചെയ്യാറുള്ളു. അതുകൊണ്ടാണ് യുദ്ധത്തിന് മുൻപുതന്നെ ആര് ആരൊടൊക്കെ യുദ്ധം ചെയ്യണമെന്നുള്ള ഒരു ഉടമ്പടി ഉണ്ടാക്കിയത്. കാലാൾ കാലാളിനോട്, കുതിരപ്പുറത്തുള്ളവർ കുതിരപ്പുറത്തുള്ളവരോട് ,അങ്ങനെ. അതുപ്രകാരം രാമൻ രാവണനോടാണ് യുദ്ധം ചെയ്യേണ്ടത്. ഏകദേശം തുല്യശക്തിയുള്ള രാമനും രാവണനും ഏറ്റുമുട്ടി.

 

ശത്രുക്കളാണെങ്കിൽപോലും ഏകദേശം ഒരേ തലത്തിലുള്ളവരായിരിക്കണം. ഉദാഹരണത്തിന് വളരെ സംസ്കാരഹീനനായിട്ടുള്ള ഒരാളുമായി നമ്മൾ എന്തെങ്കിലും വാക്കുതർക്കത്തിലേർപ്പെട്ടാൽ ഒരിക്കലും അയാൾ ഉച്ചരിക്കുന്ന പോലുള്ള പദങ്ങൾ തിരിച്ചുപയോഗിക്കാൻ സാധ്യമല്ല. അതുകൊണ്ട് ഇങ്ങനെയുള്ള ആളുകളുമായിട്ടുള്ള സമ്പർക്കവും അല്ലെങ്കിൽ ശത്രുതയുമെല്ലാം വളരെ സൂക്ഷിച്ചുവേണമെന്ന് ശാസ്ത്രം പറയാറുണ്ട്. കാരണം വളരെ സംസ്കാരശൂന്യനായിട്ടുള്ള ഒരു വ്യക്തി നമ്മളിൽ ഉപയോഗിക്കുന്ന വാക്കുകൾ നമ്മളെ വളരെയധികം വേദനിപ്പിക്കുകയും അന്നത്തെ ദിവസം, ഒരു പക്ഷേ ആ ജീവിതം തന്നെ നമുക്ക് ദുഃസഹമാക്കിത്തീർക്കുകയും ചെയ്യും.

 

Content Highlights: Ramayana Vicharam | Ramayana Parayana | Ramayana Masam | Saritha Iyer | Day 26 | Manorama Astrology | Astrology News

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com