ADVERTISEMENT

രാവണനുമായുള്ള യുദ്ധത്തിനിടയിൽ രാവണനെ വധിക്കാൻ സാധിക്കാതെ ശ്രീരാമൻ കുഴങ്ങുന്നു. ഇതു മനസ്സിലാക്കിയ അഗസ്ത്യമുനിയും മറ്റു ദേവന്മാരും യുദ്ധഭൂമിയിലെത്തുന്നു. അഗസ്ത്യമുനി ശ്രീരാമന് ആദിത്യഹൃദയമന്ത്രം ഉപദേശിച്ചു കൊടുക്കാനായി പുറപ്പെടുന്നു. ഇവിടെ നമ്മൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം ഈ മന്ത്രത്തിന്റെ ഫലശ്രുതി അഗസ്ത്യമുനി ആദ്യം തന്നെ പറയുന്നു എന്നുള്ളതാണ്. ലളിതാസഹസ്രനാമവും വിഷ്ണുസഹസ്രനാമവും ശ്രീ വിഷ്ണുവിന്റെ പഞ്ചായുധ സ്ത്രോത്രവുമെല്ലാം നോക്കിയാൽ അവിടെ ഫലശ്രുതി മന്ത്രത്തിന് ശേഷമാണ്. വളരെ ശക്തിയേറിയ ഒരു മന്ത്രമായതുകൊണ്ട് ഇതിന്റെ ഫലം മനസ്സിലാക്കി ചൊല്ലട്ടെ എന്നുള്ളതുകൊണ്ടായിരിക്കാം ഈ മന്ത്രത്തിന്റെ ഫലശ്രുതി ആദ്യം തന്നെ കൊടുത്തത്. ഇത് ശ്രീരാമന് മാത്രമുള്ള ഒരു ഉപദേശമല്ല മറിച്ച് നമുക്കു കൂടിയുള്ളതാണ്. 

അഗസ്ത്യ  മഹർഷി ഈ മന്ത്രത്തിന്റെ ഫലത്തെപ്പറ്റി പറയുന്നു യശസ്സ്, കീർത്തി, ശത്രുവിനാശനം ഇവയെല്ലാം ഈ മന്ത്രം  കൊണ്ടുള്ള ഫലമാണ്. ജലം കൊണ്ട് ആചമനം ചെയ്ത് മൂന്നുപ്രാവശ്യം ഈ മന്ത്രം ജപിച്ച് രാവണനുനേരെ അസ്ത്രം പ്രയോഗിച്ചാൽ രാവണനെ വധിക്കാൻ സാധിക്കും. ഈ ഒരു ഉപദേശത്തിനുശേഷം അഗസ്ത്യ മഹർഷിയും മറ്റുദേവന്മാരും യുദ്ധഭൂമിയിൽ നിന്നും മടങ്ങുന്നു. ഇത് കേട്ടതോടുകൂടി സന്തോഷവാനായിട്ടുള്ള ശ്രീരാമൻ ജലം ആചമനം ചെയ്ത് മൂന്നു തവണ ഈ മന്ത്രത്തെ ജപിച്ച് രാവണനുനേരെ അസ്ത്രം പ്രയോഗിക്കുന്നു. അങ്ങനെ രാവണനെ വധിക്കാൻ സാധിക്കുന്നു.

സാന്ദർഭികമായി ചില കാര്യങ്ങൾ പറയാൻ ആഗ്രഹിക്കുന്നു.നമ്മുടെ നഗ്നനേത്രങ്ങൾകൊണ്ട് കാണാൻ സാധിക്കുന്ന ഒരേ ഒരു ഭഗവാനാണ് സൂര്യദേവൻ. സൂര്യഭഗവാൻ എന്നാണ് നമ്മൾ പറയാറുള്ളത്. കൊറോണ വന്നപ്പോഴും വെള്ളപ്പൊക്കം വന്നപ്പോഴുമെല്ലാം നമ്മൾ പറഞ്ഞു, പ്രകൃതിയോട് നമ്മൾ ചെയ്യുന്ന അനീതിയുടെ ഫലമാണ് അനുഭവിക്കുന്നത് എന്ന് . അങ്ങനെയുള്ള ആ പ്രകൃതിയുടെ നായകനായിട്ടുള്ള സൂര്യദേവനോട്  ക്ഷമാപണം ചെയ്യാനുള്ള ഒരവസരമാണ് ഈ മന്ത്രം ജപിക്കുന്നതിലൂടെ നമുക്ക്  ലഭിക്കുന്നത്. തിങ്കളാഴ്ച സൂര്യദേവന് വളരെ പ്രാധാന്യമുള്ള ദിവസമാണ്. നമ്മുടെ ശരീരത്തിനെയും മനസ്സിനെയും ഒരു പോലെ ശുദ്ധമാക്കി മൂന്നുതവണ ഈ മന്ത്രം ജപിച്ചാൽ നമുക്ക് എല്ലാ യശസ്സും കീർത്തിയുമുണ്ടാകും.

ജലം കൊണ്ട് ആചമനം ചെയ്യുക എന്നുള്ളതുകൊണ്ട് ഉദ്ദേശിക്കുന്നത് ശരീരത്തിനെയും മനസ്സിനെയും ഒരുപോലെ ശുദ്ധമാക്കുക എന്നതാണ്. ജലത്തിന് എന്തിനെയും പരിശുദ്ധമാക്കാനുള്ള ഒരു കഴിവുണ്ട്. അതുകൊണ്ടാണ് ഇളനീരോ പനിനീരോ ഉപയോഗിക്കാതെ നമ്മൾ പുണ്യാഹത്തിനായിട്ട്  ജലം ഉപയോഗിക്കുന്നത്. വിശ്വാമിത്ര മഹർഷി ശ്രീരാമലക്ഷ്മണന്മാർക്ക് ബലഅതിബല മന്ത്രം ഉപദേശിച്ചുകൊടുക്കുന്നതിനുമുമ്പായി ജലം കൊണ്ട് ആചമനം ചെയ്യാനായി പറയുന്നുണ്ട്. അതായത് പവിത്രമായിട്ടുള്ള മന്ത്രങ്ങൾ ജപിക്കുമ്പോൾ അതിനുമുമ്പായി നമ്മടെ ശരീരവും മനസ്സും എത്രമാത്രം ശുദ്ധമായിരിക്കണം എന്ന് ഇതിലൂടെ നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നു.

Content Highlights: Ramayana Vicharam | Ramayana Parayana | Ramayana Masam | Saritha Iyer | Day 27 | Manorama Astrology | Astrology News

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com