ADVERTISEMENT

ലങ്കാധിപതിയായ രാവണനെ ശ്രീരാമൻ വധിക്കുന്നു. രാജാവിനെ ആരാണോ വധിക്കുന്നത് അവർക്കാണ് രാജ്യത്തിന്റെ അവകാശം. അങ്ങനെ നോക്കിയാൽ ലങ്കയുടെ അവകാശം ശ്രീരാമനാണ്. എന്നാൽ ശ്രീരാമൻ മുമ്പുതന്നെ വിഭീഷണനെ രാജാവായി വാഴിച്ചിട്ടുണ്ട്. അതുകൊണ്ട് വിഭീഷണൻ തന്നെയാണ് ലങ്കയുടെ രാജാവ്. രാവണവധത്തിനുശേഷം താൻ സീതാദേവിയെ ദർശിക്കാൻ ആഗ്രഹിക്കുന്നു എന്നുള്ള സന്ദേശം സീതാദേവിയുടെ അടുക്കലെത്തിക്കാൻ ശ്രീരാമൻ ആഗ്രഹിക്കുന്നു. അതിനായി ഹനുമാൻ സ്വാമിയെയാണ് നിയോഗിച്ചത്. എന്നാൽ ശ്രീരാമൻ പറയുന്നു ഇപ്പോൾ ലങ്കയുടെ രാജാവ് വിഭീഷണനാണ്. ഒരു രാജ്യത്ത്  പ്രവേശിക്കണമെങ്കിൽ രാജാവിന്റെ അനുവാദം വേണം. അതുകൊണ്ട് വിഭീഷണന്റെ അനുവാദത്തോടുകൂടി മാത്രമേ ലങ്കയിൽ പ്രവേശിക്കാവൂ. ഇവിടെ ഒരുകാര്യം ആലോചിക്കുക. ശ്രീരാമനാണ് വിഭീഷണനെ രാജാവാക്കിയത് എന്നിട്ടുപോലും ആ രാജാവിന്റെ എല്ലാ അവകാശങ്ങളും പൂർണമായി മാനിച്ചു കൊണ്ടാണ് ശ്രീരാമൻ ഇവിടെ പെരുമാറുന്നത് .

 

ഹനുമാൻ സ്വാമി അശോകവനിയിലെത്തി സീതാദേവിയെ കാണുന്നു. സീതാദേവി ശോകാർത്തയായി തലകുനിച്ചിരിക്കുകയാണ്. രാവണനെ ശ്രീരാമൻ വധിച്ച വിവരം ഹനുമാൻസ്വാമി സീതാദേവിയെ അറിയിക്കുന്നു. സന്തോഷവതിയായ സീതാദേവി പറയുന്നു ," ഇതിന് പകരമായി ഞാൻ നിനക്ക് എന്ത് സമ്മാനമാണ് നൽകുക? എത്ര സ്വർണ്ണവും രത്നവും തന്നാലും നീ ഈ ചെയ്തതിന് തുല്യമാകില്ല. സീതാദേവിയുടെ സന്തോഷം കണ്ടപ്പോൾ ഹനുമാൻ സ്വാമിക്ക് അരിശം തോന്നിയത് അവിടെയുള്ള രാക്ഷസ സ്ത്രീകളോടാണ്. എന്നാൽ അവരെ ഒന്ന് ഉപദ്രവിക്കണമെങ്കിൽപോലും സീതാദേവിയുടെ അനുവാദം വേണം. ഇവിടെ സീതാദേവി പറയുന്നു," അവരെന്ത് തെറ്റാണ് ചെയ്തത്? അവർ ഭൃത്യകളാണ്. യജമാനന്റെ ഉത്തരവ് പാലിക്കാൻ കടപ്പെട്ടവർ. അതുകൊണ്ട് ദയവായി അവരെ വെറുതെ വിടുക". 

 

ഹനുമാൻസ്വാമിക്ക് സീതാദേവിയുടെ ഉത്തരവ് പാലിക്കാതെ വേറൊരു വഴിയും ഇല്ലായിരുന്നു. വിഭീഷണന് തന്റെ കിരീടധാരണം ശ്രീരാമനാൽ നടത്തപ്പെടണമെന്ന് വളരെയധികം ആഗ്രഹമുണ്ടായിരുന്നു. എന്നാൽ ശ്രീരാമൻ പറഞ്ഞു, താൻ രാജ്യഭ്രഷ്ടനാണ്. നഗരത്തിലോ ജനവാസകേന്ദ്രത്തിലോ തനിക്ക് പ്രവേശനമില്ല. അതുകൊണ്ട് ലക്ഷ്മണൻ ഈ ഒരു ദൗത്യം നിർവഹിക്കുന്നതായിരിക്കും. പതിമൂന്നു വർഷവും പതിനൊന്നു മാസവും ഇരുപത്തി ഒൻപത് ദിവസവും എന്റെ പിതാവിന്റെ ആജ്ഞ പാലിച്ചു. ഇനി ഒരു ദിവസത്തേക്കായി ആ വാക്ക് തെറ്റിക്കാൻ സാധ്യമല്ല. അങ്ങനെ ലക്ഷ്മണനാൽ വിഭീഷണന്റെ കിരീടധാരണം നടന്നു.

 

വിഭീഷണൻ സീതാദേവിയോട് അഭ്യർത്ഥിക്കുന്നു. "അങ്ങ് സ്‌നാനമെല്ലാം കഴിഞ്ഞതിനുശേഷം പട്ടുവസ്ത്രങ്ങളെല്ലാം ധരിച്ച് ആഭരണങ്ങളും ധരിച്ചു വേണം ശ്രീരാമസ്വാമിയുടെ മുന്നിലെത്താൻ."എന്നാൽ  സീത പറയുന്നു, " എന്റെ ഏറ്റവും വലിയ ആഭരണമെന്നുള്ളത് ശ്രീരാമനാണ്. മാത്രമല്ല ഒരിക്കൽ രാവണന്റേതായിരുന്ന ഒന്നും ഞാൻ ധരിക്കാൻ ഇഷ്ടപ്പെടുന്നില്ല. ശ്രീരാമൻ സീതയ്ക്ക് എത്രമാത്രം അനുയോജ്യനാണെന്നും തിരിച്ച് സീത ശ്രീരാമന് എത്രമാത്രം അനുയോജ്യയാണെന്നും ഈ സംഭവം തെളിയിക്കുന്നു.

 

Content Highlights: Ramayana Vicharam | Ramayana Parayana | Ramayana Masam | Saritha Iyer | Day 28 | Manorama Astrology | Astrology News

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com