ADVERTISEMENT

ഹിമവാനെ കടന്ന് കൈലാസത്തിലെത്തി അവിടെ ഋഷഭാദ്രിയിലുള്ള ദിവ്യൗഷധങ്ങൾ എത്തിക്കാനാണ് ജാംബവാൻ ഹനുമാനോടു നിർദേശിക്കുന്നത്. മേരുവിനോളം വളരുന്ന ഹനുമാൻ അലറുന്നത് രാക്ഷസസമൂഹത്തെയാകെ ഞെട്ടിക്കുന്നു. ഹനുമാന്റെ പുറപ്പാട് ചാരന്മാരിൽനിന്നറിഞ്ഞ രാവണൻ മാതുലനായ കാലനേമിയുടെ ഗൃഹത്തിലേക്ക് രാത്രിതന്നെ പുറപ്പെടുകയാണ്. ഔഷധവുമായി ഹനുമാൻ എത്തുന്നത് വൈകിപ്പിക്കണമെന്നാണ് ആവശ്യം. വൈരം ഉപക്ഷിച്ചു ഭക്തിയുടെ മാർഗം സ്വീകരിക്കാനാണ് രാവണനോട് അമ്മാവന്റെയും ഉപദേശം. നിന്നെക്കൊന്നിട്ടേയുള്ളൂ ഇനി ബാക്കിക്കാര്യം എന്ന് വാളുമായി രാവണൻ. 

 

മുനിവേഷത്തിൽ ഹനുമാനെ തടയാൻ കാലനേമി പുറപ്പെടുന്നു. തെറ്റിദ്ധരിപ്പിച്ച് കാലനേമിയുണ്ടാക്കുന്ന തടസ്സങ്ങൾക്കിടെ ഹനുമാൻ കൊല്ലുന്ന മുതല ശാപമുക്തയായ അപ്സരസ്ത്രീയായി മാറി, കാലനേമിയുടെ വരവിനു പിന്നിലെ ചതി അറിയിക്കുന്നു. അയാളുടെ കഥകഴിയുന്നു. ഔഷധങ്ങൾ തിരിച്ചറിയാനാകാതെ പർവതം തന്നെ ഇളക്കിയെടുത്താണ് ഹനുമാന്റെ മടക്കം. പുതുജീവൻ ലഭിച്ച വാനരപ്പടയോട് തീവച്ചു മുന്നേറാനാണ് അംഗദന്റെ ആജ്ഞ. മായാവിയായി മറഞ്ഞുനിന്നുതന്നെ യുദ്ധം തുടരുന്ന ഇന്ദ്രജിത്ത് സീതയെ വധിച്ചെന്ന വാർത്ത പരിഹാസച്ചിരിയോടെയാണ് വിഭീഷണൻ സ്വീകരിക്കുന്നത്. 

 

യുദ്ധം ജയിക്കാൻ നികുംഭിലയിൽ ഹോമത്തിലേർപ്പെട്ടിരിക്കുകയാണ് ഇന്ദ്രജിത്തെന്ന് വിഭീഷണനറിയാം. നികുംഭിലയിൽ മൂന്നുദിവസത്തെ ഘോരയുദ്ധത്തിനൊടുവിൽ ലക്ഷ്മണൻ ബ്രഹ്മാസ്ത്രത്താൽ രാവണപുത്രന്റെ കണ്ഠം ഛേദിച്ചു. പുത്രന്റെ മരണവൃത്താന്തം രാവണനെ വീഴ്ത്തി. വലിയവായിൽ വിലപിക്കുകയാണയാൾ. ക്രോധത്തോടെ സീതയെ കൊല്ലാനാണ് തുടർന്നുള്ള പുറപ്പാട്. രാക്ഷസരാജന്റെ വരവുകണ്ട് സീത ഭയന്നുവിറയ്ക്കുന്നു. മന്ത്രി പ്രഹസ്തന്റെ സഹോദരനും സദ്‌ബുദ്ധിയുള്ളവനുമായ സുപാർശ്വൻ രാവണനെ പിന്തിരിപ്പിക്കുന്നു. അങ്ങയെപ്പോലൊരു വീരന്റെ കീർത്തിക്കു യോജിച്ചതല്ല ഇത്. പിൻവാങ്ങിയ രാവണൻ യുദ്ധഭൂമിയിലെത്തുന്നെങ്കിലും സൈന്യത്തെയെല്ലാം നഷ്ടപ്പെട്ടും രാമബാണങ്ങളാൽ ശരീരമാകെ മുറിവുകളേറ്റും മടങ്ങേണ്ടിവരുന്നു. 

 

Content Highlights:  Ramayana Masam | Hanuman | War | Lakshmana | Ravana | Ramayana Parayana | Ramayanam | Sreeraman | Day 30 | Manorama Astrology | Astrology News

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com