ADVERTISEMENT

ഇന്ന് ജന്മാഷ്ടമി. മഹാവിഷ്ണുവിന്റെ പത്ത് അവതാരങ്ങളിൽ പ്രധാനപ്പെട്ട അവതാരമെന്നു പറയുന്ന ശ്രീകൃഷ്ണന്റെ ജന്മദിനം.  പൂജകളും ഘോഷയാത്രകളും നടത്തി ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കാനുള്ള തയാറെടുപ്പിലാണ് ഭക്തർ. ആഘോഷങ്ങളുടെ ഭാഗമായി ക്ഷേത്രങ്ങളിൽ ഉറിയടി വീക്ഷിക്കാൻ നൂറു കണക്കിന് ഭക്തർ  തടിച്ചുകൂടി. 

നെയ്യാറ്റിൻകര, മലയിൻകീഴ്, അമ്പലമുക്ക് പേരൂർ, ജഗതി ഉൾപ്പെടെയുള്ള ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ ഇന്നലെ ഭക്തരുടെ വൻ തിരക്ക് അനുഭവപ്പെട്ടു. പ്രത്യേക പൂജകൾ ആഘോഷങ്ങളുടെ ഭാഗമായി നടത്തി. വൈകിട്ടും രാത്രിയുമായാണ് ഉറിയടി നടത്തിയത്. ഉണ്ണിക്കണ്ണൻ വെണ്ണ മോഷ്ടിക്കുന്നതിനെ അനുസ്മരിച്ചാണ് ഉറിയടി നടത്തുന്നത്. ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിനു മുന്നിലും ശ്രീകൃഷ്ണ ക്ഷേത്രങ്ങളോട് ചേർന്നും നടത്തിയ ഉറിയടി കാണാൻ ഭക്തരുടെ തിരക്കായിരുന്നു. ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ഗാന്ധി പാർക്കിലാണ് ഉറിയടി നടത്തിയത്. തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമിക്ഷേത്രത്തിൽ അഷ്ടമി രോഹിണിയോടനുബന്ധിച്ച് തിരുവമ്പാടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ നടത്തും. ഉച്ചയ്ക്ക് രണ്ടിന് അഭിഷേകം. വൈകിട്ട് 5 ന് അഭിശ്രവണ മണ്ഡപത്തിൽ അലങ്കാര ഊഞ്ഞാലിൽ ശ്രീകൃഷ്ണന്റെ ബാല വിഗ്രഹങ്ങളുടെ ദർശനം നടത്താനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. 

 

മഹാശോഭ യാത്ര ഇന്ന് 

ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന മഹാശോഭ യാത്ര ഇന്ന് വൈകിട്ട് 4.30ന് പാളയം ഗണപതി ക്ഷേത്രത്തിനു മുന്നിൽ നിന്ന് ആരംഭിക്കും. എംജി റോഡിനെ അമ്പാടിയാക്കി നീങ്ങുന്ന ഘോഷയാത്ര പഴവങ്ങാടി മഹാ ഗണപതി ക്ഷേത്രത്തിനു മുന്നിൽ മഹാ ആരതിയോടെ സമാപിക്കും.  മ്യൂസിയം, മാസ്കറ്റ് ഹോട്ടൽ, എൽഎംഎസ്, ജനറൽ ആശുപത്രി ജംക്‌ഷൻ തുടങ്ങി നഗരത്തിലെ പത്തു കേന്ദ്രങ്ങളിൽ നിന്ന് ആരംഭിക്കുന്ന ഉപ ശോഭയാത്രകൾ പാളയത്ത് സംഗമിച്ചാണ് മഹാ ശോഭയാത്ര തുടങ്ങുന്നത്.'അകലട്ടെ ലഹരി, ഉണരട്ടെ മൂല്യവും ബാല്യവും' എന്ന സന്ദേശമുയർത്തിയാണ് ബാലഗോകുലത്തിന്റെ ഇത്തവണത്തെ ജന്മാഷ്ടമി ആഘോഷം. ഉണ്ണിക്കണ്ണനു പുറമേ രാധയുടെയും കുചേലന്റേയും വേഷധാരികളായ കുരുന്നുകൾ ശോഭയാത്രയിൽ അണിനിരക്കും. പുരാണങ്ങളിലെ വിവിധ കഥാപാത്രങ്ങളെ അനുസ്മരിപ്പിക്കുന്ന വേഷങ്ങളും കുട്ടികൾ അണിയും. നിശ്ചല ദൃശ്യങ്ങൾ, ഭജന സംഘം തുടങ്ങിയവ ഘോഷയാത്രയ്ക്ക് മിഴിവേകും. പഴവങ്ങാടി ഗണപതി ക്ഷേത്രത്തിനു മുന്നിൽ ആറ്റുകാൽ ക്ഷേത്ര വക അവൽ പൊതിയും ഉണ്ണിയപ്പ വിതരണവും നടത്തും. ശോഭയാത്രക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ആഘോഷ സമിതി ജില്ലാ ജനറൽ കൺവീനർ കെ. ജയകുമാർ അറിയിച്ചു.

 

മലയിൻകീഴ് ക്ഷേത്രം 

മലയിൻകീഴ് ∙ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഇന്ന് പതിവു പൂജകൾക്കു പുറമേ  11ന് കലശാഭിഷേകം,. വൈകിട്ട് 5ന് കാഴ്ച ശ്രീബലി, 5.30ന് ഉറിയടി, 6ന് ഘോഷയാത്രയ്ക്കു സ്വീകരണം, 7ന് ഭക്തിഗാനസുധ, 8ന് കോൽക്കളി, 10.30ന് അഷ്ടാഭിഷേകം, 12ന് ജന്മാഷ്ടമി പൂജ, കലശാഭിഷേകം , തുടർന്ന് ശ്രീഭൂതബലി എഴുന്നള്ളത്ത്.

 

Content Highlights: Janmashtami | Lord Krishna | Astrology News | Manorama Astrology | Manorama Online

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com