വീടുകളിൽ നിലവിളക്ക് കൊളുത്തേണ്ടതെങ്ങനെ? എത്ര തിരിയിട്ട് വിളക്ക് കത്തിക്കാം? ദീപ പൂജ എങ്ങനെ?
Mail This Article
നിലവിളക്കും നിറപറയും ഹൈന്ദവ ആചാര പ്രകാരമുള്ള ചടങ്ങുകളിൽ ഒഴിച്ചുകൂടാൻ പറ്റാത്തവയാണ്. ഒരു നിലവിളക്ക് അന്തരീക്ഷത്തെ വെളിച്ചം കൊണ്ട് നിറയ്ക്കുന്നു നിറപറയിലെ അരികൾ ശരീരത്തെ പുഷ്ടിപ്പെടുത്തുന്നു. അതിനാൽ ഇവ രണ്ടുമായാൽ മനസ്സും ശരീരവും സംതൃപ്തമാകും എന്നാണ് വിശ്വാസം.
വീടുകളിൽ പ്രഭാതത്തിലും ത്രിസന്ധ്യയിലും നിലവിളക്ക് കത്തിച്ചു വയ്ക്കുന്നത് ഐശ്വര്യമാണ് .എണ്ണയൊഴിച്ച് അതിൽ തിരിയിട്ട് കത്തിക്കുന്ന ഭാഗം ഉയർന്ന്, ഒന്നോ അതിലധികമോ നിലകളോടു കൂടിയ വിളക്കിനെയാണ് നിലവിളക്ക് എന്ന് വിളിക്കുന്നത്. സൂര്യൻ ഉദിക്കുന്നതിന് അരമണിക്കൂർ മുൻപും അസ്തമിക്കുന്നതിന് അരമണിക്കൂർ മുമ്പും ആണ് നിലവിളക്ക് കത്തിക്കേണ്ടത്.
നിലവിളക്ക് കേരളത്തിൽ പണ്ടു മുതലേ പ്രചാരം നേടിയിരുന്നു. ആദ്യ കാലങ്ങളിൽ ഓടിൽ തീർത്തതായിരുന്നു. പിന്നീട് വെള്ളി ഉൾപ്പെടെയുള്ള ലോഹങ്ങളിൽ അത് ഉണ്ടാക്കിതുടങ്ങി. ക്ഷേത്രാരാധനയുടെ അനുഷ്‌ഠാനങ്ങളുടെ ഭാഗമായും ആരാധനയുടെ ഭാഗമായും വ്യാപകമായി ഈ വിളക്ക് ഉപയോഗിക്കുന്നു .അനുഷ്ഠാനം എന്ന നിലയിൽ നിലവിളക്ക് കൊളുത്തു ന്നതിന് പ്രത്യേക നിയമങ്ങളുമുണ്ട്. പുരാതന കാലത്ത് കൽവിളക്കും മണ്ണുകൊണ്ടുള്ള വിളക്കുകളുമാണ് ഉപയോഗിച്ചിരുന്നത്.
ലോഹമിശ്രിതമായ ഓടുകൊണ്ട് നിർമിച്ച വിളക്കാണ് പൂജാകർമങ്ങൾക്ക് ഉപയോഗിക്കേണ്ടത്. എള്ളെണ്ണയാണ് പൊതുവേ കത്തിക്കാനുപയോഗിക്കുന്നത്. നെയ്യും ആകാം. ആൽ മരത്തെ സങ്കൽപ്പിക്കുന്നത് പോലെ നിലവിളക്കിന്റെ താഴെ ബ്രഹ്മാവും നടുവിൽ വിഷ്ണുവും മുകളിൽ ശിവനും സ്ഥിതി ചെയ്യുന്നു. വിളക്കിലെ പ്രഭ പരബ്രഹ്മത്തെയാണ് സൂചിപ്പിക്കുന്നത്. വിളക്കിലെ തിരി തെളിക്കുന്നതിന് പ്രത്യേക ചിട്ടകൾ ഉണ്ട്. ആദ്യ തിരി കിഴക്കുവശത്ത് തെളിച്ച് തുടർന്ന് പ്രദക്ഷിണ രീതിയിൽ വേണം പൂർത്തിയാക്കാൻ.
പ്രഭാതത്തിൽ കിഴക്കോട്ടും പ്രദോഷത്തിൽ കിഴക്കും പടിഞ്ഞാറും തിരിയിടേണ്ടതാണ്. ഒന്ന്, രണ്ട്, അഞ്ച്, ഏഴ് എന്നാണ് തിരികളുടെ ക്രമം. മംഗളാവസരങ്ങളിൽ അഞ്ചോ, ഏഴോ തിരികൾ തെളിക്കാം. അമർത്യർ, പിതൃക്കൾ, ദേവന്മാർ, ഗന്ധർവന്മാർ, യക്ഷോവരന്മാർ, രാക്ഷസന്മാർ എന്നിവരാണ് ഏഴുനാളങ്ങളുടെ അധിദേവതമാർ. കിഴക്കു വശത്തുനിന്ന് തിരി തെളിച്ച് തെക്കുകിഴക്ക്, തെക്കുപടിഞ്ഞാറ്, വടക്കുപടിഞ്ഞാറ്, വടക്ക്, വടക്കുകിഴക്ക് എന്ന ക്രമത്തിൽ വേണം ദീപ പൂജ ചെയ്യേണ്ടത്.
തെക്കുപടിഞ്ഞാറ്, കന്നിമൂലയിലുള്ള പൂജാമുറിയിലാണ് നിലവിളക്ക് സ്ഥാപിക്കേണ്ടത്. തെക്കുവടക്കായി നിലവിളക്ക് കൊളുത്തുന്നത് ദോഷമത്രെ. കരിന്തിരി കത്തി അണയുന്നത് അശുഭമെന്നും വസ്ത്രംവീശി കെടുത്തുന്നത് ഉത്തമമെന്നുമാണ് വിശ്വാസം. വിളക്ക് വീട്ടിലേക്ക് മഹാലക്ഷ്മിയെ സ്വാഗതം ചെയ്യുന്നു. അങ്ങനെ ഇരുട്ടിനെ നീക്കം ചെയ്ത് സമ്പത്തും സമൃദ്ധിയും ഐശ്വര്യവും ലഭിക്കുന്നു. വൈകിട്ട് വീട്ടില്‍ നിലവിളക്ക് തെളിയിക്കുമ്പോള്‍ വീടിന്റെ വടക്കേ വാതില്‍ അടച്ചിടുക. നിലത്ത് വയ്ക്കാതെ ഒരു തളികയില്‍ വേണം വിളക്ക് വയ്ക്കാന്‍. ഒരു കൊടിവിളക്ക് കത്തിച്ച് അതില്‍ നിന്നും വിളക്ക് തെളിയിക്കാം.
സന്ധ്യയ്ക്ക് മുന്‍പായി കുളിച്ച് അല്ലെങ്കില്‍ കാലും മുഖവും കഴുകി ശരീരശുദ്ധി വരുത്തി ശുഭവസ്ത്രം ധരിക്കണം. വൃത്തിയാക്കി വച്ചിരിക്കുന്ന നിലവിളക്കില്‍ എള്ളെണ്ണയൊഴിച്ച് തിരികത്തിച്ച് ദീപം, ദീപം, ദീപം എന്നു മൂന്നു തവണ ഉച്ചരിച്ചുകൊണ്ട് ഉമ്മറത്ത് വൃക്ഷങ്ങള്‍ക്കും ചെടികള്‍ക്കും പക്ഷിമൃഗാദികളക്കും കാണുന്ന വിധം പീഠത്തില്‍ വയ്ക്കണം. സന്ധ്യ കഴിയുന്നതുവരെ കുടുംബാംഗങ്ങൾ എല്ലാവരും വിളക്കിനു സമീപമിരുന്ന് സന്ധ്യാനാമം ജപിക്കണം. വിളക്ക് ഒരിക്കലും ഊതി കെടുത്തരുത്. കരിന്തിരി കത്താനും പാടില്ല. തിരി എണ്ണയിലേക്ക് താഴ്ത്തി വിളക്ക് കെടുത്താം.പ്രശ്ന ചിന്തയിൽ നിലവിളക്ക് കത്തുന്ന രീതി അതിലെ എണ്ണ മാലിന്യങ്ങൾ. എണ്ണ തുളുമ്പി പോകുന്നത് ഒക്കെ നിമിത്തമായി എടുക്കാറുണ്ട്.
Content Highlights: Benefits | Lighting | Lamp | Home | Traditional | Malayalam Astrology | Astrology News | Astrology Manorama